Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്യം പറയാൻ ചങ്കൂറ്റണ്ടങ്കി ങ്ങളും കൂടി ചേർന്നോളീ...

funeral-of-a-native-son

ചങ്കൂറ്റമുള്ള സംഗീതാവിഷ്കാരം. പേര്, ഫ്യുണെറൽ ഓഫ് നേറ്റീവ് സൺ...ഇതേ മാതിരിയൊരു പേര് മുൻപൊരിക്കൽ കേട്ടിട്ടുണ്ടെന്ന് തോന്നുന്നുവെങ്കിൽ സംശയിക്കണ്ട ഇതിനു പിന്നിലും അവർ തന്നെ. നേറ്റിവ് ബാപ്പയ്ക്ക് ശേഷം മുഹ്സിൻ പരാരിയും സംഘവും വീണ്ടുമെത്തുന്നു. പച്ചയായ സാമൂഹിക ചുറ്റുപാടുകളിലേക്ക് പാട്ടിലൂടെ നമ്മെ നയിക്കുവാൻ. നടൻ മാമുക്കോയയിലൂടെ രശ്മി സതീഷിന്റെ പാട്ടിലൂടെ കടന്നുപോകുന്ന വിഡിയോയിലെ കറുപ്പും വെളുപ്പും കലർന്ന കാഴ്ചകൾ നമ്മെ അലട്ടുന്ന സാമൂഹിക യാഥാർഥ്യങ്ങളാണ്. രോഹിത് വെമുലമാർ, വ്യവസ്ഥിതിയുടെ ജീർണതയിലേക്ക് വിരൽ ചൂണ്ടിയതിന് ജയിലലടയ്ക്കപ്പെടുന്നവർ ഇനി ആ ഗണത്തിലെത്താനിരിക്കുന്നവർ അവർക്കായി ശബ്ദിച്ചുകൊണ്ടേയിരിക്കുന്നവർ അവരെല്ലാം ചേർന്നതാണീ വിഡിയോ. രോഹിത് വെമുലയ്ക്ക് സമർപ്പിച്ചുകൊണ്ട് ബോധി സൈലന്റ് സ്കേപ്പും മാപ്പിള ലഹള എന്ന ബാൻഡും ചേർന്നാണ് നിർമ്മിച്ചത്. മാപ്പിള ലഹളയുടെ ആദ്യ ഹിപ് ഹോപ് ആൽബമാണിത്. സന്തോഷ് വർമയും മുഹ്സിൻ പരാരിയും ഹാരിസ് സലീമും ചേർന്നെഴുതിയ വരികള്‍ക്ക് ബിജിബാലാണ് സംഗീതം ചെയ്തത്. ഇക്കഴിഞ്ഞ 20ന് യുട്യൂബിലെത്തിയ വിഡിയോ ഇതിനോടകം അമ്പതിനായിരത്തിലധികം പ്രേക്ഷകരെയും നേടിയെടുത്തു.

muhsin മുഹ്സിൻ പരേരി

ആരും കേൾക്കാൻ കാത്തുനിൽക്കാത്ത നിലവിളികളെ വർത്തമാനങ്ങളെ ആശയങ്ങളെ സമൂഹമൊരുക്കിയ വ്യവസ്ഥിതികളിൽ ഞെരിഞ്ഞമർന്ന് സ്വയം പിൻവാങ്ങുന്നവരെയാണ് മുഹ്സിൻ പരാരി തന്റെ ക്രിയാത്മകതയിലൂടെ അഭിസംബോധന ചെയ്യുന്നത്. മാമുക്കോയ പറയും പോലെ തോളത്തുള്ള മലക്കുകൾ പോലും രാജ്യദ്രോഹികളാക്കപ്പെടുന്ന അവസ്ഥയെ. സ്വാതന്ത്ര്യത്തോടെ ജീവിക്കാനായില്ലെങ്കിൽ സ്വയമൊരു കുഴിവെട്ടി സ്വയം സംസ്കരിക്കപ്പെടുകയാണ് നല്ലതെന്ന് പറയുന്നു ഈ പാട്ട്.

"രോഹിത് വെമുല വിഷയത്തെ തുടർന്നാണ് ഇങ്ങനെയൊരു മ്യൂസിക്കൽ വിഡിയോയെ കുറിച്ച് ചിന്തിച്ചത്. ഒരുപാട് രോഹിത് വെമുലമാർ നമുക്കിടയിലുണ്ട്, അധികാര കേന്ദ്രം നേരിട്ടപെട്ട് കൊന്നുതള്ളുന്നവർ‌, അടിച്ചമർത്തപ്പെടുന്ന ആദിവാസികളും ദലിതുകളും അവരോടുള്ള ഒരു ഐക്യദാർഢ്യപ്പെടലാണ് എന്റെ മ്യൂസിക്കൽ വിഡിയോകൾ. എന്റെ മനസിലെ ചിന്തകളും ആശയങ്ങളുമാണ് ഞാനിതീലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. അതേറ്റവും ശക്തമായ അവതരിപ്പിക്കപ്പെടാനുള്ള മാധ്യമങ്ങളിലൊന്നായിട്ടാണ് മാമുക്കോയയെ കാണുന്നത്. പ്രാദേശിക സംസാരരീതിയും ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള നിറങ്ങളുപയോഗിച്ച് കാഴ്ചയൊരുക്കിയതും അതിന്റെ ഭാഗമായാണ്. സംവിധായകൻ മുഹ്സിൻ പറയുന്നു." മുഹ്സിനുമായുള്ള സൗഹൃദവും ചിന്തകളിലെ സമാനതകളുമാണ് തന്നെ വിഡിയോയിലെ പാട്ടുകാരിയാക്കിയതെന്ന് രശ്മി പറഞ്ഞു.

സ്വന്തം മക്കളുടെ മൃതദേഹത്തിനായി കാത്തിരിക്കേണ്ടി വരുന്ന അച്ഛനും അമ്മയും ഇവരാണ് ഈ വിഡിയോയിലെ കഥാപാത്രങ്ങൾ. രാജ്യദ്രോഹിയാക്കപ്പെട്ട് ജയിലലടയ്ക്കപ്പെട്ട മകന്റെ മൃതദേഹത്തിനായി കാത്തിരിക്കുന്ന വാപ്പയായാണ് മാമുക്കോയയെത്തുന്നത്. അവനായി കുഴിമാടമൊരുക്കി കാത്തിരിക്കുന്ന അച്ഛൻ. ആ അച്ഛന്റെ പ്രതിഷേധവും തിരിച്ചറിവുകളും ഓർമപ്പെടുത്തലുമാണ് വിഡിയോ. ഇതുപോലുള്ള ഒരുപാട് അച്ഛനമ്മമാർ നമുക്ക് ചുറ്റുമുണ്ട്. അവരുടെ ചോദ്യങ്ങൾക്കിനിയും ഉത്തരം കണ്ടെത്തുവാനുള്ള ബാധ്യതതയിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുമാറിക്കൊണ്ടേയിരിക്കുന്നു. അവരിലേക്കാണ് മുഹ്സിൻ പരാരി ശ്രദ്ധ ക്ഷണിക്കുന്നത്. ഒരിക്കലീ അടിച്ചമർത്തലുകൾ വിപ്ലവം പോലെ പൊട്ടിയൊഴുകിയെത്തുമെന്ന് നമ്മോട് പറയുന്ന വിഡിയോ. 

Your Rating: