Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഗന്നാഥനും ഉണ്ണിമായയും പിന്നെയീ പാട്ടുകളും...

aram-thamburan-songs

എപ്പോഴും കേൾക്കുമ്പോൾ ഒരു വിറയൽ തോന്നിപ്പിക്കുന്ന പേരാണ് മുംബൈ . അധോലോകത്തെ ഗുണ്ടകളുടെ പേരുകൾ , രക്തം മണക്കുന്ന അവരുടെ കൈകൾ... ഓർത്തപ്പോൾ തന്നെ ഉണ്ണിമായയ്ക്ക് നെഞ്ചിടിച്ചിരുന്നു, പക്ഷെ കണിമംഗലം കോവിലകത്തു നിന്ന് അങ്ങനെ ഇറങ്ങി കൊടുക്കാൻ ഏതു മുംബൈയിൽ നിന്ന് ഏതു ഗുണ്ട വന്നാലും കഴിയില്ല. കാരണം ഉണ്ണിമായയ്ക്ക് കൂടി അവകാശപ്പെട്ടതാണ് ഇതൊക്കെയും, മാത്രമല്ല പോകാൻ വേറെ ഇടവുമില്ല. എങ്കിലും ആറാം തമ്പുരാനെന്നു പറഞ്ഞു മുന്നിൽ നിൽക്കുന്ന ഈ മനുഷ്യന്റെ മുഖത്ത് നോക്കി മറുത്തു പറയാൻ നാവു പൊന്തുന്നുമില്ല. തനിയ്‌ക്കെന്തു പറ്റി ഭഗവാനെ! അനീതികൾക്കും എതിർപ്പുകൾക്കും രണ്ടാമതൊന്നാലോചിക്കാതെ കൈക്കരുത്ത് പ്രയോഗിക്കുന്ന തന്റെ മുന്നിൽ നിന്നുകൊണ്ടൊരാൾ തന്നെ കുത്തി നോവിക്കുന്നു, എന്നിട്ടും ആദ്യമുയർത്തിയ കേട്ട ശബ്ദം പതറിപ്പോകുന്നു. ഭയപ്പെടുത്തുന്നത് അയാൾ ധാരാവിയിലെ എണ്ണമില്ലാത്ത ചേരികൾ ഒഴിപ്പിച്ചെന്നു അറിഞ്ഞിട്ടല്ല, ജഗന്നാഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആറാം തമ്പുരാന്റെ കണ്ണുകളിലെ തീ താങ്ങാൻ കഴിയുന്നില്ല. 

"ഹരിമുരളീ രവം...

ഹരിത വൃന്ദാവനം..

പ്രണയ സുധാമയ മോഹന ഗാനം...

ഒരിക്കലും മുറിയ്ക്കാനാകാത്ത കനമുള്ള അയാളുടെ ഹൃദയത്തിൽ അവളുണ്ടാക്കിയ ഒരു വലിയ മുറിവുണ്ട്, വാക്കുകൾകൊണ്ട്. സംഗീതം എന്തെന്ന് തിരിച്ചറിയാത്ത ഒരുവന്റെ കയ്യിൽ ലഭിച്ച പ്രിയപ്പെട്ട ഹാര്മോണിയത്തിന്റെ കട്ടകൾ ഇപ്പോൾ കരഞ്ഞു തുടങ്ങിയിട്ടുണ്ടാകുമെന്നു അവളോർക്കുന്നു. ആർക്കും വേണ്ടിയല്ല, ഒരിക്കൽ സംഗീതം പഠിപ്പിച്ച പ്രിയ ഉസ്താദിന്റെ നഷ്ടമുണ്ടാക്കിയ നോവിലേയ്ക്ക് ഒരു സംഗീത തിരി കത്തിച്ച് വയ്ക്കണം...

"മധുമൊഴി രാധേ നിന്നെ തേടി...

അലയുകയാണൊരു മാധവ ജന്മം

അറിയുകയായീ അവനീ ഹൃദയം

അരുണ സിന്ദൂരമായ് കുതിരും മൌനം

നിന്‍ സ്വര മണ്ഡപ നടയിലുണര്‍ന്നൊരു

പൊന്‍ തിരിയായവനെരിയുകയല്ലോ

നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു

മണ്‍ തരിയായ് സ്വയമുരുകുകയല്ലോ"

ജഗന്നാഥൻ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. ഉണ്ണിമായ ഓടി വന്നതും അയാളുടെ സംഗീതത്തിൽ മതി മറന്നു വിഷാദം പടർത്തി കരഞ്ഞു മറഞ്ഞു നിൽക്കുകയാണെന്നും ഹാർമോണിയം കട്ടകൾ അയാളുടെ ആത്മനൊമ്പരത്തിൽ വിങ്ങി വിങ്ങി പാടുന്നതും ഒന്നും അയാൾ അറിഞ്ഞില്ല. കഴിഞ്ഞതെന്ന് തോന്നിയ ഒരു ജന്മത്തിന്റെ ഓർമ്മകളിൽ പതറി പാടി പോയതായിരുന്നല്ലോ ജഗന്നാഥൻ. 

കാവിലെ ഭഗവതിയാണോ എന്ന ചോദ്യം മുതൽ നെഞ്ചിൽ കുടിയേറിയിട്ടുണ്ട് ആ രൂപം. കണിമംഗലം തറവാടിന്റെ പൂമുഖത്ത് അയാൾ നിന്ന ആ രൂപം.. പിന്നെ ആരെയും മോഹിപ്പിക്കുന്ന ഒച്ചയിൽ സംഗീതം പുറത്ത് വരുമ്പോൾ കണ്ട രൂപം... ദേഷ്യം പിടിപ്പിക്കുന്ന മരവിച്ച മുഖത്തിനപ്പുറം കണ്ണുകളിൽ ആഴമുള്ള സമുദ്രമൊളിപ്പിച്ച രൂപം. എങ്ങനെ ഇഷ്ടപ്പെടാതിരിക്കാനാണ് ജഗന്നാഥനെ? 

"പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ

പുലരി വെയിലൊളീ പൂക്കാവടി ആടി

തിരു തില്ലാന തിമില തകിലൊടു പാടി

തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ

പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ ..."

തൊടിയിലെ പൊന്നാഞ്ഞിലി മരത്തിന്മേൽ ആരാണ് പാടിയിരിക്കുന്നത്... ? ഇത്രനാൾ ചെവികൾക്കന്യമായ പാട്ടുകൾ ഇപ്പോൾ മാത്രം എങ്ങനെയാണ് കേൾക്കാനാകുന്നത്? ഉണ്ണിമായ ആലോചിക്കാതെയിരുന്നില്ല, പക്ഷെ ഉത്തരം എപ്പോഴും തെമ്മാടിയായ ജഗന്നാഥനിലേയ്ക്ക് നീട്ടപ്പെട്ടു. തന്റേടിയായ ഉണ്ണിമായ എന്ന പെണ്ണ് ജഗന്നാഥന് മുന്നിൽ സർവ്വവും കീഴടങ്ങി തല കുമ്പിട്ട് നിൽക്കുന്ന ഒരു തൊട്ടാവാടിയായി പരിണമിയ്ക്കപ്പെട്ടു. 

ശബ്ദമെല്ലാം സംഗീതമാകുന്ന ഒരു കാലമുണ്ട്. പ്രണയത്തിൽ ശരീരവും മനസ്സും ഒന്നായി അനുഭൂതികളിൽ വിഭ്രമിക്കപ്പെടുമ്പോൾ എല്ലാ വാക്കും അവന്റേതും അവളുടേതുമായി മാറുന്നു. 

