Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂവേ പൂ ചൂടവായിൽ ഇളയരാജായ്ക്കൊപ്പം

Author Details
Johnson Master - Ilayaraja

നോക്കൊത്താദൂരത്തിന്റെ റീ റിക്കോർഡിങ്ങിനു ഭരതന്റെയും പത്മരാജന്റെയും പ്രിയപ്പെട്ട സംഗീത സംവിധായകൻ ജോൺസനെയാണു വിളിച്ചത്. ജോൺസൺ ആ സമയത്ത് പ്രശ്സതനായിക്കഴ‌ിഞ്ഞു. അദ്ദേഹം തന്റെ സംഘവുമായി എത്തി. എന്റെ അഭിപ്രായത്തിൽ റീ റിക്കോർഡിങ്ങിൽ ഒരു മഹപ്രതിഭയാണു ജോൺസൺ. എന്റെ മൂന്നു സിനിമകളിൽ മാത്രമേ ജോൺസൺ പ്രവർത്ത‌ിച്ചിട്ടുള്ളൂ. നോക്കെത്താദൂരത്ത്, മണിച്ചിത്രത്താഴ്, മാനത്തെ വെള്ളിത്തേര്. ഇൗ സിനിമകളുടെ റീ റിക്കോർഡിങ്ങ് സംഗീത വിദ്യാർഥികൾ പാഠ്യവിഷയമാക്കേ‌ണ്ടതാണ്. ഒാരോ സിനിമകളുടേയും ആത്മാവ് കണ്ടെത്തിയിട്ടാണ്, ജോൺസൺ റീ റിക്കോർഡിങ് നടത്തുന്നത്. നോക്കെത്താ ദൂരത്ത് എന്ന സിനിമയിലെ മനുഷ്യബന്ധങ്ങളുടെ ആത്മാവ് അദ്ദേഹത്തിനു കണ്ടെത്താൻ സാധിച്ചു. അങ്ങനെ നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയ‌ായി. സെന്‍സറിങ്ങിന് അപേക്ഷിച്ചു. സെന്‍സർ ബോർഡ് അംഗങ്ങിൽ ഒരാള്‍ ജോർജ് ഒാണക്കൂർ സാർ ആയിരുന്നു. അദ്ദേഹത്തിന് എന്നെ പരിചയമില്ല. പക്ഷേ, അദ്ദേഹം ഒൗസേപ്പച്ചനോട് പറഞ്ഞു, ‘അസ്സൽ പടം, ഇതു ഹിറ്റാവും’.

പക്ഷേ, സിനിമ ഹിറ്റാകണമെങ്കിൽ പ്രേക്ഷകർ തിയറ്ററില്‍ എത്തണമല്ലോ. തിയറ്ററിൽ ആളെത്തണമെങ്കിൽ അതിനു തക്ക താരങ്ങളുണ്ടാകണം. മോഹൻ അന്നു താരമല്ല. താരമായിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ആകെപ്പാടെ താരമെന്നു പറയാൻ നെടുമുടി വേണു മാത്രം. തിലകനും അന്നു പൂതുമുഖമാണ്. ആ സമയത്താണ് നവോദയ അപ്പച്ചന്റെ മാർക്കറ്റിങ് തന്ത്രം മനസ്സിലേക്കു വന്നത്. പല സ്ഥലങ്ങ‌ളിലും പത്രക്കാര്‍ക്കും മറ്റുമായി പ്രിവ്യൂ ഷോകൾ നടത്തി. കുറേ നല്ല പോസ്റ്ററുകളും അടിച്ചു. സിനിമ റിലീസ് ചെയ്തു. സിനിമയെക്കുറിച്ചു മറ്റുള്ളവർ പറഞ്ഞ നല്ല വാക്കുകള്‍ സിനിമയ്ക്ക് ഗുണം ചെയ്തു. അതിന്റെ കൂടെ ഞാൻ ഒരു കാര്യം കൂടി ചെയ്തു. മനോരമ ദിനപത്രത്തിൽ ഒന്നാം പേജിൽ തുടർച്ചയായി അഞ്ചുദിവസത്തെ പരസ്യം. ആ അഞ്ചു ദിവസം കൊണ്ടു പ്രേക്ഷക പങ്കാളിത്തം മുപ്പതു ശതമാനത്തിൽനിന്നു ഹൗസ്ഫുള്ളിലേക്കു മാറി. അന്നു പരസ്യ നിയന്ത്രണമൊന്നുമില്ല. ഉണ്ടായിരുന്നെങ്കിൽ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ആരുടെയും കണ്ണിൽപ്പെടാതെ പോയേനെ.

നോക്കെത്താ ദൂരത്ത് റിലീസ് ചെയ്തു കഴിഞ്ഞപ്പോള്‍ പല സംവിധായകർക്കും എന്നോട് ഭയങ്കരമായ മമത തോന്നി. അതു നേരിട്ട് പറഞ്ഞ നാലുപേർ എെ.വി. ശശി, ജോഷി, ഭരതൻ, പത്മരാജൻ എന്നിവരാണ്. ഭരതനും പത്മരാജനും എന്റെ നല്ല സൂഹൃത്തുക്കളുമായി. സിനിമകളെടുക്കുമ്പേ‌ാൾ ഞങ്ങൾ കഥകൾ ചർച്ച ചെയ്യുമായിരുന്നു. സംശയങ്ങള്‍ ചോദിക്കുമായിരുന്നു. ആ ബന്ധം അവസാനം വരെ തുടര്‍ന്നു.

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമ അങ്ങനെ സൂപ്പർ ഹിറ്റ് ആയി. ആ സിനിമ തമിഴിൽ നിർമിക്കാൻ നവോദയ അപ്പച്ചൻ തയാറായി. അതിന്റെ സംഗീതം ഇളയരാജയെക്കൊണ്ടു ചെയ്യിക്കാൻ തീരുമാനിച്ചു. ഇളയരാജ കഥ കേൾക്കുന്നതിനു പകരം നോക്കെത്താദൂരത്ത് സിനിമ കണ്ടു. സിനിമ കണ്ടിട്ട് ഇളയരാജ ആദ്യം ചോദിച്ചത് ഇതാണ്: ‘ക്ലൈമാക്സ് സോങ് പാടുന്ന സിംഗർ യാര് ? ഞാൻ പറഞ്ഞു – ചിത്ര. നമുക്ക് പാക്കലാമ എന്ന് ഇളയരാജ സാർ ചോദിച്ചു. ധാരാളമാ എന്നു ഞാൻ പറഞ്ഞു. ഞാൻ ചിത്രയെ വിളിച്ച് പറയുന്നു. ചിത്ര വരുന്നു. ഇളയരാജയുടെ മുൻപിൽ നിന്നു പാടുന്നു. അവിടെ തുടങ്ങുന്നു, ചിത്രയുടെ ഭാരതപര്യടനം. മുഹമ്മദ് റാഫിയിലും സെെഗളിലും തുടങ്ങി ദാസേട്ടനും ജെറിയും തമ്മിലുളള അഭിപ്രായ വ്യത്യാസവും തുടർന്നു മാമാട്ടിയിലൂടെ ചിത്രയുടെ വരവും...

ദെെവത്തിന്റെ തിരക്കഥ പോകുന്ന വഴിയോർത്ത് ഞാൻ അദ്ഭുതപ്പെടുന്നു!

അന്ന് ഇളയരാജസാറിന് റിക്കോഡിങ് സ്റ്റുഡിയോയിൽ ഒരു മുറിയുണ്ട്. ആ മുറിയിൽ ഇരുന്നാണ് അദ്ദേഹം പാട്ടു ചിട്ടപ്പെടുത്തുന്നത്. അദ്ദേഹം ആദ്യം എന്നോട് പറഞ്ഞത് നമുക്കു തീം സോങ് ആദ്യം കമ്പോസ് ചെയ്യാമെന്നാണ്. എന്റെ ഹൃദയമൊന്നു പിടച്ചു. നോക്കെത്താദൂരത്തിന്റെ തീംസോങ് ജെറിയും ഞാനും കൂടി പത്തു ദിവസം ഇരുന്നിട്ട് ശരിയാവാതിരുന്നതാണ്. നമുക്ക് അത് ആദ്യം കമ്പോസ് ചെയ്യാമെന്ന് രാജ സാർ പറഞ്ഞപ്പോൾ എനിക്കാകെ പരവേശമായി. കാരണം ഇളയ രാജാ സാർ സംഗീത ചക്രവര്‍ത്തിയായി വളരെ ഉയരത്തിൽ നിൽക്കുന്ന സമയമാണ്. അദ്ദേഹം ഒരു ട്യൂണിടുമ്പോൾ അതു ശരിയായില്ലെങ്കിൽ അതു ഞാനെങ്ങനെ പറയും? ശ്രീകുമാരൻ തമ്പിയും ദേവരാജൻ മാസ്റ്ററും ആദ്യമായി ഒരുമിച്ച പാട്ടിൽ ശ്രീകുമാരൻ തമ്പിച്ചേട്ടൻ ദേവരാജൻ മാസ്റ്ററിന് കൊടുത്ത ആദ്യവരി അപസ്വരങ്ങൾ അപസ്വരങ്ങൾ എന്നായിരുന്നു എന്നു കേട്ടിട്ടുണ്ട്. ആ ബന്ധം പിന്നീട് ഏറെക്കാലം അപസ്വരമായിത്തീർന്നു. അതുപോലെ പാട്ടു കമ്പോസ് ചെയ്തിട്ട് അതു ശരിയല്ലെന്നു പറയേണ്ടിവന്നാലോ എന്നതായിരുന്നു എന്റെ വെപ്രാളം.

രാജാ സാർ ഹാർമോണിയം എടുത്തു വച്ചു. വളരെ ചെറിയ വിരലുകളാണ് അദ്ദേഹത്തിന്റേത്. ഹാർമോണിയത്തിലേക്ക് ആ വിരലുകൾ വന്നു വീണപ്പോൾ ഒരു സംഗീതമുണ്ടായി. അതെന്നെ വല്ലാതെ ആകർഷിച്ചു. എന്റെ ശരീരമാകെ കുളിർന്നുപോയി. ആദ്യം കേട്ടപ്പോള്‍ തന്നെ എനിക്കത് ഒാകെയായി. അതൊരു മഹാദ്ഭുതമാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നു ഞാന്‍ പിന്നീടു രാജാസാറിൽ നിന്നു പഠിച്ചു. രാജസാറിന്റെ ട്യൂണിനു വൈരമുത്തു വരികൾ എഴുതി എഴുതി 'പൂവേ പൂ ചൂടവാ എൻ നെഞ്ചിൽ പാൽ വാർക്കവാ...' മാതൃത്വത്തിന്റെ വിളിയാണ് ഈ പാട്ട്.

പൂവേ പൂ ചൂടവാ...

റിക്കോഡിങ് ദിവസമായി. ചിത്ര വന്നു പാട്ടുപാടി. പാടിക്കഴിഞ്ഞ ഉടനെ തന്നെ വാദ്യോപകരണങ്ങൾ വായിക്കുന്ന സംഗീതജ്ഞരെല്ലാം കൂടി കൺസോൾ റൂമിലേക്ക് വന്നു. പുതിയ പാട്ടുകാരിയുടെ പാട്ട് കേൾക്കാൻ എല്ലാവരും ആകാംക്ഷാഭരിതരായി. ചിത്ര പാടിയ 'പൂവേ പൂ ചൂടവാ' എന്ന പാട്ട് പ്ലേ ചെയ്തു കേട്ടയുടനെ തന്നെ അവിടെയുണ്ടായിരുന്നവരെല്ലാം കയ്യടിച്ചു. അപ്പോൾ രാജാസാർ ചോദിച്ചു – ഈ കയ്യടി ആർക്കാണ്? ചിത്രയ്ക്കാണോ എനിക്കാണോ? രാജാസാറിന്റെ ടീമാണ്. അവർ പറഞ്ഞു – അത് 'ഉങ്കളുക്ക് താൻ'. അപ്പോൾ രാജാസാർ പറഞ്ഞു എനിക്കെന്തിനാ കയ്യടി? വിശ്വനാഥൻ രാമമൂർത്തി സാറിന് കൊണ്ടു കൊടുക്കൂ.

ഞാൻ അന്തംവിട്ടു നിന്നു. അപ്പോഴാണ് രാജാ സാർ പണ്ടു ശിവാജി ഗണേശൻ, സാവിത്രി എന്നിവർ അഭിനയിച്ച്, ഭീംസിങ് ഡയറക്ട് ചെയ്ത 'പാശമലർ' എന്ന സിനിമയിലെ മലർന്തും മലരാത പാതിമലർ പോലെ എന്ന പാട്ടു കേൾപ്പിച്ചത്. ആ പാട്ടിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടിട്ട് രാജാസാർ ഉണ്ടാക്കിയ പാട്ടാണ് 'പൂവേ പൂ ചൂടവാ.' അതാണു കയ്യടി വിശ്വനാഥൻ രാമമൂർത്തി സാറിനു കൊടുക്കാൻ പറയാൻ കാരണം. അതാണ് രാജാസാർ എന്ന സംഗീതജ്ഞന്റെ മഹത്വവും ബുദ്ധിയും. പാശമലർ എന്ന സിനിമ സഹോദരീ സഹോദരന്മാർ തമ്മിലുളള ആത്മബന്ധത്തിന്റെ കഥയാണ്. ആ ബന്ധം നമുക്കു തീവ്രമായി അനുഭവപ്പെടുന്നത് 'മലർന്തും മലരാത' എന്നു തുടങ്ങുന്ന പാട്ടിലൂടെയാണ്. ഇവിടെ അമ്മമ്മയും പേരക്കുട്ടിയും തമ്മിലുളള ബന്ധത്തിനും ആ പാട്ടിന്റെ രാഗമാണല്ലോ നന്നായിരിക്കുക എന്നു രാജാസാറിന്റെ ബുദ്ധി പറഞ്ഞു. അതനുസരിച്ചു ചിട്ടപ്പെടുത്തിയതാണ് 'പൂവേ പൂ ചൂടവാ'. അതിനാലാണ് എനിക്കത് ആദ്യപ്രാവശ്യം കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടതും. എൻ. ബാലചന്ദര്‍ സാർ സംവിധാനം ചെയ്ത മൂൻട്രാം പിറൈ എന്ന സിനിമയിൽ കമലഹാസനും ശ്രീദേവിയും അഭിനയിച്ച ' കണ്ണെയ് കലൈ മാനെ' എന്ന പാട്ടും ഈ രാഗത്തിൽനിന്നു തന്നെയുണ്ടായതാണെന്നു പിന്നീടാണു ഞാൻ മനസിലാക്കിയത്. ഒരു പാട്ടു ചിട്ടപ്പെടുത്തുമ്പോൾ അതിൽ ശ്രുതിയും താളവും മാത്രം പോരാ, ഏതു തരം കഥാ സന്ദർഭമാണെന്നും അതിനു യോജിച്ച രാഗം ഏതാണെന്നും മനസ്സിലാക്കണം. അതിനുളള ബുദ്ധി സംഗീതജ്ഞാനത്തിനുമപ്പുറത്താണ്. രാജാസാറിന്റെ മഹത്വവും അതായിരുന്നു.

ഒരു പടം വൻ ഹിറ്റാക്കിയ ശേഷം അത് തമിഴിലേക്ക് എടുക്കുക, മലയാളത്തിലെ അതേ തീവ്രതയോടുകൂടി ആ സിനിമ തമിഴിലും സ്വീകരിക്കപ്പെടുക എന്നു പറയുന്നതു വളരെ അപൂർവമാണ്. ചട്ടയും മുണ്ടുമിട്ട് അഭിനയിച്ച വല്ല്യമ്മച്ചി അന്ന് തമിഴ് സംസ്കാരത്തിന്റെ ഭാഗമായിട്ടില്ല. അതുകൊണ്ട് തമിഴിൽ വല്യമ്മച്ചി ഹിന്ദു സ്ത്രീയായി. ഒരു ഭാഷയിൽ നിന്നു മറ്റൊരു ഭാഷയിലേക്കു സിനിമ റീമേക്ക് ചെയ്യേണ്ടി വരുമ്പോൾ അതൊരു വെല്ലുവിളി തന്നെയാണ്. വിജയിച്ച ഒരു സിനിമ റീമേക്ക് ചെയ്യുമ്പോൾ ആദ്യത്തേതിനേക്കാൾ മികച്ചതായിത്തീരണമെങ്കിൽ നമ്മൾ ആദ്യം അതു ചിത്രീകരിച്ച സമയത്ത് അനുഭവിച്ച നെഞ്ചിലെ ആ ജ്വാല തിരിച്ചുകൊണ്ടുവരികയും അതിനു പുതിയ വ്യാഖ്യാനം നൽകുകയും വേണം. പൂവേ പൂ ചൂടവാ ഇറങ്ങിക്കഴിഞ്ഞപ്പോൾ ഒറ്റ രാത്രി കൊണ്ടു തമിഴ്നാട്ടിൽ ഫാസിൽ എന്ന സംവിധായകനുണ്ടായി. അന്നത്തെ കോളജ് വിദ്യാർഥികൾ എവിടെയായിരുന്നു, ഇത്രയും നാൾ ഈ ഫാസിൽ എന്ന സംവിധായകൻ എന്ന് അന്വഷിച്ചു തുടങ്ങി.

പിന്നീടു ഞാൻ പല സിനിമകളിലും തമിഴിലേക്കു റീമേക്ക് ചെയ്തിട്ടുണ്ട്. എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമ എനിക്കു വളരെ പ്രിയപ്പെട്ടതാണ്. മലയാളത്തിൽ അത് അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ, തമിഴിൽ എടുത്തപ്പോൾ അതു സൂപ്പർ ഡ്യൂപ്പർ ഹിറ്റായി.