Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണുനനയിച്ച ആ 'മമ്മൂട്ടി' പാട്ടുകൾ

mammootty-sad-songs

ആണഴകിന്റെ മറുപേരാണ് മമ്മൂട്ടി! കറുത്ത് കനത്ത മീശയും ഉറച്ച ശരീരവും ഗാംഭീര്യമുള്ള ശബ്ദവുമുള്ള മമ്മൂട്ടി. പൗരുഷത്തിന്റെ അഴകാർന്ന രൂപം! പക്ഷെ എല്ലാവരും സ്നേഹത്തോടെ "മമ്മൂക്ക" എന്ന് മലയാള സിനിമയുടെ സൂപ്പർ താരമായ മമ്മൂട്ടിയെ വിളിക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ രൂപഭംഗി മാത്രം കൊണ്ടല്ല. ഏറ്റവും ആത്മാർത്ഥതയോടെ ഏറ്റെടുത്ത കഥാപാത്രങ്ങളെ നോക്കിക്കാണുകയും അഭിനയിച്ചു തുടങ്ങുമ്പോൾ അതായി മാറുകയും ചെയ്യുന്ന മമ്മൂക്ക മൂന്നു പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ ഭാഗമായിട്ട്. പുതിയ നായകന്മാർ ഓരോ കാലത്തും വരുമ്പോഴും പോകുമ്പോഴും മലയാള സിനിമയുടെ ആസ്ഥാന നായകപ്പട്ടം മമ്മൂട്ടിയിലും മോഹൻലാലിലും ഇന്നും നിലനിൽക്കുന്നുണ്ടെങ്കിൽ അത്രമേൽ പാഷൻ അവർക്ക് അഭിനയത്തോട് ഉള്ളതുകൊണ്ടാണ്. പ്രൗഢിയും സംഭാഷണ മികവും കൊണ്ട് മമ്മൂട്ടിയഭിനയിച്ച പല സിനിമകളും ഇപ്പോഴും ഓർമ്മകളിലുണ്ടാകാം. അദ്ദേഹം അഭിനയിച്ച ചില സിനിമകൾ കണ്ണു നനയ്ക്കും. അദ്ദേഹത്തിന്റെ അഭിനയപാടവത്തിൽ നിറംചാർത്തി നിൽക്കുന്ന ആ പാട്ടുകൾ മനസിൽ നീറുന്ന ഓർമയായി തങ്ങി നിൽക്കും. അത്തരത്തിൽ കണ്ണുനനയിച്ച ചില 'മമ്മൂട്ടി' പാട്ടുകളിലേക്ക്...

നെഞ്ചുപ്പൊട്ടിയ അരയൻ

എത്രനാൾ നെഞ്ചിൽ അടുക്കി പിടിച്ചു, അവൾക്കിഷ്ടമുള്ളതു പോലെ പഠിപ്പിച്ചു, എന്തൊക്കെ കിനാവ് കണ്ടു വളർത്തിയ മകളാണ് അച്ഛൻ കൈപിടിച്ച് കൊടുക്കാതെ ഇഷ്ടപ്പെട്ട ഒരുത്തനൊപ്പം മുന്നിലൂടെ നടന്നു നീങ്ങുന്നത്! അമ്മയില്ലാതെ മുത്തിനെ വളർത്തിയത് അച്ചൂട്ടി എന്ന അച്ഛനായിരുന്നു. അവളെ ഡോക്ടറാക്കണമെന്നായിരുന്നു അയാളുടെ ഏറ്റവും വലിയ ആഗ്രഹം. കടപ്പുറത്തെ മറ്റു അരയന്മാർ അയാളെ പരിഹസിച്ചപ്പോഴും അവളുടെ കഴിവിൽ അയാൾ വിശ്വസിച്ചു. തുറയിലെ മറ്റാരും നഗരത്തിൽ പഠിക്കാൻ താല്പര്യപ്പെടാത്തപ്പോഴും മുത്തിനെ നഗരത്തിലെ സ്‌കൂളിന്റെ ഭാഗമാക്കാൻ അയാൾ ആഗ്രഹിച്ചു. പക്ഷെ ഒരു കൗമാര പ്രണയത്തിന്റെ വിഹ്വലതയിൽ പെട്ട് അച്ഛനെ ഇട്ടെറിഞ്ഞ് പ്രണയിച്ചവന്റെ കൈപിടിക്കുമ്പോൾ ഒരിക്കൽ പോലും അവളോർത്തില്ലേ താൻ കാരണം അച്ഛൻ എന്തുമാത്രം കണ്ണീർ പൊഴിക്കുമെന്ന്?

"വികാര നൗകയുമായ്

തിരമാലകളാടിയുലഞ്ഞു...

കണ്ണീരുപ്പു കലർന്നൊരു മണലിൽ

വേളിപ്പുടവ വിരിഞ്ഞു..

രാക്കിളി പൊൻമകളേ... നിൻ പൂവിളി

യാത്രാമൊഴിയാണോ...

നിൻ മൗനം.... പിൻവിളിയാണോ.... "

അവളുടെ മുന്നിൽ ചെന്ന് പെടാതെ തുറയിലെ ഓലമേഞ്ഞ ആ വീടിന്റെ അകത്തിരുന്നു അയാൾ ആരും കേൾക്കാതെ ഉറക്കെ കരഞ്ഞു. അത് കേൾക്കാൻ അച്ചുവിന്റെ മുത്ത് ഉണ്ടായിരുന്നതേയില്ല, അയാളുടെ സ്വപ്നങ്ങളെയൊക്കെ തട്ടിത്തെറുപ്പിച്ച് തുറയിലെ ഒരു അരയച്ചെറുക്കനൊപ്പം അവൾ പൊറുക്കാനാരംഭിച്ചിരുന്നു അപ്പോഴേക്കും. അമരം എന്ന ചിത്രത്തിലെ ഏറ്റവും വികാര സാന്ദ്രമായ ഗാനവും രംഗങ്ങളുമായിരുന്നു അച്ചൂട്ടിയുടെയും മുത്തിന്റെയും വേർപിരിയൽ. കൈതപ്രം ദാമോദരന്റെ വരികൾക്ക് രവീന്ദ്രൻ മാഷിന്റെ സംഗീതം. യേശുദാസിന്റെ ശബ്ദം കൂടിയാകുമ്പോൾ കരയാൻ തോന്നുന്നത് കേൾവിക്കാർക്കും കൂടിയാകുന്നു.

അച്ഛന്റെ കരച്ചിലുകൾ

ഏറ്റവും പ്രിയമുള്ള ഒരുവളെ ജീവിതത്തിൽ നിന്ന് തന്നെ തിരികെ വിളിച്ച മരണത്തോട് അയാൾക്ക് ഒന്നേ വീണ്ടും ആവശ്യപ്പെടാനുണ്ടായിരുന്നുള്ളൂ... മകന്റെ ജീവനെങ്കിലും തിരികെ വേണം. ജീവിക്കാൻ മറ്റാരുമില്ലാത്ത, നിസ്സഹായനായി പോയ ഒരു അച്ഛന്റെ കരച്ചിലുകൾ ഭൂമിയും കാറ്റും പുഴയും കേട്ടു, നിലാവ് അയാളുടെ കണ്ണുനീരിലെ വേദന പ്രതിഫലിപ്പിച്ചു, തളർന്നു ചേമ്പിലത്താള് പോലെയായി തീർന്ന പത്തുവയസ്സുകാരന്റെ ചേതന തീർന്നുകൊണ്ടിരിക്കുന്ന ശരീരവും പേറി അയാൾ എവിടെയൊക്കെ അലഞ്ഞിട്ടുണ്ടാകണം!

"സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ

നാമെത്തും നേരം.....ഇന്നേരം

മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ

കോർക്കുന്ന കാലം.... പൂക്കാലം

പൂജപ്പൂ നീ...... പൂജിപ്പൂ ഞാൻ.....

പനിനീരും തേനും.. കണ്ണീരായ് താനേ..." 

അല്ലെങ്കിലും മരണം തന്നെയല്ലേ ഏറ്റവും വലിയ വേദന? കാലം ഒരാൾക്കായി കാത്തു വച്ചിരിക്കുന്ന ഏറ്റവും ഭീതിദമായ ശിക്ഷയും. അതിനു വേണ്ടി എന്തു തെറ്റാണ് താൻ ചെയ്തതെന്ന് ബാലചന്ദ്രൻ എന്ന് പേരായ ആ മനുഷ്യൻ എപ്പോഴും ആലോചിച്ചുകൊണ്ടേയിരുന്നു. സ്നേഹിച്ചിട്ടേയുള്ളൂ... മകനെയും അവന്റെ അമ്മയെയും... പക്ഷെ അപ്പൂസിനെ കയ്യിൽ തന്നു "അവനെ നോക്കിക്കോണേ" എന്ന് പറഞ്ഞു ജീവിതത്തിന്റെ പടിയിറങ്ങിപ്പോയ പ്രിയപ്പെട്ടവളോട് അയാൾക്ക് പരിഭവമില്ല... പക്ഷെ ഇനിയും ജീവിക്കണമെങ്കിൽ അയാൾക്ക് അപ്പൂസിനെ ആവശ്യമുണ്ട്...

ബിച്ചു തിരുമലയുടെ വരികൾക്ക് ഇളയരാജയാണ് സംഗീതം നൽകിയത്.

തരളിത രാവിൽ മയങ്ങിയ സൂര്യമാനസം

1937 ൽ പുറത്തിറങ്ങിയ ജോൺ സ്റ്റെയിൻബെക്കിന്റെ "Of Mice and Men "എന്ന നോവലിന്റെ കഥയെ അടിസ്ഥാനമാക്കി വിജി തമ്പി "സൂര്യമാനസം" എന്ന സിനിമയെടുക്കുമ്പോൾ അതിൽ പുട്ടുറുമീസ് എന്ന കഥാപാത്രത്തിന് മമ്മൂട്ടിയല്ലാതെ മറ്റാരും യോജിക്കില്ലെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകണം. മലയാള സിനിമയിലെ ഏറ്റവും "ചുള്ളനായ" മമ്മൂട്ടിയെ ബുദ്ധിമാന്ദ്യം സംഭവിച്ച വ്യക്തിയായി അഭിനയിപ്പിക്കുക ഒരുപക്ഷെ അത്ര ബുദ്ധിമുട്ടായിരിക്കില്ല, പക്ഷെ വേഷപ്പകർച്ച ആലോചനകളിൽ പോലും ബുദ്ധിമുട്ടാകുന്നു. പക്ഷെ അനായാസേന കഥാപാത്രത്തിനൊത്ത വേഷവിധാനത്തിൽ പുട്ടുറുമീസ് മുന്നിൽ നിൽക്കുമ്പോൾ പിന്നണിയിൽ ഒരു പാട്ട് മുഴങ്ങുന്നുണ്ടാവും...

"തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം

വഴിയറിയാതെ വിതുമ്പിയോ

മേഘനൊമ്പരം

ഏതു വിമൂക തലങ്ങളിൽ ജീവിതനൌകയിതേറുമോ

ദൂരെ ദൂരെയായെൻ

തീരമില്ലയോ..."

കീരവാണിയുടെ സംഗീതത്തിൽ കൈതപ്രം ദാമോദരൻ സംഗീതമൊരുക്കുമ്പോൾ നിസ്സഹായാനായ ഒരു വഴിയറിയാക്കാറ്റിന്റെ നൊമ്പരം വന്നു തൊടുന്നതറിയാൻ കഴിയുന്നുണ്ട്. എല്ലാവരാലും വെറുക്കപ്പെടുന്ന ഒരു മകന്റെ അമ്മയാവുക എന്നത് എത്രമാത്രം നോവാണ്... ഒരുപക്ഷെ ഉറുമീസിനെക്കാൾ കണ്ണുനനയിക്കുക ഉറുമീസിന്റെ അമ്മയുടെ ആത്മനൊമ്പരങ്ങൾ തന്നെയാകും. ചില മനുഷ്യന്റെ അവസ്ഥകളാണ്, പേയ് പിടിച്ച നായെ പോലെ ഒരു സമൂഹം കല്ലെറിയപ്പെടുക, ബഹിഷ്കൃതനാക്കപ്പെടുക... കണ്ടിരിക്കുക, നൊന്തിരിക്കുക എന്നതിനപ്പുറം പിന്നെയൊന്നുമില്ല...

അരയാൽക്കൊമ്പിൽ തേങ്ങിയ ഹൃദയം

ഒരു കുടുംബത്തിന്റെ മുഴുവൻ ചുമതലയും ചെയ്തിരുന്നത് മേലേടത്ത് രാഘവൻ നായരായിരുന്നു. നല്ല പ്രായം മുഴുവൻ വലിയൊരു തറവാടിന്റെ അകത്തും പുറത്തും പണിയെടുപ്പുകാരനായി മല്ലിട്ടു, അനുജനെ അവനിഷ്ടമുള്ള നിലയിൽ വിദ്യാസമ്പന്നനാക്കി, ഇഷ്ടമുള്ള പെൺകുട്ടി വിവാഹത്തെ ചെയ്യിച്ചു, അപ്പോഴും തറവാട് നഷ്ടപ്പെടുത്താതെ ആയിരം മേനി വിളയിച്ച് കൊണ്ടേയിരുന്നു. രാഘവൻ നായരുടെ കണക്കു പുസ്തകത്തിൽ ഭാര്യയും മക്കളും പോലും ഒരുപക്ഷെ കുടുംബം എന്ന കെട്ടുറപ്പിൽ അവസാന സ്ഥാനക്കാരായിരുന്നിരിക്കണം. ആ മനുഷ്യനെയാണ് ഒടുവിൽ ഒന്നായി ചേർത്ത് വച്ച തറവാട് വിലപേശിയത്...

"അലയും കാറ്റിൻ ഹൃദയം അരയാൽക്കൊമ്പിൽ തേങ്ങി

ഓലപുടവത്തുമ്പിൽ പാടം കണ്ണീരൊപ്പി

രാമായണം കേൾക്കാതെയായ്‌

പൊൻമൈനകൾ മിണ്ടാതെയായ്‌..."

രാമായണത്തിന്റെ ശീലുകൾ ഇടയ്ക്കൊക്കെ മേലേടത്ത് തറവാട്ടിൽ നിന്നും ഉറക്കെ കേൾക്കാമായിരുന്നു. അപ്പോഴൊക്കെ മുന്നിൽ നിറ തിരിയിട്ട വിളക്കും അതിനു മുന്നിൽ കണ്ണാടി വച്ച് കൈകൂപ്പി രാമായണം വായിക്കുന്ന രാഘവനുമുണ്ടാകും, പിന്നെ തൊട്ടിപ്പുറത്ത് അയാളുടെ ഇമ്പമുള്ള ഈണങ്ങളിൽ സ്വയം ഒഴുകിപ്പരന്നു 'അമ്മ ജാനകിയമ്മയും. പിന്നെ എപ്പോഴോ ഈണങ്ങൾ രാഘവൻ നായർക്ക് നഷ്ടമായി, രാമായണം മുഴങ്ങാത്ത കരിയിലകൾ കൂടു കെട്ടിയ വീടായി അത് മാറുമ്പോൾ അയാൾക്ക് കരച്ചിലുകൾ വരുന്നുണ്ടായിരുന്നു. ചോദ്യങ്ങൾ ഒരുപാട് ഉയർന്നു കേട്ട് തുടങ്ങിയാൽ, പിന്നെ സ്വന്തമായി ഇടം നഷ്ടപ്പെട്ട് കഴിഞ്ഞു എന്ന് മനസ്സിലാക്കണം... പിന്നെ എല്ലാം ഉപേക്ഷിച്ചുള്ള യാത്രയാണ് നല്ലത്...

"വൈദേഹി പോകയായി വനവാസ കാലമായി (2)

രാമരാജധാനി വീണ്ടും ശൂന്യമായ്‌

വിമൂകയായ്‌ സരയൂനദി..."

കൈതപ്രം ദാമോദരന്റെ വരികൾക്ക് സംഗീതം എസ് പി വെങ്കിടേഷ്.

നൊമ്പരമായി ബാലൻ മാഷ്

കുടുംബത്തിൽ തലമുറയായി കൈമാറ്റം ചെയ്യപ്പെട്ട മാനസിക വിഭ്രാന്തി കൈമാറ്റം ചെയ്യപ്പെട്ട് ഏറെ സ്നേഹിച്ചിരുന്ന ഒരു വ്യക്തിയിലെത്തുമ്പോൾ ബാലൻ മാഷിന്റെ ചുവടുകൾ ആദ്യമായി ഇടറിത്തുടങ്ങിയിരിക്കണം. അന്ധമായ വിശ്വാസത്തിന്റെ പിന്തുടർച്ചയെന്നോണം നാളെയത് താവഴിയിലെ അടുത്ത തലമുറയിലേയ്ക്കും ബാധിക്കപ്പെടും എന്നോർക്കുന്തോറും ചുവടുകൾ വീണ്ടും ഇടറിപ്പോകുന്നു. നെഞ്ചു വേദനിക്കാതെ കണ്ടിരിക്കാനാകില്ല സിബി മലയിൽ-ലോഹിതാദാസ് ടീമിന്റെ "തനിയാവർത്തനം" എന്ന ചിത്രം.

ശ്രീജയദേവെ കൃതഹരി സേവേ

ഫണതി പരമ രമണീയം..."

ഓർമ്മകളിൽ ചെറിയച്ഛന്റെ മാസ്മരികമായ പ്രണയം കുഞ്ഞു ബാലന് കാണാനാകുന്നുണ്ട്. മനസ്സിന്റെ താളം എന്നന്നേയ്ക്കുമായി തെറ്റുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ വലിയ കണ്ണുകളുള്ള ചുവന്ന വലിയ പൊട്ടു തൊടുന്ന ആ പെൺകുട്ടിയുണ്ടായിരുന്നിരിക്കണം. ഇടയ്ക്കയിലെ ശ്രുതി പോലെ കടുപ്പം കൂടിയും കുറഞ്ഞും ഓർമ്മകളങ്ങനെ ഉള്ളിൽ പൊലിക്കുന്നുണ്ടാകണം!

സ്നേഹ നിരാസമാണ് ബാലൻ മാഷിന്റെ ചെറിയച്ഛന് വിഭ്രാന്തി സമ്മാനിച്ചതെങ്കിലും അതിനെ പാരമ്പര്യം എന്ന പേരിൽ ബാലൻ മാഷിലേയ്ക്കും നീട്ടിയെടുക്കുകയാണ് വിധിയുടെ വികൃതി. എനിക്ക് ഭ്രാന്തില്ല എന്നുറക്കെ വിളിച്ചു പറയുമ്പോഴും നിനക്ക് ഭ്രാന്താണ് എന്ന് ഉറപ്പിക്കുന്ന സഹജീവികൾ തന്നെയാണ് ബാലൻ മാഷിന്റെ ശത്രുക്കൾ. ഭ്രാന്തിന്റെ വേരുകൾ പാതിവഴിയിൽ പൊട്ടിച്ചെറിയാൻ ബന്ധുക്കൾക്ക് പോലും താൽപ്പര്യവുമില്ല.. കെട്ടിയേൽപ്പിക്കപ്പെടുന്ന ഭ്രാന്തിന്റെ ചങ്ങലക്കിലുക്കങ്ങൾ അടുത്ത് വരുന്നുണ്ടെന്നു തൊട്ടടുത്ത മുറിയിലിരുന്ന് ചെറിയച്ഛൻ പാടിയപ്പോഴൊക്കെ ബാലൻ മാഷിന് തോന്നിയിട്ടുണ്ടാവില്ലേ?