Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിന്റെ ‘അടിപൊളി പാട്ട്’ ഒഴിവാക്കിയതെന്തിന്?

pulimurugan-item-song

ഒരു മാസ് എന്‍റർടെയ്ൻമെന്റ് ചിത്രത്തിൽ പ്രതീക്ഷിക്കുന്നൊരു ഘടകമാണ് ഐറ്റം സോങ്. ഇങ്ങനെയൊന്നില്ലെങ്കില്‍ പിന്നെന്ത് എന്റർടെയ്ൻമെന്റ് എന്നാണു പറയാറും. പക്ഷേ മോഹൻലാൽ ചിത്രമായ പുലിമുരുകനിൽ അങ്ങനെയൊരു കാര്യമേയില്ലായിരുന്നു. ഷൂട്ടിങ് സമയത്തു സംവിധായകൻ വൈശാഖിനു കിട്ടിയ പ്രധാന അന്വേഷണങ്ങളിലൊന്നും ഐറ്റം സോങിനെ കുറിച്ചായിരുന്നു. എന്താണ് ഇക്കാര്യം ഒഴിവാക്കിയതെന്നു സംവിധായകൻ തന്നെ വെളിപ്പെടുത്തി. മനോരമ ഓൺലൈൻ ഐ മീ മൈസെൽഫിൽ സംസാരിച്ചപ്പോഴായിരുന്നു ഇതു പറഞ്ഞത്.

ബോധപൂർവ്വമാണു സിനിമയിൽ നിന്ന് ഐറ്റം സോങ് ഒഴിവാക്കിയത്. ഒരു മാസ് എന്റർടെയ്ൻമെന്റ് എന്ന ബാഹ്യതലത്തിൽ നിന്ന് സിനിമ ഉയർന്നു പോകണം എന്ന് ആഗ്രഹിച്ചതുകൊണ്ടാണത്. മുരുകൻ എന്ന കഥാപാത്രവും അയാളുടെ ഗ്രാമവും അവിടുത്തെ പ്രശ്നങ്ങളും സ്നേഹവും ഒക്കെ ചേർന്ന അന്തരീക്ഷത്തിൽ നിന്നും  അധികം വ്യതിചലിക്കരുതെന്ന് തീരുമാനിച്ചിരുന്നു. ബോധപൂർവ്വം ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്തു. നിങ്ങൾ സിനിമ ശ്രദ്ധിച്ചു നോക്കിയാൽ അക്കാര്യം മനസിലാകുകയും ചെയ്യും. കാരക്ടറിൽ നിന്നു ജനങ്ങൾ അകന്നു പോകരുതെന്നും അതവരുടെ മനസിൽ ചേക്കേറണമെന്നും നിർബന്ധമുണ്ടായിരുന്നു. സിനിമയിൽ പരമാവധി ശ്രദ്ധ കിട്ടുവാനാണ് അങ്ങനെ ചെയ്തത്. നല്ലൊരു ഐറ്റം സോങ് ഉൾപ്പെടുത്താനുള്ള ഇടം സിനിമയിൽ ആവോളം ഉണ്ടായിരുന്നു. അറിഞ്ഞുകൊണ്ടൊഴിവാക്കിയത് ഇക്കാരണങ്ങൾ കൊണ്ടാണ്. സിനിമയിലെ ഗാനങ്ങളെല്ലാം ആ കഥാപാത്രത്തോടും അദ്ദേഹത്തിന്റെ ചുറ്റുപാടുകളോടും ചേർന്നുനിൽക്കുന്നതാണ്. വൈശാഖ് പറഞ്ഞു. 

ഗോപീ സുന്ദറാണു പുലിമുരുകനിലെ പാട്ടുകളും പശ്ചാത്തല സംഗീതവുമൊരുക്കിയത്. ഏറെ നാളായി കേൾക്കുവാൻ കൊതിച്ചതു പോലെയുള്ള രണ്ടു മെലഡികളും ത്രസിപ്പിക്കുന്ന ടൈറ്റിൽ സോങും പശ്ചാത്തല സംഗീതവും ജനപക്ഷം നെഞ്ചേറ്റി.

Your Rating: