Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീത ലോകത്ത് മ്യൂസിക് കമ്പനികളുടെ ആധിപത്യം

Sonu Nigam സോനു നിഗം

മ്യൂസിക് കമ്പനികളുടെ ആധിപത്യം ഗായകർക്കുള്ള അവസരങ്ങൾ കുറയ്ക്കുന്നുവെന്ന് ബോളിവുഡ് ഗായകൻ സോനു നിഗം. ഓരോ കമ്പനികൾക്കും അവരുടെ സ്വന്തം ഗായകരുണ്ട്. അവരുടെ കഴിവുകളെ പരമാവധി ഉപയോഗപ്പെടുത്തുവാൻ ആ കമ്പനികൾ തന്നെയാണ് മുന്നിട്ടിറങ്ങുന്നത്. ഒരുപാട് ഗാനങ്ങൾ പാടുവാനുള്ള അവസരം ആ പാട്ടുകാരിലേക്ക് എത്തുകയും ചെയ്യും. ഇതുമൂലം തന്നെ പോലുള്ള ഗായകർക്ക് അവസരം നഷ്ടമാകുന്നു. ഈ ഗായകർക്ക് പാടാൻ കഴിയാത്തതോ പ്രത്യേക സ്വരത്തിന്റെ ആവശ്യമുള്ളതോ പാട്ടുകൾ മാത്രമാണ് താനുള്‍പ്പെടെയുള്ള ഗായകരിലേക്കെത്തുന്നത്. സംഗീത വ്യവസായം തന്നെ ആകെപ്പാടെ മാറിപ്പോയി എന്നും സോനു നിഗം പറഞ്ഞു.

ഒരു പാട്ട് ഹിറ്റാകുമെന്നുറപ്പുണ്ടെങ്കിൽ കമ്പനികൾ തങ്ങളുടെ ഗായകർ‌ക്ക് മാത്രമേ ആ പാട്ട് നൽകുകയുള്ളൂ. കാരണം പിന്നീട് ഏത് വേദിയിൽ പോയാലും അവര്‍ ആ ഗാനം പാടും. എത്ര കാലം കഴിഞ്ഞാലും അത് തുടരും. ഇതിൽ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത വിഹിതം മ്യൂസിക് കമ്പനികൾക്ക് ലഭിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഈ സ്ഥിതി തുടരുന്നത്. സോനു നിഗം പറഞ്ഞു.

രണ്ടു ദശാബ്ദക്കാലത്തോളമായി സോനു നിഗമിന്റെ പാട്ടുകൾ നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട്. സംഗീത ലോകത്തെ അസ്വാരസ്യങ്ങളെ കുറിച്ച് തുറന്നു പറയുവാൻ മടിയില്ലാത്ത സംഗീതജ്ഞനായി‌ട്ടു കൂടി ബോളിവുഡ് ഗായകർ‌ക്കിടയിലെ ഇളക്കം തട്ടാത്ത കസേരകളിലൊന്നും സോനുവിന്റേതു തന്നെ. 1990ൽ പുറത്തിറങ്ങിയ ജനം എന്ന ചിത്രത്തിലൂടെയാണ് സോനു നിഗം ചലച്ചിത്ര സംഗീത ലോകത്തേക്കെത്തിയത്. സന്ദേ സേ ആ തേ ഹെ. യേ ദിൽ ദീവാന, കൽ ഹോ ന ഹോ തുടങ്ങി ബോളിവു‍ഡിലെ നിത്യഹരിത ഗാനങ്ങളിൽ ശബ്ദം നൽകാനുമായി സോനുവിന്.