"കുയിൽ പാടും കുന്നിൻ മേലെ കുറിമാനം നോക്കും മൈനേ

നാക്കിള മാവിൻ ചോട്ടിലിരുന്ന് നന്തുണി മീട്ടി നാവേര് മൂളി പാടാമോ...

കാത്തു കൊതിക്കും മംഗള നാല് വിളിച്ചു കുറിച്ചൊരു ജാതകമെല്ലാം 

നോക്കാമോ..."

ആറാം തമ്പുരാൻ എന്ന ചിത്രം ഷാജി കൈലാസിന്റേത് തന്നെയാകുന്നതിനേക്കാൾ മോഹൻലാലിന്റെ ആകുന്നതാണ് നല്ലതെന്ന് കണിമംഗലത്തെ ആറാം തമ്പുരാന്റെ വേഷപ്പകർച്ച കാണുമ്പോൾ ഉറപ്പിക്കാം. സംഗീതലോകത്തെ ഭാവ സംവിധായകൻ രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എന്തൊരഴകാണ്. 

ഇഷ്ടം തോന്നിപ്പോയി ഒരു തെമ്മാടിയോട്... അല്ല ആറാം തമ്പുരാനോട്... തെമ്മാടിയെന്നു വിളിച്ചത് കാറ്റ് പോലും കേട്ടുവോ എന്ന ഭാവത്തിൽ തലയിൽ കൈവച്ച് ചുറ്റും നോക്കുമ്പോൾ അദ്ദേഹത്തോടൊപ്പം മറ്റൊരു പെൺകുട്ടി. മറ്റെന്തും സഹിക്കാം, അവളുടെ ദുസ്വാതന്ത്ര്യം അത്ര സുഖകരമായ കാര്യമല്ല. ഉണ്ണിമായയുടെ പാളി വരുന്ന കണ്ണുകൾ ജഗന്നാഥൻ കാണുന്നുണ്ടായിരുന്നു, തിരുവാതിരകളിയുടെ നിമിഷങ്ങളിലും ഇടറി്പോകുന്ന അവളുടെ താളം അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒപ്പമുള്ള പെണ്കുട്ടിയിലേയ്ക്ക് നീളുന്ന ഉണ്ണിമായയുടെ കണ്ണുകൾ കൗതുകമുണ്ടാക്കുന്നുണ്ട്

"സന്തതം സുമശരൻ സായകം അയയ്‌ക്കുന്നു

മാരതാപം സഹിയാഞ്ഞു

മാനസം കുഴങ്ങീടുന്നു

രാഗലോലൻ രമാകാന്തൻ നിൻ

മനോരഥമേറി

രാസകേളീനികുഞ്ജത്തിൽ വന്നുചേരും

നേരമായി"

സുമശരന്റെ സായകം കൊണ്ട് വിണ്ടു കീറിപ്പോയ അവളുടെ നെഞ്ചകം ഇടയ്ക്കിടയ്ക്ക് വിതുമ്പുന്നുണ്ടാകണം. ജഗന്നാഥന് ഉണ്ണിമായയുടെ പരിഭ്രമം കണ്ട് ഒരേ സമയം കൗതുകവും പ്രണയവും ഒന്നിച്ചെത്തിയിട്ടുണ്ടാവണം. നയൻതാരയുടെ അടുത്തിരിക്കുമ്പോഴും ഉണ്ണിമായയുടെ പ്രണയത്തിൽ ഊയലാടുക തന്നെയായിരുന്നില്ലേ ജഗന്നാഥൻ? അവളെ പോലെ ഏറ്റവും നിഷ്കളങ്കമായി അയാളെ പ്രണയിക്കാൻ ആരെ കൊണ്ട് കഴിയുമെന്നാണ്?

"അംഗരാഗം

കുതിർന്ന നിൻ

മാറിലെന്തോ തുളുമ്പുന്നു

തൂനിലാവാം പൂവൽ

മെയ്യിൽ

മാധവം പുൽകീടുന്നു

ശ്രീരാഗങ്ങൾ മെനഞ്ഞും 

തരളിത

മുരളികയിങ്കൽ

പുളകമുഴിഞ്ഞും പ്രേമോല്ലസിതം

പാടുകയാണീ

ശ്യാമസുധാമയലോലുപനിന്നും"

 തിരുവാതിര ഗാനമായാണ് ആറാം തമ്പുരാനിൽ ഈ ഗാനം കേൾക്കാനും ആസ്വദിയ്ക്കാനും കഴിയുക. മഞ്‍ജു കൃഷ്ണയുടെ ശബ്ദമാണ് ചിത്രത്തിലെങ്കിൽ യേശുദാസ്, ശരത് എന്നിവരുടെ വ്യത്യസ്തമായ ആലാപനം കേൾവിയെ കൊതിപ്പിക്കും.

എന്തിനാണ് മുംബൈയിൽ നിന്നും ജഗന്നാഥൻ കണിമംഗലം തറവാട് വാങ്ങി അവിടെ ആറാം തമ്പുരാനാകുന്നത്? എല്ലാവരുടെയും കണ്ണുകളിലും ഹൃദയത്തിലും നാവിലുമുണ്ടായിരുന്നു ആ ചോദ്യം. പ്രത്യേകിച്ച് കുളപ്പുളി അപ്പന്റെ. കോവിലകം വാങ്ങി വിൽക്കാൻ വന്നയാളെന്നു പരിചയപ്പെടുത്തിയത് കൊണ്ടാണ് തുടരാൻ അപ്പൻ സമ്മതിച്ചത് പോലും, പക്ഷെ ജഗന്നാഥൻ ഒരു തീയായിരുന്നു. ഒരു പഴയ പ്രതികാരത്തിന്റെയും സങ്കടത്തിന്റെയും തീ ഉള്ളിലൊപ്പിച്ച മനുഷ്യൻ. ഉള്ളിൽ ഒരുപാട് വ്യഥകളും നേരിപ്പും പേറുന്ന മനുഷ്യൻ..

"കടലാടും കാവടി കടകം കുണ്ഡല കവച കിരീടം ചൂടി തിരുകോലം കെട്ടിയൊരുങ്ങി കുലദവത്താര് വടമലമുടി ചിക്കിയുണക്കി വാൽക്കണ്ണിൽ ചെമ്പൊരി ചിന്തി വരദാഭയ മുദ്രയണിഞ്ഞു വരുന്നേ പെരുമാള് വന്നേരിക്കോലോം വാഴണ പൂരപ്പെരുമാള് ..."

നാടിന്റെ ഉത്സവം ജഗന്നാഥന് ഏറ്റെടുത്ത് നടത്തിയേ മതിയാകുമായിരുന്നുള്ളൂ. അത് നാട്ടുകാരുടെ മാത്രമല്ല വർഷങ്ങൾക്കു മുൻപ് തിരുനടയിൽ തല ചിന്നി ചിതറി മരിച്ച ഒരച്ഛന്റെ ആത്മ നൊമ്പരവുമായിരുന്നു അത്. ചുവടുകളിൽ പൂങ്കുല പോലെ കാറ്റ് ചിതറി വീശുമ്പോൾ എല്ലാം അതിജീവിച്ച് ജഗന്നാഥൻ നാടിന്റെ സ്വന്തം ആറാം തമ്പുരാനാകേണ്ടതുണ്ടായിരുന്നു. അത് ചിലരുടെ നിയോഗമാണ്. എവിടെയോ നിന്ന് കടന്നു വരും എന്നിട്ട് ഒരു പറ്റം മനുഷ്യരെ അടിമുടി മാറ്റിയെഴുതും. ഉണ്ണിമായയെയും ഒരു നാടിനെയും മാറ്റിയെഴുതിയതു പോലെ.