Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയൽവാരം വീട്ടിൽ നമ്രശിരസ്കനായി യേശുദാസ്

yesudas-at-vayaloram-house.jpg.image.470.246

താൻ ആദ്യംപാടിയ പാട്ടിന് 55 വയസ്സ് തികയുമ്പോൾ, ശ്രീനാരായണഗുരുവിന്റെ വയൽവാരം വീട്ടിനുമുന്നിൽ നമ്രശിരസ്കനായി ഗായകൻ യേശുദാസ്. ദ നവേത്ഥാനത്തിനു തുടക്കമിട്ട ശ്രീനാരായണഗുരു എഴുതിയ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്ന ഗാനം പാടാൻ കഴിഞ്ഞത് ൈവകൽപന ഒന്നുകൊണ്ടു മാത്രമാണ്.

താൻ ആദ്യം പാടേണ്ടത് ‘കാണുമ്പോൾ നീയൊരു കാരിരുമ്പ്’ എന്നു തുടങ്ങുന്ന ഗാനമായിരുന്നു. അതാണ് ആദ്യം പാടിയിരുന്നുവെങ്കിൽ ഒരു പക്ഷേ ഞാൻ എന്ന ഗായകൻ ഉണ്ടാകുമായിരുന്നില്ല. എല്ലാം ദൈവനിശ്ചയം എന്നു പറഞ്ഞ യേശുദാസ്, താൻ ആദ്യം ശ്രീനാരായണഗുരുവിന്റെ അമൃത്പോലുള്ള നാലുവരികൾ പാടാനുണ്ടായ അനുഭവം സദസ്സുമായി പങ്കുവച്ചു. 1961, തനിക്ക് ആദ്യം ലഭിച്ച, കാണുമ്പോൾ എന്നുതുടങ്ങുന്ന ഗാനമായിരുന്നു. 

അത് പാടാനായി തയാറെടുപ്പു നടത്തുമ്പോൾ കടുത്ത പനി ബാധിച്ചു ചെന്നൈയിൽ ആശുപത്രിയിലായി. അവിടെ നിന്ന് ഇറങ്ങുമ്പോഴാണ് ഗുരു രചിച്ച ശ്ലോകത്തിന്റ നാലു വരികൾ തന്നെ ആശ്വസിപ്പിക്കാനായി പാടാൻ സംഗീതസംവിധായകൻ എം.ബി.ശ്രീനിവാസൻ ആവശ്യപ്പെട്ടത്. താൻ പോലുമറിയാതെ ആ ഗാനം എം.ബി.ശ്രീനിവാസൻ റിക്കോർഡ് ചെയ്യുകയും ചെയ്തു. അതിന്റെ സൗണ്ട് എൻജിനീയർ കോടീശ്വരറാവു ആയിരുന്നു. അദ്ദേഹത്തോട് തന്റെ ശബ്ദം എങ്ങനെ എന്നു തിരക്കുമ്പോൾ, പത്തുവർഷം കഴിഞ്ഞുപറയാമെന്ന മറുപടിയാണ് ലഭിച്ചത്. 

അതായത് തനിക്ക് ഇനി പത്തുവർഷം കഴിഞ്ഞേ പാടാനുള്ള അവസരം ലഭിക്കുകയുള്ളൂ എന്നാണു കരുതിയത്. എന്നാൽ, പത്തുവർഷത്തേക്ക് യേശുദാസ് എന്ന പയ്യൻ ചലച്ചിത്രഗാനരംഗത്ത് നിലനിൽക്കുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നു താൻ പിന്നീടാണ് മനസ്സിലാക്കിയതെന്നും യേശുദാസ് പറഞ്ഞു. ഗുരുവിന്റെ വരികൾ പാടിക്കൊണ്ട് ഗാനരംഗത്തെത്തിയ തനിക്കു ഗുരുക്കൻമാരുടെ കൃപകൊണ്ടും ദൈവത്തിന്റെ നിയോഗം കൊണ്ടും പിന്നീട് അനവധി ഗാനങ്ങൾ അനവധി ഭാഷകളിൽ പാടാൻ അവസരം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

മോഹൻദാസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ചെയർമാൻ ജി.മോഹൻദാസ് നിർമിച്ചു ചെമ്പഴന്തി ഗുരുകുലത്തിനു സമർപ്പിച്ച പ്രവേശനകവാടത്തിന്റെ സമർപ്പണച്ചടങ്ങും യേശുദാസ് ഉദ്ഘാടനം ചെയ്തു. 

ഗുരുവെന്ന മഹാവൈദ്യൻ തന്നിട്ടുള്ള വചനങ്ങളായിട്ടുള്ള ഔഷധങ്ങൾ സേവിച്ചാൽ സമൂഹത്തെ ബാധിച്ചിട്ടുള്ള എല്ലാ രോഗങ്ങളും ശമിക്കും. നമ്മുടെ പ്രവൃത്തികൊണ്ട് ശ്രനീരായണഗുരുവിന്റെ തേജസ്സ് ഇനിയും വർധിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിഞ്ചുകുഞ്ഞുങ്ങളുടെ ഓണപ്പൂക്കളം ചവിട്ടിമെതിച്ച് അവർക്കുള്ള ഭക്ഷണം നശിപ്പിക്കുന്ന പ്രവണത നിലലിൽക്കെ നാം എന്ത് ഓണമാണ് ആഘോഷിക്കേണ്ടതെന്നു യേശുദാസ് ചോദിച്ചു. 

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ശിവഗിരിമഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,സ്വാമി സൂഷ്മാനന്ദ, ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, ജി.മോഹൻദാസ്, കൗൺസിലർമാരായ സി.സുദർശനൻ, കെ.എസ്.ഷീല തുടങ്ങിയവർ പങ്കെടുത്തു.

Your Rating: