Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുറുമയെഴുതിയ മിഴികളേ...നിത്യഹരിത ഗാനത്തിന് പ്രായം 50!

surumayezhuthiya-mizhikale

സുറുമയെഴുതിയ മിഴികളേ... 

പ്രണയമധുര തേൻ തുളുമ്പും

സൂര്യകാന്തി പൂക്കളേ…

സുറുമയെഴുതിയ മിഴികളേ...

മലയാളിയുടെ മനസ്സിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും തേന്മഴ പെയ്യിക്കുന്ന അനശ്വര ഗാനം പിറന്നിട്ടു 2017 ഓഗസ്റ്റ് 18 ന് അരനൂറ്റാണ്ടു പൂർത്തിയാവുന്നു. ഗാനത്തിലെ ജാലകത്തിരശ്ശീല നീക്കി ജാലമെറിയുന്ന സുറുമയെഴുതിയ മിഴകൾ ആരുടേതായിരുന്നു ?

ഈ പാട്ടെഴുതുമ്പോള്‍ ഭാര്യ ഖദീജയായിരുന്നത്രേ യൂസഫലി കേച്ചേരിയുടെ മനസ്സിൽ! പാട്ടു ചിട്ടപ്പെടുത്തിയിട്ടു ഹാർമോണിയത്തിന്റെ ശ്രുതിയൊപ്പിച്ച് സംഗീത സംവിധായകൻ ബാബുരാജ് ഈ ഗാനം അതിന്റെ ഭാവങ്ങളെല്ലാം ഉൾക്കൊണ്ടുകൊണ്ടു പാടുന്നതു കേട്ട് യൂസഫലി കേച്ചേരി വിതുമ്പിക്കരഞ്ഞ കഥയ്ക്ക് ഈ പാട്ടിനോളം തന്നെ പഴക്കമുണ്ട്.

യേശുദാസ് പാടിയ ഈ ഗാനം 1967 ഓഗസ്റ്റ് 18 ന് പുറത്തിറങ്ങിയ ഖദീജ എന്ന ചിത്രത്തിലെയാണ്. ഹിന്ദുസ്ഥാനി സംഗീതം ആത്മലഹരിയാക്കിയ ബാബുരാജ് പറഞ്ഞറിയിക്കാനാവാത്ത ഭാവചാരുത പകർന്ന ഗാനം. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആളുകൾ ഇന്നും ഇഷ്ടപ്പെടുന്ന ഗാനം.

1963 ല്‍ മൂടുപടം എന്ന ചിത്രത്തിലെ ‘മൈലാഞ്ചിത്തോപ്പില്‍ മയങ്ങി നിൽക്കുന്ന മൊഞ്ചത്തി’ എന്ന മാപ്പിളപ്പാട്ടിലൂടെ യൂസഫലി ചലച്ചിത്ര ഗാനരചനാ രംഗത്തെത്തി. പി.ഭാസ്കരന്റെ ‘തളിരിട്ട കിനാക്കൾ തന്‍ താമരമാല വാങ്ങാന്‍...’ എന്ന അതുല്യ ഗാനമുള്ള ഈ ചിത്രത്തിൽ തന്നെയാണ് യൂസഫലിയുടെ കന്നിരചനയും പുറത്തു വന്നത്. തുടർന്ന് അമ്മു (1965), ഉദ്യോഗസ്ഥ (1967) എന്നീ ചിത്രങ്ങൾ. മൂന്നു ചിത്രങ്ങൾക്കും സംഗീതമൊരുക്കിയത് ബാബുരാജ്.

‘അമ്മു’വിലെ, എസ്‌. ജാനകി പാടിയ ‘തേടുന്നതാരെയീ ശൂന്യതയില്‍ ഈറന്‍ മിഴികളേ...’ എന്ന ഗാനം ഗാനരചയിതാവ്‌ എന്ന നിലയിൽ യൂസഫലിക്ക്‌ കൂടുതൽ അംഗീകാരം നേടിക്കൊടുത്തു. ഉദ്യോഗസ്ഥയിലെ ‘അനുരാഗ ഗാനം പോലെ..’ അദ്ദേഹത്തെ ചലച്ചിത്ര രംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചു. ഈ കഥകൾ ‘സൗഹൃദത്തിന്റെ സംഗീതം’ എന്ന യൂസഫലിയുടെ ഓർമക്കുറിപ്പിലുണ്ട്. പിന്നീടാണ് ‘സുറുമയെഴുതിയ മിഴികളേ...’ അടക്കം ‘ഖദീജ’യിലെ ഏഴു ഗാനങ്ങൾ അദ്ദേഹം രചിച്ചത്. എസ്. ജാനകി പാടിയ ‘കരളില്‍ വിരിഞ്ഞ റോജാ...’, സീറോ ബാബു പാടിയ ‘ചക്കരവാക്കു പറഞ്ഞെന്നെ ചാക്കിലാക്കി’ ഇവ ഈ ചിത്രത്തിലേതാണ്.

എം. കൃഷ്ണന്‍ നായരായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. സത്യൻ, മധു, കെ.പി. ഉമ്മർ, കോട്ടയം ചെല്ലപ്പൻ, ബഹദൂര്‍, എസ്.പി. പിള്ള, മണവാളൻ ജോസഫ്, കടുവാക്കുളം ആന്റണി, സെബാസ്റ്റ്യന്‍, ഷീല, കമലാദേവി, ജയഭാരതി, സുകുമാരി, ബേബി കുമുദം, ബേബി ശ്രീലത തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു.

പ്രകാശ്, പ്രസാദ്, സത്യ എന്നീ സ്റ്റുഡിയോകളിലായിരുന്നു ഷൂട്ടിങ്. ഛായാഗ്രഹണം മോഹന്‍ റാവുവും ചിത്രസംയോജനം വി.പി. കൃഷ്ണനും കലാസംവിധാനം എസ്. കൊന്നനാട്ടും നിർവഹിച്ചു.

സുറുമയെഴുതിയ മിഴികളേ

പ്രണയമധുര തേൻ തുളുമ്പും

സൂര്യകാന്തി പൂക്കളേ  (സുറുമ... )

അവളുടെ സുറുമയെഴുതിയ മിഴികൾ മധുര പ്രണയത്തിന്റെ തേൻ തുളുമ്പുന്ന സൂര്യകാന്തി പൂക്കൾ; ജാലകത്തിരശ്ശീല നീക്കി അവൾ എറിയുന്ന നോട്ടം കരളിലെറിയുന്ന തേൻ പുരട്ടിയ മുള്ളുകൾ; ഒരു കിനാവിന്റെ  ചിറകിലേറി വരാൻ, നീലമിഴിയിലെ രാഗലഹരി വീണ്ടും വീണ്ടും പകർന്നു തരാൻ  ക്ഷണിക്കപ്പെടുന്ന ഓമലാൾ... ഇങ്ങനെ പോകുന്നു ഗാനത്തിൽ കരവിരുതുള്ള കൽപ്പണിക്കാരനെപ്പോലെ കേച്ചേരിക്കാരൻ കൊത്തിയെടുത്ത പ്രണയ ചിത്രങ്ങൾ. തേൻ പുരട്ടിയ മുള്ളുകൾ തീർക്കുന്നത് പ്രണയത്തിന്റെ വേദന തന്നെയാണ്.

ജാലകത്തിരശ്ശീല നീക്കി

ജാലമെറിയുവതെന്തിനോ 

തേൻ പുരട്ടിയ മുള്ളുകൾ നീ

കരളിലെറിയുവതെന്തിനോ (സുറുമ... )

 

ഒരു കിനാവിന്‍ ചിറകിലേറി...

ഓമലാളെ നീ വരൂ....

നീലമിഴിയിലെ രാഗലഹരി

നീ പകര്‍ന്നു തരൂ.... തരൂ ... (സുറുമ… )

പഹാഡി എന്ന ഹിന്ദുസ്ഥാനി രാഗത്തിലാണ് ഈ ഗാനം ബാബുരാജ് ചിട്ടപ്പെടുത്തിയത്. ‘വാസന്ത പഞ്ചമി നാളില്‍’ (ഭാര്‍ഗ്ഗവീ നിലയം,1964, പി ഭാസ്കരന്‍, എസ്. ജാനകി), ‘മണിമുകിലേ’ (കടത്തുകാരന്‍, 1965, വയലാര്‍ രാമവര്‍മ, എ.കെ. സുകുമാരന്‍, എസ്. ജാനകി), ‘പ്രണയഗാനം പാടുവാനായ്’ (അനാര്‍ക്കലി,1966, വയലാര്‍ രാമവര്‍മ, പി. സുശീല), ‘ഒരു കൊച്ചു സ്വപ്നത്തിന്‍’ (തറവാട്ടമ്മ,1966, പി. ഭാസ്‌കരന്‍, എസ്. ജാനകി), ‘അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍’ (പരീക്ഷ,1967, പി ഭാസ്കരന്‍, എസ്. ജാനകി) ഇങ്ങനെ വിവിധ ഭാവങ്ങൾക്കൊപ്പം പ്രണയത്തിന്റെയും വിരഹത്തിന്റെയും തേൻ തുളുമ്പുന്ന ഒട്ടനവധി ബാബുരാജ് പഹാടികൾകൾക്കൊപ്പം മറ്റൊന്നുകൂടി.

ലളിത പദങ്ങൾകൊണ്ടും പരിചിത വാങ്മയങ്ങൾകൊണ്ടും യൂസഫലി കേച്ചേരി കാവ്യാത്മകമായ പ്രണയ ചാരുതയും വിരഹ നൊമ്പരവും ഈ ഗാനത്തിൽ നിറച്ചു. പ്രണയാതുരമായ ഒരു മനസ്സ് അദ്ദേഹം എന്നും എപ്പോഴും സൂക്ഷിച്ചിരുന്നു. അതുകൊണ്ടാണ് ഗാനരചനാരംഗത്തു കടന്നുവന്ന 1967 ൽ ‘സുറുമയെഴുതിയ മിഴികളേ.....’ എന്ന ഈ പ്രണയ ഗാനമെഴുതിയ യുവകവിക്ക് മൂന്നു പതിറ്റാണ്ടിനുശേഷം ‘പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു’ (സ്നേഹം,1998) എന്ന ഗാനമെഴുതാനായത്. അടച്ച മുറിയിൽനിന്നു ജാലകത്തിരശീല നീക്കി പുറം ലോകത്തേക്ക് നോട്ടമെറിയുന്ന പുതിയ മുസ്‌ലിംപെണ്ണിന്റെ സ്വാതന്ത്ര്യപ്രഖ്യാപനമായി പാട്ടിന്റെ പുതിയകാലത്തെ പുനർവായനയിൽ വായിച്ചെടുക്കാനാവും.

ഒരിക്കലും പാടാനാവാതെ കേട്ട് നിർവൃതി നേടാൻമാത്രം കഴിയുന്ന ആ ഗാനപ്രപഞ്ചത്തിൽനിന്ന്, തനിക്കും പാടാനാവുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്ന ഇത്തരം ഗാനങ്ങൾകൂടി കേട്ടുകേട്ടുകേട്ടാണ് സാധാരണ മലയാളിക്ക് യേശുദാസ് അവരുടെ ദാസേട്ടനായത്. സ്വരത്തിന്റെ യൗവനകാന്തിയും പട്ടു പോലെ മൃദുലമായി അനുഭവിക്കാനാകുന്ന ആലാപന മാധുര്യവും കൊണ്ടാണ് ഈ ഗാനം പ്രിയതരമായത്. മറവിയുടെ കാണാക്കയത്തിൽ മുങ്ങിമറയാത്ത ഇത്തരം ഗാനങ്ങളല്ലേ സത്യത്തിൽ ആ മഹാഗായകത്വത്തെ ആഴത്തിൽ അറിയാതെതന്നെ അളവില്ലാതെ സ്നേഹിക്കാനും ആരാധനാപൂർവം അഭിമാനിക്കാനും മലയാളിയെ സജ്ജനാക്കിയത്.

മലയാളി സ്വകാര്യമായി സ്വയം സംവദിക്കുന്ന പാട്ടിന്റെ പട്ടികയിൽ ഈ പാട്ടുമുണ്ട്. ഈ പാട്ടിൽ പതിഞ്ഞലിഞ്ഞ സംഗീതം പ്രണയത്തോടൊപ്പം പ്രണയനൊമ്പരവും അവരെ അനുഭവിപ്പിക്കുന്നു. ഈ പാട്ടിനൊപ്പം കേൾവിയിൽ കൊണ്ടുനടക്കുന്ന കാല്പനിക ശബ്ദം അവർ ഏകാന്തതയിൽ തന്റേതെന്ന് സ്വപ്നം കാണുന്നതാണ്. അതുകൊണ്ടാണ് ഈ ഗാനം ഇന്നും മലയാളി പാടിക്കൊണ്ടിരിക്കുന്നത്.

സുറുമയെഴുതിയ മിഴികളേ

പ്രണയമധുര തേൻ തുളുമ്പും

സൂര്യകാന്തി പൂക്കളേ ...