Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽക യാഗ്നിക്കിനിന്ന് ജന്മദിനം

Alka Yagnik

ലതാമങ്കേഷ്കറിനും ആശാ ബോസ്ലേയ്ക്കും ശേഷം ബോളീവുഡിന് ലഭിച്ച മികച്ച ഗായികയാണ് അൽക യാഗ്നിക്ക്. എൺപതുകളുടെ തുടക്കം മുതലേ ബോളിവുഡിലെ പ്രിയ ശബ്ദമായ അൽക യാഗ്നിക്ക് ബോളിവുഡിന്റെ ചരിത്രത്തിനൊപ്പം നടന്ന ഗായികയാണ്. മനോഹര മെലഡിയിലൂടെ കേൾവിക്കാരുടെ മനസിൽ കുളിരുകോരിയിടുന്ന ഗായികയ്ക്കിന്ന് 49–ാം പിറന്നാൽ.

കൽക്കട്ടയിലെ ശാസ്ത്രീയ സംഗീതജ്ഞയായിരുന്ന ശുഭ യാഗ്നിക്കിന്റെ മകളായി 1966 മാർച്ച് 20നാണ് അൽക യാഗ്നിക്കിന്റെ ജനനം. അമ്മയിൽ നിന്ന് സംഗീതത്തിന്റെ ആദ്യക്ഷരങ്ങൾ സ്വായത്തമാക്കിയ അൽക ആറാം വയസിൽ കൽക്കട്ടയിലെ ആൾ ഇന്ത്യ റേഡിയോയിൽ ഭജൻ പാടിക്കൊണ്ടാണ് തന്റെ കരിയർ ആരംഭിച്ചത്. മകളുടെ സംഗീതജീവിതത്തിന് മുംബൈയാണ് നല്ലതെന്ന് തിരിച്ചറിഞ്ഞ ശുഭ അവരുടെ ജീവിതം മുംബൈയിലേയ്ക്ക് പറിച്ചു നടുകയായിരുന്നു. അന്നത്തെ പ്രമുഖ സംഗീത സംവിധാകരായ കല്യാൺജി ആനന്ദ്ജിമാരുടെ ഗ്രൂപ്പിൽ ചേർന്ന് കുഞ്ഞ് അൽക ഡബിംഗ് ആർട്ടിസ്റ്റായാണ് തുടങ്ങിയത്.

Alka Yagnik Hit Songs

1979 ൽ ഇറങ്ങിയ പായൽ കി ജൻകാർ ചിത്രത്തിലെ ഏതാനും വരികൾ പാടിയാണ് അൽക പിന്നണി ഗാന രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഹമാരി ബഹൂ എന്ന ചിത്രത്തിൽ ഒരു മുഴുനീള ഗാനം പാടി. പിന്നീട് നിരവധി ചിത്രങ്ങളിൽ പാടിയെങ്കിലും 1988 ൽ പുറത്തിറങ്ങിയ ചിത്രമായ തേസാബാണ് അൽകയുടെ ജീവിതം തന്നെ മാറ്റി മറിച്ചത്. മധുരി ദീക്ഷിത്ത് എന്ന നായിക ആടിത്തിമിർത്ത ഏക് ദോ തീൻ എന്ന ഗാനം മാധുരിയെ മാത്രമല്ല അൽകയേയും അതിപ്രശസ്തയാക്കി.

Alka Yagnik Hit Songs

തേസാബിനു ശേഷം അൽക യാഗ്നിക്കായിരുന്നു ബോളിവുഡിന്റെ വാനംമ്പാടി. ഖയാമത് സേ ഖയാമത് തക്, ദീവാനാ, ബാസീഗർ, ക്രിമിനൽ, രാജാ ഹിന്ദുസ്ഥാനി എന്നീ ചിത്രങ്ങളിൽ അൽക പാടിയ പാട്ടുകളെല്ലാം സുപ്പർ ഹിറ്റുകളായി മാറി. രാജാ കൊ റാണി സെ പ്യാർ ഹോഗയാ..., ജാത്തി ഹൂൻ മേം.., വാദാ രഹാ സനം, പർദേശി പർദേശി ജാനാ നഹീ...,ആദി ക്യാ ഖൺഡാല..., ചമ്മ ചമ്മ., നീംന്ദ് ചുരായേ മേരെ..., താൽ സെ താൽ.., ദിൽ നെ യേ കഹാഹെ ദിൽ സെ, കുച് കുച് ഹോതാ ഹെ.., തുടങ്ങി എത്രയെത്ര ഗാനങ്ങൾ. മനോഹരമായ പ്രണയ ഗാനങ്ങളും, വിരഹ ഗാനങ്ങളും തുടങ്ങി എത്ര കേട്ടാലും മതിവാരാത്ത ഗാനങ്ങൾ നാം അൽകയുടെ ശബ്ദത്തിൽ കേട്ടു. രണ്ടായിരത്തിലധികം ഗാനങ്ങൾ അൽകയുടേതായി ബോളീവുഡിലുണ്ട്.

ലക്ഷ്മികാന്ത് പ്യാരേലാൽ, ജതിൻ ലളിത്, അനുമാലിക്ക്, എ ആർ റഹ്മാൻ, രാജേഷ് റോഷൻ, അനന്ത് മിലിന്ദ് തുടങ്ങിയ സംഗീത സംവിധായകരും കുമാർസാനു, ഉദിത് നാരായൺ, സോനു നിഗം തുടങ്ങിയ ഗായകരുമായുള്ള അൽകയുടെ കൂട്ടുകെട്ട് ബോളീവുഡ് സിനിമ ലോകത്തിന് വിസ്മൃതിയിലാഴാത്ത പാട്ടുകളാണ് സമ്മാനിച്ചത്. ഏഴ് തവണ ഫിലിംഫെയർ പുരസ്കാരവും രണ്ട് തവണ ദേശീയ പുരസ്കാരവും അൽകയെന്ന അനുഗ്രഹീത ഗായികയെ തേടി എത്തിയിട്ടുണ്ട്. സംഗീതലോകത്ത് മുപ്പത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടുവെങ്കിലും അൽക ഇന്നും നമ്മേ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.. വർഷങ്ങൾക്ക് മുമ്പ് കേട്ട് പതിഞ്ഞ അതേ മധുരസ്വരത്തിൽ.

Alka Yagnik