Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു പാട്ടുവന്ന വഴി

Author Details
music1

മാമാട്ടിക്കുട്ടിയമ്മയുടെ മ്യൂസിക് ടീം തന്നെയാണ് ‘നോക്കെത്താ ദൂര’ത്തിലും. മാമാട്ടിക്കുട്ടിയമ്മയുടെ വിജയത്തിന്റെ ആവേശത്തിൽ ബിച്ചുവും ജെറി അമൽദേവും കൂടി ഒറ്റ ദിവസംകൊണ്ട് രണ്ടു പാട്ടുകൾ എഴുതി ട്യൂൺ ചെയ്തു. പക്ഷേ, പ്രധാന ഗാനമായ അമ്മച്ചിയും ഗേളിയും തമ്മിലുള്ള അടുപ്പത്തിന്റെ ആഴം വ്യക്തമാക്കുന്ന തീം സോങ് തയാറായില്ല. അതു പല പ്രാവിശ്യം എഴുതിനോക്കിയിട്ടും ശരിയായില്ല. ഒടുവിൽ തിരക്കഥാ രചന പോലെ അതു വഴി മുട്ടിനിന്നു. സിനിമ മുന്നോട്ടു പോകില്ല എന്നൊരു തോന്നൽ. അപ്പോൾ‍ ഞാൻ പറഞ്ഞു, നമുക്കു പിരിയാം, രണ്ടാഴ്ച കഴിഞ്ഞു വന്ന് നമുക്ക് വീണ്ടും പുതിയതായി തുടങ്ങാം. വൈകുന്നേരം ഹോട്ടൽ മുറികളൊക്കെ ഒഴിയാം എന്നും തീരുമാനമായി. ഞാൻ വൈകുന്നേരം മുറിയിൽ വന്നപ്പോൾ പിരിയാൻ മടിച്ച് ലുങ്കിയുമുടുത്ത് ബിച്ചു തിരുമല കട്ടിലിൽ കിടക്കുന്നു. സ്വയം ഒരു ആശ്വാസത്തിനുവേണ്ടി ചങ്ങമ്പുഴയുടെ ഒരു കവിതയിലെ വരികൾ ഇൗണത്തിൽ ആലപിക്കുന്നു.‘ശ്യാമളേ സഖി ഞാനൊരു വെറും കാനനത്തിലെ പൂവല്ലേ... ’.

സന്ധ്യനേരത്തു ഹിന്ദു കുടുംബങ്ങളിൽ കേൾക്കാറുള്ള ‘ ദൈവമേ കൈ തൊഴാം കേൾക്കുമാറാകണം ’ എന്ന പ്രാർത്ഥനാഗീതത്തിന്റെ ഏതാണ്ടൊരു ട്യൂണിലാണു അതു ചൊല്ലിയത്. ഞാൻ ചാടിയെണീറ്റ് ബിച്ചുവിനേടു പറഞ്ഞു. ഇതാണ് എനിക്കു വേണ്ടതും. ബിച്ചുവും ജെറിയും ഒരേ സമയം ചാടിയൊണീറ്റു. ഇതാണോ വേണ്ടത്, എങ്കിൽ ഞ​ങ്ങൾക്ക് ഒരു പത്തു മിനിറ്റ് താ എന്നു പറഞ്ഞു. ഞാനെന്റെ മുറിയിൽ പോയി ഒരു ചായ കുടിച്ചു. തിരിച്ചെത്തുമ്പോൾ ബിച്ചുവും ജെറിയും ചേർന്നു പാടി ‘‘ ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ , എന്നില്‍നിന്നും പറന്നുപോയൊരു പൈങ്കിളീ മലർ‌ തേൻകിളി ’’. ഞാന്‍ ഇൗ വരികൾ കേട്ട് കുറച്ചു നേരം അന്തംവിട്ടിരുന്നു. കുറെനേരം ഒന്നും ചെയ്യാനാകാതെ വഴിമുട്ടിയിരുന്ന ശേഷം വഴിതെളിഞ്ഞപ്പോൾ വരികൾ പീലിവിടർത്തിയാടിക്കൊണ്ടാണു വന്നത് !

അങ്ങനെ പാട്ടിന്റെ കാര്യങ്ങളെല്ലാം ശരിയായി. ഇനിയാണ് പ്രധാന കടമ്പ. ആരാണ് വല്യമ്മച്ചി ? ആരാകും ഗേളി ? അഭിനേതാക്കളെ കണ്ടെത്തിയിട്ടില്ല. അന്വേഷണം പലവഴിക്ക് പൊയ്ക്കൊണ്ടിരിരുന്നു. ആ സമയത്താണ് ദോഹയിൽനിന്ന് അനുജൻ ഖയസിന്റെ ഫോൺ വന്നത്. ബോംബെയിൽ മൊയ്തൂക്ക എന്നൊരാളുണ്ട്. പുള്ളിക്കൊരു മകളുണ്ട്. സെറീന. മിടുക്കിയാണ് നന്നായി നൃത്തം ചെയ്യും. തലശ്ശേരിക്കാരാണ്. ചോദിച്ചപ്പോൾ അഭിനയിക്കാൻ താല്‍പര്യമുണ്ടെന്നു പറഞ്ഞു. ഇതിനിടയിൽ ലത്തീഫ് വന്നിട്ട് വല്യമ്മച്ചിയായി ഷൗക്കാർ ജാനകി പറ്റുമോ എന്നു ചോദിച്ചു. ആ നിർദ്ദേശം എനിക്കും ഇഷ്ടമായി. അങ്ങനെ ബോംബെയിൽ പോയി സെറീനയെയും മദ്രാസിൽ പോയി ഷൗക്കാർ ജാനകിയയെും കാണാൻ തീരുമാനിച്ചു. ഞാൻ ബോംബയിൽ ചെന്നു സെറീനയെ കണ്ട് മദ്രാസിൽ എത്തുമ്പോൾ ലത്തീഫും ഒൗസേപ്പച്ചനും അവിടെ എത്തിക്കൊള്ളാെമന്നാണു ധാരണ.

Aayiram kannumay...

ബോംബയിൽ ചെന്നിറങ്ങിയപ്പോൾ മൊയ്തു എത്തി എന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി. അവിടെ ചെന്നപ്പോള്‍ സെറീന കോളേജിലാണ്. കോളജിൽനിന്നു വരുന്നതും കാത്ത് ഞാനവിടെയിരുന്നു. വൈകുന്നേരമായപ്പോൾ സെറീന വന്ന് എന്റെ മുന്നിൽ നിന്നപ്പോൾ എന്റെ ഗേളി എന്ന കഥാപാത്രം തന്നെ മുന്നിൽ നില്‍‍ക്കുന്നതുപോലെ തോന്നി. ഞാന്‍ കഥ പറഞ്ഞു കേള്‍പ്പിച്ചു. സെറീനയുടെ പലഭാവങ്ങളും ഞാൻ ക്യാമറയിൽ പകർത്തി. എനിക്കു വലിയ സന്തോഷമായി. അന്നു രാത്രി അവരുടെ വീട്ടിൽ താമസിച്ചു. പിറ്റെ ദിവസം ഞാൻ മദ്രാസിലെത്തി. എയർപോർട്ടിൽ ലത്തീഫും ഒൗസേപ്പച്ചനും എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു. അവർക്കു ഭയങ്കര നിരാശ. കാരണം ഷൗക്കർ ജാനകി അമേരിക്കയിൽ പോയിരിക്കുകയാണ്. ഒന്നര മാസം കഴിഞ്ഞേ തിരികെവരികയുള്ളൂ. ഇനി എന്തു ചെയ്യും ? ഞാൻ ഹോട്ടൽറൂമിൽ ഇരുന്ന് ആലോചിക്കുമ്പോഴാണ് ഒരു വിവരമറിഞ്ഞത്. ഷൗക്കർ ജാനകി അമേരിക്കയിൽ പോയപ്പോൾ അവിടെ സ്ഥിരതാമസമാക്കിയ ഒരാൾ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്- പഴയ സൂപ്പര്‍ നായിക പത്മിനി. ഞങ്ങൾ നേരെ അവരുടെ വീട്ടിൽ പോയി. ഞാൻ കഥ പറഞ്ഞു, അവർ ഒാക്കെ പറഞ്ഞു.

കുറെ കാലത്തിനുശേഷമാണ് പത്മിനിയമ്മ ഒരു സിനിമയിൽ അഭിനയിക്കാമെന്നു സമ്മതിക്കുന്നത്. അങ്ങനെ വെറും രണ്ടു ദിവസംകൊണ്ട് സിനിമയിലെ പ്രധാനപ്പെട്ട രണ്ടു താരങ്ങളെ തീരുമാനിക്കാൻ സാധിച്ചു. ഞങ്ങൾ തിരികെ നാട്ടിലേക്കു പുറപ്പെട്ടു. കൊച്ചി വിമാനത്താവളത്തിലെത്തുമ്പോൾ മദ്രാസിലേക്കു പോകാൻ എം.ടി വാസുദേവൻനായർ നിൽക്കുന്നു. പുതിയ സിനിമ ഏതാണ് എന്നൊക്കെയുള്ള കുശലാന്വേഷണം വന്നു. ഞാൻ സിനിമയെക്കുറിച്ചു പറഞ്ഞു. പത്മിനിയാണ് അഭിനയിക്കുന്നത് എന്നറിയിച്ചു. നായിക പുതുമുഖമാണ് എന്നു പറഞ്ഞിട്ട് സെറീനയുടെ ഫോട്ടോ അദ്ദേഹത്തെ കാണിച്ചു. ഫോട്ടോ നോക്കിയിട്ട് എംടി സാർ പറഞ്ഞു- വളരെ ആകർഷകമായ കണ്ണുകളാണ്. എന്റെ സെലക് ഷനിൽ എനിക്കു സന്തോഷവും തൃപ്തിയും തോന്നി.

ബാക്കിതാരങ്ങളെയൊക്കെ പെട്ടെന്നു തീരുമാനിച്ചു. ശ്രീകുമാർ എന്ന അയൽക്കാരനായി മോഹൻലാൽ, പള്ളിയിലെ അച്ചനായി നെടുമുടിവേണു, ഹെഡ്മാസ്റ്ററായി തിലകൻ, ഗേളിയുടെ ഡാഡിയായി കെ.പി ഉമ്മർ. ശ്രീകുമാറിന്റെ സുഹൃത്തായി മണിയൻപ്പിള്ള രാജു. വളരെ സ്വഭാവികമായ അഭിനയമാണ് രാജുവിന്. രാജുവിന്റേതായി മറ്റാരെയും അനുകരിക്കാത്ത ഒരു ശൈലിയുണ്ട്.

അങ്ങനെ എല്ലാം ആയി. ഷൂട്ടിങ് ഡേറ്റ് തീരുമാനിച്ചു. പാട്ടു റെക്കോർഡിങ് ജെറിയെയും ദാസേട്ടനെ ഒത്തുതീർപ്പിലെത്തിച്ച തരംഗണിയിൽ റിക്കോർഡിങ് തീരുമാനിച്ചു. ചിത്ര വന്ന് ‘ കിളിയേ കിളിയേ, ലാത്തിരി പൂത്തിരി ’ എന്നീ രണ്ടു പാട്ടുകളും പാടി. ഇനി പ്രധാനമായി എടുക്കാനുള്ളത്. ‘ ആയിരം കണ്ണുമായ് ’ എന്ന പാട്ടാണ്. അതിനു ദാസേട്ടൻ വരണം. ദാസേട്ടനാെണങ്കിൽ അക്കാലത്തു വിമാനത്തിൽനിന്നു പുറത്തിറങ്ങാൻ വയ്യാത്തത്ര തിരക്ക്. കച്ചേരിയും ഗാനമേളയും റെക്കോർഡിങുമായി പറന്നു നടക്കുകയാണ്. ദാസേട്ടൻ ഇന്നുവരും നാളെ വരും എന്നു പ്രതീക്ഷിച്ച് ഞാൻ കാത്തിരുന്നു. ഒടുവിൽ ഷൂട്ടിങ് തയാറെടുപ്പുകൾക്കായി ഞാൻ ആലപ്പുഴയ്ക്കു പോന്നു.

music

സിനിമയിൽ വന്ന കാലം മുതല്‍ ഗാനം റെക്കോർഡ് ചെയ്യുന്ന സമയം മുഴുവന്‍ സ്റ്റുഡിയോയിൽ ഇരിക്കുകയാണ് എന്റെ രീതി. പാട്ടുകാരനോ പാട്ടുകാരിക്കോ ഗാനം ആലപിക്കുമ്പോൾ ആ ഗാനം ചിത്രീകരിക്കുമ്പോൾ എനിക്കു ആവശ്യമായ ദൃശ്യങ്ങൾ കിട്ടും. അത്തരം ദൃശ്യങ്ങൾക്ക് ഒരു ‘കന്യകാത്വ’മുണ്ട്. അത് ആരെങ്കിലും പറഞ്ഞു കേട്ടു കിട്ടുന്നതല്ല. വീണ്ടും ജെറിയുടെ ഫോൺ വന്നു, നാളെ ദാസേട്ടൻ വരുന്നു. ‍ഞാൻ തരംഗിണിയിൽ കാത്തിരുന്നിട്ടും ദാസേട്ടൻ വന്നില്ല. ഞാൻ തിരിച്ചു പോന്നു. പിന്നെയും ജെറിയുടെ ഫോണ്‍‍ വന്നു, ദാസേട്ടൻ വന്നു, ഞാൻ ചെന്നു. ദാസേട്ടൻ അന്നും വന്നില്ല. ഷൂട്ടിങ് തുടങ്ങാൻ രണ്ടു ദിവസംകൂടിയേ ഉള്ളൂ. ഞാൻ ആലോചിച്ചു. സിനിമയിൽ ഇൗ പാട്ട് ഒരു അശരീരി പോലെയാണ്. ആരുടെയും ലിപ്മൂവ്മെന്റ് ഇല്ല. അതുകൊണ്ട് ചിത്രയെകൊണ്ടുതന്നെ പാടിച്ചാലോ ? ചിത്ര വന്നു ദാസേട്ടനു പകരം ആയിരം കണ്ണുമായ് എന്ന പാട്ടു പാടി. ഞാൻ‌ ആലപ്പുഴയിൽ തിരിച്ചെത്തി. ഷൂട്ടിങ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ ജെറിയുടെ ഒരു കോള്‍- ദാസേട്ടൻ എത്തിയിട്ടുണ്ട്. ഞാൻ പറഞ്ഞു, ജെറീ നമ്മൾ ചിത്രയെക്കൊണ്ടു പാടിച്ച് റെക്കോർഡ് ചെയ്തല്ലോ ? ജെറി വളരെ വേദനയോടുകൂടി പറഞ്ഞു- അല്ലല്ല, ദാസേട്ടൻ തന്നെ പാടണം. പാടേണ്ട എന്നു പറയാനുള്ള വിവരക്കേട് എനിക്കില്ല. പക്ഷേ, ചിത്രയുടെ പാട്ട് എങ്ങനെ വേണ്ടെന്നുവയ്ക്കും ? ഞാൻ ജെറിയോടുപറഞ്ഞു, ദാസേട്ടന്റെ പാട്ട് റെക്കോർഡ് ചെയ്തോളൂ. പക്ഷേ ഞാൻ ചിത്രയുടെ പാട്ട് ഉപയോഗിക്കും. ചിത്രയുടെ പാട്ട് ഉപയോഗിക്കാൻ പറ്റുന്ന സന്ദർഭങ്ങളൊന്നും സിനിമയിലില്ല. ചിത്രയുടെ പാട്ട് മാറ്റിവയ്ക്കാനുള്ള മനസ്സും എനിക്കില്ല. അങ്ങനെ ആലോചിച്ച് ആലോചിച്ച് അവസാനം വല്യമ്മച്ചി രോഗവിവരം അറിഞ്ഞു കഴിയുമ്പോഴുള്ള ഇൗ പാട്ടിനു ചേര്‍ന്ന പശ്ചാത്തലം ഉണ്ടാക്കി. ആദ്യം ദാസേട്ടൻ പാടി ആൾക്കാർ ആ പാട്ടു കേട്ടുകഴിഞ്ഞു. ഒടുവിൽ ക്ലൈമാക്സില്‍ ചിത്രയുടെ ഗാനവും ചേർത്തു. അതു സിനിമയുടെ വിജയത്തെ വളരെ സഹായിച്ചു. ദൈവത്തിന്റെ മറ്റൊരു ഇടപെടൽ.

..........................................

കാത്തിരുന്നു നിന്നെ ഞാന്‍........

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍

എന്നില്‍നിന്നും പറന്നകന്നൊരു പൈങ്കിളി മലര്‍ തേന്‍കിളി

പൈങ്കിളി മലര്‍ തേന്‍കിളി പൈങ്കിളി മലര്‍ തേന്‍കിളി ( ആയിരം... )

..........

മഞ്ഞുവീണതറിഞ്ഞില്ല പൈങ്കിളി മലര്‍ തേന്‍കിളി

വെയില്‍ വന്നുപോയതറിഞ്ഞില്ല പൈങ്കിളി മലര്‍ തേന്‍കിളി (2)

മഞ്ഞു വീണതറിഞ്ഞില്ല വെയില്‍ വന്നു പോയതറിഞ്ഞില്ല

ഓമലേ നീ വരും നാളുമെണ്ണിയിരുന്നു ഞാന്‍

പൈങ്കിളി മലര്‍ തേന്‍കിളി

വന്നു നീ വന്നു നിന്നു നീ എന്റെ ജന്മസാഫല്യമേ (2) ( ആയിരം... )

..........

തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തമ്പുരു മീട്ടിയോ

ഉള്ളിലെ മാമയില്‍ നീലപീലികള്‍ വീശിയോ

പൈങ്കിളീ മലര്‍ തേന്‍കിളി പൈങ്കിളീ മലര്‍ തേന്‍കിളി (2)

എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ

എന്നില്‍നിന്നും പറന്നുപോയൊരു ജീവചൈതന്യമേ ( ആയിരം... )

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.