Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയുടെ ചികിത്സയ്ക്കായി വയലിൻ മീട്ടി വൃദ്ധൻ

swapan-sett

ചിലപ്പോൾ അത് മൗനത്തെയാകും, ദുംഖത്തെയായും പിന്നെ ഇടയ്ക്ക് എന്തിനെന്നറിയാത്ത സന്തോഷത്തെ കുറിച്ചാകും...ഇതുപോലെ വയലിന്റെ ഭാവത്തിന് വാക്കുകൾക്കതീതമായ ഭാവഭംഗിയുണ്ട്. ഡൽഹിയിലെ ഒരു പഴയ ഇന്ത്യൻ കോഫി ഹൗസിലിരുന്ന് സ്വപൻ സേട്ട് എന്ന എഴുപത്തിരണ്ടുകാരൻ തനിക്കൊപ്പമുണ്ടായിരുന്ന വയലിനിൽ നിന്നു പൊഴിച്ച ആ സ്വരം ഇന്ത്യ മുഴുവൻ കേൾക്കേണ്ട ഒന്നാണെന്ന് ഒരു കേൾവിക്കാരൻ ചിന്തിച്ചത് ഇതൊന്നും കൊണ്ടല്ല. ആ വയലിൻ നാദത്തിൽ നിറഞ്ഞു നിന്നത് ആ മനുഷ്യായുസിന്റെ സ്നേഹം മുഴുവനുമായിരുന്നു. ഉള്ളിന്റെയുള്ളിലെ വലിയ തേങ്ങലായിരുന്നു ആ സ്വരകണങ്ങളെയിത്രയും മനോഹരമാക്കിയത്. 

സ്വപൻ സേട്ടിന്റെ സ്വദേശം കൽക്കത്തയാണ്. വയലിൻ തന്ത്രികളിൽ വിരൽ ചേർത്തുള്ള ജീവിതം. വിശ്രമ ജീവിതത്തിലേക്കു പോകേണ്ട ഈ നേരത്ത് ഇന്ത്യ മുഴുവൻ സഞ്ചരിച്ച് തെരുവോരങ്ങളിലും റെസ്റ്റോറന്റുകളിലുമൊക്കെ വയലിൻ വായിച്ചു നടക്കുന്നത് തന്റെ നല്ലപാതിയുടെ ജീവനു വേണ്ടിയാണ്. മുംബൈയിലെ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ അർബുദ ചികിത്സയിലാണ് അവർ. അതിമനോഹരമായി വയലിൻ മീട്ടുക മാത്രമല്ല, താൻ വരച്ച ചിത്രങ്ങളുടെയും സി‍ഡികളുടെയും വിൽപനയും ഒപ്പം നടത്തുന്നുണ്ട്. വിശ്രമിക്കേണ്ട ജീവിത ഘട്ടത്തിൽ കാറ്റും മഴയും വെയിലും ദൂരവും ഒന്നും വകവയ്ക്കാതെ നാടുകൾ തോറും അലഞ്ഞു തിരിയുന്നത് തനിക്കു കൂട്ടായി അവർ തിരികെയത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ്; പ്രത്യാശയിലാണ്.

എപിജെ അബ്ദുൽ കലാമിനൊപ്പം പ്രവർത്തിച്ചിട്ടുള്ള ശ്രീജൻ പാൽ സിങ് ഫെയ്സ്ബുക്കിൽ ഒരു വിഡിയോ പങ്കുവച്ചതോടെയാണ് സ്വപൻ സേട്ടിന്റെ കടലാഴമുളള സ്നേഹത്തിന്റെയും സംഗീതത്തിന്റെയും കഥ പുറം ലോകമറിഞ്ഞത്. ശ്രീജന്‍ പങ്കുവച്ച വിഡിയോ കണ്ട് മറ്റൊരു സുഹൃത്ത് സ്വപൻ സേട്ടുമായി ബന്ധപ്പെട്ട് വിവരങ്ങളെല്ലാം ആരാഞ്ഞു. ഫെയ്സ്ബുക്കിൽ അദ്ദേഹത്തിന്റെ ബാങ്ക് വിവരങ്ങളടക്കം എല്ലാം വച്ച് മറ്റൊരു കുറിപ്പിട്ടു. അതുംകൂടിയായതോടെ സ്വപൻ സേട്ടിലേക്ക് ആളുകൾ എത്തുകയായിരുന്നു.  2002ലായിരുന്നു സ്വപൻ സേട്ടിന്റെ ഭാര്യയ്ക്കു അർബുദം സ്ഥിരീകരിച്ചത്. അന്നു മുതൽക്കേ തുടങ്ങിയ ചികിത്സയ്ക്കിടയിൽ കയ്യിലുള്ളതെല്ലാം തീർന്നു. പിന്നെയാണ് തെരുവോരങ്ങളിലേക്ക് അദ്ദേഹം യാത്ര തിരിച്ചത്. ഭാര്യയുടെ വേദനയകറ്റാനുള്ള യത്നം യുവജനങ്ങൾക്കിടയിൽ സംഗീതത്തോടുള്ള ആത്മബന്ധം വലുതാക്കുമെന്നും സ്വപൻ സേട്ട് കരുതുന്നു. വയലിന്‍ മീട്ടി നേടുന്നതു കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞവരും സ്വപൻ സേട്ടിന് സഹായവുമായി എത്തുന്നുണ്ട്. 

ആയുസിന്റെ പുസ്തകത്തിൽ അവസാന താളിലെത്തി നിൽക്കുമ്പോഴും എല്ലാ ഊർജ്ജവുമെടുത്ത് തന്റെ ജീവിതത്തിലെ ഏറ്റവും വേണ്ടപ്പെട്ട ഒന്നിനെ ചേർത്തു നിർത്താനുള്ള ആര്‍ജവം എല്ലാവർക്കും മാതൃകയാണ്. ചെറിയ നഷ്ടങ്ങൾ പോലും അഭിമുഖീകരിക്കാതെ ജീവിതത്തിൽ നിന്ന് സ്വയം ഇറങ്ങിപ്പോകുന്നവർക്കും തന്നിലേക്കു മാത്രം നോക്കി ജീവിക്കുന്നവർക്കും. 

Your Rating: