Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വം കാക്കുന്ന നാഥാ...

sathyan-home

പാതിരാവിൽ നിലാവ് വീഴുന്നൊരു പുഴ കടന്ന്  മഞ്ഞു പൊഴിയും ഇടവഴിയിലൂടെ നടന്ന് ഒരു കുഞ്ഞു പള്ളിയിലേക്കെത്തി നിറഞ്ഞു കത്തുന്ന മെഴുതിരികളെ സാക്ഷിയാക്കി, പാതിരാ കുർ‌ബാന കൂടാൻ നിൽക്കയാണ്. ക്രിസ്മസ് രാവുകളെ കുറിച്ചുള്ള ഈ കാൽപനിക സങ്കൽ‌പം മനസിൽ നിഴലാടുമ്പോൾ ആത്മാവിനെ സംഗീത സാന്ദ്രമാക്കുന്ന കുറേ പാട്ടുകളുമുണ്ട്. രാവിന്റെ പകുതിയിൽ പ്രാർഥന മാത്രം മനസിൽ നിറച്ചു നിൽക്കുമ്പോൾ മനസ് ആത്യന്തികമായി പറയാൻ കൊതിയ്ക്കുന്നതെല്ലാം ആ പാട്ടുകളിലുണ്ടാകും...

ആത്മാവിൽ എരിയുന്ന തീ അണയ്ക്കൂ

നിൻ ആത്മചൈതന്യം നിറയ്ക്കൂ... എന്ന പോലെ...അതുമാത്രമല്ല, എന്തേ സംവിധായകൻ എന്നതിനൊപ്പം പാട്ടെഴുത്ത് എന്ന മേഖലയിലേക്കു കൂടി സത്യൻ അന്തിക്കാട് എന്ന പ്രതിഭ കടന്നു ചെന്നില്ല എന്ന് നമ്മെക്കൊണ്ട് പലവട്ടം ചോദിപ്പിച്ച വരികൾ കൂടിയാണിത്. സത്യൻ അന്തിക്കാട് കുറിച്ച ഈ പാട്ടിനെ കാലാതീതമാക്കുന്നത് ഈ വരികളാണ്. അന്തിക്കാട് എന്ന ഗ്രാമത്തിന്റെ നന്മയാണ് സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ ചിത്രങ്ങളിലൂടെ പലവട്ടം കണ്ടെതെന്ന് തോന്നിയിട്ടുണ്ട്. അതുപോലെ ആ ഗ്രാമത്തിലെ പള്ളികളുടെ ആർദ്രതയാകാം ഈ ഗാനത്തിനെ ഇത്രയേറെ തേജസുറ്റതാക്കിയതും...

മഞ്ഞു പൊഴിയും രാപ്പകലുകളിലൂടെ ക്രിസ്മസ് ദിനത്തിലേക്കു യാത്ര ചെയ്യുമ്പോൾ മനസിൽ നിറഞ്ഞൊഴുകുന്നൊരു പാട്ടാണ് വിശ്വം കാക്കുന്ന നാഥാ...ആത്മാവിന്റെ ആഴങ്ങളിലേക്കു ദാസേട്ടൻ പാടിത്തന്ന പാട്ട്. ആത്മീയതയുടെയും സ്നേഹത്തിന്റെയും നിറസ്പർശമുള്ള ഗാനം. 

പാട്ടെഴുത്തുകാരനാകണം എന്നൊന്നും ഒരിക്കലും സത്യൻ അന്തിക്കാട് ചിന്തിച്ചിരുന്നില്ല. സംവിധാനത്തോടു തന്നെയായിരുന്നു ആഭിമുഖ്യം. പക്ഷേ കവിതയും എഴുത്തുമൊക്കെ കൂടെയുണ്ടായിരുന്നതിനാൽ ഇടയ്ക്കിടെ അങ്ങനെയൊരു വേഷപ്പകർച്ച നടത്തിയിട്ടുണ്ട്. നടത്തേണ്ടി വന്നു എന്നു പറയുന്നതാകും ശരി....ഈ പാട്ടും അങ്ങനെ തീർത്തും അപ്രതീക്ഷിതമായൊരു സാഹചര്യത്തിൽ എഴുതിയതാണ്...

വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലെ സംഗീതം കൈതപ്രത്തേയും ജോൺസണേയുമാണ് സത്യൻ അന്തിക്കാട് ഏൽപ്പിച്ചത്. പാട്ടിന്റെ കാര്യങ്ങൾ‌ക്കും മറ്റുമായി അദ്ദേഹവും ലോഹിതദാസും ഷൊർണൂരിലായിരുന്നു. ജോണ്‍സണും വന്നുചേർന്നു. അന്ന് തിരുമേനി(കൈതപ്രം ദാമോദരൻ നമ്പൂതിരി) കുറേ കച്ചേരികളൊക്കെ ചെയ്യുന്ന സമയമാണ്. അതുകൊണ്ടു തന്നെ സത്യൻ പറഞ്ഞ സമയത്ത് പാട്ടെഴുതാൻ അദ്ദേഹത്തിനു വരാനായില്ല. പാട്ടെഴുതുന്ന ആൾ വന്നിട്ട് ഈണമിടുന്നതാണ് ശരിയെന്നു വിശ്വസിച്ചിരുന്ന ജോൺസണ് രണ്ടു ദിവസമായി വെറുതെ ഹാർമോണിയം പിടിച്ചിരുക്കേണ്ടി വന്നതല്ലാതെ ഒന്നും ചെയ്യാനായില്ല. പിന്നെ സത്യൻ തന്നെ  ജോൺസണോടു പറഞ്ഞു, ഒരു കാര്യം ചെയ്യ് സിനിമയിലെ സാഹചര്യമൊക്കെ വച്ച് ഞാന്‍ കുറച്ച് വരികളെഴുതാം. അതിനനുസരിച്ച് താൻ ഈണമിട്. നമ്പൂതിരി വരുമ്പോൾ നമുക്ക് വേറെ വരികളാക്കാം...അങ്ങനെ എഴുതിയതയാണ് വിശ്വം കാക്കുന്ന നാഥാ...അതിന് ജോൺസൺ നൽകിയതാകട്ടെ അതിമനോഹരമായ ഈണവും. ദാസേട്ടൻ പതിവു പോലെ ആത്മാവു നൽകി അതുപാടുകയും ചെയ്തു....ഡമ്മി ആയി എഴുതിയ ഗാനം മാറ്റേണ്ട മനോഹരമായ വരികളാണിത്. സിനിമയിലെ ബാക്കിയെല്ലാ പാട്ടുകളും ഞാൻ എഴുതിക്കോളാം എന്ന് നമ്പൂതിരി പറഞ്ഞതോടെ അത് സിനിമയിലെത്തി. പാട്ടെഴുത്തുകാരൻ എന്ന കുപ്പായം ഇടയ്ക്കെടുത്ത് അണിഞ്ഞപ്പോള്‌ പിറന്നൊരു പാട്ട് ആണത്. 

സിനിമയിലെ സാഹചര്യം വച്ചു നോക്കുമ്പോൾ അച്ഛൻ അകറ്റി നിർത്തിയ ഒരു മകൻ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ പള്ളിയിൽ വച്ച് പാടുന്ന പാട്ടാണിത്. ആ കാഴ്ചപ്പാടിലാണ് പാട്ട് വരേണ്ടത്. അച്ഛനോടു ആ മകന് പറയാനുള്ളതാണ് ഈ പാട്ടിലുള്ളത്...അതാണ് 

അകലാതെ അകലുന്നു സ്നേഹാബംരം...

നീ അറിയാതെ പോകുന്നു എൻ നൊമ്പരം

എന്ന വരികൾ വന്നത് അങ്ങനെയാണ്. ഈ പാട്ടിന് രണ്ട് അർഥ തലങ്ങളുണ്ട്. ഒന്ന് മകൻ പിതാവിനോടു പറയുന്നതായിട്ടും. പിന്നെ യേശുദേവനോടുള്ള നമ്മുടെ പ്രാർഥനയായും അതിനെ കണക്കാക്കാം. യേശുദേവനേയും നമ്മൾ പിതാവ് എന്ന് സങ്കൽപ്പിക്കാറുണ്ടല്ലോ. ആ ഒരു അനുഭൂതി പാട്ട് പങ്കുവയ്ക്കുന്നതിനാൽ ഒരു ക്രിസ്തീയ  ഭക്തി ഗാനമായും സിനിമാ പാട്ടായും ജനമനസിൽ ഇടം നേടി. 

ആത്മാവിൽ എരിയുന്ന തീ അണയ്ക്കൂ

എൻ ആത്മ ചൈതന്യം നിറയ്ക്കൂ...എന്നെഴുതിയത് യേശുദേവനോടുള്ള ഒരു പ്രാർഥനയാണ്. മനുഷ്യർക്കു വേണ്ടി ക്രൂശിലേറ്റപ്പെട്ട ഒരു പുണ്യാത്മാവാണ് അദ്ദേഹം. ഒരേസമയം വേദനയും സ്നേഹവും ഭക്തിയും നമ്മിൽ നിറയ്ക്കുന്ന ദേവ സാന്നിധ്യം. അതൊരു അപൂർവതയാണ്. അതാണ് എന്നെ ആകർഷിച്ചത്. പാട്ടെഴുതാൻ തുടങ്ങുമ്പോൾ ആ സങ്കൽപവും കഥയും കൂടിയുണ്ടായിരുന്നു മനസിൽ. പള്ളിയും ക്വയറും പ്രാർഥനയും എല്ലാം എഴുതാൻ നേരം മനസിൽ നിറഞ്ഞിരുന്നു. സത്യൻ അന്തിക്കാട് ഓർത്തെടുക്കുന്നു...

എന്റെ മക്കൾ പഠിച്ചത് തൃശൂരെ സെന്റ് തോമസ് കോളജിലാണ്. അവിടത്തെ ഒരു അധ്യാപകൻ പറഞ്ഞിരുന്നുവത്രേ ഈ പാട്ട് എഴുതിയത് ഒരു അച്ചനാണെന്ന്. എന്റെ മക്കൾ അതു തിരുത്തി പറഞ്ഞിരുന്നു. പാട്ട് അച്ഛനാണ് എഴുതിയത്. പള്ളീലച്ചൻ അല്ല ഞങ്ങളുടെ അച്ഛനാണെന്ന്. അതുപോലെ പലരും ഞാനൊരു ക്രിസ്ത്യാനി ആണെന്നാണ് ധരിച്ചു വച്ചിരിക്കുന്നത്. നടൻ സത്യന്റെ പേര് സത്യനേശൻ നാടാർ എന്നാണല്ലോ. ഞാനും അതുപോലെ ഒരു ക്രിസ്ത്യാനി ആണെന്ന്. 

നിറയെ പള്ളികളുള്ള ഒരു നാട്ടിൽ നിന്നാണ് ഞാൻ വരുന്നത്. ക്രിസ്മസ് കാലമൊക്കെ വന്നാൽ പിന്നെ മനസിൽ നിറയെ ആ ഒരു അനുഭൂതിയാണ്. എനിക്കും ക്രിസ്തീയ ഭക്തി ഗാനങ്ങളോട് വല്ലാത്ത ഇഷ്ടമാണ്. ഏതു നഗരത്തിലായാലും അതിന്റെ തിരക്കുകളൊന്നും തൊടാത്ത ശാന്തമായ അന്തരീക്ഷമുള്ള പള്ളികളുണ്ടാകും...സത്യൻ അന്തിക്കാട് പറഞ്ഞു...

കൈതപ്രത്തിന്റെ പാട്ടുകളെ ഇഷ്ടപ്പെടുന്നവർക്ക് അദ്ദേഹം അല്ല ഇത് എഴുതിയതെന്ന് പറഞ്ഞാൽ സംശയം തോന്നിയേക്കാം. ആ ഒരു ടച്ച് ഉണ്ട് ഈ പാട്ടിന്. ഇത്രയേറെ മനോഹരമായ വരികൾ എഴുതാൻ കഴിവുള്ളയാൾ എന്തേ അത് തുടർന്നില്ല, അതൊരു നഷ്ടമല്ലേ എന്നൊക്കെ ചോദിച്ചാൽ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്....

johnson-kaithapram

ഒരിക്കലുമില്ല. എനിക്ക് സംവിധായകൻ ആകാൻ തന്നെയാണ് എന്നും ഇഷ്ടം. അതിനോടു തോന്നിയ ആഭിമുഖ്യം മറ്റൊന്നിനോടുമില്ല. അന്നും ഇന്നും. സംവിധായകൻ എന്നാൽ ഒരു സിനിമയുടെ മൊത്തമാണ്. എനിക്ക് ആ വേഷം തന്നെയാണ് ഇഷ്ടം. പിന്നെ വലിയ തെറ്റില്ലാതെ എഴുതാനറിയാം എന്നല്ലാതെ പാട്ടെഴുത്തുകാരനായി ഞാൻ എനിക്ക് അധികം മാർക്കൊന്നും നൽകുന്നില്ല. അഭിമാനം ഉണ്ട് എന്നല്ലാതെ. ഞാൻ പലവട്ടമായി 124 പാട്ട് എഴുതിയിട്ടുണ്ടെന്ന് അറിയുന്നതു തന്നെ മറ്റുള്ളവർ പറഞ്ഞാണ്. അതുപോലെ ചിത്ര, രവീന്ദ്രൻ എന്നിവരുടെ ആദ്യ ഗാനവും എനിക്കെഴുതാനായി. പിന്നെ ഇടയ്ക്ക് ഇങ്ങനെ വരികൾ വരുമെന്നല്ലാതെ...​ഞാൻ ആയിരുന്നെങ്കിൽ ഒരിക്കലും

എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ എന്നോ, മെല്ലെ മെല്ലെ മുഖപടം എന്നോ, ജോമോന്റെ സുവിശേഷത്തിലെ നോക്കി നോക്കി നിന്നു എന്ന പാട്ടോ ഒന്നും എഴുതിയെന്നു വരില്ല. അതിനു റഫീഖ് അഹമ്മദും ഗിരീഷ് പുത്തഞ്ചേരിയുമൊക്കെ തന്നെ വേണം...പതിവ് ഗൗരവത്തോടെ അന്തിക്കാട് പറഞ്ഞു...തിരക്കുകൾക്കിടയിലെ ഒരു കുഞ്ഞു ഇടവേളയിൽ തന്റെ ഗാനത്തിന്റെ ഓർമകളെ കുറിച്ച് വളരെ പെട്ടെന്നാണ് അദ്ദേഹം പോയിവന്നത്. സംസാരിക്കുന്നതിൽ പോലും ഇതുപോലൊരു ആർദ്രമായ പാട്ടിന്റെ ഭാവം. ഒന്നുറപ്പാണ് സത്യൻ അന്തിക്കാട് എന്ന സംവിധായകനൊപ്പമുള്ളത് സിനിമകളുടെ ഫ്രെയിമുകൾ‌ മാത്രമല്ല, ഇങ്ങനെ ഉള്ളിന്റെയുള്ളിലേക്കു കോറിയിടപ്പെടേണ്ട ഒരായിരം വരികൾ കൂടിയുണ്ട്...ഇനിയും ഇതുപോലെ ഒരു നൂറു സാഹചര്യങ്ങൾ അദ്ദേഹത്തിന്റെ ചിത്രങ്ങളിലുണ്ടാകണമെന്ന് പ്രേക്ഷകൻ‌ ആഗ്രഹിച്ചു പോകുന്നതും അതുകൊണ്ടാണ്. 

Your Rating: