Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ഓർമകൾ പങ്കുവച്ച് ഗാനഗന്ധർവൻ

yesudas-tvm തിരുവനന്തപുരം തൈക്കാട് ഭാരത് ഭവന്റെ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ നാമധേയത്തിലുള്ള സ്മൃതി മന്ദിരം ഉദ്ഘാടനത്തിനെത്തിയ ഗായകൻ യേശുദാസ്.

തന്റെ പ്രിയഗുരുനാഥൻ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ഓർമകൾ പങ്കുവച്ച് ഗാനഗന്ധർവൻ കെ.ജെ.യേശുദാസ്. ശെമ്മാങ്കുടി സ്മൃതി ഇൻഡോർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം തന്റെ ഓർമകൾ പങ്കുവച്ചത്. 

താൻ കോളജിൽ പഠിക്കുമ്പോൾ ഫീസ് കൊടുക്കാൻ പോലുമുള്ള കാശ് ഇല്ലാതെ ശെമ്മാങ്കുടിയുടെ വീടിന്റെ കാർഷെഡിൽ അഭയം തേടിയതും സംഗീത വിദ്വാൻ കോഴ്സ് പൂർത്തിയാക്കാനാകാതെ പകുതി വഴിക്കുവച്ചു നിർത്തിയ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. ശെമ്മാങ്കുടി സ്വാതിതിരുനാൾ കൃതി ചിട്ടപ്പെ‌ടുത്താൻ കൊട്ടാരം ആസ്ഥാന വിദ്വാൻ പദവി സ്വീകരിച്ചു തലസ്ഥാനത്തെത്തിയപ്പോൾ താമസിച്ചിരുന്ന തൃപ്തി ബംഗ്ലാവാണ് ഇന്ന് ഓഡിറ്റോറിയത്തിനു വഴിമാറിയത്. ഇതിന്റെ കാർഷെഡിലായിരുന്നു യേശുദാസ് വിദ്യാർഥിയായിരിക്കുമ്പോൾ താമസിച്ചിരുന്നത്. ഈ ഓർമകളാണ് അദ്ദേഹം ചടങ്ങിൽ പങ്കുവച്ചത്. ഇതിന്റെ ഉദ്ഘാടനം നിർവഹിക്കാൻ തന്നെ വിളിച്ചതു ദൈവാനുഗ്രഹം എന്നു പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം പറഞ്ഞു തുടങ്ങിയത്. 

തന്റെ അച്ഛന്റെ ആഗ്രഹം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തിനായാണു വിദ്വാൻ കോഴ്സിനു ചേരാനായി സ്വാതി തിരുനാൾ സംഗീത കോളജിലെത്തുന്നത്. താമസം സരോജ ഹോസ്റ്റലിൽ. ഭക്ഷണം മോഡൽ സ്കൂളിന് അടുത്തുള്ള മോഡൽ കഫേയിൽ നിന്ന്. അന്ന്, ഫീസ് കൊടുത്തില്ലെങ്കിൽ കോളജിൽ പഠിക്കാൻ കഴിയില്ല. എന്നാൽ, താമസം എവിടെ വേണമോ ആക്കാം. അങ്ങനെ, വാടക കൊടുത്തു താമസിക്കാനുള്ള കാശ് ഇല്ലാത്തതിനാൽ തന്റെ ഗുരുനാഥനായ ശെമ്മാങ്കുടിയുടെ കാർഷെഡിൽ താൻ അഭയം തേടി. നീ എന്റെ അനുവാദം ഇല്ലാതെ എന്തിന് ഇതിനകത്തു കയറി എന്നു പോലും അദ്ദേഹം ചോദിച്ചില്ല. ഒരു വർഷത്തോളം അങ്ങനെ കഴിഞ്ഞു വന്നു. ഇതിനിടയിൽ, ചിക്കൻ പോക്സ് പിടിപെട്ടു. അന്ന്, തമിഴ് ബ്രാഹ്മണരുടെ വിശ്വാസപ്രകാരം ചിക്കൻ പോക്സ് പിടിപെട്ടാൽ ദേവി അനുഗ്രഹിച്ചു എന്നാണ്. അങ്ങനെ, അദ്ദേഹം പറഞ്ഞു നീ ദേവിയുടെ അനുഗ്രഹിത്തിനു പാത്രീ ഭൂതനായിരിക്കുകയാണ്. നീ നാട്ടിൽ പോയി അസുഖം ഭേദമായിട്ടു തിരികെ വരണം. എന്നാൽ, എനിക്കു തിരികെ വരാനോ വിദ്വാൻ കോഴ്സ് പൂർത്തിയാക്കാനോ സാധിച്ചില്ല. നീ വിദ്വാനാകേണ്ട വിദ്യാർഥി ആയാൽ മതി എന്നുള്ള ദൈവ നിശ്ചയമായിരിക്കാം ഇത്; അദ്ദേഹം പറഞ്ഞു. 

താ‍ൻ ഇപ്പോഴും വിദ്യാർഥിയാണ്. സാഗര സമാനമായ കർണാടക സംഗീതം ആർക്കും പഠിച്ചു പൂർത്തിയാക്കനാകില്ല. കർണാടകസംഗീതം എന്നതു വിലമതിക്കാനാകാത്തതാണ്. പുതുതലമുറയിലെ സംഗീതജ്ഞർ വേറെന്തൊക്കെയോ അന്വേഷിച്ചു പോകുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ശെമ്മാങ്കുടി സുവർണപ്രതിമ മന്ത്രി എ.കെ.ബാലൻ അനാച്ഛാദനം ചെയ്തു. കർണാടക സംഗീതത്തിൽ മികച്ച അധ്യാപകരെയും ,വിദ്യാർഥികളെയും സൃഷ്ടിച്ചതാണു ശെമ്മാങ്കുടിയുടെ വലിയ നേട്ടം. ലളിതമായ ജീവിതവും ഉന്നത മൂല്യങ്ങളും ഉയർത്തിപ്പിടിച്ച മഹാപ്രതിഭയായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.

മേയർ വി.കെ.പ്രശാന്ത്, സാസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡപ്യൂട്ടി മേയർ രാഖി രവികുമാർ, ശ്രീകുമാരൻ തമ്പി, രമേശ് നാരായൺ, വി.എൻ.മുരളി, സതീഷ് ബാബു പയ്യന്നൂർ എന്നിവർ പ്രസംഗിച്ചു. ശെമ്മാങ്കുടി സ്മൃതിമന്ദിര ശിൽപികളെ ചടങ്ങിൽ ആദരിച്ചു.