Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണമെത്തുന്ന നേരത്തെ പാട്ടുകള്‍

titanic-chicku-sadhu ടൈറ്റാനിക് സിനിമയിൽ നിന്നും ഒരു രംഗം, ചിക്കു കുര്യാക്കോസ്, സാധു കൊച്ചുകുഞ്ഞ് ഉപദേശി

ഏതു കരുത്തനും ധൈര്യം ചോര്‍ന്നു പോകുന്ന ജീവിതത്തിലെ ഒരു  നിമിഷമുണ്ട്. താനോ തന്റെ പ്രിയപ്പെട്ടവരോ മരിക്കാന്‍പോവുകയാണന്നു തിരിച്ചറിയുന്ന സമയമാണത്. എന്നാല്‍ ആ നിമിഷത്തെയും ധൈര്യം ചോരാതെ നേരിട്ട അപൂര്‍വം ചിലരുമുണ്ടായിരുന്നു. ദൈവകാരുണ്യത്തിന്റെ കരുത്തിൽ മരണത്തെ നേരിട്ടവര്‍.

അതിലൊരാളാണ് അകാലത്തില്‍പൊലിഞ്ഞ പാട്ടുകാരനും പാട്ടെഴുത്തുകാരനും കീബോര്‍ഡിസ്റ്റുമായ ചിക്കു കുര്യാക്കോസ്. പതിനെട്ടാം വയസില്‍ശരീരത്തില്‍തൊണ്ണൂറു ശതമാനവും കാന്‍സര്‍ബാധിച്ച് നാൽപതു മുഴകളുമായി മരണം കാത്തുകിടന്ന യുവാവ്. ചങ്ങനാശ്ശേരി  എസ് ബി കോളജില്‍പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ചിക്കു രോഗബാധിതനായത്. 36 തവണയാണ് അവന്‍കീമോയ്ക്ക് വിധേയനായത്. 

chicku-kuriackose ചിക്കു കുര്യാക്കോസ്

അതിനിടെ പലപ്പോഴും ജീവിതവും മരണവും തമ്മില്‍ ഒളിച്ചുകളി നടത്തുന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴെല്ലാം രോഗക്കിടക്കയില്‍ചിക്കു ദൈവത്തെ തിരിച്ചറിയുന്നുണ്ടായിരുന്നു. രോഗദുരിതങ്ങളുടെ അത്തരം ദിനരാത്രങ്ങളില്‍അവന്റെ മനസ്സിലെ പ്രത്യാശ ദൈവികഗീതമായി ഒഴുകിയിറങ്ങി.

തേനിലും മധുരമാം തേനിലും മധുരമാം

യേശുക്രിസ്തു മാധുര്യവാന്‍, 

രുചിച്ചുനോക്കി ഞാന്‍കര്‍തൃന്‍കൃപകളേ 

യേശുക്രിസ്തു മാധുര്യവാന്‍. 

എന്നു ചിക്കു പാടി.

ഞാന്‍ഓടി നിന്നില്‍അണയുന്നേ 

എന്നായിരുന്നു മരണമെത്തിയ നേരത്ത് ചിക്കു എഴുതിയ പാട്ടുകളിലൊന്ന്. 

സങ്കേതമാം വന്‍പാറയില്‍,

സന്തോഷം നീ  സര്‍വ്വവും 

നീ ഇല്ല മറ്റാരിലും ആശ്രയം 

കണ്ണുനീര്‍തൂകും വേളകളില്‍

എന്നില്‍കനിയൂ വല്ലഭനേ 

എന്നെ നിന്‍കൈകളില്‍

നിന്‍ഹിതം പോലെ പണിയണേ

എന്നാണ് തുടര്‍വരികള്‍. 

2014 നവംബര്‍എട്ടിന് ചിക്കു മരണത്തിലേക്കു വഴി തിരിഞ്ഞുപോയി. പക്ഷേ ഇന്നും യൂട്യൂബിലൂടെയും മറ്റും ചിക്കുവിന്റെ ഗാനവും അനുഭവസാക്ഷ്യവും കേള്‍ക്കുമ്പോള്‍നമ്മുടെ മിഴികള്‍നനഞ്ഞുപോകുന്നു.

സ്‌നേഹിച്ചുലാളിച്ചു വളര്‍ത്തിക്കൊണ്ടുവന്ന പൊന്നോമനമക്കളുടെ മരണം സമചിത്തതയോടെ സ്വീകരിക്കാന്‍എത്ര മാതാപിതാക്കള്‍ക്കു കഴിയുമെന്ന് അറിയില്ല. പക്ഷേ മക്കളുടെ മരണത്തിനു മുമ്പിലും ദൈവത്തെ തള്ളിപ്പറയാതെ മകന്റെ മൃതശരീരത്തിനു മുമ്പില്‍പാട്ടുപാടി ദൈവത്തെ സ്തുതിച്ച ഒരു മഹാനും ഈ കേരളക്കരയിലുണ്ടായിട്ടുണ്ട്. ഒരുപക്ഷേ അങ്ങനെ മറ്റൊരാള്‍ഉണ്ടാവാനും ഇടയില്ല. സാധു കൊച്ചുകുഞ്ഞ് ഉപദേശിയാണത്.  

‘തന്നെക്കാള്‍ഒരു ഭാഗ്യദോഷി വേറെ ആരാനുമുണ്ടോ എന്ന് എന്നെ സ്‌നേഹിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ തോന്നിയിരിപ്പാന്‍വേണ്ടുവോളം വഴികള്‍എന്നെ ചുറ്റിയിരുന്നു’ എന്നാണ് അദ്ദേഹം അതേക്കുറിച്ച് എഴുതിയിട്ടുള്ളത്. ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ മകന്‍ശാമുവേല്‍കുട്ടി മരണാസന്നനായി  അമ്മയുടെ വീട്ടുകാരുടെ ശുശ്രൂഷയില്‍കഴിയുന്നു. ഭക്തി കാരണമാണ് ഈ ദുരന്തങ്ങള്‍സംഭവിച്ചതെന്ന് എല്ലാവരും വിധിയെഴുതി. ശാരീരികപീഡയും മാനസികപീഡയും സാമ്പത്തികക്ലേശവും അദ്ദേഹത്തെ തീവ്രമായി അലട്ടിക്കൊണ്ടിരുന്നു. ശാമുവല്‍കുട്ടിയുടെ ജീവനുവേണ്ടി പ്രാര്‍ത്ഥിച്ചുവെങ്കിലും വലിയ ആഘാതമുണ്ടാക്കിക്കൊണ്ട് കുട്ടി മരിച്ചുപോയി.

ദു:ഖത്തിന്റെ പാനപാത്രം കര്‍ത്താവ് തന്റെ കൈയില്‍തന്നിരിക്കുകയാണെന്ന് കൊച്ചുകുഞ്ഞ് ഉപദേശി തിരിച്ചറിഞ്ഞു. ആ മനസ്സില്‍അപ്പോള്‍ഉരുത്തിരിഞ്ഞ വരികള്‍ഇങ്ങനെയായിരുന്നു.

ദു:ഖത്തിന്റെ പാനപാത്രം കര്‍ത്താവെന്റെ കയ്യില്‍തന്നാല്‍

സന്തോഷത്തോടതുവാങ്ങി ഹാലേലൂയ്യ പാടീടും ഞാന്‍.

ദോഷമായിട്ടൊന്നും എന്നോടെന്റെ താതന്‍ചെയ്കയില്ല

എന്നെയവന്‍അടിച്ചാലും അവനെന്നെ സ്‌നേഹിക്കുന്നു

ഇങ്ങനെ പോകുന്നു തുടര്‍ന്നുളള വരികള്‍..

ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക് എന്ന ചലച്ചിത്രകാവ്യം കണ്ടവരാരും അവസാനരംഗത്ത് കപ്പലിലെ ബാന്‍ഡ് സംഘം ആലപിക്കുന്ന ഒരു ഗാനം മറക്കുകയില്ല. കപ്പല്‍മുങ്ങിത്തുടങ്ങിയിരിക്കുന്നുവെന്നും ഇനി ജീവിതമില്ലെന്നുമുള്ള തിരിച്ചറിവില്‍യാത്രക്കാരെ ശാന്തരാക്കാനും ഒരു പക്ഷേ അവരെ ജീവിതത്തിന്റെ അവസാനവിനാഴികയില്‍ മരണത്തിനൊരുക്കാനുമാണ് സംഘം ആ ഗാനം ആലപിക്കുന്നത്.

നിയറര്‍, മൈ ഗോഡ് റ്റു ദീ.. 

യഥാർഥ ടൈറ്റാനിക് ദുരന്തം നടന്നപ്പോഴും ബാന്‍ഡ് സംഘം ഈ ഗാനമാണ് ആലപിച്ചിരുന്നത്. അത് സിനിമയിലും പകര്‍ത്തുകയായിരുന്നു. 

യഥാര്‍ത്ഥത്തില്‍ഈ ഗാനം പത്തൊന്‍പതാം നൂറ്റാണ്ടില്‍ജീവിച്ചിരുന്ന സാറാ ഫ്ലവര്‍ആദംസ്  എന്ന കവയിത്രി രചിച്ചതാണ്. ബൈബിള്‍ഉല്പത്തിയുടെ 28:11-19 വാക്കുകളില്‍വിവരിച്ചിരിക്കുന്ന യാക്കോബിന്റെ സ്വപ്‌നമാണ് ഇതിന്റെ ഇതിവൃത്തം. ‘ഇതാ ഞാന്‍നിന്നോടുകൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍നിന്നെ കാത്തുരക്ഷിക്കും..’ ഇതാണ് ദൈവം യാക്കോബിനോടു പറയുന്നത്. 

അപ്പോള്‍ യാക്കോബിന്റെ ഭയം മാറുന്നു.തീര്‍ച്ചയായും കര്‍ത്താവ് ഈ സ്ഥലത്തുണ്ട് എന്നാല്‍ഞാന്‍അതറിഞ്ഞില്ല. എന്ന തിരിച്ചറിവിലേക്കു യാക്കോബ് മാറുന്നു. ഈ ബൈബിള്‍ഭാഗമാണ് സാറായുടെ തൂലികയില്‍നിന്ന് നിയറര്‍മൈ ഗോഡ്  റ്റു ദീ എന്ന ഗാനമായത്. മരണത്തെ ശാന്തതയോടെ സ്വീകരിക്കാന്‍ടൈറ്റാനിക് യാത്രക്കാരെ ഈ ഗാനം സഹായിച്ചുവെന്നു കരുതാം. സാറായുടെ സഹോദരി എലീസയാണ്  ഗാനത്തിന് ഈണം നല്കിയത്. പത്രപ്രവര്‍ത്തകനായ ബെഞ്ചമിന്‍ ഫ്ലവറിന്റെ മക്കളായിരുന്നു ഇരുവരും.