Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇങ്ങനെ ആരും കാത്തിരുന്നിട്ടില്ല

ചിത്ര

ഇതിലും തീക്ഷ്ണമായ ഒരു കാത്തിരിപ്പില്ല. കവികൾ ചില ഭാവങ്ങൾ ആവിഷ്കരിക്കുന്നതു കാണുമ്പോൾ നാം വിസ്മയിച്ചു പോകും. അത്തരം ഒരു സുഖാനുഭൂതിയുടെ അമ്പരപ്പാണ് ബിച്ചു തിരുമല ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ... എന്നെഴുതിയപ്പോൾ മലയാളികൾ അറിഞ്ഞത്. എന്തൊരു കാത്തിരിപ്പാണത്? ആയിരം കണ്ണുമായ്!

ഫാസിൽ സംവിധാനം ചെയ്ത് 1985ൽ പുറത്തിറങ്ങിയ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രം സൂപ്പർഹിറ്റായിരുന്നു. അതിലേറെ ഹിറ്റായിരുന്നു അതിലെ ഇൗ ഗാനം. ഇപ്പോഴും സ്വീകാര്യതയിൽ മുന്നിൽ. ബിച്ചു തിരുമലയുടെ ലളിതമായ രചനയ്ക്കൊപ്പം ജെറി അമൽദേവിന്റെ സംഗീതവും ഇൗ ഗാനവിജയത്തിൽ വലിയ പങ്കുവഹിച്ചു.

ആയിരം കണ്ണുമായ്...

ഒപ്പം കോൺവെന്റ് സ്കൂൾ കുട്ടിയുടെ അച്ചടക്കത്തെ ഓർമിപ്പിക്കുന്ന ചിത്രയുടെ ആലാപന വടിവും. ആലാപനത്തിലെ അച്ചടക്കത്തെപ്പറ്റി വെറുതെ പറഞ്ഞതല്ല. ചിത്ര പറയുന്നു. ‘ജെറി മാസ്റ്റർ വളരെ കണിശക്കാരനാണ്. എന്നാൽ അതിന്റെ പേരിൽ ഒട്ടും ദേഷ്യപ്പെടുകയില്ല. നമ്മളെ ഒട്ടും ടെൻഷനാക്കില്ല. വളരെ കൂളായി പറഞ്ഞു തരും. പക്ഷേ വളരെ കൃത്യമായിരിക്കും കാര്യങ്ങൾ. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടിലെ ഗാനങ്ങൾ റിക്കോർഡ് ചെയ്യുമ്പോൾ ഉച്ചാരണത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പ്രത്യേകിച്ച് ‘ലാത്തിരി പൂത്തിരി... എന്ന ഗാനത്തിലെ ജിംഗിളിലെ ഇംഗ്ലിഷ് വാക്കുകളുടെ ഉച്ചാരണം അദ്ദേഹം പ്രത്യേകം പറഞ്ഞുതന്നതു ഞാൻ ഓർമിക്കുന്നു.ബിച്ചു തിരുമലയുടെ രചനയും ജെറി അമൽദേവിന്റെ സംഗീതവും ഏറെ ശ്രദ്ധേയമായിരുന്നെങ്കിലും ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ എന്ന ഗാനം ജീവിതത്തിലെ വഴിത്തിരിവായതു ചിത്രയ്ക്കാണ്.

ഞാൻ ഏകനാണ്(1982) എന്ന ചിത്രത്തിലെ ‘രജനീ പറയൂ... (സംഗീതം -എം.ജി. രാധാകൃഷ്ണൻ) എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ ചിത്രയ്ക്ക് ആദ്യകാലത്ത് ശക്തമായ മൽസരമാണു നേരിടേണ്ടി വന്നത്. ജാനകി, വാണി ജയറാം, പി. സുശീല തുടങ്ങിയ അനുഗൃഹീത ഗായികമാരെല്ലാം അന്നു രംഗത്തുണ്ടായിരുന്നു. പ്രത്യേകിച്ച് ജാനകിയുടെ സുവർണകാലമായിരുന്നു അത്. പുതുമുഖ സംഗീത സംവിധായകനായ ജെറി അമൽദേവ് പോലും തന്റെ ആദ്യചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ജാനകിയെയാണ് പാടിച്ചത്.

ആ കാലത്താണ് ജെറിയിൽ നിന്ന് ‘ആയിരം കണ്ണുമായ്... (രാഗം: ശങ്കരാഭരണം) എന്ന സൂപ്പർഹിറ്റ് ചിത്രയ്ക്കു ലഭിച്ചത്. അതിലൂടെ മറ്റൊരു വലിയ ഭാഗ്യവും ചിത്രയെ കാത്തിരുന്നിരുന്നു. ജീവിതത്തിലെ ആ മഹാഭാഗ്യത്തെപ്പറ്റി ചിത്ര പറയുന്നു. ‘ ഇൗ പാട്ടാണ് എനിക്കു തമിഴിലേക്കു വഴി തുറന്നത്. ‘ആയിരം കണ്ണുമായ്... എന്ന ഗാനം കേൾക്കാൻ ഇടയായ ഇളയരാജ സാർ ആ ശബ്ദം ആരുടേതാണെന്നു ഫാസിലിനോട് അന്വേഷിച്ചു. അതു വലിയ ഭാഗ്യമായി. അങ്ങനെ ഒട്ടും നിനച്ചിരിക്കാതെ എനിക്കു തമിഴിൽ അവസരം ലഭിച്ചു. ‘ആയിരം കണ്ണുമായ്... എന്ന പാട്ട് ഇല്ലായിരുന്നെങ്കിൽ അക്കാലത്തൊന്നും ഞാൻ തമിഴിൽ എത്തുമായിരുന്നില്ല.

ഇളയരാജയുടെ സംഗീതത്തിൽ തമിഴിൽ പാടാൻ തുടങ്ങിയതോടെ മലയാളം പോലെ തന്നെ തമിഴിലും ചിത്ര പ്രസിദ്ധയായി. ഇരു ഭാഷകളിലും ഒരേ പോലെയായിരുന്നു പ്രശസ്തിയുടെ വളർച്ച എന്നും പറയാം. ഇളയരാജയുടെ ‘നീ താന അന്ത കുയിൽ എന്ന സിനിമയിലൂടെ തമിഴിൽ തുടക്കമിട്ട ചിത്ര അദ്ദേഹത്തിന്റെ തന്നെ ‘സിന്ധുഭൈരവി എന്ന ചിത്രത്തിലൂടെ തൊട്ടടുത്ത വർഷം (1986) തന്റെ പ്രഥമ ദേശീയ അവാർഡ് സ്വന്തമാക്കി. സ്വപ്നനേട്ടം! പാടറിയേൻ പഠിപ്പറിയേൻ..., നാനൊരു സിന്ത് കാവടിച്ചിന്ത്... എന്നിവയാണ് അവാർഡിന് അർഹമായ ഗാനങ്ങൾ. പിന്നെയും ഒരു വർഷം കൂടി കഴിഞ്ഞാണ് മലയാളത്തിലൂടെ ആദ്യ ദേശീയ അവാർഡ് ചിത്രയെ തേടിയെത്തുന്നത്. ‘നഖക്ഷതങ്ങൾ എന്ന ചിത്രത്തിൽ രവി ബോംബെയുടെ സംഗീതത്തിൽ പാടിയ ‘മഞ്ഞൾ പ്രസാദവും... എന്ന ഗാനം.

മറ്റൊരു കൗതുകം കൂടിയുണ്ട്, ചിത്രയ്ക്കു കൂടുതൽ ദേശീയ അവാർഡുകൾ ലഭിച്ചതും തമിഴ് സിനിമയിൽ നിന്നാണ്. മൂന്നെണ്ണം. മലയാളത്തിൽ നിന്നു രണ്ട് മാത്രം.അങ്ങനെ മറ്റാരെക്കാളും ചിത്രയുടെ ജീവിതത്തിലാണ് ‘ആയിരം കണ്ണുമായ്... എന്ന ഗാനം ഭാഗ്യവാതിൽ തുറന്നത്.

‘മഞ്ഞുവീണതറിഞ്ഞില്ല വെയിൽ വന്നുപോയതറിഞ്ഞില്ല

ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാൻ

വന്നു നീ വന്നു നിന്നു നീഎന്റെ ജന്മസാഫല്യമേ...

ബിച്ചു തിരുമലയുടെ ഇൗ വരികൾ തമിഴ് ഗാനാസ്വാദകർ ചിത്രയോടു പറഞ്ഞതുപോലെയുണ്ട്.