Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശോഭയുടെ മരണം

'Nin Thumbu kettiyitta' song

1980ൽ മോഹൻ സംവിധാനം ചെയ്ത സിനിമയാണു ‘ശാലിനി എന്റെ കൂട്ടുകാരി’. പത്മരാജന്റെ തിരക്കഥ. എൺപതുകളിലെ ക്യാംപസുകളിൽ തരംഗമുണർത്തിയ ചിത്രമായിരുന്നു. എം. ഡി. രാജേന്ദ്രൻ രചിച്ച് ദേവരാജൻ സംഗീതം പകർന്ന അതിലെ ഗാനങ്ങൾ കേരളത്തിലെങ്ങും അലയടിച്ചിരുന്നു. ആ സിനിമയിലെ ‘നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ’ എന്ന യേശുദാസ് പാടിയ ഗാനത്തിന്റെ ചിത്രീകരണ സ്മരണകൾ സംവിധായകൻ മോഹൻ പങ്കുവയ്ക്കുന്നു.

Sundari Nin Thumbu kettiyitta

'Sundari Nin Thumbu kettiyitta' song from the movie Shalini Ente Koottukari

നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ എന്ന പാട്ടു സീൻ ഷൂട്ടിങ്ങിന്റെ അവസാന ഘട്ടത്തിലാണു ചിത്രീകരിച്ചത്. തൃശൂർ ഗുരുവായൂരപ്പൻ കോളജിലായിരുന്നു ആ ഗാനത്തിന്റെ ചിത്രികരണം. കോളജ് ഫെയർവെൽ മീറ്റിങ്ങിൽ രവിമേനോൻ പാടുന്നതാണുരംഗം. ആ ഗാനവും നാലഞ്ചു സീനുകളും ചിത്രീകരിക്കാൻ തീരുമാനിച്ചതിന്റെ തലേന്നു നായികയായ ശോഭയ്ക്കു മടങ്ങിപ്പോകണമെന്ന വാശിയായി. വളരെയേറെ നിർബന്ധിച്ചപ്പോൾ ഒരു ദിവസം കൂടി നിൽക്കാൻ അവർ സമ്മതിച്ചു. അങ്ങനെ ആ ഗാനവും അവശേഷിക്കുന്ന സീനുകളും ഒറ്റദിവസം കൊണ്ടാണു ഷൂട്ട് ചെയ്തത്. ശോഭ പോയി. അതിൽപ്പിന്നെ ശോഭയെ ഞാൻ വിളിച്ചിട്ടില്ല.

രണ്ടുദിവസം കഴിഞ്ഞപ്പോൾ ആ വാർത്ത കേട്ടു - ശോഭയും ബാലുമഹേന്ദ്രയും വിവാഹിതരായി. അതിനുവേണ്ടിയാണ് അവർ പോകണമെന്നു വാശിപിടിച്ചത്. സിനിമയുടെ ഷൂട്ടിങ് പൂർത്തിയായപ്പോൾത്തന്നെ തമിഴ്, ഹിന്ദി, റീമേക്കുകൾ ഞാൻ തന്നെ സംവിധാനം ചെയ്യാൻ കരാറുകളായി. അതിനുവേണ്ടി ചിത്രത്തിന്റെ പ്രിവ്യൂ മദ്രാസിൽ പ്രദർശിപ്പിച്ചു. പ്രിവ്യൂ കാണാൻ ശോഭ ബാലുമഹേന്ദ്രയുമായി എത്തി. സിനിമ റിലീസ് ചെയ്തു. തമിഴ് പതിപ്പിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിനു തൊട്ടുമുൻപ് മറ്റൊരു ഞെട്ടിക്കുന്ന വാർത്ത വന്നു : ശോഭയുടെ ആത്മഹത്യ!

Mohan and Sindhu

സുന്ദരീ... സുന്ദരീ... സുന്ദരീ... നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ തുളസി തളിരില ചൂടി തുഷാര ഹാരം മാറിൽ ചാർത്തി താരുണ്യമേ നീ വന്നു (നിൻ തുമ്പു... )

സുതാര്യ സുന്ദര മേഘങ്ങൾ അലിയും നിതാന്ത നീലിമയിൽ ( സുതാര്യ... ) ഒരു സുഖശീതള ശാലീനതയിൽ ഒഴുകീ ഞാനറിയാതെ ഒഴുകി ഒഴുകി ഞാനറിയാതെ സുന്ദരീ (നിൻ തുമ്പു... )

മൃഗാങ്കതരളിത വിൺമയ കിരണം മഴയായ് തഴുകുമ്പോൾ ( മൃഗാങ്ക... ) ഒരു സരസീരുഹ സൗപർണികയിൽ ഒഴുകീ ഞാനറിയാതെ ഒഴുകി ഒഴുകി ഞാനറിയാതെ ( നിൻ തുമ്പു... )

സുന്ദരീ... സുന്ദരീ... സുന്ദരീ...