Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരിപ്പ് നോവാണ്...ഈ പാട്ടുകളും

parvathy

കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും ഈറൻ മുകിലുകൾ മെല്ലെ പെയ്യാൻ തുടങ്ങുന്നു. വർഷകാലത്തിന്റെ തണുപ്പിലേക്ക് അവരിലൊരാൾ എത്തുന്നു... കാത്തിരിപ്പുകൾക്കു വിരാമം, പിന്നെ അലഞ്ഞു പെയ്യുകയാണ്, പേമാരിയാണ്, ഉടലുകളെയും ആത്മാവിനെയും നനച്ച് പ്രണയമഴ...

"കാത്തിരിപ്പൂ മൂകമായ്

അടങ്ങാത്ത കടൽ പോലെ 

ശരൽക്കാല മുകിൽ പോലെ 

ഏകാന്തമീ പൂംചിപ്പിയിൽ...."

എങ്ങനെയാണ് കാത്തിരിപ്പുകൾ ഉണ്ടാകുന്നത്? ചിലപ്പോൾ ഏറെ കൊതിയോടെയാകാം ചില കാത്തിരിപ്പുകൾ, ചിലതാകട്ടെ, ഒരിക്കലും ഇനി കണ്ടുമുട്ടരുതേ എന്ന തോന്നലോടെ, മറ്റേതെങ്കിലും ഇഷ്ടങ്ങളിലേക്ക് അറിയാതെ ചേർന്നു പോയതിന്റെ കുറ്റബോധത്തെ ഉള്ളിലടക്കി വച്ച്, ഭീതികളെ ശ്വസിച്ച്... ഗിരിയുടെയും മീനാക്ഷിയുടെയും കാത്തിരിപ്പു പോലെ. ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ എന്ന സിനിമ മുഴുവൻതന്നെ അത്തരമൊരു കാത്തിരിപ്പിന്റെ മിടിപ്പിനെ പേറുന്നുണ്ട്. ഏതു നിമിഷവും വന്നെത്താവുന്ന ഒരു കൊടുങ്കാറ്റു പോലെ സ്നേഹിച്ചൊരാൾ വരുമെന്നും അയാളുടെ ആധികളുടെ, വന്യതയുടെ ലോകത്തേക്കു തനിക്കു യാത്ര പോകേണ്ടി വരുമെന്നും മീനാക്ഷിക്കുറപ്പുണ്ടായിരുന്നു. എങ്കിലും ഗിരിയുടെ സ്നേഹത്തെ അവൾക്കു കണ്ടെടുക്കാതിരിക്കാനാകുന്നില്ല, തൊട്ടെടുക്കാതിരിക്കാനാകുന്നില്ല... ആ പ്രണയവും അഖിലചന്ദ്രനു വേണ്ടിയുള്ള, താൽപര്യമില്ലാത്ത കാത്തിരിപ്പുമെല്ലാം അടങ്ങുന്നതാണ് ആ പാട്ട്...

"രാവിൻ നിഴൽ വീണ കോണിൽ

പൂക്കാൻ തുടങ്ങീ നീർമാതളം.

താനേ തുളുമ്പും കിനാവിൽ

താരാട്ടു മൂളി പുലർതാരകം.

ഒരു പൂത്തളിരമ്പിളിയായ്

ഇതൾ നീർത്തുമൊരോർമകളിൽ

ലോലമാം ഹൃദയമേ പോരുമോ നീ...."

മനസ്സിന്റെ ഉള്ളിൽ നിഴൽ വീണു തുടങ്ങിയിരുന്ന ഏതോ കോണുകളിൽ ഒരു പുലരി പോലെയാണ് അവനെത്തിയതും അവിടെപ്പിന്നെ നീർമാതളം പൂത്തു തുടങ്ങിയതും... പിന്നെ ഇനിയുമെങ്ങനെ വീണ്ടുമൊരു ഇരുട്ടിലേക്ക് ആഴ്ന്നു പോകാനാകും? ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി മീനാക്ഷി കാത്തിരുന്നു. അവസാന ട്രെയിനിന്റെയും ഒച്ചകളിലേക്ക് ആധിയോടെ നോക്കിയിരുന്നു...

