Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെലെ ‌ആരെന്ന് റഹ്മാന് അറിയില്ലായിരുന്നു?

ar-pele

പെലെ ആരെന്ന് റഹ്മാന് അറിയില്ലായിരുന്നുവോ? അറിയില്ലെങ്കിലും അതിനെ കുറ്റം പറയുവാനാകില്ല, അത് അതിശയകരമാണെങ്കിൽ കൂടി. സംഗീതത്തിൽ മാത്രം ജീവിക്കുന്നൊരാൾക്ക് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാകാം. പെലെ, ബർത്ത് ഓഫ് എ ലെജൻഡ് എന്ന ചിത്രത്തിന് സംഗീതമിടുവാൻ ആവശ്യപ്പെട്ട് അണിയറ പ്രവർത്തകരെത്തിയപ്പോൾ ആരാണ് പെലെ എന്ന് ഗൂഗിൾ ചെയ്ത് നോക്കിയത്രേ. ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റഹ്മാന്റെ വെളിപ്പെടുത്തൽ. പെലെയുടെ അത്ഭുത ജീവിതത്തെ കുറിച്ച് മനസിലാക്കിയതിനു ശേഷമാണ് റഹ്മാന്‍ സ്ക്രിപ്റ്റ് പോലും വായിച്ചത്. കാര്യമെന്തായാലും പെലെയുടെ ജീവിതം പറയുന്ന ചിത്രം തീയറ്ററിലെത്തിക്കഴിഞ്ഞു. റഹ്മാന്റെ ആത്മാവ് തൊട്ട ഈണങ്ങളുള്ള ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തെ കൂടുതൽ കാവ്യാത്മകമാക്കി, ഊർജ്ജസുറ്റതാക്കി.

കാൽപന്ത് കളിയിലൂടെ ലോകത്ത് ഇതിഹാസം രചിച്ച മനുഷ്യൻ. പെലെ...ദൈവം തൊട്ട കാലുകൾ കാൽപ്പന്തിനു പിന്നാലെയിങ്ങനെ പിണങ്ങി കുസൃതികാണിച്ച് പിന്നീടൊടുവിൽ ചങ്ങാത്തം കാണിച്ചെത്തുന്ന കാഴ്ച എത്ര കണ്ടാലാണ് നമുക്ക് മതിവരിക. റഹ്മാന്റെ ഈണങ്ങളും അതുപോലെ തന്നെ. അന്നാ ബിയാട്രിസിനൊപ്പം റഹ്മാന്‍ തന്നെയാണ് പാട്ട് ആലപിച്ചിരിക്കുന്നത്. ഒരു വട്ടം കേട്ടാൽ മനസിന്റെ ആകാശത്ത് താളമിട്ടു നിൽക്കുന്ന പാട്ട്. റഹ്മാനിൽ നിന്ന് കേൾക്കാൻ കൊതിച്ചിരുന്നതെന്ന് പറയും പോലെ. 

ബ്രസീലിയൻ ഈണങ്ങളും പിന്നെ സംഗീതത്തിന്റെ അതിർത്തികളില്ലാത്ത ഭാവവും ചേർത്തുണ്ടാക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ചിത്രത്തിലുള്ളത്. ഇന്ത്യൻ ചേലിലെങ്കിലും നമുക്ക് മാത്രമല്ല ലോകത്തിന്റെ തന്നെ കാതുകൾ കീഴടക്കും ഈ ഈണം. റഹ്മാന്റെയും അഭിപ്രായമിതു തന്നെയാണ്.  പെലെയെ അറിയില്ലായിരുന്നുവെങ്കിലും ചിത്രത്തിന് സംഗീതമിടുവാനായത് വലിയ അംഗീകാരമായി കാണുന്നു. ക്രിക്കറ്റ് ഇതിഹാസമായ സച്ചിനെ കുറിച്ചുള്ള ചിത്രത്തിന് സംഗീതം ചെയ്യുന്നതും റഹ്മാൻ തന്നെയാണ്. 

ജെഫ് സിംബാലിസ്റ്റും മൈക്കേൽ സിംബാലിസ്റ്റും ചേർന്നൊരുക്കുന്ന ചിത്രമാണ് പെലെ, ദി ബർത്ത് ഓഫ് എ ലെജന്‍ഡ്. കെവിൻ ഡി പോള ആണ് പെലെ ആയി വേഷമിടുന്നത്. 

Your Rating: