Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂസഫലി കേച്ചേരി അന്തരിച്ചു

Yusufali Kecheri

പ്രമുഖ കവിയും ഗാനരചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു. ഇന്നു വൈകിട്ട് 5.30-ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജനുവരി 24 മുതൽ ചികിത്സയിലായിരുന്നു. ബ്രോങ്കൊ ന്യൂമോണിയയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ഇക്കഴിഞ്ഞ ജനുവരി 24നാണ് യൂസഫലി കേച്ചേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്ന അദ്ദേഹത്തിന്റെ വൃക്കകൾക്കും ഗുരുതരമായ തകരാറു സംഭവിച്ചിരുന്നു. മരണസമയത്ത് ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു.

കാർമുകിൽ പോലെ കരയുവാനും ഉന്മിഷത്തായ താരകം പോലെ ചിരിക്കുവാനും കഴിയുന്ന ഒരു മനുഷ്യനാകാനാഗ്രഹിച്ച യൂസഫലി, തൃശൂർ ജില്ലയിലെ കേച്ചേരിയിൽ ഒരു പ്രശസ്ത ദേശീയ മുസ്ലിം കുടുംബത്തിൽ 1934 മെയ് 16ന് ജനിച്ചു. ജ്യേഷ്ഠ സഹോദരൻ എ.വി. മുഹമ്മദ് അറിയപ്പെടുന്ന സ്വാതന്ത്യ്ര സമരഭടനും തികഞ്ഞ ഗാന്ധിയനുമായിരുന്നു. ബിഎ, ബി. എൽ. ബിരുങ്ങൾ നേടിയശേഷം പ്രക്ടീസ് ആരംഭിച്ചു. കേരള സംഗീത നാടക അക്കാദമി അസിസ്റ്റന്റ് സെക്രട്ടറിയായൂം കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

1952 മുതൽ കാവ്യരചന ആരംഭിച്ചു. ആനുകാലികങ്ങളിലായി ധാരാളം കവിതകൾ പ്രസിദ്ധപ്പെടുത്തി. 1965ൽ പുറത്തുവന്ന ‘സൈനബ എന്ന ഖണ്ഡകാവ്യം ഏറെ ജനശ്രദ്ധ ആർജിച്ചു. ആയിരം നാവുള്ള മൗനം, കേച്ചേരിപ്പുഴ, രാഘവീയം നാദബ്രഹ്മം, സൂര്യ ഗർഭം, അഞ്ചുകന്യകൾ, സൈനബ, ഓർമ്മക്കു താലോലിക്കാൻ, സിന്ദൂരച്ചെപ്പ് (തിരക്കഥ) കേച്ചേരിപ്പാട്ടുകൾ (ചലച്ചിത്രഗാനങ്ങൾ) എന്നിവയാണ് പ്രധാന കൃതികൾ.

സിന്ദൂരച്ചെപ്പ്, മരം, വനദേവത, നീലത്താമര എന്നീ നാലു ചിത്രങ്ങളുടെ നിർമാതാവായി. ഇതിൽ സിന്ദൂരച്ചെപ്പൊഴിച്ചുള്ള മൂന്നു ചിത്രങ്ങളുടെയും സംവിധാനം നിർവ്വഹിച്ചത് കേച്ചേരി തന്നെ. സിന്ദൂരച്ചെപ്പ്, മരം, എന്നീ ചിത്രങ്ങൾക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. ഗാനരചനയ്ക്ക് സംസ്ഥാന, ദേശീയ അവാർഡുകളും നേടിയിട്ടുണ്ട്. 2000ൽ മഴ എന്ന ചിത്രത്തിലെ ഗാനങ്ങൾക്കാണ് ദേശീയ പുരസ്കാരം സ്വന്തമാക്കിയത്.

1985, 2013 വർഷങ്ങളിൽ കേരള സാഹിത്യ അക്കാഡമി അവാർഡ്, കവനകൗതുകം അവാർഡ്(1986), ഓടക്കുഴൽ അവാർഡ്(1987), ആശാൻ പ്രൈസ്(1988), രാമാശ്രമം അവാർഡ്(1990), ചങ്ങമ്പുഴ അവാർഡ്(1995), മൂലൂർ അവാർഡ്(1996), ജന്മാഷ്ടമി അവാർഡ്(1997), കൃഷ്ണഗീഥി പുരസ്ക്കാരം(1998), പണ്ഡിറ്റ് കറുപ്പൻ അവാർഡ്(1998), വള്ളത്തോൾ പുരസ്കാരം(2012), ബാലാമണിയമ്മ അവാർഡ്(2012), പ്രേം നസീർ പുരസ്കാരം, കുഞ്ചാക്കോ സ്മാരക അവാർഡ് എന്നിവയാണ് മറ്റു പ്രധാന നേട്ടങ്ങൾ.