കാത്തിരിപ്പ് കൊടുംനോവുള്ളതാകുന്നത്, ഒരിക്കലും കൂടിച്ചേരില്ലെന്നറിയാമെങ്കിലും പിന്നെയും ജീവിതത്തെ അതിലേക്കു തന്നെ തളച്ചിടുന്നവരുടെ ജീവിതത്തിലാണ്. കാഞ്ചനമാലയുടെയും മൊയ്തീന്റെയും സ്നേഹം എന്നോ ഒരിക്കൽ സംഭവിച്ചതാണ്, പക്ഷേ പിന്നീടതിനു മരണമേ ഉണ്ടാകുന്നില്ല. തമ്മിലൊരാൾ മരിച്ചാലും, ഒന്നുചേർന്ന് ഒരു പുഴയായി ഒഴുകിയിട്ടില്ലെങ്കിലും, അവൾക്കു കാത്തിരിക്കാതിരിക്കാൻ വയ്യ, അത്രമാത്രം ഉടലിലും ഉയിരിലും അവൻ പറ്റിച്ചേർന്നുപോയിരിക്കുന്നു.

"കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു 

കടവൊഴിഞ്ഞു കാലവുംകടന്നു പോയ് 

വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയീ...

ഓർത്തിരുന്നു ഓർത്തിരുന്നു നിഴലു പോലെ 

ചിറകൊടിഞ്ഞു കാറ്റിലാടി നാളമായ് 

നൂലു പോലെ നേർത്തു പോയ്‌ ചിരി മറന്നു പോയീ..."

ഓരോ കാത്തിരിപ്പിലും ഓരോ ദിനം കഴിഞ്ഞു പോകുന്നതും മുടിയിഴകൾ വെളുക്കുന്നതും ഉടൽ ചുരുങ്ങുന്നതും ചർമം  ചുളിയുന്നതുമൊന്നും പ്രണയികൾ അറിയുന്നതേയില്ല. ജീവൻ നഷ്ടപ്പെടുന്നതിനു തൊട്ടു മുൻപെങ്കിലും അവൻ അരികിലെത്താതിരിക്കില്ല, കൈ പിടിച്ചു കൂടെക്കൊണ്ടുപോകാതിരിക്കില്ല... ഇപ്പോഴുമോർക്കുന്നു, എന്തിനായിരുന്നു ആ നീണ്ട കാത്തിരിപ്പ്? എത്രയോ തവണ അവൻ വന്നു വിളിച്ചിരിക്കുന്നു, കൂടെപ്പോകാൻ തയാറുമായിരുന്നു, പിന്നെയും ശകുനം മുടക്കിയായി നിന്ന കാലം...

"ഓരോ നേരം തോറും നീളും യാമം തോറും 

നിന്റെ ഓർമയാലെരിഞ്ഞിടുന്നു ഞാൻ..

ഓരോരോ മാരിക്കാറും നിന്റെ മൗനം പോലെ 

എനിക്കായി പെയ്യുമെന്നു കാത്തു ഞാൻ..

മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു 

തെന്നിതെന്നി.. കണ്ണിൽമായും.. നിന്നെകാണാൻ..­

എന്നും എന്നും എന്നും..."

ഓരോ യാമങ്ങളും എണ്ണി, മടുപ്പിന്റെ കാണാപ്പുറങ്ങൾ തിരഞ്ഞ് അവൾക്കു വയ്യാതെയായി. എന്നിട്ടും മടുക്കുന്നേയില്ലല്ലോ... ഇനി ഒരിക്കലും വരില്ലെന്നറിഞ്ഞാലും പിന്നെയും കാത്തിരിക്കാൻ അത്ര കൊതിയേറി അവൾ ഓരോ ദിനങ്ങളേയും ഒരുക്കി വയ്ക്കുന്നു. അവനിലേക്കുള്ള യാത്രയായി ഓരോ യാമങ്ങളെയും കോർത്തെടുക്കുന്നു. 

ഓരോ തവണ അവനോടു പിണക്കം നടിക്കുമ്പോഴും പ്രതികാരം ചെയ്യുമ്പോഴും അവൾക്കറിയാമായിരുന്നു ഉള്ളിൽ എന്നോ ഉലഞ്ഞു പോയൊരു പ്രണയകഥയിലെ പൊടിമീശക്കാരൻ പയ്യൻ എപ്പോഴെങ്കിലും അവളുടെ കാത്തിരിപ്പു തിരിച്ചറിയുമെന്ന്. ഇപ്പോൾ വലിയ മീശയൊക്കെ വച്ച് ചോക്കലേറ്റിന്റെ കൗതുകങ്ങളിൽനിന്ന് അവൻ ആർത്തിരമ്പുന്ന കടലിന്റെ വന്യതകളിലേക്കെത്തുമ്പോൾ അവൾക്ക് സ്വാഭാവികമായും പ്രതിരോധിക്കേണ്ടതുണ്ടായിരുന്നു.. വെറുതെ എപ്പോഴും അവനോടു ചേർന്നിരിക്കാൻ, അവനെ അവളുടെ സാമീപ്യം ഓർമപ്പെടുത്താൻ അവൾക്കു കലഹിക്കേണ്ടതുണ്ടായിരുന്നു...

"കാത്തിരുന്ന പെണ്ണല്ലേ

കാലമേറെയായില്ലേ (2)

മുള്ളു പോലെ നൊന്തില്ലേ നോവിലിന്നു തേനല്ലേ ഉം... ഉം... ഉം..

വൈകി വന്ന രാവല്ലേ രാവിനെന്തു കുളിരല്ലേ

ഉള്ളിലുള്ള പ്രണയം തീയല്ലേ .. "

അവനും അത് ഉള്ളിൽ തീയായി ഉണ്ടായിരുന്നെന്ന് അന്നാണവൾ തിരിച്ചറിഞ്ഞത്, ക്യാംപസിലെ ഒരു പൊലീസ് ലാത്തിച്ചാർജിനിടെ മുറിവുകളിൽനിന്നു ചോര പൊടിഞ്ഞ് അവൾ അവന്റെ കൈകളിലേക്കു തളർന്നു വീഴുമ്പോൾ, അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് ഒരു പ്രാവിനെപ്പോലെ കുറുകുമ്പോൾ, അവൾക്കു വേണ്ടി എല്ലാം താൽക്കാലികമായെങ്കിലും മറന്ന് പരീക്ഷണ മുറിയിലെ ഇരുട്ടിൽ അവൻ അവൾക്കു കൂട്ടിരിക്കുമ്പോൾ അവർ പരസ്പരം കണ്ടു, കാത്തിരുന്ന പ്രണയം ഇതാ തൊട്ടു മുന്നിൽ.. ചോര പൊടിയുന്ന മുറിവിനും  ഇത്ര സുഖമുണ്ടെന്നോ... വേദനയ്ക്ക് ഇത്ര തണുപ്പുണ്ടെന്നോ...

"പിണക്കം മറന്നിടാൻ ഇണക്കത്തിലാകുവാൻ

കൊതിക്കുമ്പിളും നിറച്ചെപ്പോഴും വലം വെച്ചു നിന്നെ ഞാൻ

അടക്കത്തിലെങ്കിലും പിടയ്ക്കുന്ന നെഞ്ചിലെ

അണിക്കൂട്ടിലെ ഇണപ്പൈങ്കിളി ചിലയ്ക്കുന്ന കേട്ടു ഞാൻ

മഞ്ഞു കൊള്ളുമീ ഇന്ദുലേഖയെ മാറിലേറ്റുവാൻ നീയില്ലേ

ഒരു കുഞ്ഞു പൂവിനിണപോലെയെന്നരികിലുള്ള തുമ്പിയോ നീയല്ലേ

എന്നെന്നോ നാണം കൊണ്ടേ ഏതോ മന്ദാരം"

എത്രമാത്രം ദേഷ്യവും പിണക്കവും കാട്ടുമ്പൊഴും അവനറിയാതെ അവനെയെപ്പോഴും കണ്ടുകൊണ്ടിരുന്നു അവൾ; അവന്റെ ശബ്ദം നെഞ്ചേറ്റിയും മന്ദാരപ്പൂ പോലെ ഇടയ്ക്കു വിറ കൊണ്ടും... ഇപ്പോഴാണു മനസ്സിലായത് അവളുടെ ചിലങ്കക്കിലുക്കം പിന്തുടർന്നാണ് അതേ ക്യാംപസിൽ അവനും എത്തപ്പെട്ടതെന്ന്... കാലങ്ങൾക്കു പിന്നിലേക്കു നീളുന്നതാണ് അവർക്കിടയിലെ സ്നേഹമെന്ന്... പരസ്പരമറിയാതെ അവർ കാത്തിരിക്കുകയായിരുന്നുവെന്ന്... 

കണ്ണകിയുടെ കഥയിലേക്കാണ് കുമുദവും മാണിക്കനും ഇറങ്ങിച്ചെന്നത്. കൂടെയുണ്ടായിരുന്നവൻ മറ്റൊരുത്തിയെ പ്രണയിച്ച് ഇറങ്ങിപ്പോയപ്പോഴും അവൾ, കണ്ണകി, കാത്തിരിപ്പിലായിരുന്നു. എന്നെങ്കിലും അയാൾ തിരികെ വരുമെന്ന് അവൾക്കുറപ്പുണ്ടായിരുന്നു. 

"എന്നുവരും നീ എന്നുവരും നീ

എന്റെ നിലാപ്പന്തലിൽ വെറുതേ

എന്റെ കിനാപ്പന്തലിൽ.

വെറുതേ കാണാൻ വെറുതേയിരിക്കാൻ

വെറുതേ വെറുതേ ചിരിക്കാൻ തമ്മിൽ

വെറുതേ വെറുതേ മിണ്ടാൻ "

ഒരിക്കൽ അവളുടെ എല്ലാമായിരുന്നു മാണിക്കൻ. കോഴിപ്പോരിന്റെ നാളുകളിൽ സർപ്പസൗന്ദര്യവുമായി അവളെന്നും അയാളെ കാത്തിരുന്നിരുന്നു. അവൾക്കു പ്രത്യേകിച്ച് കുറവുകളൊന്നും ഉണ്ടായിരുന്നതുകൊണ്ടല്ല മാണിക്കൻ കുമുദത്തിനരികെയെത്തിയത്. ചില യാത്രപോകലുകൾക്കു കാരണങ്ങളില്ലല്ലോ. മനസ്സിന്റെ, ഉത്തരമില്ലാത്ത ചില പരിവർത്തനങ്ങളിൽ വെറുതെ നിന്നുകൊടുക്കുകയല്ലാതെ സാധാരണ മനുഷ്യന് ഉത്തരം കണ്ടെത്താനുമാകില്ല. കുമുദത്തിന്റെ ഒപ്പമായിരുന്ന ഓരോ നിമിഷവും തനിക്കു കണ്ണകിയോടുള്ള പ്രണയവും മാണിക്കൻ അനുഭവിച്ചറിയുന്നുണ്ടായിരുന്നു, എന്നാൽ കുമുദത്തെ തനിച്ചാക്കാൻ അയാൾക്കാകുമായിരുന്നില്ല.

ഒറ്റയ്ക്കാകേണ്ടവൾ അവൾ മാത്രമായിരുന്നല്ലോ. അവനെ പ്രതീക്ഷിച്ച് നിത്യവും പട്ടുചേലയും ചുവന്ന സിന്ദൂരവും ആഭരണങ്ങളും ധരിച്ച് അവൾ കാത്തിരിപ്പു തുടങ്ങിയിട്ട് നാളുകളേറെ ആയിരുന്നു...

"നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ

എന്തിനെൻ കരളിൽ സ്നേഹം വെറുതേ

എന്തിനെൻ നെഞ്ചിൽ മോഹം

മണമായ് നീയെൻ മനസ്സിലില്ലാതെ

എന്തിനു പൂവിൻ ചന്തം വെറുതേ

എന്തിനു രാവിൻ ചന്തം.."

ഇടയ്ക്കൊക്കെ തോന്നലുകളുണ്ട്, എന്തിനാണീ സിന്ദൂരപ്പൊട്ട്, എന്തിനാണീ സ്നേഹമെന്ന വികാരം മനസ്സിനെ ഇങ്ങനെ തച്ചുതകർക്കുന്നത്... എന്തിന് ഇത്ര സുഗന്ധങ്ങൾ പിടിച്ചുലയ്ക്കുന്നു, എന്തിനു നിലാവ് ഇങ്ങനെ നോവിക്കുന്നു ? 

അവനില്ലാതെ അവൾക്ക് ഒന്നിനും കഴിയുമായിരുന്നില്ല. അവൾ കണ്ണകി തന്നെയായിരുന്നു. ചിലപ്പതികാരത്തിലെ ഓരോ രംഗവും മനോഹരമായി ആടിത്തീർത്ത സാക്ഷാൽ ദേവിയായ കണ്ണകി. പ്രണയത്തിൽ കാത്തിരിക്കുന്ന ഓരോ സ്ത്രീയും ദേവി തന്നെയാണ്. ഇത്രത്തോളം മനോഹരമായ മറ്റൊരവസ്ഥയും പ്രണയികൾക്കിടയിൽ ഉണ്ടാകുന്നതേയില്ല. കാത്തിരിപ്പിനോളം മനോഹരമായ മറ്റൊരാവസ്ഥയും ജീവിതത്തിൽ അനുഭവിക്കാനുമില്ല. കാത്തിരിപ്പിന്റെ മധുരമുള്ള പാട്ടുകളോളം ഓർമയിൽ തങ്ങിനിൽക്കുന്ന മറ്റൊരു ഗീതവും ഓർത്തെടുക്കാനുമില്ല...

Your Rating: