Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്.ജാനകി പാടിത്തുടങ്ങിയിട്ട് 60 വർഷം

S Janaki

പ്രതിഭ കൊണ്ട് ആസ്വാദകനെ  വിസ്മയിപ്പിച്ച ഗായിക എസ്.ജാനകി പാട്ടിന്റെ ലോകത്തെത്തിയിട്ട് അറുപതു വർഷങ്ങൾ പൂർത്തിയാകുന്നു.1957 ഏപ്രിൽ നാലിന് എസ്.ജാനകിയുടെ ആദ്യ ചലച്ചിത്ര ഗാനം റെക്കോർഡ് ചെയ്യപ്പെട്ടു. ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിനു വേണ്ടി കരഞ്ഞു കൊണ്ട് പാടിയെങ്കിലും വിധി വിളയാടിയത് കൊണ്ടാകാം ആ ചിത്രം പുറത്തു വന്നില്ല. അതേ വർഷം തന്നെ തമിഴിൽ ‘മഗ്ദലനമറിയം’ എന്ന ചിത്രത്തിലെ ഗാനമാണ് എസ്.ജാനകിയുടേതായി പുറത്തു വന്ന ആദ്യ ചലച്ചിത്രഗാനം. 1957 എസ്.ജാനകി തമിഴ് കൂടാതെ മലയാളം, കന്നഡ, തെലുങ്ക്, സിംഹള എന്നീ ഭാഷകളിലും പാടി. സിനിമയിൽ വന്ന് ആദ്യ വർഷം തന്നെ അഞ്ചു ഭാഷാചിത്രങ്ങളിൽ പാടിയ റെക്കോർഡും എസ്.ജാനകിക്കു തന്നെ. സിനിമയിൽ ഒരു പുതുമുഖത്തിന് ഇത്രയും മികച്ച തുടക്കം ലഭിച്ചത് ലാളിത്യമാർന്ന, തെളിച്ചമുള്ള ശബ്ദത്തിന്റെ മനോഹാരിത കൊണ്ടു മാത്രമായിരുന്നു.

ആദ്യം എസ്.ജാനകി പാടിയത് തമിഴിലാണ്, പിന്നെ തെലുങ്കിലും തുടർന്ന് കന്നഡയിലും സിംഹളത്തിലും മലയാളത്തിലും. തെലുങ്കിൽ നിന്നുമെത്തി തമിഴ് ഉച്ചാരണശൈലി പഠിച്ചതിനേക്കാൾ കഠിനമായിരുന്നു തമിഴിൽനിന്നു മലയാളത്തിലേയ്ക്കുള്ള ഗതിമാറ്റം. സാധാരണ നേരിയ അതിർവരമ്പുകൾ മാത്രമാണ് അയൽഭാഷകൾ തമ്മിലുണ്ടാകുക. എന്നാൽ മലയാളം തികച്ചും വ്യത്യസ്തമായിരുന്നു. കഷ്ടപ്പെട്ട് ഭാഷ പഠിക്കുവാൻ ജാനകി തയാറായി. അതിനായി ഗാനരചയിതാക്കളെയും സംവിധായകരെയും ചെന്നു കണ്ട് ഉച്ചാരണം മനസ്സിലാക്കിയെടുത്തിരുന്നു. മലയാളം ജാനകിക്ക് അങ്ങനെ വഴങ്ങി. വരികളോരോന്നും മാതൃഭാഷയായ തെലുങ്കിൽ എഴുതിയെടുത്ത് പഠിച്ചാണ് ജാനകി ഓരോ പാട്ടും പാടുന്നത്. അതുകൊണ്ടു തന്നെ ആ പാട്ടുകൾ ഇന്നും മികവോടെ തിളങ്ങി നിൽക്കുന്നു. 

കേരള ആർട്സിന്റെ ബാനറിൽ പുറത്തുവന്ന ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിനു വേണ്ടി ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ.. കരൾ നീറുകയോ എൻ വാഴ്‌വിൽ…’ എന്ന ഗാനമാണ് എസ്.ജാനകിയുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട ആദ്യ മലയാളഗാനം. എ.വി.എം സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്ങ്. പി.എൻ. ദേവിന്റെ വരികൾക്ക് ഈണം പകർന്നത് എസ്.എൻ ചാമി. ഉപയോഗിക്കുവാനും ഉച്ചരിക്കുവാനും ഏറെ ബുദ്ധിമുട്ടുള്ള ഭാഷയാണ് മലയാളമെന്നാണ് പൊതുവേ പറയാറുള്ളതെങ്കിലും ഇതുവരെ ജാനകിയുടെ ഉച്ചാരണത്തിൽ പ്രശ്നമുള്ളതായി ആരും അഭിപ്രായപ്പെട്ടിട്ടില്ല. മലയാളഭാഷ അറിഞ്ഞ് പരിശീലിച്ച് നല്ല ഉച്ചാരണത്തിലുള്ള പാട്ടുകൾ മധുരമായി ജാനകിയമ്മ പാടിത്തന്നുവെന്ന് പറയുന്നതാകും ശരി.

മലയാളത്തിൽ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പം എസ്.ജാനകി പാടി. വി.ദക്ഷിണാമൂർത്തി, എം.എസ്.ബാബുരാജ്, കെ.രാഘവൻ, ബ്രദർ ലക്ഷ്മണൻ, ബി.എ.ചിദംബരനാഥ്, എം.ബി.ശ്രീനിവാസ്, ആർ.കെ.ശേഖർ, പുകഴേന്തി, ജി.ദേവരാജൻ, എം.എസ്.വിശ്വനാഥൻ, എ.ടി.ഉമ്മർ, സലിൽ ചൗധരി, ലക്ഷ്മികാന്ത് പ്യാരേലാൽ, പി.എസ്.ദിവാകർ, എൽ.പി.ആർ വർമ, രംഗനാഥൻ, ശങ്കർ ഗണേഷ്, ജിതിൻ ശ്യാം, ശ്യാം, ഇളയരാജ, ജോൺസൺ, രവീന്ദ്രൻ തുടങ്ങിയവർ. 

എസ്.ജാനകി മലയാളിക്കു സ്വന്തമാണ്, ജാനകിയമ്മയെ മലയാളത്തിന്റെ ദത്തുപുത്രിയെന്നു തന്നെയാണ് വിളിക്കുന്നതും. 1981ൽ ഓപ്പോളിലെ ‘ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്... എന്ന ഗാനത്തിലൂടെ ആദ്യമായി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മലയാളത്തിലേക്കെത്തി. മലയാളികളുടെ സ്നേഹം ജാനകിയമ്മയ്ക്കു സന്തോഷമാണെന്ന് എത്രയോ തവണ പറഞ്ഞിരിക്കുന്നു. ‘കേരളത്തിൽ വരുമ്പോൾ എന്റെ സ്വന്തം നാട്ടിൽ വന്നപോലെ തോന്നും. എല്ലാവരും എനിക്കു സ്നേഹം തരുന്നു അതാണ് ഏറ്റവും വലിയ സന്തോഷം’-  ജാനകിയമ്മ പറയുമ്പോൾ അമ്മയുടെ സ്വരത്തിനു ഗദ്ഗദം. ‘ചിലർ ഓടിവന്ന് കെട്ടിപ്പിടിക്കും ആരാണെന്ന് എനിക്കറിയില്ല. അത് അവരുടെ സ്നേഹമാണ്.’ പാട്ട് ഈശ്വരൻ തന്ന നിധിയാണെന്ന് ജാനകിയമ്മ പറയും. ഒരു ഡോക്ടർക്കു വേറൊരാളെ ആശ്വസിപ്പിക്കണമെങ്കിൽ മരുന്നു വേണം, പാട്ടുള്ളയാൾക്ക് അതുമാത്രം മതി. മറ്റുള്ളവരെയെല്ലാം സന്തോഷിപ്പിക്കുകയാണ് പാട്ട് വരമായി ലഭിച്ചവർ ചെയ്യേണ്ടത്. നമ്മളല്ല പാടുന്നത്, നമ്മുടെയുള്ളിലിരുന്ന് ഈശ്വരൻ പാടുന്നു- അങ്ങനെ പറയാനാണ് ജാനകിയമ്മയ്ക്കു ഇഷ്ടം.

Your Rating: