Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെഞ്ചിനുള്ളിലുള്ളിലെ 'വാരണം ആയിരം'

vaaranam-aayiram

ഒരായിരം പ്രണയങ്ങളും വിപ്ലവക്കൂട്ടങ്ങളും പിറവികൊണ്ട ലൈബ്രറിയിലെ കസേരയിലിരുന്നൊരുനാൾ....മദ്രാസ് ക്രിസ്റ്റ്യൻ കോളെജിന്റെ ഇടനാഴികളിലൂടെ മുടി പാറിച്ച് അലസമായി നടന്നുപോകുന്നതു കണ്ടനാൾ....ചങ്ങാതിമരത്തണലിൽ കൂട്ടുകാരികൾക്കൊപ്പം ചുമ്മാ സംസാരിച്ചിരിക്കും നേരത്തെ ചിരികണ്ട നേരം മുതൽ. അങ്ങനെയൊക്കെയാണ് ആ പ്രണയം കണ്ണടവച്ച കൂട്ടുകാരന്റെ നെഞ്ചിനുള്ളിൽ കയറിക്കൂടിയത്. വെരി സ്പെഷ്യൽ എന്നു തോന്നിയതുകൊണ്ടാകാം അവൾ പോകും ഇടങ്ങളിലൂടെ അവൾ കാണും കാഴ്ചകളിലൂടെ ആ പ്രണയത്തെ കുറിച്ചു പറയുവാൻ തീരുമാനിച്ചത്. 

"കൃഷ്ണൻ ബിഎസ്‍സി കെമിസ്ട്രി, ഉന്നെ രൊമ്പ പുടിച്ചിരിക്കുന്നെന്ന് സൊല്ലീട്ടേന്ന്" ലൈബ്രേറിയനെ കൊണ്ടും ഉച്ചത്തിൽ സംസാരിക്കുന്ന കൂട്ടുകാരനിലൂടെയും, ക്യാംപസിനുള്ളിലെ കാർ ‍ഡ്രൈവർ‌ വഴിയുമൊക്കെ പറയിച്ചത്. ഒരുപക്ഷേ ഇങ്ങനെയൊരാളും തന്റെ പ്രണയത്തെ ഇങ്ങനെ അവതരിപ്പിച്ചിട്ടുണ്ടാകില്ല.  പിന്നെയൊരു നാൾ ഒരു ആഘോഷ സന്ധ്യയിൽ തിളങ്ങുന്ന കണ്ണുകളിൽ നോക്കി നിന്നു തെല്ലും ഭയമില്ലാതെ കുസൃതിയോടെ ആ പ്രണയത്തെ കുറിച്ചു തുറന്നു പറഞ്ഞ് അവളെ ഒപ്പം കൂട്ടിയവന്റെ കഥ പറഞ്ഞ ചിത്രത്തിലെ ഗാനങ്ങളും ആ പ്രണയം പോലെ സ്പെഷ്യൽ ആയിരുന്നു. താമര എഴുതി ഹാരിസ് ജയരാജ് ഈണമിട്ട പാട്ടുകൾ സൂര്യയെന്ന നടന്റെ ചിരിപോലെ ചേലുള്ളതായിരുന്നു. 

അച്ഛനായും മകനായും സൂര്യ ഇരട്ട വേഷത്തിലെത്തിയ ചിത്രമായിരുന്നു വാരണം ആയിരം. ഡാഡീ ഡാഡീ എന്നു വിളിച്ച് അച്ഛന്റെ ജീവിതത്തോടു ചേർന്നു നിന്ന മകൻ. അച്ഛന്റെ ചിരിയും ചിന്തയും സങ്കടവും വാക്കുകളുമെല്ലാമായിരുന്നു ആ മകന്‍.  അവന്റെ കൗമാരത്തിലെ ചെറിയ വാശിയും പഠനകാലത്തെ ഉഴപ്പലും അതിനിടയിലേക്കു വന്ന പ്രണയവും പിന്നീടവൾ മരണത്തോടൊപ്പം പോയപ്പോഴുള്ള സങ്കടവും ലഹരിക്കൊപ്പമുള്ള ജീവിതവും പിന്നീടുള്ള തിരിച്ചുവരവുമെല്ലാം പറഞ്ഞൊരു സിനിമ. രാത്രിയിൽ ഒറ്റയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ ഒറ്റയ്ക്കിരുന്നു വായിച്ച് തുടർയാത്രകളിൽ ചില വരികൾ പിന്നെയും പിന്നെയും വായിക്കുവാൻ തോന്നുന്നൊരു പുസ്തകം പോലെ മനോഹരമായൊരു ഗൗതം മേനോൻ സിനിമ. കഥാപാത്രങ്ങൾ സംഭാഷണങ്ങള്‍ പറയുന്നതിൽ പോലുമുണ്ട് ഒരു കാവ്യാത്മക ഭംഗി. അപ്പോൾ ആ സാഹചര്യങ്ങൾ സംഗീതഭാഷയിലേക്കു മാറ്റിയെഴുതുമ്പോൾ സുന്ദരമായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. 

മുന്തിനം പാർത്തേനെ...മദ്രാസിലെ സാധാരണക്കാരന്റെ വർത്തമാനം പോലെ ആത്മാവുള്ളതായിരുന്നു ഈ പാട്ട്. തമിഴ് പെണ്ണുങ്ങളുടെ കയ്യിലെ കുപ്പിവള പോലെ ചന്തമുള്ളതും. അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സിനിമയിലെ ഓരോ പാട്ടുകളും അതുപോലെ ആഴമുള്ളതായിരുന്നു. നെഞ്ചിനുള്ളിൽ‌ നിന്നു വന്ന സ്വരംകൊണ്ടാണു നരേഷ് അയ്യർ പാടിത്തുടങ്ങിയത് ഈ പാട്ട്. ചിരിക്കിലുക്കമുള്ള സ്വരം കൊണ്ടു പ്രിയദർശിനി പാട്ടിന്റെ പാതിയിൽ ഒന്നുചേർന്ന ഗാനം പ്രണയങ്ങൾ മനസിൽ വരച്ചിട്ട ഓർമചിത്രങ്ങൾ പോലെ സുന്ദരം.  ഈ പാട്ടായിരുന്നു സിനിമയിലേക്കുള്ള പാട്ടുവഴിയുടെ തുടക്കം. 

ഒരു ജീവിതത്തിലെ ഓരോ ഘട്ടങ്ങളേയും പ്രതിനിധാനം ചെയ്ത ഗാനങ്ങൾ ആ സിനിമ പോലെ അന്നും എന്നും മനസുകളിൽ ചേർന്നിരിപ്പുണ്ട്. പഠനകാലത്തെ ആഘോഷത്തെ, പ്രണയത്തെ, വിരഹത്തെ, പിന്നീടെത്തുന്ന പ്രതീക്ഷയയെല്ലാം ചേർത്തുവച്ച പാട്ടുകൾ പച്ചയായ ജീവിതം പോലെ യാഥാർഥ്യമുള്ളതായിരുന്നു. പാട്ടുകളുടെ വരികളും അതിനു സ്വരകണമായവർ പാട്ടിനേകിയ ഭാവവും ഗൗതം വാസുദേവ മേനോൻ പാട്ടുകൾക്കായി പകർത്തിയ ദൃശ്യങ്ങളും കടലിൽ പെയ്ത മഴ വരച്ചിട്ട മഴവിൽ ചിത്രം പോലെ വശ്യമായിരുന്നു. 

യേത്തി യേത്തി...കളിച്ചു നടക്കുന്നൊരു പ്രായത്തില്‍ തല്ലുകൂടിയതിനുള്ളൊരു കുഞ്ഞൻ പ്രതികാരത്തിന്റെ സന്തോഷത്തിൽ പാടിയ പാട്ടായിരുന്നു. നാലു വര്‍ഷം ഒരേ സ്ഥലത്തു പഠിച്ചിട്ടും കാണാത പോയവളെ ക്യാംപസിനോടു വിടപറഞ്ഞു മടങ്ങുന്ന രാത്രിയാത്രയ്ക്കിടെ തീവണ്ടിയിൽ വച്ചു കണ്ടുമുട്ടി തുടങ്ങുന്ന പ്രണയത്തിന്റെ ഭാവങ്ങളെ കുറിച്ചായിരുന്നു നെഞ്ചുക്കുൾ പെയതിടും എന്ന പാട്ട്. അതിരുകൾ വിട്ടു പറന്നുപോയവളെ തേടി അകലങ്ങളിലേക്കു പോയി തിരഞ്ഞു നടക്കും നേരത്താണു ഓം ശാന്തി ശാന്തി...പിന്നീടവളെ കണ്ടെത്തി ഒന്നുചേർന്നു നടക്കും നാളിലെ ആഘോഷമായിരുന്നു അഡിയേ കൊള്ളുതേ...നിനച്ചിരിക്കാതെ എന്നെന്നേക്കുമായവൾ പോയതിന്റെ സങ്കടം നെഞ്ചിലൊരു കനലായി കിടന്നു പുറത്തുവരുന്നതാണ് അവ എന്ന എന്ന തേടി വന്ത അഞ്ചലേ...ആ ഓർമകളുടെ നിഴൽ വിട്ട് പുതിയ ആകാശത്തേക്കൊരു പറന്നുപോകലാണ് അനൽ മേലേ...എന്ന ഗാനം. ഇനിയും ജീവിക്കണം ഏറെ നാൾ എന്ന ചിന്ത മനസിലേക്കു പകർന്നിടുന്നൊരു പാട്ടായിരുന്നു അത്...സിനിമയിലെ കഥാസന്ദർഭത്തോടും അതു കാണുന്ന പ്രേക്ഷകന്റെ ജീവിതത്തിലെ നോവിനോടും നന്മയോടും കുസൃതികളോടും പ്രതീക്ഷകളോടും ചേർന്നു നിൽക്കുന്ന ഗാനങ്ങൾ. എത്ര കണ്ടാലും മതിവരാത്ത തിരമാലത്താളം പോലെയാണീ പാട്ടുകളും. അതുകൊണ്ടാണത് അന്നും ഇന്നും നെഞ്ചിനുള്ളിലുള്ളതും....

Your Rating: