Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസിലുണ്ടാക്കാൻ മാത്രമല്ല, പാടാനും ഉണ്ണിക്കറിയാം

unni-mukundan

താരങ്ങൾ തന്നെ പാട്ടുകാരാകുമ്പോൾ അതു കേൾക്കാനും കാണാനും ഒരു കൗതുകമില്ലേ. അടുത്ത ഉണ്ണി മുകുന്ദൻ സിനിമയിലുമുണ്ട് അങ്ങനെയൊരു കാര്യം. പാടുന്നത് ഉണ്ണി തന്നെ. നായക വേഷങ്ങളിൽ തിളങ്ങിയ ഉണ്ണിക്കിത് പുതിയ ഊഴം. പാട്ട് ഒരുപാടിഷ്ടമാണെങ്കിലും ഇങ്ങനെയൊരു ദൗത്യം ചെയ്യേണ്ടി വരുമെന്ന് കരുതിയേയില്ല താരം. എന്തായാലും ഉണ്ണി മുകുന്ദൻ പാട്ടുകാരനായിരിക്കുന്നു. അതിലുമുണ്ട് ഒരു പ്രത്യേകത. മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തമായി പാട്ടെഴുതിയാണ് ഉണ്ണി പാട്ടുകാരനായത്.

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായൻസ് എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ പാടുന്നതും അഭിനയിക്കുന്നതും. ജയറാമും പ്രകാശ് രാജും ഉൾപ്പെടെ വൻ താരനിരയാണ് സിനിമയിലുള്ളത്. രതീഷ് വേഗയായിരുന്നു സംഗീതം.

പാട്ട് ഏറ്റവും മനോഹരമായി അവതരിപ്പിക്കാനുള്ള വഴികൾക്കിടയിലാണ് രതീഷ് വേഗയ്ക്കൊപ്പം ഉണ്ണി പാട്ടെഴുത്തുകാരനായത്. ഉണ്ണിയുടെ സ്വരം പാട്ടിന് ചേരുമെന്ന് തോന്നിയപ്പോൾ ഗായകനെ വേറെ അന്വേഷിക്കണ്ടന്ന് സംഗീത സംവിധായകൻ തീരുമാനിച്ചു. രതീഷ് വേഗയുടെ നിർബന്ധത്തിനു വഴങ്ങി ഉണ്ണി പാടിയത് ഒരു മെലഡി ഗാനമാണ്.

സൂപ്പർഹിറ്റ് തിരക്കഥാകൃത്ത് സേതു ആണ് അച്ചായൻസിന്റെ തിരക്കഥ. ടോണി വാവച്ചൻ എന്ന അച്ചായൻ കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.

അഭിനേതാക്കൾ തന്നെ പാട്ടു പാടുന്നത് ഇന്ന് പതിവാണ്. അതിൽ ഈ പാട്ട് എത്രമാത്രം വ്യത്യസ്തമാകുന്നുവെന്ന് കാത്തിരുന്ന് കേട്ടറിയാം. മലയാളത്തിൽ മാത്രമല്ല, തെലുങ്കിലും പ്രതിഭയറിയിച്ച നടനാണ് ഉണ്ണി മുകുന്ദൻ. മോഹൻലാൽ നായകനായ ജനത ഗാരേജിലെ വില്ലൻ വേഷം ഉണ്ണിയെ തെന്നിന്ത്യയ്ക്കു തന്നെ പ്രിയപ്പെട്ടതാക്കി.

ബാഹുബലി നായിക അനുഷ്ക ഷെട്ടി പ്രധാനകഥാപാത്രമാകുന്ന ഭാഗ്മതിയാണ് ഉണ്ണിയുടെ പുതിയ തെലുങ്ക് ചിത്രം. സിനിമയ്ക്കായി അഞ്ച് ദിവസത്തെ ഷൂട്ടിങ് കൂടി ഉണ്ണിക്ക് ബാക്കിയുണ്ട്.മലയാളത്തിൽ ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന അവരുടെ രാവുകൾ ആണ് റിലീസ് ചെയ്യാനിരിക്കുന്നത്. സിദ്ധാർഥ് എന്ന കഥാപാത്രമായാണ് ഉണ്ണി ചിത്രത്തിൽ എത്തുന്നത്.