Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാദസരക്കിലുക്കമാണീ ശബ്ദം

sujatha

യേശുദാസിനൊപ്പം വേദികൾ പങ്കിട്ട്, ലതാ മങ്കേഷ്കറിന്റെ ഗാനങ്ങളെ അനായാസമായി പാടിത്തീർക്കുന്ന ആ ചുരുളൻ മുടിക്കാരി പെൺകുട്ടി തന്നെയാണിന്നും നമുക്ക് സുജാത. വർഷങ്ങളിത്രയും പിന്നിടുമ്പോഴും ആ ചിരിയിലും സ്വരഭാവത്തിനും കുറേ കൂടി മധുരം കൂടിയിട്ടേയുള്ളൂ. നാൽപതാണ്ടായി നമ്മുടെ ഗാനലോകത്ത് സാന്നിധ്യമാണവർ. എത്ര കേട്ടാലും മതിവരാത്ത ഈ പാട്ടീണത്തിന് ഇന്ന് പിറന്നാളാണ്. സുജാത മോഹനെന്ന പ്രിയ ഗായികയുടെ അമ്പത്തിമൂന്നാം പിറന്നാൾ.

പാദസരക്കിലുക്കം പോലുള്ള സ്വരം ചലച്ചിത്ര ഗീതങ്ങളുടെ ഭാഗമാകുന്നത് പന്ത്രണ്ടാം വയസിലാണ്. കണ്ണെഴുതിപ്പൊട്ടും തൊട്ട് കല്ലുമാല ചാർത്തിയപ്പോൾ കണ്ണാന്തളിപ്പൂവിനെന്തു നാണം..,,എന്ന ആ പാട്ട് പാടുമ്പോൾ വരികളുടെ അർഥമോ ഭാവമോ അറിയാമായിരുന്നിരിക്കില്ല. എം കെ അർജുനൻ ഈണം പകർന്ന ആ പാട്ടിലൂടെ മെലഡികളുടെ കൂട്ടുകാരിയെയാണ് മലയാളത്തിന് സമ്മാനിച്ചത്.

ബാല്യത്തിലേ പാട്ടുകാരിയായവൾക്ക് ശ്യാം, സലിൽ ചൗധരി, എം ജി രാധാകൃഷ്ണൻ തുടങ്ങിയ കുലപതികളുടെ സംഗീതത്തിലും പാടുവാനായി. പതിനാലാം വയസിൽ ഇളയരാജയുടെ പാട്ട് പാടിക്കൊണ്ട് തമിഴിൽ അരങ്ങേറ്റം. ഇന്നലെകളുടെ പാട്ടോർമകളിൽ മലയാളിക്ക് മറക്കാനാകാത്ത സാന്നിധ്യമായി സുജാത മാറിയത് പ്രൗഡഗംഭീരമായ ഈ തുടക്കം കൊണ്ടുകൂടിയാണ്.

1981ൽ വിവാഹ ശേഷം ഒരു നീണ്ട ഇടവേള. പിന്നെ തിരിച്ചെത്തുന്നത് 1988ൽ. കെ എസ് ചിത്ര മലയാളത്തിന്റെ വാനമ്പാടിയായി തിളങ്ങി നിൽക്കുന്ന അക്കാലത്തും സുജാതയെ തേടി കൈനിറയെ പാട്ടുകളെത്തി. റോജയിലെ പുതുവെള്ളൈ മഴൈ എന്ന ഗാനം ആ ശബ്ദത്തിന്റെ ചേലിനെ ആലാപനത്തിലെ ആഴത്തെ ഇന്ത്യയ്ക്ക് മുഴുവൻ പരിചയപ്പെടുത്തി. ഒരുപാട് പാട്ടുകളിൽ സുജാത ഹമ്മിങ് പാടിയിട്ടുണ്ട്. അതുകൊണ്ട് മാത്രം പ്രശസ്തമായ ഒരുപാട് ഗാനങ്ങളുണ്ട്. ചെറിയ മൂളല്‍ പോലും എത്ര മനോഹരമെന്ന് നമ്മളെത്രയോ വട്ടം പറഞ്ഞിരിക്കുന്നു.

പതിനായിരത്തിലധികം ഗാനങ്ങൾ വിവിധ ഭാഷകളിലായി ഈ ഗായിക ആലപിച്ചിട്ടുണ്ട്. വിദ്യാസാഗറാണ് മലയാളത്തിൽ ഏറ്റവുമധികം പ്രാവശ്യം സുജാതയെ പാടിച്ച സംഗീത സംവിധായകൻ. പ്രണയമഴ പെയ്യുന്ന ഈണങ്ങൾക്ക് ഇതിലുമിണങ്ങിയ ശബ്ദം മലയാളത്തിൽ മറ്റൊന്നുണ്ടാകില്ല. ഒരുപാടൊരുപാട് റഹ്മാൻ ഈണങ്ങളിലും ഇവർക്ക് പാടാനായി. മലയാളം നെഞ്ചോട് ചേർക്കും പോലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഈ ഗായികയുടെ പാട്ടുകേൾക്കാൻ കൊതിക്കുന്ന മനസുകളുണ്ട് ഏറെ.

sujatha-with-husband

ഡോ മോഹനാണ് സുജാതയുടെ ഭർത്താവ്‍. ഏക മകള്‍ ശ്വേതയും അമ്മയെ പോലെ പാട്ടിന്റെ ലോകത്ത്. മികച്ച ഗായികയ്ക്കുള്ള കേരള-തമിഴ്നാട് സർക്കാരുകളുടെ പുരസ്കാരം ഏറെപ്രാവശ്യം സുജാതയെ തേടിയെത്തിയിട്ടുണ്ട്.