Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഠിനമായ ഈണങ്ങൾ പാടി അതിശയിപ്പിച്ചപ്പോൾ

PTI1_27_2016_000194B

സംഗീതം എങ്ങനെയാണ് ജീവശ്വാസമാകുന്നത്? പക്ഷെ പല വ്യക്തികളും പറയാറുണ്ട്, ജീവൻ നിലനിർത്താൻ വായു എത്രമാത്രം ആവശ്യമാണോ അതേ ആവശ്യം തന്നെയാണ് സംഗീതത്തിന്റെ കാര്യത്തിലുമുള്ളത് .ജനനം മുതൽ മരണം വരെ ഓരോ ശ്വാസത്തിലും സംഗീതത്തിൽ ജീവിക്കുന്നവർ, അവർക്കല്ലാതെ ആർക്കാണ് അതേ കുറിച്ചു പറയാനുള്ള അവകാശവും? ചില സിനിമകൾ കാണുമ്പോഴും അങ്ങനെ തന്നെ തോന്നുന്നില്ലേ? സംഗീതത്തോടുള്ള അമിതമായ പ്രണയം മാത്രം കൊണ്ട് സിനിമയെന്ന പേരിൽ ഒരു കഥയെ എടുത്തു കാഴ്ചയ്ക്കായി സമർപ്പിച്ചവർ... അതിൽ തന്നെ ഒരായിരം കഥകൾ... 

ശങ്കരാഭരണം എന്ന ചിത്രം പുറത്തിറങ്ങിയ ശേഷം സംവിധായകൻ വിശ്വനാഥ് സിനിമയുടെ ഗതി എങ്ങോട്ടേയ്ക്കെന്നറിയാതെ സംശയിച്ച ഒരു ദിനം, ഒരു ടാക്സിയുടെ പുറകിൽ രാത്രി യാത്രയിൽ കണ്ണുമടച്ചു കിടക്കുമ്പോൾ ടാക്സയിൽ നിന്നുയരുന്ന ഗാനം ഏറെ പരിചിതം...

താൻ ചിത്രത്തിന്റെ സംവിധായകൻ ആണെന്നറിഞ്ഞു ഡ്രൈവർ പാട്ടു വച്ചതാണോ വിശ്വനാഥന് സംശയമായി, ചോദിച്ചപ്പോൾ ഡ്രൈവർക്ക് ചിത്രത്തിന്റെ സംവിധായകനെ അറിയില്ല,  ഈ ഗാനം "ശങ്കരാഭരണം" എന്ന പുതിയ ചിത്രത്തിലെയാണ്. കൂടെ ഡ്രൈവറുടെ ഉപദേശവും നിങ്ങൾ ആ സിനിമയൊന്ന് കണ്ടു നോക്കൂ , ഇഷ്ടപ്പെടും തീർച്ച...

മറ്റൊരു വെളിപാടും ഉത്തരങ്ങളും അദ്ദേഹത്തിന് വേണ്ടി വന്നില്ല തന്റെ ചിത്രവും അതിലെ പാട്ടുകളും വിജയിച്ചു എന്ന് സംവിധായകന് മനസ്സിലാക്കാൻ. ശങ്കരാഭരണത്തിലെ പാട്ടുകൾ എല്ലാം തന്നെയും സംഗീതത്തിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്നു നിൽക്കുന്നുണ്ടെങ്കിൽ പോലും ശങ്കരാ നാദ ശരീരപരാ .... എന്ന ഗാനം ഏറ്റവുമധികം കേൾവിയെ സ്വാധീനിച്ചു. 

"ശങ്കരാ നാദ ശരീരപരാ ... 

വേദവിഹാരാ ഹരാ....

 ജീവേശ്വരാ...."

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മായികമായ സ്വരത്തിന്റെ കാതൽ വേതുരി സുന്ദര രാമാ മൂർത്തിയുടെ വരികളും കെ വി മഹാദേവന്റെ സംഗീതവുമായിരുന്നു. 

