Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനൊരു പാട്ടുകാരൻ

pj-joseph.jpg.image.784.410

കേരള കോൺഗ്രസി(എം)ന്റെ നേതാവും മന്ത്രിയുമായിരുന്നില്ലെങ്കിൽ ആരാകുമായിരുന്നുവെന്നു പി.ജെ. ജോസഫിനോടു ചോദിച്ചാൽ, ‘ഒരുപക്ഷേ, ഞാനൊരു ഗായകനാകുമായിരുന്നു’ –എന്ന ഓൺ ദ് സ്പോട്ട് മറുപടി കിട്ടും. അത്രയ്ക്കിഷ്ടമാണു പി.ജെ. ജോസഫിനു പാട്ടുകളോട്. പുറപ്പുഴയിലെ വീട്ടിലായാലും പാർട്ടി ഓഫിസിലായാലും മന്ത്രിക്കസേരയിലായാലും പാട്ടിനോടുള്ള കൂട്ടുപേക്ഷിക്കാൻ ജോസഫ് ഒരിക്കലും തയാറല്ല. യാത്രകൾക്കിടെ പാട്ടുകേട്ടുറങ്ങാനും മൂളിപ്പാട്ടു പാടാനും ഏറെ ഇഷ്ടം. 

ഓർമകൾ, ഓളങ്ങൾ...

ഓർമകളുടെ റീലുകൾ പിന്നോട്ടോടുമ്പോൾ പുറപ്പുഴ പഞ്ചായത്തിലെ വയറ്റാട്ടിൽ പാലത്തിനാലിൽ തറവാടിനു മുന്നിലാണു പി.ജെ. ജോസഫ്. പിതാവ് പി.ഒ. ജോസഫ് നന്നായി പാടുമായിരുന്നു. എപ്പോഴോ ആ ഗാനത്തിന്റെ ഇൗരടികൾ എന്റെ മനസ്സിൽ പതിഞ്ഞു. പിന്നെ പാട്ടിനോടായി പ്രണയം. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ കഥാപ്രസംഗവേദികൾക്കൊപ്പം പള്ളി ക്വയറിലും സജീവ സാന്നിധ്യമായി. കോളജിലെത്തിയപ്പോൾ പരിപാടികളിൽ പിജെയുടെ പാട്ട് ഒഴിച്ചുകൂടാനാവാത്തതായിരുന്നു. സംഘടനാവേദികളിലും മനമറിഞ്ഞു പാടി. പാട്ട് എനിക്ക് ജീവനായിരുന്നു.  

മന്ത്രിപ്പാട്ട്, എന്റെ

ആദ്യ സിനിമാപ്പാട്ട്...

1984 ജൂലൈ. അന്നു ഞാൻ റവന്യു മന്ത്രിയായിരുന്നു. ‘ശബരിമലദർശനം’ എന്ന ചിത്രത്തിന്റെ നിർമാതാക്കൾ എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. സിനിമയിൽ ഒരു പാട്ടു പാടണമെന്ന് അവർ സ്നേഹപൂർവം നിർബന്ധിച്ചു. ആദ്യമൊക്കെ ഞാൻ വഴങ്ങിയില്ല. ഒടുവിൽ ഒരു കൈ നോക്കാമെന്നു സമ്മതിച്ചു. അന്നത്തെ തിരക്കേറിയ ഗാനരചയിതാവ് ചുനക്കര രാമൻകുട്ടിയും സംഗീത സംവിധായകൻ ജെറി അമൽദേവും എന്നെ നിർബന്ധിച്ചു. ജെറി അമൽദേവിന്റെ പ്രത്യേക താൽപര്യവും ഇതിനു പിന്നിലുണ്ടായിരുന്നു. തിരുവനന്തപുരത്ത് തരംഗിണി സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിങ്.  

രാപകൽ റിഹേഴ്സൽ...

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. നിയമസഭാ സമ്മേളനവും മന്ത്രിസഭാ യോഗവും, മറ്റു തിരക്കുകളും കഴിഞ്ഞ ശേഷം രാത്രിയിലായിരുന്നു പാട്ടിന്റെ റിഹേഴ്സൽ. പിറ്റേ ദിവസമായിരുന്നു റിക്കോർഡിങ്. അന്നു പുലർച്ചെ നാലിനു വീണ്ടും റിഹേഴ്സൽ. സംഗീതോപകരണങ്ങളോടെയുള്ള റിഹേഴ്സൽ കഴിഞ്ഞു തരംഗിണി സ്റ്റുഡിയോയിൽ രാവിലെ ഒൻപതിനെത്തി. നിർമാതാവ് ചന്ദ്രലാലും, സംവിധായകൻ മലയാറ്റൂർ സുരേന്ദ്രനും എന്നെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. ഉച്ചയ്ക്ക് 12നായിരുന്നു റിക്കോർഡിങ് ആരംഭിച്ചത്. ‘‘ഇൗ ശ്യാമ സന്ധ്യ വിമൂകം സഖീ...’’ എന്നു തുടങ്ങുന്ന ഗാനം തരംഗിണി സ്റ്റുഡിയോയിൽ നിറഞ്ഞപ്പോൾ പാട്ടെഴുതിയ ചുനക്കര രാമൻകുട്ടിയും ഇൗണമിട്ട ജെറി അമൽദേവും ആവേശഭരിതരായി. ഇന്ത്യയിലാദ്യമായി പിന്നണി ഗായകനായ മന്ത്രി എന്ന വിശേഷണവും എന്റെ പേരിനൊപ്പം ചേർന്നു. എനിക്ക് ടെൻഷനേയില്ലായിരുന്നു. എനിക്കിഷ്ടപ്പെട്ട ഈണവും വരികളുമായിരുന്നു. പരമാവധി നന്നായി പാടാൻ ശ്രമിച്ചുവെന്നാണ് എന്റെ വിശ്വാസം. 

‘പെട്ടി’യിലായ പാട്ട്

ചിത്രത്തിലെ മറ്റു രണ്ടു ഗാനങ്ങൾ യേശുദാസും ചിത്രയും പാടി. പക്ഷേ റിക്കോർഡിങ് കഴിഞ്ഞതോടെ ചിത്രത്തിന്റെ തുടർ പ്രവർത്തനങ്ങൾ നിലച്ചു. പാട്ടു പെട്ടിയിലുമായി. തരംഗിണിയാണു ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കിയത്. തുടർന്നും സിനിമയിൽ പാടാനുള്ള ക്ഷണം പലതവണ തേടിയെത്തിയെങ്കിലും വേണ്ടെന്നു വച്ചു. രാഷ്ട്രീയ പ്രവർത്തനത്തിനോടു മാത്രമായിരുന്നു എനിക്ക് താൽപര്യം. യേശുദാസും എം.ജി. ശ്രീകുമാറും ചിത്രയും ഉൾപ്പെടെയുള്ള ഗായകർക്കൊപ്പം പലവട്ടം പാടിയിട്ടുണ്ട്. ഭക്തിഗാന ആൽബങ്ങൾക്കു വേണ്ടിയും പാടി. മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് പുറത്തിറക്കിയ കസെറ്റുകൾക്കു വേണ്ടിയും പാടി. 

പാട്ട് എന്ന ‘ഒറ്റമൂലി’

മൂളിപ്പാട്ടു പാടാത്ത നിമിഷങ്ങൾ എന്റെ ജീവിതത്തിൽ വിരളം. ഹിന്ദി പാട്ടിനോടാണു കൂടുതൽ പ്രിയം. 1960ൽ പുറത്തിറങ്ങിയ ‘സുജാത’ എന്ന ഹിന്ദി ചലച്ചിത്രത്തിലെ ‘‘ജൽതേ ഹേ ജിസ്‌കേലിയേ...’’ എന്ന പാട്ടിനോടാണ് ഇഷ്ടക്കൂടുതൽ. എന്റെ ഭാര്യ ഡോ. ശാന്ത, എന്നോടു പാടാൻ ഏറ്റവുമധികം ആവശ്യപ്പെടുന്നതും ഈ പാട്ടു തന്നെ. ഔദ്യോഗിക കാര്യങ്ങളുടെ ടെൻഷൻ ഒഴിവാക്കാൻ ഏറ്റവും നല്ല ഒറ്റമൂലി പാട്ടു കേൾക്കുന്നതാണെന്നു ജോസഫ്. രമേശ് നാരായണൻ സംഗീത സംവിധാനം നിർവഹിച്ച ‘മേഘമൽഹാറിലെ’ ‘‘ഒരു നറുപുഷ്‌പമായി..’’ എന്ന ഗാനവും ഏറെ പ്രിയം. 

ശബരിമല ദർശനം എന്ന ചിത്രത്തിനു വേണ്ടി പി.ജെ. ജോസഫ് ആലപിച്ച ഗാനത്തിന്റെ പല്ലവി:

‘ഈ ശ്യാമസന്ധ്യ വിമൂകം സഖീ

വിഷാദം ചമഞ്ഞു വരുന്നു വിധി

ഹൃദന്തം നിറഞ്ഞ സുഗന്ധം തരും

വസന്തം മറഞ്ഞോ പ്രിയേ ദേവതേ...’ 

Your Rating: