Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈലാകം എന്ന വാക്ക് വന്ന വഴി...

lailakame-song

ഇസ്ര എന്ന പുതിയ പൃഥ്വിരാജ് ചിത്രം ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഇസ്രയിലെ ആദ്യ ഗാനം പുറത്തിറങ്ങുമ്പോൾ ആ പ്രതീക്ഷ വീണ്ടും വലുതാകുന്നു. ബി കെ ഹരിനാരായണൻ എഴുതുന്ന വരികൾക്ക് അല്ലെങ്കിലും ചാരുത ഇത്തിരി കൂടുതലാണ്, ഏതു വികാരങ്ങളിലും സ്വന്തമായി മിടിപ്പുകളെയും കൂടി ചേർത്ത് വച്ച് കവി എഴുതുമ്പോൾ രാഹുൽ രാജിന്റെ ഈണത്തിനു ഹരിചരണിന്റെ സ്വരം എത്ര കൃത്യമാകുന്നു!

പാടുന്നു പ്രിയ രാഗങ്ങൾ...

ചിരി മായാതെ നഗരം ...

തേടുന്നു പുതു തീരങ്ങൾ

കൊതി തീരാതെ ഹൃദയം...

ആദ്യമായി അവളെ കാണുമ്പോഴേ പറയാൻ എന്തോ ബാക്കിയുണ്ടെന്ന് അവന്റെ കണ്ണുകളിലുണ്ടായിരുന്നു. ഇതുവരെ തുറക്കാത്ത ഒരു മുറി പോലെയുള്ള അവളുടെ ഹൃദയം അവന്റെ ചിരി തൊട്ട്  ആലസ്യത്തോടെ മെല്ലെതുറന്നു...പ്രണയത്തിലേക്ക്...

ഒന്നായി ഒരുവഴിയിൽ അവർ കൈകോർത്ത് നടക്കുമ്പോൾ കാറ്റിനു തണുത്ത നിലാവിന്റെ ഗന്ധം... നിലാവും തെരുവ് വിളക്കുകളും മത്സരിച്ച് നീണ്ട റോഡിൽ പ്രണയത്തിന്റെ കവിതകൾ കുറിയ്ക്കുമ്പോൾ അവനൊപ്പം രാത്രി സവാരിയുടെ കൗതുകത്തിൽ അവളും ഒപ്പം ചേർന്നു...രാവേറെ ആയിട്ടും ചിരി മാറാതെ നമ്മൾ കണ്ടു മുട്ടിയ ഈ നഗരം യൗവ്വനം ആഘോഷിക്കുന്നുണ്ട്. കൊതി തീരാതെ രണ്ടു ഹൃദയങ്ങളായി നാമിവിടെ പാതിരാക്കിളികളെ പോലെ ...

കണ്ണെത്താ ദൂരത്തെ...

കൺചിമ്മും ദീപങ്ങൾ..

നാം കണ്ട സ്വപ്‌നങ്ങൾ പോൽ...

ലൈലാകമേ...പൂ ചൂടുമോ

വിട വാങ്ങുമീ രാത്രിതൻ വാതിലിൽ..

ആകാശമേ നീ പെയ്യുമോ...

പ്രണയാർദ്രമീ ശാഖിയിൽ...

ഇന്നിതാ...

പ്രണയത്തിന്റെ വയലറ്റ് പൂക്കളാൽ നാം പരസ്പരം കൊരുത്തിരിക്കപ്പെടുന്നു. ലൈലാക് പൂക്കൾക്ക് മനോഹരമായ വൈലറ്റും വെള്ളയും നിറങ്ങളാണ്. "ലൈലാക്ക് പൂക്കളുടെ മലയാളീകരണമാണ് ലൈലാകം എന്ന വാക്ക് "  എഴുത്തുകാരൻ ബി കെ ഹരിനാരായണൻ പറയുന്നു. പൂചൂടി നിൽക്കുന്ന ലൈലാകം ഒരു മനോഹരമായ കാഴ്‌ച തന്നെയാണ്. വയലറ്റ് പൂക്കളുടെ മൃദുഭംഗിയിൽ ഒരു പെൺമനോഹാരിതയുണ്ട്. ഇഷ്ടം തോന്നുന്ന ഒരു ആകർഷണീയത. പുലരാൻ പോകുന്ന രാവിന്റെ നെഞ്ചിലേക്ക് ഒരു മഴ പോലെ മാനം പെയ്യാൻ തുടങ്ങുമ്പോൾ പ്രണയം ഉണരാൻ വെമ്പി നിൽക്കുന്നു. ആദ്യത്തെ പ്രകാശം വന്നു പതിക്കുമ്പോൾ ഒരു പൂവ് ഉണരാൻ തിടുക്കം കൂട്ടുന്നത് പോലെ പ്രണയത്തിന്റെ കലമ്പൽ.. 

"ലൈലാകമേ.. എന്ന് തുടങ്ങുന്ന ഇടം പാട്ടിൽ ഹുക് പോയിന്റാണ്. അവിടെ എന്തെങ്കിലും വ്യത്യസ്തമായ വാക്ക് വേണമെന്ന് പറഞ്ഞിരുന്നു. ബാലചന്ദ്രൻ ചുളിക്കാടിന്റെ വരികളിലെവിടെയോ വായിച്ച ലൈലാകഗാനം എന്ന വാക്ക് നെഞ്ചിലുണ്ട്. മ്യൂസിക്കുമായി ആദ്യം നമ്മൾ വല്ലാത്തൊരു അടുപ്പത്തിലാകും, അങ്ങനെ ഏറ്റവുമധികം പ്രചോദനം തോന്നുന്ന സംഗീതത്തിലെ ഒരിടത്തിനു വേണ്ടി ഏറ്റവും മോഹിപ്പിക്കുന്ന ഒരു വാക്കനുസരിച്ച് ഞാനലഞ്ഞിട്ടുണ്ട്. ഒരുപക്ഷെ എല്ലാർക്കും എല്ലായ്പ്പോഴും ആ വാക്ക് മനോഹരമായി തോന്നിക്കൊള്ളണം എന്നൊന്നുമില്ല, എങ്കിലും അത്തരം തേടി അലയലിൽ ലഭിക്കുന്നതാണ് മിക്കപ്പോഴും പാട്ടുകളിലെ ചില വ്യത്യസ്തമായ വാക്കുകൾ. ലൈലാക് എന്ന വയലറ്റ് നിറമുള്ള പുഷ്പത്തെ മലയാളീകരിച്ചപ്പോൾ ആ പാട്ടിലെ ഏറ്റവും പ്രധാന ഇടത്ത് അതെ വാക്ക് ഉപയോഗിക്കാമെന്ന് തോന്നി. സംവിധായകനും സംഗീതസംവിധായകനും ഇഷ്ടമായതോടെ അത് ഉറപ്പിച്ചു."-ഹരിനാരായണൻ ലൈലാകം എന്ന വാക്കു പാട്ടിൽ വന്നതിനെ കുറിച്ച വാചാലനാകുന്നു. 

പ്രണയിക്കുന്നവരുടെ നാളെകൾ വിവാഹത്തിലേക്ക് എത്തണമെന്നൊന്നും നിർബന്ധങ്ങളില്ല. എന്നാൽ യാത്രകളിലും ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും പരസ്പരം തേടി നടന്നവർ ഒന്നിച്ചാകുമ്പോൾ ഒരു മഴ അലച്ചെത്തുന്നു

"മനസ്സിൻ ശിലാതലം

മഴപോൽ പുണർന്നു നിൻ...

ഓരോ മൗനങ്ങളും

പകലിൻ വരാന്തയിൽ

. വെയിലായ് അലഞ്ഞിടാം ..

തമ്മിൽ ചേരുന്നു നാം

തലോടുമിന്നലകൾ 

കുളിരോർമ്മതൻ നിഴലായ് 

തുടരുന്നു നീ 

സഹയാത്രയിൽ.."

നമുക്കിടയിൽ ഉണ്ടാകുന്ന ഓരോ വാക്കുകളും മൗനങ്ങളായി തീരുന്നുണ്ട്. അവ വെയിൽക്കഷ്ണങ്ങളായി പകലിൽ അലയുന്നുണ്ട്, നീയത് അറിയുന്നുവോ?

പ്രണയനിമിഷത്തിന്റെ കുളിരുന്ന എത്രയോ ഇന്നലെയോർമ്മകളിൽ നാം ഇന്നും അറിയാതെ മന്ദഹസിച്ചു പോകുന്നുണ്ടെന്നു നിനക്കറിയാമോ? എന്റെ സഹയാത്രയിൽ കൂടെ ഉണ്ടായിരുന്നവനെ... നിന്റെ പ്രണയം ഈറൻ വയലറ്റ് പുഷ്പങ്ങൾ പോലെ യാത്രകളിൽ വാടാതെ കൂട്ടിരിക്കട്ടെ... അതൊരു പ്രാർത്ഥന കൂടിയാണ്.. എന്നത്തേയ്ക്കും കൂടെയാകാനുള്ള നമ്മുടെ പ്രണയത്തിന്റെ, നേരിന്റെ  പ്രാർത്ഥന...

"അതുവരെ നായകനും നായികയും ജീവിച്ച നഗരത്തിൽ നിന്നും അന്ന് രാത്രിയിൽ അവർ മറ്റൊരിടത്തേക്ക് യാത്ര തിരിക്കുകയാണ്. അന്ന് ആ നഗരത്തിൽ അവരുടെ അവസാന രാത്രിയാണ്.. പാട്ടിന്റെ വരികളും ഇതേ അവസ്ഥകളോട് താദാത്മ്യം പ്രാപിക്കേണ്ടിയിരുന്നു. അങ്ങനെ ശ്രമിച്ചിട്ടുമുണ്ട്..."- വരികൾക്ക് സിനിമയിലുള്ള പ്രാധാന്യത്തെ കുറിച്ച് ഹരിനാരായണൻ പറഞ്ഞു.

ഏറെ നാളുകളായി വരികളിൽ പ്രണയം രോ വാക്കുകളിലും അലിഞ്ഞിറങ്ങുന്ന ഒരു പാട്ടറിഞ്ഞിട്ട്. കാഴ്ചകളിലെ ഓരോ ഇടങ്ങളിലും വരികളുടെ സൂക്ഷിപ്പുകൾ ഇടിച്ചിറങ്ങി വരിയും കാഴ്ചയും ഒന്നായി തീരുന്നു. ലൈലാകത്തതിന്റെ പ്രണയ ഗന്ധം ഒരുപക്ഷെ മലയാളി അറിഞ്ഞിട്ടില്ലെങ്കിൽ പോലും ഈറൻ വയലറ്റ് പൂക്കളുടെ ഗന്ധം അത്രമേൽ ഹൃദ്യവും പ്രണയാതുരവുമാണെന്നു കവികളെത്രയോ പാടിയിരിക്കുന്നു. പലപ്പോഴും ചില മനോഹരമായ വാക്കുകളാൽ അതിശയിപ്പിച്ചിട്ടുണ്ട്, ഹരിനാരായണൻ എന്ന കവി. അത്രമേൽ പരിചിതമായിട്ടും"ഓലഞ്ഞാലി" എന്ന വാക്ക് കവിതയിലേയ്ക്കും പിന്നീട് പാട്ടിലേയ്ക്കും വരുമ്പോൾ ആ വാക്കിനു കൈവരുന്ന മിഴിവ് മനോഹരമാണ്. "നിലാക്കുടം" എന്ന വാക്കിന്റെ ഭംഗിയിൽ നിലാവ് പോലും ചോർന്നൊഴുകി അവളുടെ മുഖത്ത് പരന്നത് പോലെ തോന്നും. അത്തരം ഒരു വാക്കാണ് "ലൈലാകമേ..." എന്ന വരിയും ഓർമ്മിപ്പിക്കുന്നത്. വാക്കുകളുടെ മനോഹാരിതയ്‌ക്കൊപ്പം അർത്ഥത്തിന്റെ സുഖവും കൂടിയാകുമ്പോൾ നനുത്ത ഒരു തണുപ്പ് വന്നു തൊടുന്നത് പോലെ. 

"ലൈലാകമേ എന്ന വരികളിൽ നിന്നും പാട്ട്, കേൾവിയുടെ മറ്റൊരു തലത്തിലേയ്ക്ക് മാറുകയാണ്. അതുകൊണ്ടു തന്നെ ആ ഭാഗത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തന്നെ ചെയ്തു. ഒരു ഹിന്ദി വാക്കായിരുന്നു സംഗീതസംവിധായകൻ രാഹുൽരാജ് അവിടെ ഡമ്മി ഇട്ടിരുന്നത്. അതിനു പകരമാണ്, ലൈലാകമേ ഉപയോഗിച്ചത്. അതോടെ പാട്ടിന്റെ ശൈലി തന്നെ മാറ്റുന്ന ഒരു ഇടമായി അത് മാറപ്പെട്ടു" -ഹരിനാരായണൻ പറഞ്ഞത് പോലെ സംഗീതം മാത്രമല്ല അതെ വാക്കിൽ നിന്നും സഞ്ചരിക്കുന്ന കാഴ്ചകളിൽ നിന്നും പഴയ വഴിയിലേയ്ക്കൊരു പ്രയാണം കാഴ്ചയും നടത്തുന്നുണ്ട്. അവന്റെയും അവളുടെയും പ്രണയം പൂത്തിറങ്ങിയ വഴികളിലൂടെ പിന്നീട് വരികളും കാഴ്ചയും സഞ്ചരിക്കുന്നു. മനോഹരമായ ഒരു ഗന്ധസഞ്ചാരം പോലെ പാട്ടും അനുഭൂതികൾ തഴുകിയുണർത്തി ഉള്ളുണർത്തി സഞ്ചാരം നടത്തുന്നു...

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.