ശങ്കരാ എന്ന വിളിയിൽ, വാക്കിൽ എല്ലാമുണ്ട്, ഒരു സംഗീതജ്ഞന്റെ അഗാധമായ ഭക്തിയും സംഗീതത്തോടുള്ള പ്രണയവും. അദ്ദേഹത്തിന്റെ ജീവിതം പോലും നാദത്തിനു വേണ്ടി കടം കൊണ്ടതായിരുന്നു. അപ്പോൾ അദ്ദേഹത്തെ ഭക്തി പൂർവ്വം ആരാധിച്ചു കഴിയുന്ന ഒരുവൾക്ക് അദ്ദേഹത്തിന് നൽകാൻ കഴിയുന്നത് എന്താവും പ്രേമ പുരസ്സരമുള്ള ഒരു കാത്തിരിപ്പ് മാത്രമല്ലേ? മൗനമായി ഹൃദയതന്ത്രികളെ തൊട്ടുണർത്തുന്ന പ്രേമത്തിന്റെ ഉദാത്ത ഭാവങ്ങൾ സംഗീതത്തിൽ സ്പർശിക്കുമ്പോൾ അത് വജ്രശോഭയായ് തിളങ്ങുന്നു.  

എന്തൊരു അഹങ്കാരമായിരുന്നു അവളുടെ വാക്കുകളിൽ? ലോകം മുഴുവൻ പ്രശസ്തനായ ഒരു പാട്ടുകാരന്റെ മുന്നിൽ എത്ര നിസ്സാരമായാണ് അദ്ദേഹത്തിന്റെ തലക്കനത്തിനു മുകളിലേയ്ക്ക് അവൾ ഒരു പാട്ടിനെ ഉരുക്കിയിട്ടത്! പലപ്പോഴും തോന്നിയിട്ടില്ലേ പ്രശസ്തരായ സംഗീതജ്ഞർ പാടുന്ന പാട്ടിന്റെ വരികൾ അജ്ഞാതമായ മറ്റേതോ ഭാഷയിലായതിനാൽ മനസ്സിലാക്കാൻ കഴിയാതെ പോകുന്നുണ്ടെന്ന്? നാട്ടുഭാഷയിൽ അവ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിലോ? അത് മാത്രമേ ആ വലിയ സഭയിൽ വച്ച് അവളും അദ്ദേഹത്തോട് ചോദിച്ചുള്ളൂ... വാക്കുകളിൽ പുച്ഛത്തെ സ്വീകരിക്കേണ്ടി വന്നത് മുന്നിൽ വലിയ കേൾവിക്കാർ ഉണ്ടായിരുന്നതുകൊണ്ടായിരുന്നു, പക്ഷെ അയാൾക്ക് മുന്നിൽ നിന്ന് കൊണ്ട് അവൾ പാടി... 

അവിടെ കൂടിയിരുന്നവർക്കെല്ലാം മനസിലാകുന്ന നല്ല മനോഹരമായ നാടൻ തമിഴ് ഭാഷയിൽ...

"പാടറിയേൻ പാടിപ്പറിയേൻ പള്ളിക്കൂടം താനറിയേൻ 

എടറിയേൻ എഴുത്തറിയേൻ എഴുത്തുവഹ നാനറിയേൻ..."

"സിന്ധുഭൈരവി" എന്ന രാഗത്തിന്റെ പേരിൽ നിന്ന് തുടങ്ങിയാൽ സംഗീതസാന്ദ്രമായ അനുഭൂതിയായിരുന്നു കെ ബാലചന്ദർ ഒരുക്കിയ ചിത്രം. മലയാളിയുടെ പ്രിയപ്പെട്ട ചിത്ര ചേച്ചിയുടെ ആദ്യ ദേശീയ അവാർഡിന് അർഹമായ ഗാനവും ഇത് തന്നെയായിരുന്നു എന്നത് മലയാളികൾക്കും ഈ ഗാനം പ്രിയപ്പെട്ടതാക്കുന്നു. പിന്നെയും ഒരു വർഷം കൂടി കഴിഞ്ഞാണ് മലയാളം പാട്ടിനു കെ എസ് ചിത്ര ദേശീയ പുരസ്‌കാരത്തിന് അർഹയാകുന്നത്. ഇളയരാജയുടെ സംഗീതം മനോഹരമായ അനുഭൂതിയുണർത്തുന്നു. സംഗീത സാന്ദ്രമായ സിന്ധുഭൈരവി എന്ന ചിത്രത്തിലെ ഈ ഗാനമാണ് ഏറ്റവും കേൾവിയെ ആസ്വദിപ്പിച്ചതും, ചിത്രത്തിലെ മറ്റു പാട്ടുകളൊക്കെയും പ്രശസ്തരായ സംഗീതജ്ഞരുടേതായിരുന്നു. 

കലാകാരിയായ ഭാര്യയും പാട്ടുകാരനായ ഭർത്താവും.പക്ഷെ പരസ്പരം കണ്ടെത്താനാകാത്ത ഈഗോയുടെ പേരിൽ അവർ അകലുമ്പോൾബാക്കി വച്ച് പോയ സംഗീതത്തിന്റെ പുതിയ ജന്മം. അത് വീണ്ടും വളർച്ചയുടെ വഴികളിൽ അവൾക്കു മുന്നിൽ നാദമായ് വന്നു നിൽക്കുമ്പോൾ പതറിപ്പോകുന്നു.. ഒരിക്കലും പതറാത്ത ചുവടുകൾ പിഴയ്ക്കാൻ പോകുന്നു... അവൾക്ക് കേൾക്കാം ആ കുഞ്ഞു സ്വരത്തിൽ നിന്നും ഒഴുകി വരുന്നത് ഒരിക്കൽ അവൾ പ്രണയിച്ച അതേ ആളുടെ സംഗീതമാണ്. അയാൾ പഠിപ്പിച്ചു വളർത്തിയെടുത്ത സംഗീതം... തോറ്റു പോകുന്നു .. അമ്മയെന്ന വാക്കിനു മുന്നിൽ സംഗീതവും കലയും തോറ്റവളാകുന്നു...

"എത്ര പൂക്കാലമിനി എത്ര മധുമാമതിൽ

എത്ര നവരാത്രികളിലമ്മേ

നിൻ മുഖം തിങ്കളായ്‌ പൂനിലാ

പാൽചൊരിഞ്ഞെന്നിൽ വീണലിയുമെൻ ദേവീ

മിഥില ഇനിയും പ്രിയ ജനക സുധയെയൊരു

വിരഹകഥയാക്കുമോ

പറയുക പറയുക പറയുക നീ

ഷണ്മുഖപ്രിയ രാഗമോ

നിന്നിലെ പ്രേമഭാവമോ

എന്നെ ഞാനാക്കും ഗാനമോ

ഒടുവിലെന്റെ ഹൃദയ തീര

മണയുമൊരഴകിതു .."

പാട്ടിന്റെയവസാനം അവൾക്ക് ഓടിയെത്തേണ്ടതുണ്ടായിരുന്നു ആ കുഞ്ഞു സ്വരത്തിനെ വാരിയെടുത്ത് നെഞ്ചോടു ചേർക്കേണ്ടതുണ്ടായിരുന്നു. സംഗീതത്തിന് ആവില്ലല്ലോ തന്നിൽ അഭയം തിരഞ്ഞവരെ ഒരിക്കലും തോൽപ്പിക്കാൻ!

മലയാളത്തിൽ സംഗീത സാന്ദ്രമായ നിരവധി ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും തൊണ്ണൂറുകളിൽ ഇറങ്ങിയ "രാക്കുയിലിൻ രാഗസദസിൽ" എന്ന ചിത്രം ഒരേ സമയം സംഗീതവും ദാമ്പത്യബന്ധങ്ങളുടെ താളപ്പിഴകളും സംസാരിച്ചു. കലാകാരായ ദമ്പതിമാർക്കിടയിൽ ഉണ്ടായേക്കാവുന്ന ഈഗോ കോംപ്ലക്സുകളെ കുറിച്ചും സംസാരിച്ചു. ഇടയ്ക്കിടയ്ക്ക് സംഗീതത്തിന്റെ പെരുമഴയും പൊഴിച്ചു. എസ് രമേശൻ നായരുടെ വരികൾക്ക് എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ പുറത്ത് വന്ന കുഞ്ഞു ശബ്ദം അരുന്ധതിയുടേതായിരുന്നു . ഈ പാട്ടിനു ഗായിക ഏറെ അഭിനന്ദിക്കപ്പെടുകയും ചെയ്തു. ഒപ്പം യേശുദാസിന്റെ ശബ്ദം ചാറ്റൽ മഴ പോലെ ഇടയ്ക്കിടയ്ക്ക് പെയ്യുന്നത് ഗാനത്തെ ഹൃദയങ്ങളിൽ നിന്നും പുറത്തേയ്ക്ക് വിടാതെ എന്നും പിടിച്ച് നിർത്തുന്നു. 

തോടിയിൽ തുടങ്ങി രാഗമാലികകൾ എവിടെ നിന്നെന്നില്ലാതെ ഒഴുകിയെത്തുന്നു. എവിടെ നിന്നാണത്? വരി കേട്ടാൽ തന്നെയറിയാം 

ഒരു ശ്രീകുമാരൻ തമ്പി ടച്ചുണ്ട്. ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതത്തിന്റെ മാജിക്ക് ... എവിടെയൊക്കെയോ കേട്ട് മറന്നെന്ന പോലെ ആ ഗാനം വീണ്ടും കേൾക്കുന്നു..

"ആലാപനം.. ആ.. ആലാപനം

ആ ആ... ആലാപനം

അനാദി മധ്യാന്തമീ വിശ്വചലനം

അനവദ്യ സംഗീതാലാപനം

അനാദി മധ്യാന്തമീ വിശ്വചലനം

അനവദ്യ സംഗീതാലാപനം 

ആലാപനം.. ആ.. ആലാപനം .."

മലയാളത്തിൽ ഇറങ്ങിയ സംഗീത സാന്ദ്രമായ ചിത്രങ്ങളിൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ചിത്രം ഒരുപക്ഷെ ഗാനം എന്ന ചിത്രത്തിലെയാവും. അഹങ്കാരികളായ ഒരു ഗായകനും ഗായികയും, പക്ഷെ പരസ്പരമുള്ള അവരുടെ പ്രണയത്തിന്റെ നാദ ധാര ഒരിക്കലും അസ്തമിച്ചിരുന്നതേയില്ല. എങ്കിലും വിധിയുടെ ഏതൊക്കെയോ ഇടപെടീലുകൾ കൊണ്ട് കാലം അകറ്റി നിർത്തിയവർ!. സംഗീതത്തിൽ ഈഗോയുടെ ആവശ്യം ഉണ്ടായിരുന്നുവോ? കലയിൽ ഉണ്ടായിരുന്നിരിക്കില്ല, പക്ഷെ ഒരേ താളത്തിൽ രണ്ടു പേര് പാടുമ്പോൾ ഒരാളെക്കാൾ സ്വരം നന്നാക്കാൻ മറ്റേ ആൾ എപ്പോഴും ശ്രമിച്ചു കൊണ്ടേയിരുന്നു. ഇടറിപ്പോകുമ്പോൾ ഈഗോ കാണിച്ചു, സ്വയം ജയിക്കുന്നതായി പ്രഖ്യാപിച്ചു, ഒടുവിൽ എന്നേയ്ക്കുമായി രണ്ടായി തീർന്നു. 1982 ൽ ആണ് ഗാനം എന്ന ചിത്രം പുറത്തിറങ്ങുന്നത്. സംഗീതത്തെ സ്നേഹിക്കുന്നവരുടെ മനസ്സിലേയ്ക്ക് ഒരുപിടി മധുരമൂറുന്ന ഗാനങ്ങളായിരുന്നു ഈ ചിത്രത്തിന്റെ സംഭാവന. ദക്ഷിണാമൂർത്തിസ്വാമിയുടെ സംഗീതം അറിയുന്നവർക്ക് സംഗീതം എന്നാൽ ഏറ്റവും ഭക്തിയോടെ മാത്രമേ അല്ലെങ്കിലും ഉയിരിലേയ്ക്ക് സ്വീകരിക്കാനാകൂ. അത്രയ്ക്ക് ദൈവീകമായ അനുഭൂതിയാണ് അദ്ദേഹത്തിന്റെ സംഗീതം. സിനിമയിലെ കഥ പോലെ ഈഗോയില്ലാത്ത ശുദ്ധമായ സംഗീതം കൊണ്ട് തന്നെയാണ് ഗാനം എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയതും. 

തിരുവിതാംകൂർ രാജാക്കന്മാരിൽ അറിയപ്പെടുന്ന സംഗീത പ്രണയി ആരെന്ന ചോദ്യത്തിന് സ്വാതി തിരുനാൾ കഴിഞ്ഞേ പിന്നീട് ഉത്തരങ്ങളുള്ളൂ.  കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ കയ്യിൽ കർണാടക സംഗീതം എപ്പോഴും ഭദ്രമായിരുന്നു. സംഗീത പ്രാധാന്യമുള്ള ഒരു ചിത്രം ചെയ്യുമ്പോൾ അപ്പോൾ സ്വാതി തിരുനാളിന്റെ ഒഴിവാക്കിയെങ്ങനെ പൂർണമാക്കാനാകും? 1987 ൽ ലെനിൻ രാജേന്ദ്രൻ അതുകൊണ്ടു തന്നെയാണ് സ്വാതി തിരുനാൾ എന്ന പേരിൽ ഒരു ചിത്രമെടുത്തതും. പേര് പോലെ തന്നെ സംഗീതം ജീവശ്വാസമാക്കിയ ഒരു മനോഹര ചലച്ചിത്രഭാഷ്യം തന്നെയായിരുന്നു അതും.

"അലർശര പരിതാപം ചൊൽവതി-

ന്നളി വേണി പണി ബാലെ...

ജലജബന്ധുവുമിഹ ജലധിയിലണയുന്നൂ

മലയമാരുതമേറ്റു മമ മനമതിതരാംപത -

വിവശമായി സഖീ! അലർശര പരിതാപം ...."

അനന്ത നാഗ് , ശ്രീവിദ്യ, രഞജിനി തുടങ്ങിയവർ അഭിനയിച്ച സ്വാതി തിരുനാൾ രാജാവായും സംഗീതഞ്ജനായുമൊക്കെയുള്ള സ്വാതി തിരുനാളിന്റെ കാലത്തിലൂടെ കടന്നു പോകുന്നു. ചരിത്രം സംഗീതവുമായി കൂടി ചേർന്ന് ഒരു ബാലെ പോലെ മനോഹരമായി പ്രതിഫലിപ്പിക്കുന്ന ചിത്രമാണിത്. സ്വാതി തിരുനാൾ രചിച്ച ഗാനങ്ങളെ മുൻ നിർത്തി തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒക്കെ തന്നെയും . അതിൽ തന്നെയും പ്രണയ തീക്ഷ്ണമായ ഗാനമായി "അലർശര പരിതാപം..." എടുത്ത് നിൽക്കുന്നു. രജ്ഞിനി എന്ന നടിയുടെ വ്യത്യസ്തമായ വേഷവും നൃത്തവും സ്വാതി തിരുനാൾ കീർത്തനവും യേശുദാസിന്റെ ആലാപനവും ഗാനത്തിന് ഭംഗി കൂട്ടുന്നു.