Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കര്‍പ്പനൈ താന്‍ പൂത്തു വരും പാട്ട്‌.. തമിള്‍ പാട്ട്‌..

Ilayaraja ഇളയരാജ

വര്‍ഷം 1991. ദിവസം ഏപ്രില്‍ 12. സ്ഥലം തമിഴ്‌നാടിന്റെ പ്രാന്തപ്രദേശങ്ങളിലെ ഒരു ഗ്രാമം. ഗ്രാമത്തിലെ പെരിയവീട്ടില്‍ ഒരു കുട്ടി ജനിച്ചിരിക്കുന്നു. പെണ്‍കുഞ്ഞ്‌. അവിടുത്തെ ആഘോഷത്തിന്‌ തെരുവുഗായകനായ അച്ഛനു പകരം പാട്ടുപാടാനെത്തിയതാണ്‌ ആ അഞ്ചുവയസ്സുകാരന്‍. വീട്ടിലെ മൂത്ത സഹോദരന്‍ നല്‍കിയ പത്ത്‌ രൂപയുടെ നോട്ട്‌ അവന്‍ ഇരുകൈയ്യും നീട്ടിവാങ്ങി. അച്ഛന്റെ മരണത്തിനു ശേഷം ലഭിക്കുന്ന ആദ്യ പ്രതിഫലം. തൊട്ട്‌ തൊഴുത്‌ കാശ്‌ കീശയില്‍ തിരുകി അവന്‍ ചിരിച്ചു. സ്വതസിദ്ധമായ ചിരി. പിന്നെ പതിയെ നടന്ന്‌ നടുത്തളത്തില്‍ തൂക്കിയ തൊട്ടിലിനരികിലെത്തി. അതില്‍ക്കിടന്ന്‌ പല്ലില്ലാത്ത മോണ കാട്ടി അവള്‍ അവനെ നോക്കി ചിരിച്ചു; അവനും. തൊട്ടില്‍ പതിയെ ആട്ടിവിട്ട്‌ നനുത്ത ശബ്ദത്തില്‍ അവന്‍ മൂളി:

"തൂളിയിലെ ആടവന്ത വാനത്ത്‌ വിണ്‍വിളക്കേ...

ആഴിയിലെ കണ്ടെടുത്ത അര്‍പ്പുത ആണിമുത്തേ.."

തിരശീലയില്‍ ടൈറ്റിലുകള്‍ മിന്നിമറഞ്ഞു. അതിനിടയിലൂടെ ചുവടുവച്ചു പാടുന്ന ആ ബാലനൊപ്പം താളമിട്ട്‌ ഒരു മണിക്കൂറും 38 സെക്കന്റും തിയേറ്ററിലിരുന്നത്‌ തമിഴന്മാര്‍ മാത്രമല്ല. " വേറാരൈയും നമ്പി... ഇങ്ക്‌ വന്തേ ചിന്നത്തമ്പീ..."എന്ന്‌ ഓരോ സീനുകള്‍ക്കൊപ്പം ആയിരക്കണക്കിന്‌ മലയാളികളും താളമിട്ട്‌ കൂടെപ്പാടി. കാട്ടരുവി കണ്ടുറങ്ങുന്നതും പാറയിലും നീര്‍ചുരത്തുന്നതുമായ എട്ട്‌ ഗാനങ്ങളുമായി ദക്ഷിണേന്ത്യയെ മുഴുവന്‍ നാടോടി ഈണങ്ങളില്‍ ആറാടിച്ച 'ചിന്നത്തമ്പി' എന്ന തമിഴ്‌ചിത്രം പിറന്നിട്ട്‌ കാല്‍നൂറ്റാണ്ട്‌ തികയുന്നു.

മെലോഡ്രാമയെ മറികടന്ന സംഗീതം

സംഗീതവും പ്രണയവും വൈകാരികമായ കുടുംബ ബന്ധങ്ങളും നാടകീയതയും വയലന്‍സുമൊക്കെ ഒരു ദക്ഷിണേന്ത്യന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കോര്‍ത്തിണക്കിയ കഥാ പരിസരമായിരുന്നു ചിന്നത്തമ്പിയുടേത്‌. അതിവൈകാരികതയില്‍ ഊന്നിയ ടിപ്പിക്കല്‍ മെലോഡ്രാമ. മാതാപിതാക്കള്‍ നഷ്ടപ്പെട്ട മൂന്ന്‌ ധനികസഹോദരന്മാര്‍ (രാധ രവി, ഉദയ്‌പ്രകാശ്‌, രാജേഷ്‌) ഏക അനുജത്തിയായ നന്ദിനിയെ (ഖുശ്‌ബു) സ്വന്തം മകളെപ്പോലെ വളര്‍ത്തുന്നു. അവള്‍ കുടുംബത്തിന്റെ ഐശ്വര്യമാണെന്നും എന്നാല്‍ വിവാഹം സ്വന്തം അവളുടെ ഇഷ്ടപ്രകാരമായിരിക്കുമെന്നും അഞ്ചാം വയസ്സില്‍ ഒരു ജ്യോതിഷന്‍ പ്രവചിക്കുന്നു. അന്നുമുതല്‍ കൂട്ടിലടച്ച കിളിയായി വളരുന്നു നന്ദിനി. പണ്ടവളെ താരാട്ടുപാടിയുറക്കിയ പാട്ടുകാരന്‍ പയ്യന്‍ ചിന്നത്തമ്പിയും (പ്രഭു ഗണേശന്‍) അവള്‍ക്കൊപ്പം വളരുന്നു. ഇന്ന്‌ ഗ്രാമത്തിന്റെ സ്വന്തം പാട്ടുകാരനാണവന്‍. അമ്മയെ (മനോരമ) ജീവനേക്കാളേറെ സ്‌നേഹിക്കുന്ന നിഷ്‌കളങ്കന്‍. അമ്മയുള്ളതിനാല്‍ അമ്പലത്തില്‍ പോകേണ്ടതില്ലെന്നാണ്‌ അവന്റെ തത്വജ്ഞാനം. കുട്ടിത്തം വിട്ടുമാറാത്ത വലിയ ശരീരത്തിനുടമയായ അവന്‍ ഒരു ഘട്ടത്തില്‍ പെരിയവീട്ടിലെ പാചകക്കാരനും നന്ദിനിയുടെ കാവല്‍ക്കാരനുമാകുന്നു. ഇടയിലെപ്പോഴോ അവര്‍ തമ്മില്‍ പ്രണയത്തിലുമാകുന്നു. ഒടുവില്‍ മെലോഡ്രാമകളുടെ പതിവ്‌ ശൈലിയില്‍ ആട്ടവും പാട്ടും സംഘട്ടനങ്ങള്‍ക്കും ശേഷമുള്ള വികാരനിര്‍ഭരമായ ക്ലൈമാക്‌സോടെയും കഥയക്ക്‌ ശുഭാന്ത്യം. പക്ഷേ കേവലമൊരു മെലോഡ്രാമയായി ഒതുങ്ങുമായിരുന്ന ചിത്രത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്‌ അതിലെ ഗാനങ്ങളാണ്‌. തമിഴ്‌ ഗ്രാമീണ ജീവിതങ്ങളുടെ ആത്മാവ്‌ ആവാഹിച്ച ഈണക്കൂട്ടുകളൊരുക്കിയത്‌ മറ്റാരുമല്ല; സാക്ഷാല്‍ ഇളയാരജ.

പലമാതിരി പാട്ടുകളുടെ മഹാരാജ

ഇളയരാജ. ഇന്ത്യന്‍ സിനിമാ സംഗീതലോകത്ത സമാനതകളില്ലാത്ത നാമം. ദക്ഷിണേന്ത്യന്‍ ഗ്രാമീണ - ദളിത്‌ ജീവിതങ്ങളുടെ ആത്മാംശം തുളുമ്പുന്ന ഈണങ്ങളിലൂടെ സംവിധായകരുടെ ആഖ്യാനപരതയെ ബലപ്പെടുത്തുന്ന ഇളയരാജയുടെ കഴിവ്‌ ചിന്നത്തമ്പിയിലെ ഗാനങ്ങളില്‍ മികച്ച രീതിയില്‍ കാണാനാകും. 'ഏന്‍ പാട്ട്‌ ഇതുപോലെ പലമാതിരി സൊന്ന എടുപ്പേനേം പഠിപ്പേനേം കുയില്‍ മാതിരി' എന്നാണ്‌ 'ഉച്ചംതല ഉച്ചിയിലെ' എന്ന പാട്ടിന്റെ ചരണത്തില്‍ വാലി അഥവാ ടി എസ്‌ രംഗരാജന്‍ എന്ന പാട്ടെഴുത്തുകാരന്‍ കുറിച്ചിട്ടത്‌. ഇളയരാജയെ സംബന്ധിച്ച്‌ ഇത്‌ അക്ഷരംപ്രതി ശരിയാണ്‌. പ്രതിഭയുടെ അപൂര്‍വ്വ ശേഖരത്തില്‍ നിന്നും പലതരം ഈണങ്ങള്‍ കോര്‍ത്തിണക്കിയാണ്‌ ചിന്നത്തമ്പിയില്‍ ഇളയരാജ പാട്ടിന്റെ പാലാഴി തീര്‍ത്തത്‌.

സിനിമയിലെ ഓരോ സാഹചര്യത്തിനും അനുയോജ്യമായ ഈണങ്ങള്‍ ഹാര്‍മ്മോണിയത്തിന്റെ അകമ്പടിയോടെ സംവിധായകനെ പാടിക്കേള്‍പ്പിക്കുന്നതാണ്‌ ഇളയരാജയുടെ കമ്പോസിംഗ്‌ ശൈലി. (മികച്ച ഗാനരചയിതാവ്‌ കൂടിയായ രാജയുടെ ഈ വരികള്‍ തന്നെ പിന്നീട്‌ പല ഗാനരചയിതാക്കളും ഗാനത്തിനായി സ്വീകരിച്ചിട്ടുണ്ട്‌). ഈ പാടുന്നതെല്ലാം ഒരു ടേപ്പില്‍ റെക്കോര്‍ഡ്‌ ചെയ്യും. സംവിധായകനോ നിര്‍മ്മാതാവോ ഗാനങ്ങള്‍ തെരഞ്ഞെടുക്കും വരെ ഈ പ്രവര്‍ത്തി തുടരും. അങ്ങിനെ തിരഞ്ഞെടുക്കപ്പെടുന്ന ഈണം മറ്റൊരു ടേപ്പില്‍ റെക്കോര്‍ഡ്‌ ചെയ്യും. അതിന്റെ ഒരു കോപ്പി പിന്നീട്‌ ഗാനരചയിതാവിനു നല്‍കും. നൊട്ടേഷന്‍ എഴുതിയെടുക്കുന്നതും ഗായകരെ പാട്ടു പഠിപ്പിക്കുന്നതും വോക്കല്‍ അസിസ്റ്റന്റ്‌ സൗന്ദര്‍ രാജന്‍. പലപ്പോഴും കമ്പോസിങ്ങ്‌ ദിവസം തന്നെ റെക്കോര്‍ഡിങ്ങും പൂര്‍ത്തിയാവും.

ചിന്നത്തമ്പിയിലെ പാട്ടുകളുടെ കമ്പോസിങ്ങിന്‌ നാല്‌പത്തഞ്ചു മിനിറ്റ്‌ പോലും എടുത്തിരുന്നില്ലെന്ന്‌ സംവിധായകന്‍ പി വാസു ഓര്‍ക്കുന്നു. വാസുവും സംഘവും ഓരോ സീനുകള്‍ പറയുമ്പോഴും രാജ ഹാര്‍മോണിയം വായിച്ച്‌ ഈണങ്ങള്‍ പാടും. ഏതൊക്കെയാണ്‌ സന്ദര്‍ഭാനുയോജിതമായതെന്ന്‌ അപ്പപ്പോള്‍ തന്നെ ഉറപ്പിക്കും. ചിന്നത്തമ്പിയിലെ എല്ലാ ഈണങ്ങളും ഇങ്ങനെ പെട്ടെന്ന്‌ സൃഷ്ടിച്ചതാണ്‌. കഥ പറച്ചിലും പാട്ടുകളുടെ പിറവിയുമൊക്കെ എളുപ്പം കഴിഞ്ഞു. വാസു പറയുന്നു.

മനോയും ചിത്രയും സ്വര്‍ണ്ണലതയും പിന്നെ എസ്‌പിബിയും

ആന്ധ്രാസ്വദേശി നാഗൂര്‍ബാബുവിനു 'മനോ എന്ന വിളിപ്പേരിട്ട്‌, എസ്‌ പി ബാലസുബ്രഹ്രമണ്യത്തിന്റെ ശബ്ദം കോപ്പിയടിക്കുന്നുവെന്ന വിമര്‍ശകരുടെ ആരോപണങ്ങള്‍ക്കിടയില്‍ താങ്ങും തണലും നല്‍കി പിന്നണി ഗായകനായി കൈപിടിച്ചുയര്‍ത്തിയതും ഇളയരാജ. ചിന്നത്തമ്പി മനോയുടെ കരിയറിലെ വഴിത്തിരിവായിരുന്നു. 'തൂളിയിലെ ആടവന്ത' എന്ന താരാട്ട്‌ രണ്ട്‌ വ്യത്യസ്‌ത മൂഡുകളിലും 'ഉച്ചംതല ഉച്ചിയിലെ' എന്ന ഗാനത്തിനും മനോ ശബ്ദം നല്‍കി. പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായതോടെ തൊണ്ണൂറുകളിലെ തിരക്കുള്ള തെന്നിന്ത്യന്‍ ഗായകനായി മനോ വളര്‍ന്നു. ചിന്നത്തമ്പിയുടെ കുട്ടിക്കാലം അവതരിപ്പിച്ച മാസ്‌റ്റര്‍ ശക്തി വാസു (പി വാസുവിന്റെ മകന്‍) അഭിനയിച്ച ടൈറ്റില്‍ സോങ്ങ്‌ 'തൂളിയിലെ' ആദ്യ വേര്‍ഷന്‍ കെ എസ്‌ ചിത്രയുടെ ശബ്ദത്തില്‍ ലോകം കേള്‍ക്കുന്നു.

ഇളയരാജയുടെ ഗാനങ്ങളിലൂടെ പ്രശസ്‌തയായ സ്വര്‍ണലതയുടെ ഏറ്റവും പോപ്പുലറായ ഗാനമാണ്‌ 'പോവോമാ ഊര്‍കോലം'. അക്കാലത്ത്‌ ഗാനമേളകളെ ഇളക്കി മറിച്ചു ഈ ഗാനം. മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം 'പോവോമാ ഊര്‍കോലം' സ്വര്‍ണ ലതയ്‌ക്ക്‌ നേടിക്കൊടുത്തു. 'നീയെങ്കേ എന്‍ അന്‍പേ' എന്ന ഗാനവും സ്വര്‍ണലതയുടെ ശബ്ദമാണ്‌. 'കുയിലെ പുടിച്ച്‌ കൂട്ടിലടച്ച്‌', 'അരച്ച സന്ദനം', 'പൂവോമാ' (യുഗ്മം) തുടങ്ങിയവ ആലാപിച്ചത്‌ എസ്‌ പി ബാലസുബ്രഹ്മണ്യം. 'അരച്ച സന്ദനവും', 'നീയെങ്കേയും' ഗംഗൈ അമരന്റെ തൂലികയില്‍ പിറന്നു. മറ്റെല്ലാ ഗാനങ്ങളും വാലിയുടെ തൂലികയിലും.

chinnathampi ഇളയരാജ, ചിന്നത്തമ്പിയിലെ ഖുശ്ബുവും പ്രഭുവും

ബ്ലോക്ക്‌ ബസ്‌റ്റര്‍

1991 ഏപ്രില്‍ 12നാണ്‌ ചിത്രം റിലീസ്‌ ചെയ്യുന്നത്‌.' എന്‍ തങ്കച്ചി പഠിച്ചവ'(1988), 'പിള്ളൈക്കാഗ' (1989) എന്നീ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക്‌ ശേഷം പി വാസു, പ്രഭു ഗണേശന്‍ കൂട്ടുകെട്ടില്‍ പിറന്ന മൂന്നാമത്‌ ചിത്രത്തിനു കഥയും തിരക്കഥയും ഒരുക്കിയതും വാസു തന്നെ. പ്രഭുവിന്റെ അഭിനയചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ചിന്നത്തമ്പി. ഒമ്പത്‌ പ്രദര്‍ശനശാലകളില്‍ 356 ദിവസവും 47 ഇടങ്ങളില്‍ 100 ദിവസവും ചിത്രം നിറഞ്ഞോടി. കന്നഡയിലും തെലുങ്കിലും ഹിന്ദിയിലും യഥാക്രമം രാംചാരി, ചാന്തി, അനാരി എന്നീ പേരുകളില്‍ മൊഴിമാറ്റി. എങ്കിലും ചിന്നത്തമ്പിയെന്നു കേട്ടാല്‍ കാല്‍നൂറ്റാണ്ടിനിപ്പുറവും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇങ്ങനെ മൂളും;

*"കേക്കാമലൈ പൊങ്കി വരും.. *

കര്‍പ്പനൈ താന്‍ പൂത്തുവരും പാട്ട്‌...

തമിള്‍ പാട്ട്‌...!

അട ഉച്ചംതല ഉച്ചിയിലെ

ഉള്ളിറുക്കും പുത്തിയിലെ പാട്ട്‌...

ഇത്‌ അപ്പ സൊല്ലി തന്തതല്ലൈ

പാട്ട സൊല്ലി തന്തതല്ലൈ നേത്‌

എപ്പടിപ്പാ വന്തതെന്ന്‌ സൊല്ലരവന്‍ യാര്‌..?

ഇതില്‍ തപ്പിരുന്താന്‍ എന്നതില്ലൈ

സാമികിട്ട കേള്‌..."