Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൽപനകളുടെ കൊമ്പത്ത് അമ്പതാണ്ട്

ആദ്യം തിരസ്കാരം പിന്നെ പുരസ്കാരം... പാട്ടെഴുത്തിന്റെ അ‍ഞ്ചു പതിറ്റാണ്ടു പിന്നിടുമ്പോൾ പൂച്ചാക്കൽ ഷാഹുലിന്റെ ഓർമകൾ ആദ്യം പറയുന്ന വാചകമിതാണ്. ഒരു തിരസ്കാരം നൽകിയ വാശിയാണു ഷാഹുൽ ഹമീദെന്ന പൊടിമീശക്കാരനെ പൂച്ചാക്കൽ ഷാഹുലെന്ന പാട്ടെഴുത്തുകാരനാക്കിയത്.

1964 - അമച്വർ നാടകങ്ങളുടെ കാലത്ത് പൂച്ചാക്കൽ മിനർവ തിയറ്റേഴ്സിന്റെ ബോധിവൃക്ഷം എന്ന നാടകത്തിനായി അതിലെ അഭിനേതാവ് കൂടിയായ ടിടിസി വിദ്യാർഥി ഷാഹുൽ ഹമീദ് നാലു പാട്ടെഴുതി നാടക സമിതി ഉടമയെ ഏൽപ്പിച്ചു. അന്നത്തെ ഒരു ഭാഗവതരുടെ സമ്മർദത്തെ തുടർന്നു സമിതി ഉടമ അതു തിരസ്കരിച്ചു. ഷാഹുലിന് അതൊരു വാശിയായി, കൂടുതൽ എഴുതാൻ തുടങ്ങി. ഇതു പലരും പരസ്പരം പറഞ്ഞറിഞ്ഞതോടെ 1965ൽ സലാം കാരശേരിയുടെ വൈരുപ്യങ്ങൾ എന്ന നാടകത്തിനു പാട്ടെഴുതാൻ ഷാഹുലിനു ക്ഷണം ലഭിച്ചു. ‘നിനവിൻ പൂവുകൾ ഉതിരും യമുനാ തടമതിൽ വന്നു ഞാൻ’ എന്ന ഗാനം അതിനായി തയാറാക്കി നൽകി.

പിന്നീടു  പ്രഫഷനൽ നാടക ഗാനരചനാ രംഗത്തെ  തിരക്കുള്ള താരമായി മാറി .ഗാനരചനാ രംഗത്ത് അമ്പതു വർഷവും പൂർത്തിയാക്കി .. സുന്ദരൻ കല്ലായിയുടെ കഴിഞ്ഞ വർഷമിറങ്ങിയ ‘ഞാൻ ഘടോൽക്കചൻ’ എന്ന നാടകത്തിനാണ് ഒടുവിൽ പാട്ടുകളെഴുതിയത്.

അതിനിടെ അഴിമുഖം, ഹോട്ടൽ കാവേരി, മല്ലനും മാതേവനും, നിന്നെ പിന്നെ കണ്ടോളാം എന്നി സിനിമകൾക്കും ഗാനമെഴുതി. കൂടാതെ ഒട്ടേറെ ലളിതഗാനങ്ങളും ഭക്തി ഗാനങ്ങളും . പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. സംഗീത നാടക അക്കാദമി, ജേസി ഫൗണ്ടേഷൻ തുടങ്ങി അൻപതോളം പുരസ്കാരങ്ങൾ ഇതിനോടകം ഷാഹുലിനെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിൽ ബിരുദാനന്തര ബിരുദമുള്ള ഷാഹുൽ  വർഷങ്ങളോളം ഭാഷാ അധ്യാപകനായിരുന്നു. 1997ൽ പാണാവള്ളി ഓടമ്പള്ളി ഗവ. യുപിഎസിൽ പ്രഥമാധ്യാപകനായാണു വിരമിച്ചത്.

ഇപ്പോൾ 75 -ാം വയസിലും കലാ – സാംസ്കാരിക വേദികളിൽ നിറ സാന്നിദ്ധ്യമായ  പൂച്ചാക്കൽ ഷാഹുലിനെ ചേർത്തല സംസ്കാര സാഹിത്യവേദിയുടെ നേതൃത്വത്തിൽ ആദരിക്കും.

Your Rating: