Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പാട്ടുകൾ സൂപ്പറാണ്!പരസ്യങ്ങളും

super-jingles

കണ്ണടച്ചു തുറക്കും മുന്‍പേ കടന്നുപോകുന്ന സംഗീതം... ചില പരസ്യങ്ങൾക്കൊപ്പമുള്ളത് അക്കൂട്ടത്തിലുള്ള ഈണങ്ങളാണ്. പക്ഷേ മനസിനുള്ളിൽ കാലങ്ങളോളം അവ താളം പിടിച്ചു നിൽക്കും. വെറുതെയിരിക്കും നേരമുള്ള മൂളിപ്പാട്ടുകളായും കളിനേരങ്ങളിലെ രസപ്പാട്ടുകളായും കൂട്ടുകാർക്കൊപ്പം കടലോരങ്ങളില്‍ ഇളകിമറിയും നേരമെത്തുന്ന ആവേശമായുമെല്ലാം മാറിയ ജിംഗിളുകൾ. മറവികളുടെ കൂട്ടത്തിലേക്ക് അവയൊരിക്കലും പോകുകയേയില്ല. ലോക സംഗീതത്തിൽ‌ വിപ്ലവം കുറിച്ച പല സംഗീതജ്ഞരുടെയും തുടക്കം ജിംഗിളുകളായിരുന്നു. കാൽപനികതയ്ക്കപ്പുറം സാങ്കേതികതയുടെ ഇന്നലെകളിലേക്കൊരു തിരിഞ്ഞുനോട്ടത്തിലേക്കും നമ്മെ കൊണ്ടുപോകും ആ പാട്ടുകൾ.

പെപ്സി എന്ന ഉൽപന്നത്തിനോട് അന്നും ഇന്നും ഒരു വലിയ ഭൂരിപക്ഷത്തിന് എതിർപ്പു തന്നെയാണ്. എന്നാലും പെപ്സിയുടെ പരസ്യത്തിലുള്ള ആ പാട്ടിനോട് അന്നും ഇന്നും ഒരേയിഷ്ടം. ഷാരുഖ് ഖാനും റാണി മുഖർജിയും കജോളും ആയിരുന്നു ആ പരസ്യത്തിലുണ്ടായിരുന്നത്. നടുറോഡിൽ നിന്ന് പെപ്സിയും കുടിച്ച് അവർ ആടിപ്പാടുന്ന ആ പരസ്യവും പാട്ടും ഇന്നും നമ്മുടെ ഓർമയിലുണ്ട്.

എന്നും എന്നും ഓർത്തിരിക്കുന്ന പരസ്യ ഗാനങ്ങൾ മൊബൈൽ ഫോൺ കമ്പനികളുേടയും ടെലികോം ദാതാക്കളുടേതുമാണ്. നോക്കിയയും എയർടെലും വൊഡാഫോണും പരസ്യങ്ങളുമായെത്തിയത് ആദ്യ കാഴ്ചയില്‍ തന്നെ നമ്മെ കീഴ്പ്പെടുത്തിക്കളയുന്ന സംഗീതവുമായാണ്.

എയർടെലിന്റെ ആദ്യ കാല പരസ്യങ്ങളിലൊന്നായ ഹർ ഏക് ഫ്രണ്ട് സരൂരി ഹോതാ ഹെ അങ്ങനെയുള്ളൊരെണ്ണമാണ്. മൊബൈല്‍ ഫോണുകളുടെ സാധ്യത ഇത്ര കണ്ട് വിശാലമാകാത്ത കാലത്തിറങ്ങിയ പരസ്യത്തിലെ ഗാനം പാടിയത് സൗഹൃദത്തിന്റെ ചേർത്തുനിർത്തലിനെ കുറിച്ചാണ്. അമിതാഭ് ഭട്ടാചാര്യ എഴുതിയ വരികൾക്ക് രാം സമ്പത്ത് ആണ് ഈണമിട്ടത്.

കാലം എത്ര കടന്നാലും മങ്ങാത്ത സൗഹൃദത്തിന്റെ നന്മയെ കുറിച്ചാണ് എയർടെല്‍ ടെലിവിഷന്റെ പരസ്യവും. കുഞ്ഞുനാളിലെ പിരിഞ്ഞ സുഹൃത്തിനെ കണ്ടുപിടിക്കാൻ ഒരാൾ നടത്തുന്ന യാത്രയാണ് പരസ്യത്തിലുള്ളത്. പക്ഷേ വിചാരിച്ചതു പോലെയല്ല പരസ്യത്തിന്റെ ക്ലൈമാക്സ് വന്നത്. ഏറെ രസം തോന്നിയ ആ രംഗം പോലെയായിരുന്നു സെയ്ഫ് അലിഖാനും കരീന കപൂറും അഭിനയിച്ച പരസ്യത്തിലെ പാട്ടും.

എ.ആർ റഹ്മാനെ കുറിച്ചോർക്കുമ്പോള്‍ ആദ്യം മനസിൽ പൂത്തുവിടരുന്ന ഈണപ്പൂക്കളിലൊന്ന് ഒരു പരസ്യത്തിന്റേതാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാകും. ലോകത്ത് ഏറ്റവുമധികം പ്രാവശ്യം ഡൗൺലോഡ് ചെയ്യപ്പെട്ട പരസ്യ ജിംഗിളാണിത്. എയർടെലിന്റെ ഏറ്റവും പ്രശസ്തമായ ട്യൂൺ. എ.ആർ.റഹ്മാൻ എന്ന പേര് അന്താരാഷ്ട്ര തലത്തില്‍ ആദ്യമെത്തിച്ച സൃഷ്ടികളിലൊന്നാണിത്. 

ലോകത്തിന്റെ നന്മയേയും രസക്കാഴ്ചകളേയും കുറിച്ചായിരുന്നു വോഡഫോണിന്റെ പരസ്യങ്ങളിലെ പാട്ടുകള്‍. പഗ് വിഭാഗത്തിലുള്ള നായക്കുട്ടിയുമൊത്തുള്ള പരസ്യങ്ങളും അതിലെ പാട്ടുകളുമെല്ലാം ഹൃദയം തൊടുന്നതായിരുന്നു. ആ നായക്കുട്ടിയുടെ നിഷ്കളങ്കതയെ നമ്മളിന്നും മറന്നിട്ടില്ല. അതുപോലെ തന്നെയാണ് ഈ സുന്ദരമായ ലോകത്തെ ഞാനും നീയും എന്നു പാടിയ പാട്ടും. വൊഡാഫോണിന്റെ മറ്റൊരു പരസ്യവും ഇതുപോലെ തന്നെ പ്രിയപ്പെട്ടതായി. സൗഹൃദത്തെ കുറിച്ചു പാടിയ പാട്ട് അന്നത്തെ കലാലയങ്ങളിലും സ്കൂൾ മൈതാനങ്ങളിലുമൊക്കെ പിള്ളേർ പാടി നടന്നിരുന്നു.

ഹീറോ ഹോണ്ടയുടെ പരസ്യത്തിലെ ഗാനത്തിനും സംഗീതം എ.ആർ. റഹ്മാന്റേതാണ്. വേഗതയുടെ ത്രസിപ്പിനെ കുറിച്ച് പാടിയ പാട്ട് ഹോണ്ടയുടെ വാഹനങ്ങൾക്ക് നൽകിയ കുതിപ്പ് ചെറുതല്ല. ഇന്നും ഇരുചക്ര വാഹനം ഓടിക്കുമ്പോൾ മനസിലേക്കോടിയെത്തുന്ന ചെറുപാട്ടുകളിലൊന്നും ഇതുതന്നെ.

അമുൽ എന്നാൽ ഇന്ത്യയുടെ നന്മ എന്നാണ് അർഥം. ദി ടേസ്റ്റ് ഓഫ് ഇന്ത്യ എന്ന ടാഗ് ലൈനോടു കൂടിയെത്തിയ അമൂലിന്റെ ഉൽപ്പന്നങ്ങളെ കുറിച്ചുള്ള പരസ്യം ഇന്ത്യയുടെ ആത്മാവു തൊട്ട സൃഷ്ടികളിലൊന്നാണെന്ന് നിസംശയം പറയാം. രാജ്യത്തിന്റെ വളർച്ചയുടേയും മുന്നേറ്റത്തിന്റെയും ഒരു പടവിനെ ഓർമ്മിക്കുന്ന പരസ്യം കാണുമ്പോൾ അഭിമാനം തോന്നും. അമൂലിന്റെ പാൽപ്പൊടിയും പേടയും വെണ്ണയുമെല്ലാം നാവിലലിഞ്ഞിറങ്ങുന്നേരത്തെ സുഖം തന്നെയാണീ പാട്ടു കേൾക്കുമ്പോഴും തോന്നുക. ഗുജറാത്ത് സഹകരണ ക്ഷീരവിപണന ഫെഡറേഷന് കീഴിലെ ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡിന്റെ ചുരുക്കപ്പേരാണ് അമുല്‍. പാലും പാലുൽ‌പന്നങ്ങളുമായി ഇന്ത്യയുടെ ആത്മാവിൻ താളുകളിലൊന്നായി മാറിയ അമുൽ പോള്‍ക്കാ കുത്തുകളുള്ള ഫ്രോക്കണിഞ്ഞ് വെണ്ണ തിന്നുന്ന കുട്ടിയുടെ ചിത്രമായിരുന്നു അമുലിന്റെ മുഖചിത്രം. വർഷം അമ്പതിലേറെ പിന്നിട്ടെങ്കിലും അമുൽ എന്നാൽ‌ ആദ്യം ഓർമയിലോടിയെത്തുന്നത് ഈ കുഞ്ഞിപ്പെണ്ണു തന്നെ. അതുപോലെ തന്നെയാണു അമുൽ ഉൽപന്നങ്ങളുടെ പ്രചരണത്തിനായി ആവിഷ്കരിച്ച പരസ്യ ചിത്രങ്ങളും അതിനൊപ്പമുള്ള പാട്ടിനോടുമുള്ള നമ്മുടെ ഇഷ്ടവും. ഇന്നും മറന്നിട്ടില്ല, മറക്കുകയുമില്ല ആ രുചിയും പാട്ടും. അമുലിന്റെ പ്രചരണത്തിനെത്തിയിട്ട് അമ്പത് വര്‍ഷങ്ങളാണ് പിന്നിട്ടിരിക്കുന്നത്.1966ലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരോത്പാദന ബ്രാന്‍ഡായ അമുലിന്റെ പ്രചരണത്തിനായി അമുല്‍ ഗേള്‍ പിറന്നത്.

തേരോടിക്കുന്ന കഴുത, അടികൊണ്ട് തേര് വലിക്കുന്ന കുരങ്ങച്ചൻ. മിഠായി കഴിച്ചതിനു പിന്നാലെ കുരങ്ങച്ചൻ ചാടുന്നു ഓടുന്നു മുൻപേ പോയ മറ്റു മൃഗങ്ങളുടെയെല്ലാം മെക്കിട്ടു കേറി രാജാവായി മനുഷ്യനായി പരിണമിക്കുന്നു. തന്നെ അടിച്ച കഴുതയ്ക്കിട്ടൊരു ചവിട്ടും കൊടുത്ത് തന്റെ തേര് വലിപ്പിക്കുന്നു. മെന്റോസിന്റെ ഈ പരസ്യം ഒരു ചിത്രകഥ പോലെയായിരുന്നു. അതിനൊപ്പമുള്ള കുരുത്തംകെട്ട താളം അന്നും ഇന്നും പിള്ളേരുടെ പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് തൊണ്ണൂറുകളിലെ ബാല്യത്തിന്.

അയാ നയാ ഉജാല...എന്ന പാട്ട് സിനിമാ ഗാനം പോലെ നമ്മൾ പാടി നടന്നതാണ്. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതു പോലെയാണ് ജ്യോതി ലബോറട്ടറീസിന്റെ ഉജാല എന്ന ഉൽപന്നത്തെ കാലങ്ങളായി സാധാരണക്കാർ വീട്ടിലേക്ക് ആനയിക്കുന്നത്. അത്രയധികം ജനകീയത ഈ ഉൽപ്പന്നത്തിനു ലഭിച്ചതിൽ അയാ നയാ ഉജാല എന്ന പരസ്യഗാനത്തിനുള്ള പങ്ക് ചെറുതല്ല. 

വെള്ള ഫ്രോക്ക് അണിഞ്ഞ് തലയിൽ റിബൺ കെട്ടിയൊരു കുഞ്ഞുമിടുക്കി. അവൾ ആടിപ്പാടി നിൽക്കുന്നൊരു ചിത്രം. ഏത് ഉൽപ്പന്നത്തിന്റേതാണീ ചിത്രം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. വാഷിങ് പൗഡർ നിർമ...എന്ന പാട്ടും ഈ ചിത്രം പോലെ അവിസ്മരണീയമാണ്. 

പ്രായം എത്ര ചെന്നാലും ചിലരുടെ മുഖത്തിന് മൃദുത്വം മാറുകയേയില്ല. അത് തങ്ങളുടെ പൗഡർ ഉപയോഗിക്കുന്നതു കൊണ്ടാണെന്നാണ് പോൺ‌സ് പൗഡര്‍ കമ്പനിയുടെ വാദം. പൗഡർ ഇട്ടാൽ സൗന്ദര്യം കൂടുമെന്ന അവകാശ വാദത്തോടെ കാലങ്ങളായി അവർ നിരവധി പരസ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഈ പാട്ടാണ് അക്കൂട്ടത്തിൽ ഒരുപാട് പ്രിയപ്പെട്ടതായത്. 

നിറമില്ലാത്ത ചുവരുകളോട് നമുക്കധികം ഇഷ്ടമില്ല. ചുവരിനേതു നിറം എന്നതറിയാനും കാണാനും വല്ലാത്ത കൗതുകവുമാണ്. നമ്മളൊരുപാട് സ്നേഹിച്ച പരസ്യങ്ങളുടെ കൂട്ടത്തിൽ മുൻനിരയിൽ തന്നെയുണ്ട് പെയിന്റുകളെ കുറിച്ചുള്ള പരസ്യങ്ങളും. നെറോലാകിന്റെ പരസ്യത്തിൽ ഷാരുഖ് ഖാൻ ആടിപ്പാടുന്ന ആ താളത്തെ ഇന്നും നമ്മൾ മറന്നിട്ടുമില്ല. ഷാരുഖിനൊപ്പം ആടിപ്പാടുന്ന പാറിപ്പറന്ന് പൊങ്ങിനിൽക്കുന്ന ചുരുളൻ മുടിയുള്ള കുട്ടിയും മുത്തശ്ശിയും വെള്ളരിപ്രാവുകളും ഒന്നിനേയും മറന്നിട്ടില്ല. 

സെക്കന്റുകൾ കൊണ്ട് ഏറിയാൽ വിരലിലെണ്ണാവുന്ന മിനുറ്റുകൾക്കുള്ളിൽ ഒരു ആശയത്തെ ലോകത്തോടും വളരെ ശക്തമായി സംവദിക്കുക എന്നതാണ് പരസ്യങ്ങളുടെ ഉദ്ദേശം. വാക്കുകൾക്കൊപ്പം സംഗീതവും അത്രയേറെ ജീവസുറ്റതാകണം. ഒരുപാട് ചിന്തകളിൽ നിന്ന് കാച്ചിക്കുറുക്കിയെടുക്കുന്നവയാണ് അവയെന്നു സാരം. അതുകൊണ്ടാണ് അക്കൂട്ടത്തിലെ ഏറ്റവും മികവുറ്റവയെ നമ്മൾ മറക്കാത്തതും.