Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് സുരേഷ് തമ്പാനൂർ ഇന്ന് ഇവർ

suresh-thampanoor-poomaram സുരേഷ് തമ്പാനൂർ, കാളിദാസ് ജയറാം

എബ്രിഡ് ഷൈനിന്റെ മൂന്നാമത്തെ ചിത്രമാണ് പൂമരം. ആദ്യം 1983, രണ്ടാമത് ആക്ഷൻ ഹീറോ ബിജു  പിന്നെ പൂമരവും. ക്യാംപസിനെ ആസ്പദമാക്കിയൊരുക്കുന്ന ഈ ചിത്രത്തിലെ പാട്ടിനെയാണ് കലാലയ ഓർമകൾ പോലെ നമ്മളിന്നു നെ‍ഞ്ചിനുള്ളിൽ ചേർത്തുനിർത്തുന്നത്. നിഷ്കളങ്കതയും കൗതുകവും തുളുമ്പുന്ന വരികളും അതിനു എബ്രിഡ് ഷൈൻ പകർന്ന ദൃശ്യങ്ങളും, പണ്ട് കോളജ് ക്യാംപസിനുള്ളിൽ നമ്മൾ കൂട്ടുകൂടിയിരുന്ന ഒരു പൂമരത്തിന്റെയത്രയും ചേലുള്ളവയായിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലേക്കു കൈപിടിച്ച പാട്ടിനെ എത്ര കേട്ടിട്ടും മതിവരുന്നേയില്ല. കൗതുകം തോന്നുന്ന വരികളുള്ള പാട്ട് ചിത്രത്തിലുൾപ്പെടുത്തിയപ്പോൾ അതിനേക്കാൾ വലിയൊരു കൗതുകം കൂടി എബ്രിഡ് ഷൈൻ അതിലൊളിപ്പിച്ചുവച്ചു. പാട്ടെഴുതിയതിയവരെയും പാടിയ ആളിന്റെയും വിശദാംശങ്ങൾ. ഇതുപോലെ തന്നെയായിരുന്നു സംവിധായകന്റെ മുൻ ചിത്രത്തിലെയും ഒരു പാട്ടിന്റെ കാര്യം. ഓർമയില്ലേ...മുത്തേ പൊന്നേ എന്ന പാട്ട്...അന്ന് സുരേഷ് തമ്പാനൂർ എങ്കിൽ ഇന്ന് ഫൈസൽ റാസിയും ആശാന്‍ ബാബുവും ദയാൽ സിങുമാണ് ആ കൗതുകത്തിലെ താരങ്ങളായത്. മുത്തേ പൊന്നേ പാട്ട് ഇറങ്ങിയപ്പോഴും എല്ലാവരും ഇതുപോലെ അന്വേഷിച്ചു നടന്നു ആരാണ് ഈ പാട്ടെഴുതി ഈണമിട്ടു പാടിയ കലാകാരനെന്ന്. 

മഹാരാജാസ് കോളജ് ആണ് എബ്രിഡ് ഷൈന്‍ തന്റെ ക്യാംപസ് ചിത്രത്തിനായി തെരഞ്ഞെടുത്തത്. ക്യാംപസ് കാണാൻ മഹാരാജാസിൽ എത്തിയപ്പോഴാണ് ഫൈസൽ റാസിയെ വിദ്യാർഥികൾക്കിടയിൽ കണ്ടുമുട്ടിയത്. ഗിത്താർ തൂക്കി വന്നതുകാരണം ഒരു പാട്ടു പാടാന്‍ എബ്രിഡ് പറഞ്ഞു. ഗിത്താർ മീട്ടി, ക്യാംപസിന്റെ ഹൃദയം കവർന്ന പാട്ട് പാടി ഫൈസൽ ചെന്നെത്തിയത് സിനിമയുടെ ലോകത്തേക്കും. മഹാരാജാസിലെ വിദ്യാർഥികൾ പാടിനടക്കുന്ന ഗാനം ഒരു ആൽബം ആക്കി ഇറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഫൈസൽ. അൽബം ആക്കാതെ ഗാനം സിനിമയിലേക്കു തരാൻ എബ്രിഡ് ഷൈൻ പറഞ്ഞപ്പോൾ ആകെ അമ്പരപ്പായിരുന്നു ഫൈസലിന്. പാട്ടുകാരന് ഒരു വേഷവും എബ്രിഡ് ഷൈൻ സിനിമയിൽ നൽകി. പാട്ട് പുറത്തിറങ്ങിയതോടെ ഫൈസൽ വിചാരിച്ചതിനും അപ്പുറത്തേക്ക് ഗാനം പറന്നുപോയി. യുട്യൂബിലും സമൂഹമാധ്യമങ്ങളിലും തരംഗമായി. പാട്ട് ആസ്പദമാക്കിക്കൊണ്ട് എണ്ണിയാലൊടുങ്ങാത്ത കവർ വേര്‍ഷനുകളും മറ്റനേകും വിഡിയോകളും  പുറത്തിറങ്ങി. അപ്പോഴും ഫൈസൽ ആരാണെന്നോ ഈ പാട്ട് എഴുതിയതാരെന്നോ ആർക്കും അറിയില്ലായിരുന്നു. കുറേ ദിവസത്തിനു ശേഷം എബ്രിഡ് ഷൈൻ വനിതയ്ക്കു നൽകിയ അഭിമുഖത്തിലൂടെയാണ് ഫൈസലിന്റെ കാര്യം പുറത്തുവിട്ടത്. 

poomaram-song-lyricist.jpg.image.470.246 പൂമരം പാട്ടെഴുതിയ ആശാൻ ബാബുവും ദയാൽ സിങും

പിന്നെ എഴുതിയത് ആരെന്നായി. പാട്ടെഴുത്തുകാരനെ തേടി മഹാരാജാസിന്റെ സുന്ദരമായ കാൽപനിക ചരിത്രത്തിലേക്ക് തിരിച്ചു നടന്ന് എബ്രിഡ് ഷൈനും സംഘവും അവരേയും കണ്ടെത്തി. ദയാൽ സിങും ആശാൻ ബാബുവും ആയിരുന്നു ആ പാട്ടെഴുത്തുകാർ. തന്റെ വീടു പണിക്കെത്തിയ ദയാൽ സിങിൽ നിന്ന് കേട്ട പാട്ടാണ് മഹാരാജാസ് വിദ്യാർഥിയായിരുന്ന സുധീഷ് സുധൻ ക്യാംപസിലെത്തി പാടിയതും പിന്നെ അതു മഹാരാജാസിന്റെ ഭാഗമായതും.  പൂമരംപോലെ സുന്ദരമായിരുന്ന ആ പാട്ടു വന്ന കഥയും. സിനിമ പുറത്തിറങ്ങും മുൻപേയാണ് പൂമരം എന്ന പാട്ട് ഇത്രയധികം ജനശ്രദ്ധ നേടിയത്. 

മുത്തേ പൊന്നേ എന്ന പാട്ടിന്റെ കാര്യവും ഇതുപോലെ തന്നെയായിരുന്നു. തിരുവനന്തപുരത്തെ അരിസ്റ്റോ ജംഗ്ഷനിലെ ചുമട്ടു തൊഴിലാളിയായിരുന്നു സുരേഷ് തമ്പാനൂർ. സുരേഷിന്റെ ബാംഗ്ലൂരിലുള്ള സുഹൃത്ത് ശ്രീജിത്താണ് എബ്രിഡ് ഷൈനിന്റെ സുഹൃത്തായ ബോബിയ്ക്ക് സുരേഷിനെ പരിചയപ്പെടുത്തുന്നത്. ഹോട്ടലിലെ മുറിയില്‍ സുഹൃത്തുക്കൾക്ക് നടുവിൽ പതിവു പോലെ പാടിക്കയറിയ സുരേഷിനെ ബോബിക്കും ഇഷ്ടമായി. സുരേഷിന്റെ പാട്ട് ആരുമറിയാതെ ഫോണിൽ റെക്കോർഡ് ചെയ്ത എബ്രിഡ് ഷൈനടുത്തേക്കെത്തിക്കുന്നത് ബോബിയാണ്. പിന്നെ സിനിമയിലെ കുഞ്ഞു വേഷത്തിലേക്ക് സുരേഷിനെ തീരുമാനിക്കാൻ അധിക സമയം വേണ്ടിവന്നില്ല സംവിധായകന്. ഒപ്പം അയാൾ പത്തു കൊല്ലം മുൻപെഴുതിയ പാട്ടും എബ്രിഡ് ഷൈൻ സിനിമയിൽ അദ്ദേഹത്തെ കൊണ്ടു തന്നെ ഈണമിട്ട് പാടി അഭിനയിപ്പിച്ചു. അധികം ടേക്കുകളൊന്നുമെടുപ്പിക്കാതെ സുരേഷ് അഭിനയിച്ചു. മേക്കപ്പൊന്നുമിടാതെ പരിചയസമ്പന്നനായൊരു നടനെ പോലെ. പാട്ടും സുരേഷിന്റെ വേഷവും സാധാരണക്കാരന്റെ ആസ്വാദന തലത്തെ കീഴടക്കി. പൂമരം പാട്ടിൽ ഗിത്താർ ആയിരുന്നു താരമെങ്കില്‍ മുത്തേ പൊന്നേ പാട്ടിൽ വെറും കൈ കൊണ്ട് ഡസ്കിൽ കൊട്ടിപ്പാടുകയായിരുന്നു സുരേഷ്. പൂമരം പോലെ പ്രിയപ്പെട്ടതാണ് ആ പാട്ടും. മുത്തേ പൊന്നേ പാട്ട് ഇറങ്ങിയ സമയത്തെ അതേ തരംഗം, ഒരുപക്ഷേ അതിനേക്കാൾ വലിയ മേളമാണ് പൂമരം പാട്ടിനൊപ്പം നടക്കുന്നത്.

poomaram-song-story പൂമരം പാട്ടു പാടിയ ഫൈസല്‍ റാസി കാളിദാസ് ജയറാമിനൊപ്പം, സംവിധായകൻ എബ്രിഡ് ഷൈൻ

ഇത്തരത്തിൽ ആരും ശ്രദ്ധിക്കാതെ പോയേക്കാവുന്ന ഗാനങ്ങളെയാണ് തന്റെ രണ്ടു ചിത്രങ്ങളിൽ അതിമനോഹരമായി അവതരിപ്പിച്ച് പ്രേക്ഷനു മുൻപിലേക്ക് എബ്രിഡ് ഷൈൻ എത്തിച്ചത്.