Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നും പ്രിയം ഈ മുഹമ്മദ് റഫി ഗാനങ്ങളോട്

evergreen-melody-song-muhammed-rafi

നാദധാരയാണ് മുഹമ്മദ് റഫി. ഇന്ത്യൻ സിനിമ സംഗീതത്തിന്റെ കാലചക്രം ഇങ്ങനെ ഗതിവേഗങ്ങൾ കൂട്ടിയും കുറിച്ചു കുഴഞ്ഞു മറിഞ്ഞ് കടന്നുപോകുമ്പോഴും അതിനെ അതിജീവിച്ച് നിലനിൽക്കുവാൻ സാധിച്ച അപൂർവ്വം വ്യക്തിത്വങ്ങളിലൊരാൾ. അതാണ് റഫി. ഓരോ കേൾവിയിലും ഇത്രയേറെ മാസ്മരികതയോടെ സ്നേഹസമ്പൂർണതയോടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന മറ്റൊരു സ്വരവുമില്ല. കാലമെത്തും മുൻപേ കടന്നുപോയ മുഹമ്മദ് റഫിയുടെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പത്ത് മെലഡികളിലൂടെ..

ആജ് മോസം ബഡാ ബേയ്മാന് ഹേ...

ധർമ്മേന്ദ്രയും മുംതാസും പ്രധാന വേഷങ്ങളിലെത്തി 1973 പുറത്തിറങ്ങിയ ലോഫർ എന്ന ചിത്രത്തിലെ ആജ് മോസം ബഡാ ബേയ്മാന് ഹേ എന്ന ഗാനം മുഹമ്മദ് റഫിയുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായാണ് കാണക്കാക്കുന്നത്. എ ഭീംസിങ് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനത്തിന് ഈണം നൽകിയത് ലക്ഷ്മികാന്ത് പ്യാരേലാലാണ്. ആനന്ദ് ബക്ഷി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

ദിവാന ഹുവാ ബാദൽ...

ഷമ്മി കപൂറും ഷർമ്മിള ടാഗോറും അഭിനയിച്ച് ശക്തി സാമന്ത സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം കാഷ്മീർ കി കലിയിലേതാണ് ദിവാന ഹുവ ബാദൽ എന്ന ഗാനം. ആശാ ബോസ്ലെയും മുഹമ്മദ് റാഫിയും ചേർന്ന് പാടിയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഒ പി നയ്യാറാണ്. എസ് എച്ച് ബിഹാറി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

ചൗന്ദവിക്കാ ചാന്ത് ഹോ...

റഫിയുടെ ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്നായ ചൗന്ദവിക്കാ ചാന്ത് ഹോ 1960 ൽ പുറത്തിറങ്ങിയ ചൗന്ദവിക്കാ ചാന്ത് എന്ന ചിത്രത്തിലേതാണ്. ഗുരു ദത്തും, വഹീദ റഹ്മാനും അഭിനയിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം സാദിഖാണ്. മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ബോംബെ രവിയാണ് ഈ അനശ്വര ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ഷക്കീൽ ബദായുനി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

താരീഫ് കറു ക്യാ ഉസ്‌കി...

ഷമ്മി കപൂറും ഷർമ്മിള ടാഗോറും അഭിനയിച്ച് ശക്തി സാമന്ത സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം കാഷ്മീർ കി കലിയിലേതാണ് താരീഫ് കറു ക്യാ ഉസ്‌കി എന്ന ഗാനം. മുഹമ്മദ് റാഫി പാടിയ മനോഹര ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഒ പി നയ്യാറാണ്. എസ് എച്ച് ബിഹാറി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

അഭീ നാ ജോവോ ചോഡ്കർ...

ദേവാനന്ദിന്റെ സൂപ്പർഹിറ്റ് ചിത്രം ഹംദോ നോ എന്ന ചിത്രത്തിലെയാണീ മനോഹരഗാനം. ആശാ ബോസ്ലെയും റഫിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജയ്‌ദേവാണ്. വിജയ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാഹിർ ലുധിയാൻവി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

യേ ദുനിയാ യേ മെഹഫിൽ...

രാജ് കുമാറും പ്രിയ രാജ്‌വംശും അഭിനയിച്ച് ചേതൻ ആനന്ദ് സംവിധാനം ചെയ്ത് 1970 പുറത്തിറങ്ങിയ ഹീർ രഞ്ചാ എന്ന ചിത്രത്തിലേതാണ് യേ ദുനിയാ യേ മെഹഫിൽ എന്ന ഗാനം. കെയ്ഫ് അസ്മിയുടെ വരികൾക്ക് മദൻ മോഹൻ ഈണം പകർന്നിരിക്കുന്നു.

ലിഖേ ജോ ഖത്ത് തുജേ...

1968 ൽ പുറത്തിറങ്ങിയ കന്യാദാൻ എന്ന ചിത്രത്തിലേതാണ് ലിഖേ ദോ ഖത്ത് തുജേ എന്ന ഗാനം. നീരജിന്റെ വരികൾക്ക് ശങ്കർ ജയകിഷാണ് ഈണം പകർന്നിരിക്കുന്നത്. ശശി കപൂറും ആശാ പരേഖും അഭിനയിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മോഹൻ സേഗാളാണ്.

ബാർ ബാർ ദേക്കോ ഹസാറ് ബാറ്് ദേക്കോ...

ശക്തി സാമന്ത സംവിധാനം ചെയ്ത് ഷമ്മി കപൂർ പ്രധാന വേഷത്തിലെത്തിയ ചിത്രം ചൈന ടൗണിലെയാണ് ബാർ ബാർ ദേക്കോ എന്ന ഗാനം. ബോംബെ രവി സംഗീതം നിർവ്വഹിച്ച് മുഹമ്മദ് റാഫി പാടിയ മനോഹര ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷക്കീൽ ബദായുനിയാണ്. 

സുഹാനി രാത്ത് ദൽ ചുക്കി...

മുഹമ്മദ് റഫിയുടെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്നാണ് സുഹാനി രാത്ത് ചൽ ചുക്കി. 1949 ൽ പുറത്തിറങ്ങിയ ദുലാരി എന്ന ചിത്രത്തിന് വേണ്ടി നൗഷാദ് അലി ഈണം നൽകി റാഫി പാടിയ ഗാനം ഹിന്ദി സിനിമാ ചരിത്രത്തിലെതന്നെ മികച്ചൊരു ഗാനമായാണ് കണക്കാക്കുന്നത്. സുഹാനി രാത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷക്കീൽ ബദായുനിയാണ്.

ഖോയ ഖോയ ചാന്ദ് ഖുല ആസ്മാൻ...

വിജയ് ആനന്ദ് സംവിധാനം ചെയ്ത് ദേവാനന്ദും വഹീദ റഹ്മാനും അഭിനയിച്ച് 1960 ൽ പുറത്തിറങ്ങിയ കാല ബസാർ എന്ന ചിത്രത്തിലേതാണ് ഖോയ ഖോയ ചാന്ദ് എന്ന ഗാനം. ശൈലേന്ദ്രയുടെ വരികൾക്ക് എസ് ഡി ബർമ്മൻ ഈണം പകർന്നപ്പോൾ റാഫിയുടെ മറ്റൊരു മനോഹര പ്രണയഗാനമാണ് പിറന്നത്.