Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൻപേ സുഗമാ... കവർ വേര്‍ഷനുമായി അമൃത

നമ്മൾ ചിലരെക്കുറിച്ചു പറയാറുണ്ട്, അവൻ അവളുടെ എല്ലാമാണെന്ന്, അവളില്ലാതെ അവനില്ല എന്ന്. കാരണം അത്രമേല്‍ അഗാധമായിരുന്നു ആ ബന്ധം. ശ്വാസനിശ്വാസങ്ങൾ പോലും പങ്കിട്ടവരായിരുന്നു അവർ. പക്ഷേ എന്നോ ഒരിക്കൽ അവർ അകന്നുപോയി. എപ്പോഴോ തോന്നിയ ദേഷ്യത്തിൽ, തെറ്റിദ്ധാരണയിൽ പിരിഞ്ഞുപോയെങ്കിലും ഉള്ളിലുള്ള സ്നേഹത്തിനൊട്ടുമേ കുറവു വന്നിട്ടില്ല. അതിനിയും എന്നും അങ്ങനെ തന്നെയായിരിക്കും. നുരഞ്ഞുപൊന്തിയ ദേഷ്യത്തിന്റെ വീര്യത്തിനും എത്രയോ അടിയിൽ ആ സ്നേഹമങ്ങുറങ്ങിക്കിടക്കും. ചില നേരങ്ങളിലാ നിദ്ര മുറിഞ്ഞ് സ്നേഹത്തിന്റെ ഉറവ പൊട്ടി എല്ലാത്തിനേയും വകഞ്ഞു നീക്കി മുകളിലേക്കു കുതിച്ചു വരും. അന്നേരം ചോദിക്കാനും പറയാനും പങ്കുവയ്ക്കാനും അപൂർണമായ, എന്നാൽ സ്നേഹത്തിൽ പൊതിഞ്ഞ കുറേ കാര്യങ്ങളുണ്ടാകും. ഒരുമിച്ചു കഴിഞ്ഞ നാളിലെ ഓർമകളിലേക്കൊരു പിൻനടത്തവും ചില സ്നേഹാന്വേഷണങ്ങളും പരിഭവങ്ങളും ഒക്കെയായി അത് കുേറ നേരത്തേക്കു മനസ്സിനെ അസ്വസ്ഥമാക്കും... കെ.ബാലചന്ദർ സംവിധാനം ചെയ്ത 'പാർത്താലേ പരവശം' എന്ന ചിത്രത്തിലെ ഈ ഗാനത്തിലുള്ളതും ആ അനുഭൂതിയാണ്....

അൻപേ സുഗമാ...ഉൻ തനിമൈ സുഗമാ

ഉൻ കോപങ്കൾ സുഗമാ...

ഒരുപാടു സ്നേഹിച്ചിട്ടും എങ്ങനെയോ അകന്ന രണ്ടു പ്രണയിതാക്കളുടെ മനസ്സിലെ നെരിപ്പോടിനെപ്പറ്റി പാടിയ ഈ തമിഴ് പാട്ടാണ് ഇന്നത്തെ മനോരമ ഓൺലൈൻ മ്യൂസിക് ഷോട്സിലുളളത്. 

കരിമ്പനകൾ കാവൽ നിൽക്കുന്നൊരു മൺപാതയിലേക്ക് അടർന്നു വീണ വളത്തുണ്ടുകളുടെ ഭംഗിയാണ് തമിഴിന്. ആ ഭാഷ കൊണ്ട് അത്രമേൽ വികാരതീക്ഷ്ണമായൊരു അനുഭവത്തെ കാവ്യാത്മകമായി എഴുതുമ്പോൾ അത് എത്ര തന്നെ കേട്ടിരുന്നാലും, വായിച്ചാലും മതിവരില്ല. അത്രമേൽ ആഴവും ഭംഗിയുമുണ്ട് വരികൾക്കിടയിലെ അർഥത്തിന്. മനുഷ്യമനസ്സുകളോട് അത്രമേലത് ചേർന്നു നിൽക്കുന്നു. ആ വരികൾക്ക് ഈണം നൽകുമ്പോൾ അതൊരു വെല്ലുവിളിയാണ്. ആ വെല്ലുവിളിയെ ജയിക്കാനായാൽ അതൊരു ക്ലാസിക് ആകും. എ.ആർ. റഹ്മാൻ വൈരമുത്തുവിന്റെ ആ വരികൾക്കു നൽകിയത് അങ്ങനെയൊരു ഈണമാണ്. തമിഴ് ചലച്ചിത്ര ലോകത്തുനിന്ന്, ദേശ,ഭാഷാഭേദങ്ങളെയെല്ലാം കീഴടക്കി മനുഷ്യ മനസ്സുകളിലേക്കു ചേക്കേറിയൊരു പ്രണയഗാനമാണിത്. 

ഇത്തരം പാട്ടുകൾക്ക് കവർ വേർഷൻ ചെയ്യുമ്പോൾ ആ വരികളെ തെല്ലുമേ നോവിക്കാതെ വേണം ഈണം തീർക്കാൻ. അമൃതയും സന്ദീപും ജോ ജോണ്‍സണും ചേർന്ന സംഘത്തിന് സംഗീത സംവിധായകൻ രാഹുൽ രാജ് ചെയ്തു നൽകിയതും അങ്ങനെയൊരു ഈണമാണ്. ഓർക്കസ്ട്ര എത്രമാത്രം ലളിതമാകുന്നുവോ അത്രമേൽ സുന്ദരമാകും ആ പാട്ട്. ഇവിടെ നമുക്ക് ആസ്വദിക്കാനാകുന്നതും അതുകൊണ്ടാണ്.