Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാതിലടച്ച പെൺപാട്ട്

Author Details
Annapoorna

മുംബൈയുടെ മഹാനഗരത്തിരക്കിൽ കാതോർത്താൽ നമുക്കൊരു മൗനം കേൾക്കാം; കണ്ണീർ നനവുള്ളൊരു പെൺമൗനം... പാട്ടുലോകത്തേക്കു മലർക്കെ തുറന്നുകിട്ടിയൊരു വാതിൽ സങ്കടത്താഴിട്ടു പൂട്ടിയൊരു സിതാർവാദകയുടെ വിലാപമൗനം... അന്നപൂർണാദേവി.

ആ പേരിനേക്കാൾ അവരെ പ്രശസ്‌തയാക്കിയത് സിതാർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറുടെ ഭാര്യാവിലാസമായിരുന്നു. അതേ വിലാസംതന്നെയാണ് ഒടുവിൽ, അന്നപൂർണയുടെ സംഗീതസ്വപ്‌നങ്ങൾ നഷ്‌ടപ്പെടുത്തിയതും അവരെ നിത്യമൗനാനുരാഗിയാക്കിയതും.

ഒരുവരിയീണം കൊണ്ടുപോലും ആ മൗനം മുറിപ്പെടുത്താതെ, ആരോടുമാരോടും മിണ്ടാതെ, ആരെയുമാരെയും കേൾക്കാതെ, ചേർന്നടഞ്ഞ വാതിൽജനാലകൾക്കു പിന്നിലെ തിരശ്ശീലമറ പറ്റി അരനൂറ്റാണ്ടിലേറെയായി അന്നപൂർണ ഇപ്പോഴും അവിടെയുണ്ട്, സൗത്ത് മുംബൈ ബ്രീച്ച് കാൻഡിയിലെ അപ്പാർട്ട്‌മെന്റിൽ. (ആ മൗനത്തോടുള്ള ആദരംകൊണ്ട് വീട്ടുവിലാസം ഇവിടെ ഒഴിവാക്കുന്നു.)

അവർ എന്നെന്നേക്കുമായി സ്വരവാതിലടച്ച കഥയോളം ദുഃഖഭരിതമായി അധികമൊന്നും പാട്ടുകഥകൾ നാം കേട്ടിരിക്കാൻ വഴിയില്ല.

അന്നപൂർണയ്‌ക്കുമൊരു പാട്ടുവസന്തമുണ്ടായിരുന്നു

അന്നപൂർണ ദേവി... അല്ല, റോഷനാരാ ഖാൻ. ബാല്യത്തിൽ അതായിരുന്നു പേര്. പ്രശസ്‌ത സംഗീതജ്‌ഞൻ അലാവുദ്ദീൻ ഖാന്റെ മകൾ. ബനാറസിൽ നിന്നും 160 മൈൽ ദൂരെ മയിഹറിലായിരുന്നു കളിക്കുട്ടിക്കാലം. അച്‌ഛന്റെ ശിക്ഷണത്തിലാണ് ആദ്യമായി അവൾ സിതാറിൽ വിരൽതൊട്ടത്. പാട്ടുകൂട്ടുമായി അവൾക്കൊപ്പം സഹോദരൻ അലി അക്‌ബറും ഉണ്ടായിരുന്നു. (പിൽക്കാലത്ത് സരോദ് മാന്ത്രികനെന്ന സംഗീതവിലാസം സ്വന്തമാക്കിയത് അന്നപൂർണയുടെ ഈ സഹോദരൻ ആയിരുന്നു) സിതാറിൽ മകളുടെ വിരലുകൾ തൊട്ടുണർത്തിയ രാഗനദികൾ കണ്ട് അലാവുദ്ദീൻ അവൾക്ക് സിത്താറിനേക്കാൾ ശ്രുതിസങ്കീർണമായ മറ്റൊന്നു സമ്മാനിച്ചു–

സൂർബാഹർ... വസന്തസംഗീതവാദ്യം... അച്‌ഛനെ വിസ്‌മയിപ്പിച്ചുകൊണ്ട് അവൾ സൂർബാഹറിൽ പുഷ്‌പരാഗങ്ങൾ തൊട്ടുണർത്തിക്കൊണ്ടേയിരുന്നു.

അക്കാലത്താണ് അലാവുദ്ദീൻ ഖാന്റെ ശിഷ്യത്വം തേടി ആ പതിനെട്ടുകാരന്റെ വരവ്. രബീന്ദ്രശങ്കർ. (1940കളിലാണ് അദ്ദേഹം രവിശങ്കർ എന്ന പുതിയ പേര് സ്വീകരിക്കുന്നത്) അന്ന് അന്നപൂർണയ്‌ക്ക് വയസ് പതിമൂന്ന്.

രവിശങ്കർ പിന്നീട് ‘രാഗമാല’ എന്നപേരിൽ ആത്മകഥയെഴുതിയപ്പോൾ അന്നപൂർണയുടെ ആദ്യ കാഴ്‌ചയെക്കുറിച്ച് ഇങ്ങനെയെഴുതി... ‘‘കാണാൻ അഴകൊത്ത പെൺകുട്ടി. വലിയ നാണക്കാരി... കണ്ണെടുക്കാൻ തോന്നിയില്ല, അവളുടെ കണ്ണുകളിൽനിന്ന്...’’ പക്ഷേ, രവിശങ്കറുമായുള്ള വിവാഹത്തെക്കുറിച്ച് അന്നപൂർണ പിന്നീടെഴുതിയത് അതൊരു പ്രണയവിവാഹമായിരുന്നില്ലെന്നും അറിവില്ലാത്ത പ്രായത്തിൽ അച്‌ഛനമ്മമാർ പറഞ്ഞുനടത്തിയതാണെന്നുമാണ്. വിവാഹത്തിനു വേണ്ടിയാണ് അവൾ 1941ൽ ഹിന്ദുമതം സ്വീകരിച്ചത്; അന്നപൂർണ എന്ന പേരും.

Ravi - Devi അന്നപൂർണാദേവിയും രവിശങ്കറും (ചെറുപ്പകാലത്തെ ചിത്രം. അര നൂറ്റാണ്ടിനിടെ അന്നപൂർണാ ദേവിയുടെ ചിത്രം പുറംലോകം കണ്ടിട്ടില്ല)

അനുരാഗശൂന്യമെങ്കിലും രവിശങ്കറുടെയും അന്നപൂർണയുടെയും വിവാഹജീവിതത്തിനു രാഗങ്ങളുടെ വിസ്‌മയിപ്പിക്കുന്ന ലയനസൗന്ദര്യമുണ്ടായിരുന്നു. ഒരേ വേദിയിൽ അവർ സിതാറും സൂർബാഹറും മീട്ടി... രണ്ടുപേരും പരസ്‌പരം മൽസരിച്ച് പാടുന്നതു കാതോർത്ത ആരാധകർ സർവം മറന്ന് മറ്റേതോ മായാനുഭൂതിയിൽ മുഴുകി...

അവിടെത്തുടങ്ങിയതാണ് അവരുടെ ദാമ്പത്യത്തിലെ താളപ്പിഴകൾ... തന്നെക്കാൾ കൂടുതൽ കരഘോഷങ്ങൾ തന്റെ ഭാര്യയെതേടി വരുന്നതറിഞ്ഞ് രവിശങ്കർ അസ്വസ്‌ഥനാകാൻ തുടങ്ങിയത്രെ.

അങ്ങനെയാണ് അന്നപൂർണ പൊതുവേദികളിൽനിന്ന് ആദ്യമായി ഉൾവലിഞ്ഞത്. പിന്നീടു രവിശങ്കറിനുവേണ്ടി മാത്രമായി അവൾ വിരൽമീട്ടി. കാതോർക്കാൻ കാത്തിരിക്കുന്ന ആയിരക്കണക്കിന് ആരാധകരെ മറന്ന് അന്നപൂർണ ഒരേയൊരാൾക്കുവേണ്ടി മാത്രം പാടുന്നവളായി.

ഒടുവിൽ, ഇനിയൊരിക്കലും തന്റെ തന്ത്രികൾ പാടില്ലെന്ന് ഈശ്വരവിഗ്രഹം സാക്ഷിയാക്കി ശപഥം ചെയ്‌തിട്ടുപോലും വലിഞ്ഞുമുറുകി പൊട്ടിപ്പോയൊരു സിതാർ തന്ത്രിയുടെ രണ്ടറ്റം കണക്കെ ശ്രുതി ചേരാതെ പിരിയാനായിരുന്നു ഇരുവരുടെയും വിധി.

രവിശങ്കർ പാട്ടൊഴിഞ്ഞുപോയ ജീവിതത്തിന്റെ ശൂന്യതയിലേക്ക്, സംഗീതം പഠിക്കാനെത്തിയ റൂഷികുമാർ പാണ്ഡ്യയെ അന്നപൂർണാദേവി ഒപ്പം കൂട്ടിയെങ്കിലും പൊതുവേദികളിലേക്കൊരു തിരിച്ചുവരവ് പിന്നീട് അവർക്കുണ്ടായില്ല. മകൻ ശുഭോയുടെ അകാലമരണം അവരുടെ ഏകാന്തതയെ മരുപ്പച്ചകളില്ലാ മണൽക്കാടുപോലെ കൂടുതൽ വന്യമായി വരണ്ടുണക്കി. പിന്നീട് ഒരു മടങ്ങിവരവില്ലാത്തത്ര ദൂരം അവർ അപ്പോഴേക്കും പൊയ്‌പ്പോയിക്കഴിഞ്ഞിരുന്നു; തനിച്ച്... ഏറ്റവും തനിച്ച്...

ആകാശ ഗോപുരങ്ങളുടെ ഉയരച്ചില്ലകളിലേക്കു തുടിച്ചുപാറിയൊരു പാട്ടുമൈനയ്‌ക്കു പെട്ടെന്ന് ആകാശം നഷ്‌ടപ്പെടുകയായിരുന്നു. തിരിച്ചു പറക്കാൻ ചിറകുകളും. അങ്ങനെയാണ് അന്നപൂർണാദേവി നാലു ചുമരുകൾക്കുള്ളിലെ ഏകാന്ത സങ്കടഗായികയായത്. ജാലകത്തുറവിയിലൂടെ മാത്രം ആകാശക്കീറു കണ്ട് നെടുവീർപ്പിടുന്നൊരു അരിപ്രാവിനെപ്പോലെ എന്നും ഒരേ മൗനത്തിന്റെ നൊമ്പരരാഗം മീട്ടി മിണ്ടാതെയായത്.

പൊതുവേദികളിൽനിന്നും അന്നപൂർണാ ദേവിയുടെ പാട്ടീണങ്ങൾ അപ്രത്യക്ഷമായതോടെ ആരാധകരും ഏറെക്കുറെ അവരുടെ സ്വരവിലാസം മറന്നുതുടങ്ങി. 1970ൽ ബീറ്റിൽസിലെ ജോർജ് ഹാരിസൺ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ പ്രത്യേക അനുമതി നേടിയാണ് അന്നപൂർണയുടെ സിതാർ വാദനം കേൾക്കാൻ അവരെ സന്ദർശിച്ചത്രേ.

അവർ പാടാതെ ബാക്കിവച്ച സംഗീതത്തിന്റെ മറുപാതി ഇന്നും ആസ്വാദകരെ തേടിയെത്തുന്നത് അവർ അവശേഷിപ്പിച്ച അനുഗൃഹീത ശിഷ്യസമ്പത്തിലൂടെയാണ്. നിഖിൽ ബാനർജി, ഹരിപ്രസാദ് ചൗരസ്യ, ബസന്ത് കബ്ര... ഇന്ത്യൻ സംഗീത ലോകത്തെ പല പ്രതിഭകൾക്കും സ്വരം പറഞ്ഞുനൽകിയ പാട്ടമ്മയുടെ സ്‌നേഹവിലാസംകൂടി സ്വന്തമാക്കിയാണ് അന്നപൂർണ വീട്ടകത്തേക്ക് ഉൾവലിഞ്ഞത്.

വാതിൽ തുറന്നില്ലെങ്കിലും വരുന്നൊരാളെ കാത്ത്...

ഈ എൺപത്തിയെട്ടാം വയസ്സിലും വീട്ടിലെ തനിച്ചിരിപ്പു നേരങ്ങളിൽ അതിഥികളെയോ ആരാധകരെയോ അന്നപൂർണ ഇന്നും പ്രതീക്ഷിക്കുന്നില്ല. ആരവങ്ങൾക്കോ ആഘോഷങ്ങൾക്കോ വിളിച്ചുണർത്താൻ വയ്യാത്തത്ര ദൂരമെത്രയോ അവർ മൗനത്തിലേക്കു പിൻനടന്നുതീർന്നിരിക്കുന്നു. അതുകൊണ്ടായിരിക്കാം, നഗരത്തിരക്കിലെ ഫ്ലാറ്റിന്റെ പൂമുഖപ്പടിയിൽ അവർ ഇങ്ങനെയൊരു ബോർഡ് എഴുതിവച്ചിരിക്കുന്നു: ‘‘മൂന്നുതവണ മാത്രം മണിയടിക്കുക. വാതിൽ തുറക്കാൻ എന്നിട്ടും ആരും വരുന്നില്ലെങ്കിൽ ദയവായി ഒരു കാർഡ് എഴുതിയിട്ടു തിരിച്ചുപോകുക’’. അപൂർവം പേർക്കു മാത്രമേ പാട്ടുവാതിൽ ചേർന്നടഞ്ഞ വീട്ടകത്തേക്കു പ്രവേശനമുള്ളു. അവർക്കുപോലും സന്ദർശക മുറിക്കപ്പുറം വിലക്കപ്പെട്ട ഇടമാണ്. ആർക്കും പ്രവേശനമില്ലാത്ത അന്നപൂർണാദേവിയുടെ മാത്രം ഇടം. അവിടെ അവരെ ചുറ്റിപ്പൊതിഞ്ഞ് എന്നും ഒരേ മൗനം...

മരണത്തിനല്ലാതെ മറ്റൊന്നിനും അന്നപൂർണാ ദേവിയുടെ മൗനകുടീരത്തിലേക്ക് ഇനി പ്രവേശനമുണ്ടാകില്ല. അതുകൊണ്ടാകണം അവരുടെ ജീവിതകഥയെഴുതിയ സ്വപൻ കുമാർ ബന്ദോപാധ്യായ ഇങ്ങനെ കുറിച്ചത്:

അന്നപൂർണാദേവിയുടെ മൗനം... അതിന്റെ യഥാർഥ കാരണം ആർക്കുമറിയില്ല. അവരുടെ മരണത്തിനൊപ്പം ആ കാരണംകൂടി അവർ കൊണ്ടുപോകും...

ചില മൗനങ്ങളുടെ കാരണം രണ്ടാമതൊരാൾ അറിയാനുള്ളതല്ല.