Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാനെ പോലും അമ്പരപ്പിച്ച കനേഡിയൻ ഗായിക

rajastan

മെഹ്‌റാൻഗാർഹ് കോട്ടയ്ക്ക് മുകളിലൂടെ പാറിയകലുകയാണ് പക്ഷിക്കൂട്ടം. എത്ര കണ്ടാലും മതിവരാത്ത കാഴ്ച. കോട്ടയുടെ നിഴലുകൾക്ക് മീതെയാണ് ഈ മ്യൂസിക്കൽ വി‍ഡിയോ പിറവികൊണ്ടത്. എ ആർ റഹ്മാനെ പോലും അമ്പരപ്പിച്ച സംഗീതവും, അവതരണവുമുള്ള പാട്ടുകൂട്ട്. നതാലി ഡി ലുക്സിയയുടെ എ ഡ്രീം ഫ്രം രാജസ്ഥാൻ എന്ന സംഗീത ആൽബത്തെ കുറിച്ച് ഇങ്ങനെ പറയാം. വെയിൽ കണമേറ്റ് മിന്നിത്തിളങ്ങുന്ന മണൽപ്പരപ്പുകളുടെ ചരിത്രത്തിന്റെ ഇന്നലെകളിലേക്ക് തിരശീല തുറക്കുന്ന കോട്ടകളുടെ നാടാണ് രാജസ്ഥാൻ. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരായിരം വർണങ്ങളുള്ള കഥകളുടെ നാട്. രാജസ്ഥാൻറെ തനി നാടൻ താളത്തിനൊപ്പം ഇറ്റാലിയൻ ഭംഗി കൂടിക്കലർത്തി അവൾ പാടിയ ഗാനം ഇന്ത്യ കണ്ട സംഗീത പ്രതിഭകളുടെ മനസ് കവർന്നു.

ബോളിവുഡ് പാട്ടുകൾക്ക് കവർ ചെയ്യുന്നതിൽ മിടുക്കിയാണ് നതാലി. രാജസ്ഥാൻ നാടൻ പാട്ടുകാരനായ സാവൻ ഖാൻ മങാനിയാർക്കൊപ്പമാണ് നതാലി ഈ വിഡിയോ സോങ് തയ്യാറാക്കിയത്. ഇത്തവണ മികച്ച സംഗീതത്തിനുള്ള ഓസ്കർ നേടിയ എന്നിയോ മോറിക്കോണിന്റെ ക്ലാസിസ് പീസ് ഇൻ മൈ ഫാൻറസി(nelle fantasia)യെ ഇന്ത്യയുടെ നാടൻ ഗായക സംഘത്തോടൊപ്പം ചേർന്ന് പാടി രാജസ്ഥാന്റെ പശ്ചാത്തല ഭംഗിയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് വിഡിയോയിൽ. നതാലിയും സാവൻ ഖാൻ മങാനിയാരും ചേർന്നുള്ള ആലാപനക്കൂട്ട് അതിസുന്ദരമായി ഈ ഈണവഴികളിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. അതിർത്തികളിൽ സമാധാനവും സന്തോഷവും വന്നു‌ചേരേണ്ടതിനെ കുറിച്ചുള്ള സന്ദേശമാണ് ഈ വരികളിലുള്ളത്.

എ ആർ റഹ്മാനൊപ്പം ഒരു വേദി പങ്കിടുക. അദ്ദേഹം ചിട്ടപ്പെടുത്തുന്ന ഒരു ഈണത്തിന് ശബ്ദമാകാനാകുക. നതാലീ ഡി ലുക്സിയോ എന്ന ഇറ്റാലിയൻ ഗായിക ഈ രണ്ട് സ്വപ്നങ്ങൾക്കൊപ്പവും പറന്നുയർന്നതാണ് പണ്ടേ. പിന്നീടിപ്പോൾ ആ സംഗീത ചക്രവർത്തിയിൽ നിന്ന് ആരും കൊതിക്കുന്ന നല്ല വാക്കുകളും നതാലി സ്വന്തമാക്കിയിരിക്കുന്നു. സ്വന്തം ഫേസ്ബുക്ക് പേജിലൂടെ റഹ്മാൻ നതാലിയുടെ പാട്ട് ഷെയർ ചെയ്യുകയുമുണ്ടായി. 2011-12ൽ റഹ്മാനൊപ്പം മുംബൈ, ബാംഗ്ലൂർ, നാഗ്പൂർ, ദുബായ് എന്നിവിടങ്ങളിൽ നടന്ന സ്റ്റേജ് ഷോയിൽ നതാലി പങ്കെടുത്തിരുന്നു. അതുപോലെ കടൽ എന്ന ചിത്രത്തിനായുള്ള ഒരു പശ്താത്തല ഗീതം അവർ ആലപിക്കുകയുമുണ്ടായി. ദേശാന്തരങ്ങളെ കീഴടക്കുന്ന സംഗീതത്തിന്റെ മറ്റൊരു തെളിവാണ് നതാലി. എല്ലാത്തിനുമപ്പുറം സംഗീതം എന്തുമാത്രം മനുഷ്യ മനസിനൊപ്പം ചേർന്നു നിൽക്കുന്നുവെന്നതിനും. എബി എബ്രഹാമാണ് കവിത പോലുള്ള ദൃശ്യങ്ങളോടെ ഈ വിഡിയോ സംവിധാനം ചെയ്തത്.

Your Rating: