Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെയ് മാദം : പെൺ സ്വാതന്ത്ര്യത്തിന്റെ പാട്ടുകൾ

may-madham-movie-song

വീടിന്റെ അടച്ചിട്ട ചുമരുകൾക്കപ്പുറം വലിയൊരു ലോകമുണ്ട്. ചിറകുകൾ നിവർത്തി അതിരുകളില്ലാതെ പറക്കാൻ എപ്പോഴും മോഹിപ്പിക്കുന്ന ഒരു ലോകം. പക്ഷെ ഈ സഞ്ചാരം ഒരു പെൺകുട്ടിയ്ക്ക് എത്രമാത്രം കഴിയും? സമൂഹം വച്ച അതിരുകൾക്കുമപ്പുറം എത്രമാത്രം ഉയരങ്ങൾ കൊതിച്ചാലും താലിയുടെയും സിന്ദൂരത്തിന്റെ ചുറ്റുമതിലുകൾ വിലങ്ങു തീർക്കുമ്പോൾ ഒരു പെൺകുട്ടിയ്ക്ക് എന്ത് ചെയ്യാനാകും? പലപ്പോഴും വിധി തീർക്കുന്ന തടവറയ്ക്കുള്ളിൽ ഒതുങ്ങി, ആരും കാണാതെ കരഞ്ഞു പല പെൺകുട്ടികളും ജീവിതം തീർക്കും. പക്ഷെ എല്ലാ ചങ്ങലകളും അറുത്തെറിഞ്ഞു ഒരിക്കൽ പറക്കാൻ കഴിഞ്ഞാലോ? സന്ധ്യയ്ക്കും അത് തന്നെയായിരുന്നു ആഗ്രഹം. കൂടു വിട്ടു അകലങ്ങളിലേക്ക് പറക്കുക. ഏറ്റവും സ്വതന്ത്രമായി പെണ്ണത്തത്തിന്റെ ഭാരങ്ങളേതുമില്ലാതെ കാഴ്ചകൾ കണ്ടു തീർക്കുക. 

മാർഗഴി പൂവിനോട് ചങ്ങാത്തം കൂടി നടക്കുന്ന ഈ പെണ്ണും പാടുന്നത് അതാണ്. സ്വാതന്ത്ര്യത്തിന്റെ രാഗം. മാർഗ്ഗഴി മാസത്തിൽ വിരിയുന്ന പൂവിനോട് എന്താകും അവൾക്ക് പറയാനുണ്ടാവുക? മഞ്ഞുമാസത്തിലെ പൂക്കളുടെ വിശുദ്ധിയിൽ അവൾക്ക് പ്രകൃതിയുടെ സ്പന്ദനങ്ങളിൽ അലിഞ്ഞു ചേരാൻ തന്നെയാണ് ഇഷ്ടം. ഡിസംബറിലെ പൂക്കളോടു അവയുടെ മടിത്തട്ടിന്റെ സ്നേഹം തന്നെയാണ് ആ പെൺകുട്ടി ആവശ്യപ്പെടുന്നതും.

"Margazhi Poovae Margazhi Poovae

Unmadi Maelae Oaridam Vaendum

Methaimael Kangal Moodavum Illai

Unmadi Saernthal Kanavugal Kollai ..."

തലയിണയുടെ സ്നേഹത്തിൽ മുഖമമർത്തി കിടക്കുമ്പോഴും പൂക്കളുടെ മടിയിലെ സ്വപ്നങ്ങളിൽ അവൾ കുളിർന്നു വിറച്ചു. കനവുകൾ കണ്ടിടത്തൊക്കെ ചിറകുകളില്ലാതെ ഓടി നടന്നു. പക്ഷികുഞ്ഞിന്റെ തൂവലുകൾ വിടർത്തി ഇടയ്ക്ക് സ്വയമൊതുക്കി കൂട്ടിൽ തനിച്ചിരുന്നു. ഒറ്റപ്പെടൽ ഒരിക്കലും അവളെ ബാധിച്ചതേയില്ല. ചുറ്റും നിറയെ സ്നേഹം തുളുമ്പുന്ന പ്രകൃതിയുടെ മുഖങ്ങൾ ഉള്ളപ്പോൾ എങ്ങനെ ഒറ്റപ്പെടണം എന്നാണു! രാത്രിയിൽ അലയാനും മുയലിനെ പോലെ ഓടി നടക്കാനും കാലം അവൾക്ക് മനുഷ്യന്റെ രൂപം നല്കാതിരുന്നെങ്കിൽ എന്ന് ചിലപ്പോൾ തോന്നും. എത്രെയെളുപ്പമാണോ ഒരു മനുഷ്യന് ഇത്തരത്തിൽ അലയാൻ.. അതും കാലം തെറ്റിയ കാലത്ത് ഒരു പെൺകുട്ടിയ്ക്ക്...!!!

മെയ് മാദം എന്ന സിനിമ 1994 ൽ പുറത്തിറങ്ങുമ്പോൾ വിനീത്, സൊനാലി കുൽക്കർണി എന്നിവരുടെ ജോഡി വളരെയധികം ഹിറ്റായി മാറിയിരുന്നു. വീടിനുള്ളിലെ ഇത്തിരിയിടത്തിൽ നിന്നും പുറത്തെ ഹൃദയം തുറന്നു ശ്വസിക്കാൻ കഴിയുന്ന ഒരു ലോകത്തിലേക്കുള്ള നായികയുടെ ഒളിച്ചോട്ടം പറയുന്ന കഥ അത്ര എളുപ്പമായിരുന്നില്ല പരമ്പരാഗത പ്രേക്ഷകരെ ഇഷ്ടപ്പെടുത്താൻ. ടോളിവുഡ് നായികമാരുടെ ഗ്ളാമർ വേഷമായിരുന്നില്ല സൊനാലി ചെയ്തത്, അൽപ്പം ഇരുണ്ട, വായാടിയായ ഒരു നാടൻ പെൺകുട്ടിയുടെ വേഷത്തിൽ സൊനാലി തിളങ്ങുമ്പോൾ നായികയ്ക്ക് ഒപ്പം എത്തുന്നില്ലെങ്കിലും പലയിടങ്ങളിലും വിനീത് മോശമില്ലാതെ തന്നെ പിടിച്ചു നിൽക്കാൻ ശ്രമിച്ചു. സിനിമയിലെ വലിയ ഹൈലൈറ് മാസ്റ്ററോ എ ആർ റഹ്‌മാന്റെ സംഗീതം തന്നെയാണ്.

വൈരമുത്തുവിന്റെ വരികളിൽ എ ആർ സംഗീതം അദ്‌ഭുതം തീർക്കുന്നത് ഈ പാട്ടു കേൾക്കുമ്പോഴാണെന്നു തോന്നിപ്പോകും..

"en mael vizhundhdha mazhaith thuLiyae 

ithanai naaLaay enggirundhdhaay 

indRu ezhudhiya en kaviyae 

ithanai naaLaay enggirundhdhaay "

എവിടെയാണ് ഒരു പ്രണയം ഒളിച്ചു വയ്ക്കപ്പെടുന്നത്? എത്രനാൾ തേടി നടന്ന ഒരു പ്രണയം മുന്നിൽ വന്നു നിൽക്കുമ്പോൾ അതിന്റെ വിശുദ്ധി എങ്ങനെ തിരിച്ചറിയപ്പെടും?എത്ര നാളുകളായി തിരഞ്ഞു നടന്ന ആൾ ഉള്ളിൽ എന്നേ ഉണ്ടെന്നറിയാതെ എവിടെയൊക്കെയോ തിരഞ്ഞു നടന്നിരുന്നു. ഓരോ കാറ്റിനാൽ ഉണർത്തപ്പെടുമ്പോഴും ഓരോ ഹൃദയം തൊടുന്ന പാട്ടിനാൽ തൊടുമ്പോഴും ഈ പ്രണയം കണ്ടെത്തിയതേയില്ലായിരുന്നുവല്ലോ. എത്ര ആഗ്രഹിച്ചിട്ടും മുന്നിൽ വരാൻ കൂട്ടാക്കാതിരുന്ന പ്രിയമുള്ളൊരാൾ ഇപ്പോൾ കൈവിരൽ അകലത്തിൽ... ഹൃദയത്തിനുള്ളിലും ആത്മാവിന്റെ നിശബ്ദമായ താഴ്വരകളിലും കേൾക്കുന്ന സംഗീതത്തിലുമിരുന്നു അയാൾ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു... 

വീട്ടിൽ നിന്ന് ആരോടും പറയാതെ ഇറങ്ങി വന്നഒരുവൾക്ക് എപ്പോഴായാലും ഒരിക്കൽ തിരികെ വിട്ടിറങ്ങിയ കൂട്ടിലേക്ക് ചെന്നേ മതിയാകൂ. അതുപക്ഷേ ആരെയൊക്കെയാകും തകർത്തു കളയുക. വഴിവക്കിൽ നിന്ന് അവൾ കണ്ടെടുത്ത പ്രണയത്തെ അതെങ്ങനെ ഒക്കെ ആകും മുറിവേൽപ്പിക്കുക. എത്ര ദൂരം പോയാലും അവൾ തിരികെ വരുമെന്ന വാക്കിന് മേൽ ഹൃദയം കൊരുത്തു അവൻ കാത്തിരിക്കുന്നു.. കുറെ ദൂരെ, അവൻ കനത്ത ഒരിടത്ത് അവളും പിന്നീട് ചിരിക്കനാകാതെ കാത്തിരിപ്പിലാണ്.

"Minnale Nee Vanthathenadi

En Kannile Oru Kaayamennadi

En Vaanile Nee Maraindhupona Maayam Ennadi

Sila Nazhighai Nee Vanthu Ponathum

En Maaligai Athu Venthu Ponathe

Minnale En Vaanam Unnai Theduthe " 

പ്രതീക്ഷകളുടെയും സ്നേഹത്തിന്റെ വലിയൊരു മിന്നൽ പിണർ പോലെ വന്നവൾ അതുപോലെ തന്നെ നിമിഷ നേരം കൊണ്ട് ഇല്ലാതായപ്പോൾ... അവന്റെ ഹൃദയമാകുന്ന ആകാശം ഓരോ നിമിഷവും അവളാകുന്ന മുറിവിനെ പ്രതീക്ഷിച്ചു കൊണ്ടേയിരുന്നു. വരും എന്ന തോന്നൽ മാത്രം എപ്പോഴും ബാക്കിയാകുന്നു. എസ് പി ബാല സുബ്രഹ്മണ്യത്തിന്റെ ശബ്ദത്തിൽ എ ആർ സംഗീതം വിഷാദ മൂകമായി ഹൃയത്തിൽ ഈശ്വറിനെയും സന്ധ്യയെയും പോലെ മുറിവുകളുണ്ടാക്കും. പ്രിയമുള്ള ഒരാളെ അറിയാതെ ഓർത്തു നെഞ്ചു നൊന്തു പോകും.

"Madrasa Suthi Paakka Poraen

Marinaavil Veedu Katta Poraen

Light Housil Eri Nikka Poraen

Naan Mangaathaa Rani Pola Vaaraen

Light Housil Eri Nikka Poraen

Naan Mangaathaa Rani Pola Vaaraen

Madrasa Suthi Paakka Poraen

Marinaavil Veedu Katta Poraen

Light Housil Eri Nikka Poraen

Naan Mangaathaa Rani Pola Vaaraen "

നാടൻ ഗ്രാമത്തിന്റെ വിശുദ്ധിയിൽ നിന്നും ഉലകം ചുറ്റാനിറങ്ങിയ ഒരു പെണ്ണിന്റെ മോഹങ്ങൾ അത്രമാത്രം വലുതായിരുന്നു. സ്വന്തം സ്വാതന്ത്ര്യം സ്വയം നേടിയെടുക്കാൻ കഴിവുള്ളവളാണ് അവൾ. മദ്രാസ് എന്ന മഹാ നഗരത്തിന്റെ വിരിമാറിലേയ്ക്ക് ഭയപ്പാടുകൾ ഏതുമില്ലാതെ കടന്നു ചെല്ലുമ്പോൾ നഗരം അവൾക്കു മുന്നിൽ തുറന്നു മലന്നു കിടക്കുന്നു. ഗ്രാമത്തിന്റെ പാതയോരങ്ങളിൽ പൂക്കളെ കണ്ടു അവൾ കണ്ട സ്വപ്നങ്ങളിലേക്ക് നഗരത്തിന്റെ ആർഭാടവും സ്വാഭാവികമായി കടന്നെത്തുന്നുണ്ട്. വൈരമുത്തുവിന്റെ വരികൾ പഴയ മദിരാശി പട്ടണത്തിന്റെ ശ്വാസങ്ങൾ പിടിച്ചെടുക്കുന്നുണ്ട്. അവിടുത്തെ തെരുവുകളിൽ ആഘോഷിക്കപ്പെടുന്നുണ്ട്. ആദ്യമായി നഗരം കാണാനെത്തിയ ഒരു സ്ത്രീയുടെ മോഹങ്ങൾ വളരെ രസകരമായി വരികൾ പറഞ്ഞു പോകുന്നു. എ ആറിന്റെ മാന്ത്രിക വിരലുകൾ ആഘോഷത്തിന്റെ രസ ചരട് പൊട്ടാതെ ആ ഗാനം ആസ്വാദ്യമാക്കി തീർക്കുകയും ചെയ്യുന്നു. 

ആഘോഷത്തിന്റെ മറ്റൊരു ഗാനമാണ് ആടി പാട് മങാത്ത എന്ന ഗാനം. കാഴ്ചയ്ക്ക് പ്രാമുഖ്യമുള്ള പാട്ടാണിതെന്നും പറയാം. നൃത്തത്തിന്റെയും നിറങ്ങളുടെയും ലയനം.

"Aadi Paaru Mankaathaa

Enna Vanthu Aada Sonnathu Calcutta

Heartin Aaru Jeyichacha

Jeyikkira Spidu Elu Engaathaa

Ettu Maadi Veedu Katta Kotta Pokuthadi Notu

Naan Thottathellam Vetri Aahum Vanthu Podu Ootu "

താൻ ചെന്ന് പെട്ടത് സ്ത്രീ ശരീരങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഇടത്തിലാണെന്നറിയാതെ സന്ധ്യയുടെ ഉന്മാദ നൃത്തം കാഴ്ചയെ സ്വാധീനിക്കുന്നതാണ്. വരികൾക്കുള്ള പ്രാമുഖ്യവും നൃത്തത്തിന്റെ ഉന്മാദ തലത്തെ സൂചിപ്പിക്കുന്നുണ്ട്. 

നായികാ പ്രാധാന്യമുള്ള ചിത്രമാണ് മെയ് മാദം. അവളുടെ സ്വാതന്ത്ര്യം ആഘോഷമാകുമ്പോൾ തന്നെ നായകനായ ഈശ്വറിന്റെ സ്വഭാവവും ഒരു ഗാനത്തിൽ ചിത്രീകരിക്കുന്നുണ്ട്. സ്ഥായിയായ എ ആർ ശൈലി ഇതിലുമുണ്ട്. 

"Paalakkaattu Machaanukku.. 

Paattunna Usuru.. 

Paattu Satham Kaettu Puttaa.. 

Mathadellaam Kosuru.. "

നിറമുള്ള ലഹരിയുടെയും പതഞ്ഞൊഴുകുന്ന യൗവ്വനത്തിന്റെയും ആഘോഷം ഒരിക്കലും അവസാനിക്കുന്നതേയില്ല എന്നോർമ്മിപ്പിക്കുന്നു ഈ ഗാനം.എ ആറിന്റെ സ്വരവും ഈ ഗാനത്തിന് അഴകായി ഒരു വശത്തുണ്ട്.  ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ ഈ ഗാന ചിത്രീകരണം സ്വാഭാവികമായും ഒരു ചോദ്യമുയർത്തും, ആഘോഷങ്ങൾ എന്ന സ്വാഭാവിക ആൺ മേൽക്കോയ്മയുടെ അനുഭവങ്ങളിൽ നിന്ന് കൊണ്ട് സന്ധ്യ എന്ന പെൺകുട്ടിയുടെ മോഹങ്ങളിലേയ്ക്ക് അപ്പോൾ വളരെ പെട്ടെന്ന് കാഴ്ചക്കാരന് ചായാനും കഴിയും. സ്വാതന്ത്ര്യം എന്നത് ആണിനും പെണ്ണിനും ഒരുപോലെ ആസ്വദിയ്ക്കാൻ കഴിയുന്നതാണെന്നും ബാലു സംവിധാനം ചെയ്ത ഈ ചിത്രം പറഞ്ഞു വയ്ക്കുന്നു. എത്രയോ സ്ത്രീകളുടെ സ്വപ്നങ്ങളിലേക്കാണ് സന്ധ്യ എളുപ്പത്തിൽ നടന്നു കയറിയത്....!!!