Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയനെ അനശ്വരനാക്കുന്ന ഗാനങ്ങൾ

Jayan

മലയാളത്തിന്റെ അനശ്വര നടൻ ജയന്റെ ജന്മദിനം ഇന്ന്. 1939 ജൂലൈ 25നാണ് കൊല്ലം ജില്ലയിലെ തേവള്ളിയിൽ കൊട്ടാരം വീട്ടിൽ മാധവൻ പിള്ളയുടേയും ഭാരതിയമ്മയുടേയും മൂത്ത മകനായി കൃഷ്ണൻനായർ എന്ന ജയൻ പിറന്നത്. നേവിയിൽ ഓഫീസറായിരുന്ന ജയൻ, പോസ്റ്റ്മാനെ കാൺമാനില്ല എന്ന ചിത്രത്തിൽ ചെറിയൊരു വേഷം അവതരിപ്പിച്ചുകൊണ്ടാണ് മലയാള സിനിമയിലെത്തുന്നത്. തുടർന്ന് മലയാള സിനിമയുടെ നായക സങ്കൽപ്പങ്ങളുടെ മൂർത്തി ഭാവമായി മാറി അദ്ദേഹം. 1980 നവംബർ 16 ന് വൈകിട്ട് മദ്രാസിനടുത്ത് ഷോലാവരത്ത് കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിലാണ് മലയാളത്തിലെ എക്കാലത്തെയും സാഹസികനായ സൂപ്പർ ഹീറോ അന്തരിച്ചത്. ജയന്റെ സിനിമകൾപ്പോലെ തന്നെ ഹിറ്റുകളായിരുന്നു ആ ചിത്രങ്ങളിലെ ഗാനങ്ങളും.

മരിച്ചിട്ടും മരിക്കാത്ത ആ ഗാനങ്ങളിലൂടെ...

1. കണ്ണും കണ്ണും തമ്മിൽ തമ്മിൽ...

ഐ.വി. ശശി സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയ അങ്ങാടി എന്ന ചിത്രത്തിലേതാണ് കണ്ണും കണ്ണും തമ്മിൽ തമ്മിൽ.. എന്ന ഗാനം. ബിച്ചു തിരുമലയുടെ വരികൾക്ക് ശ്യാം ഈണം പകർന്നിരിക്കുന്നു. ഗാനഗന്ധർവ്വൻ കെ ജെ യേശുദാസും എസ് ജാനകിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും ഭാവ സാന്ദ്രമായ പ്രണയഗാനത്തിൽ ജയനും സീമയുമാണ് അഭിനയിച്ചിരിക്കുന്നത്. ജയന്റെ അവസാന കാലത്തെ ചിത്രങ്ങളിലൊന്നായിരുന്നു അങ്ങാടി.

Kannum Kannum...

2. കസ്തൂരി മാൻമിഴി

ബേബി സംവിധാനം ചെയ്ത് 1980 ൽ പുറത്തിറങ്ങിയ ചിത്രം മനുഷ്യമൃഗത്തിലേതാണ് കസ്തൂരി മാൻമിഴി എന്ന് തുടങ്ങുന്ന ഗാനം. സീമയും, ജയനും, ജോസ്പ്രകാശും അഭിനയിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസാണ്. പാപ്പനംകോട് ലക്ഷ്മണന്റെ വരികൾക്ക് കെ ജെ ജോയ് ഈണം പകർന്നരിക്കുന്നു.

3. ചാം ചച്ച ചൂം ചച്ച

ലൗവ് ഇൻ സിംഗപ്പൂർ എന്ന ചിത്രത്തിലെ ഗാനമാണ് ചാം ചച്ച ചൂം ചച്ച. സിംഗപ്പൂരിൽ ചിത്രീകരിച്ചിരിക്കുന്ന പ്രണയ ഗാനത്തിൽ ജയനും മാഡലിംഗ് ടിയോ എന്ന വിദേശ വനിതയുമാണ് അഭിനയിച്ചിരിക്കുന്നത്. പി ജയചന്ദ്രനും, പി സുശീലയും ചേർന്നാണീ ഗാനം ആലപിച്ചത്. ഏറ്റുമാനൂർ ശിവകുമാറിന്റെ വരികൾക്ക് ശങ്കർ ഗണേഷ് ഈണം പകർന്നിരിക്കുന്നു.

Cham Chacha...

4. പൂ മാനം പൂത്തുലഞ്ഞേ

ഏതോ ഒരു സ്വപ്‌നം എന്ന ചിത്രത്തിലെ ഗാനമാണ് പൂ മാനം പൂത്തുലഞ്ഞേ. 1978 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ശ്രീകുമാരൻ തമ്പിയാണ്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സലീൽ ചൗധരി ഈണം പകർന്നിരിക്കുന്നു. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജയൻ, ഷീല എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

5. കാറ്റും ഈ കാടിന്റെ കുളിരും

ജയനും സീമയും അഭിനയിച്ച മനോഹര പ്രണയഗാനമാണ് കാറ്റും ഈ കാടിന്റെ കുളിരും. പി ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1981 പുറത്തിറങ്ങിയ തടവറ എന്ന ചിത്രത്തിലേതാണീ പ്രണയഗാനം. സത്യൻ അന്തിക്കാടിന്റെ വരികൾക്ക് എ ടി ഉമ്മറാണ് ഈണം നൽകിയിരിക്കുന്നത്. യേശുദാസ് ഗാനം ആലപിച്ചിരിക്കുന്നു.

Kaattum Ee Kaadinte...

6. പൂ ചിരിച്ചു

യേശുദാസും സ്വർണയും ചേർന്ന് അനശ്വരമാക്കിയ ഗാനമാണ് പൂ ചിരിച്ചു. 1981 എ ബി രാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അഗ്നിശരം എന്ന ചിത്രത്തിലേതാണീ ഗാനം. ശ്രീകുമാരൻ തമ്പയുടെ വരികൾക്ക് എം കെ അർജുനൻ മാസ്റ്റർ ഈണം പകർന്നിരിക്കുന്നു. ജയൻ, ജയഭാരതി, സുകുമാരൻ തുടങ്ങിയവരാണീ പ്രണയഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.

7. ദൂരേ പ്രണയ കവിത

1980 ൽ പുറത്തിറങ്ങിയ ദീപം എന്ന ചിത്രത്തിലെ ഗാനമാണ് ദൂരേ പ്രണയ കവിത പാടുന്നു എന്നത്. പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനാണ്. സത്യൻ അന്തിക്കാടിന്റെ വരികൾക്ക് ശ്യാം ഈണം നൽകിയിരിക്കുന്നു.

8. പ്രണയം വിതുമ്പും

ജയന്റെ സൂപ്പർ ഹിറ്റ് ചിത്രം കരിമ്പനയിലേതാണ് പ്രണയം വിതുമ്പും എന്ന ഗാനം. ഐ വി ശശി സംവിധാനം ചെയ്ത് 1980 ൽ പുറത്തിറങ്ങിയ ചിത്രമാണ് കരിമ്പന. ബിച്ചു തിരുമലയുടെ വരികൾക്ക് എ ടി ഉമ്മറാണ് ഈണം പകർന്നിരിക്കുന്നത്. കെ ജെ യേശുദാസ് ഗാനം ആലപിച്ചിരിക്കുന്നു.

Hits of Jayan

9. കാലം തെളിഞ്ഞു

ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഇടിമുഴക്കം എന്ന ചിത്രത്തിലേതാണ് കാലം തെളിഞ്ഞു എന്ന ഗാനം. ജയനും റോജ രമണിയും അഭിനയിച്ചിരിക്കുന്ന പ്രണയഗാനം ആലപിച്ചിരിക്കുന്നത് എസ് ജാനകിയും, പി ജയചന്ദ്രനും ചേർന്നാണ്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ശ്യാം ഈണം പകർന്നിരിക്കുന്നു.

10. പൗണർമി പെണ്ണേ

1980 ൽ പുറത്തിറങ്ങിയ ബെൻസ് വാസു എന്ന ചിത്രത്തിലേതാണ് പൗണർമി പെണ്ണേ വയസത്രെ പെണ്ണേ എന്ന ഗാനം. യേശുദാസ് ആലപിച്ച ഗാനത്തിന്റെ വരികൾ ബി മാണിക്യമാണ് എഴുതിയിരിക്കുന്നത് എ ടി ഉമ്മർ ഗാനത്തിന് ഈണം പകർന്നിരിക്കുന്നു. ജയനും സീമയും ചേർന്നാണ് ഈ പ്രണയഗാനത്തിൽ അഭനയിച്ചിരിക്കുന്നത്.