Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസിലിപ്പോഴുമൊരു കിലുക്കമായി ഈ ഈണങ്ങൾ...

kilukkam-malayalam-movie-songs

മോഹൻലാൽ എന്ന പ്രതിഭയുടെ മറ്റൊരു വേറിട്ട അഭിനയ തലമായിരുന്നു 1991  ൽ പുറത്തിറങ്ങിയ "കിലുക്കം" എന്ന ചിത്രം. സിനിമ പറഞ്ഞു പോയത് മോഹൻലാൽ കഥാപാത്രമായ ജോജിയുടെയും ജഗതി ശ്രീകുമാർ കഥാപാത്രമായ നിശ്ചലിന്റെയും വീക്ഷണകോണിൽ നിന്നാണെങ്കിലും അവരുടെ ഇടയിലേക്ക് വന്നു കയറുന്ന നന്ദിനി തമ്പുരാട്ടി എന്ന രേവതിയുടെ കഥാപാത്രം കാഴ്ചകൾക്കിടയിൽ നിന്ന് പലപ്പോഴും സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. എസ് പി വെങ്കിടേഷിന്റെ സംഗീതത്തിൽ ബിച്ചു തിരുമലയുടെ വരികളിൽ സിനിമയിൽ നിന്നും പുറത്തിറങ്ങിയ പാട്ടുകൾ കാലം കടന്നും അതിജീവിക്കുന്നത് ഒരുപക്ഷെ അത് കഥയുമായും കഥാപാത്രങ്ങളുമായും അത്രമേൽ കോർത്ത് വച്ചിരിക്കുന്നതുകൊണ്ടു തന്നെയാണ്. മനസിലിപ്പോഴുമങ്ങനെ കിലുങ്ങി കിലുങ്ങിക്കിടക്കുന്ന ഈണങ്ങളായത്. 

ലക്ഷ്യങ്ങൾ പലതുണ്ടായിരുന്നു നിന്റെ മുന്നിലേയ്ക്ക് വന്നു കയറുമ്പോൾ ഭ്രാന്താശുപത്രിയിലെ തണുത്ത തറയിൽ ആരും കാണാതെ ഇടയ്ക്ക് കമഴ്ന്ന് കിടന്ന് കരയുമ്പോൾ കാലുരസി കടന്നു പോകുന്ന കാറ്റ് പരിഭവം പറയാറുണ്ടായിരുന്നു, അപ്പോഴും ഞാൻ പറയും ഞാൻ കണ്ടെത്തും... എന്റെ അച്ഛൻ എന്ന് പറയുന്ന, ഈ ലോകത്ത് എനിക്ക് സ്വന്തമെന്നു അവകാശത്തോടെ പറയാൻ കഴിയുന്ന ആ ആളെ ഞാൻ കണ്ടെത്തും. എല്ലാ കണ്ണുകളും കാറ്റിൻറെ പോലും കാതും വെട്ടിച്ചു ആശുപത്രി കിടക്കയിൽ നിന്ന് ഒരു പാതിരാത്രിയിൽ ഇറങ്ങി നടക്കുമ്പോൾ മനസ്സിൽ ആ വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അച്ഛൻ. ആ പേരിന്റെ നേരിലേക്കാണ് അയാൾ, ജോജി വന്നു കയറുന്നത്. ഇത്ര നാൾ കണ്ടതിൽ വച്ച് നിഷ്കളങ്കത ഉടലാകെ പൊതിഞ്ഞ ഒരാൾ... പറ്റിക്കാനായിരുന്നില്ല അയാൾക്ക്‌ മുന്നിൽ ഞാൻ ഭ്രാന്തഭിനയിച്ചത്, അതെ പേരിൽ ഞാൻ കിടന്ന ഇരുണ്ട മുറികളുടെ തണുപ്പ് അപ്പോഴും എന്നെ വിട്ടൊഴിഞ്ഞിട്ടില്ലാത്തതിനാൽ തന്നെയായിരുന്നു. പക്ഷെ ജോജി ഒന്ന് പറയാം, നിങ്ങളുടെ കൂടെ ഉള്ളപ്പോഴാണ് ഞാൻ ജീവിതം കണ്ടെടുത്തത്... ഉറക്കെ ചിരിച്ചത്, നൃത്തം കളിച്ചത്, ഉറക്കെ പാടിയത്..

"ഊട്ടി പട്ടണം..പോട്ടി കട്ടടം സൊന്നാ വാടാ..

എങ്ക കട്ടട..സിങ്ക കട്ടട....സുമ്മായിരിട..

റേസ്സിൽ നമ്മ രാസ്സാ എന്തകുതിരക്കു എത്തിനീ..

വാക്കി ബ്ലു ബ്ലാക്കി അവൻ അടിച്ചിടും പരിസ്സ്..

നെറയ ലാക്ലാക്..പെരുവും ജാക്പ്പോട്ട്

പിറയിന്ത പട്ടണം..സ്വന്തമാക്കി പോക്കികെട്ടുമൊടാ..ടോയ്.."

ഊട്ടിയിൽ ട്രെയിനിൽ വന്നിറങ്ങുമ്പോൾ അന്ന് ഞാനറിഞ്ഞിരുന്നതേയില്ല, ജീവിതം ഇങ്ങനെ മാറി മറിയുമെന്ന്. എനിക്കറിയാമായിരുന്നു, ജോജിയ്ക്കും നിശ്ചലിനും ഒന്നും എന്നോട് താല്പര്യമുണ്ടായിരുന്നില്ല. ആരെയും ഇഷ്ടപെടാതിരിക്കാൻ കഴിയുന്നവരാണ് അവർ, പക്ഷെ അരിഷ്ടിച് നീങ്ങുന്ന അവരുടെ ജീവിതത്തിലേയ്ക്ക് നിഗൂഢതയുടെ വലിയൊരു ഭാണ്ഡവും പേറി ഞാനെത്തുമ്പോൾ അവരുടെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ... ഒന്നും എളുപ്പമായിരുന്നില്ല കണക്കെടുക്കാനും കണ്ടെത്താനും.

ജോജിയോട് എപ്പോഴാണ് പ്രണയം തോന്നി തുടങ്ങിയത്? അയാളുടെ അബദ്ധമെന്ന നിലയിൽ ആ ഒറ്റമുറി വീട്ടിലെ കട്ടിലിൽ താൻ രക്തം കിനിഞ്ഞു നൊന്ത്, തളർന്നു കിടക്കുമ്പോൾ എനിക്കേറ്റവും പ്രിയമുള്ള നീലാംബരി രാഗം അയാൾ പാടി.

"കിലുകിൽ പമ്പരം തിരിയും മാനസം

അറിയാതമ്പിളി മയങ്ങൂ വാ വാ വോ

ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം…. ചാഞ്ചക്കം

പനിനീർചന്ദ്രികേ ഇനിയീപൂങ്കവിൾ

കുളിരിൽ മെല്ലെ നീ തഴുകൂ വാവാവോ

ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം…. ചാഞ്ചക്കം"

അയാളുടെ വിരലുകളിൽ തൊട്ടു കിടക്കുമ്പോൾ എത്ര പെട്ടെന്നാണ് വേദനകളൊക്കെ പെയ്തു തോരുന്നത്! ജോജിയുടെ സംഗീതത്തിൽ എങ്ങനെയാണ് എന്റെ സങ്കടങ്ങൾ മായ്ഞ്ഞു ഞാൻ നിലാവായി തീർന്നത്. ഉറക്കം കൺപോളകൾ തഴുകി തുടങ്ങുന്നു. ഇളം വെയിലടിക്കുമ്പോൾ മിഴികൾ പാതി തുറന്നു വരുമ്പോൾ എന്റെ തലയുടെ ഭാരം താങ്ങി ഏറ്റവും നിഷ്കളങ്കമായി അയാൾ പാതിമയങ്ങി കട്ടിലിന്റെയരികിൽ ഇരിക്കുന്ന കാഴ്ച... ഇനിയും ഈ ഭ്രാന്ത് അഭിനയം എത്ര കാലം ഞാൻ മുന്നോട്ടു കൊണ്ട് പോകും? ഇയാൾക്ക് കഴിയില്ലേ എന്റെ അച്ഛനെ കണ്ടെത്താൻ? ഇപ്പോഴും ചെവിയ്ക്കുള്ളിൽ ,മൂളുന്നുണ്ട് , നീലാംബരി... അതോ അത് ജോജിയുടെ നെഞ്ചിടിപ്പുകളാണോ...

ശരിയായിരുന്നു... ജോജിയ്ക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ എനിക്കെന്റെ അച്ഛനെ തിരികെ നൽകാൻ. എല്ലാവരുടെയും മുന്നിൽ ദേഷ്യക്കാരനും പട്ടാളച്ചിട്ടയുമായി നടക്കുമ്പോഴും അദ്ദേഹം എനിക്കെന്നെ എന്റെ പ്രിയപ്പെട്ട അച്ഛനായിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം നിൽക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന ആനന്ദം... അദ്ദേഹത്തിന്റെ കണ്ണ് വെട്ടിച്ചു ജോജിയുടെ പ്രണയത്തോടുള്ള എന്റെ താദാത്മ്യം പ്രാപിക്കൽ..

"മീനവേനലിൽ ആ.ആ..

രാജകോകിലേ ആ.ആ...

അലയൂ നീ അലയൂ ..

ഒരു മാമ്പൂ തിരയൂ...

വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ..

വീണുടഞ്ഞൊരീ ഗാനപഞ്ചമം

മൊഴി കാണാതിനിയും വഴി തേടും വനിയിൽ

വിരിഞ്ഞു ജന്മ നൊമ്പരം...

അരികിൽ ഇനി വാ കുയിലേ.."

ഏറ്റവും പ്രിയമുള്ള രണ്ടുപേരുടെ നടുവിലാണ് ഞാൻ. 

ജന്മം തന്നു ഏന് കരുതി ആരും ആർക്കും സ്വന്തമാകുന്നില്ല. ഈ ജീവിതത്തിൽ നിന്നും അങ്ങനൊരു പാഠം പഠിക്കുമ്പോൾ എത്രയോ വർഷങ്ങൾ മകളല്ല എന്നറിഞ്ഞിട്ടും വളർത്തി വലുതാക്കിയ ഒരച്ഛൻ നെഞ്ചോരത്തിരുന്നു സ്നേഹിക്കുന്നു. കുടുംബക്കാരുടെ മുഴുവൻ വെറുപ്പും ഏറ്റു വാങ്ങി കൂട്ട് നിൽക്കുന്നു... സ്വത്തിനു വേണ്ടിയല്ല, എനിക്ക് എന്റെ അച്ഛനെ മതി. കർക്കശക്കാരനായ ഒരു മനുഷ്യന്റെ മനസ്സിൽ എനിക്കായി ഉറഞ്ഞു കൂടിയ സ്നേഹത്തിന്റെ നിലാത്തുണ്ടുകൾ മതി. പിന്നെ , ഏറ്റവും നിഷ്കളങ്കമായി പ്രണയാകുലതകളോടെ എന്നെ നോക്കുന്ന രണ്ടു കണ്ണുകൾ... ജോജിയുടെ...

--നന്ദിനി തമ്പുരാട്ടിയ്ക്ക് ഇത്രയും ഒക്കെ വിട്ടകന്നു എങ്ങനെ യാത്രയാക്കാൻ കഴിയുമെന്നാണ്! ട്രെയിൻ കയറിയാലും അപ്പുറത്തെ വാതിലിലൂടെ തിരിച്ചിറങ്ങി സ്നേഹം നൽകാൻ കാത്തിരിക്കുന്നവരുടെ അരികിലേക്ക്, നീലാംബരിയുടെ ഓർമ്മകളിലേക്ക് നെഞ്ചിന്റെ മിടിപ്പുകളിലേയ്ക്ക് അച്ഛൻറെ തേങ്ങലുകളിലേയ്ക്ക് ചെന്നെത്തിയെ മതിയാകൂ...-- 

ആരും കുറിച്ചതല്ല... എന്നെങ്കിലും മടങ്ങി വന്നതിന്റെ കാരണമായി ഡയറിത്താളുകളിൽ ഈ വരികൾ എനിക്ക് കുറിയ്ക്കണം... ജോജി വീണ്ടും നീലാംബരി മൂളുന്നുണ്ടോ...!!!