Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രയ്ക്കു കിട്ടിയ ആ മനോഹര സമ്മാനം

chithra-janaki

കുട്ടികാലത്ത് ചിത്രയെ ഏറെ സ്വാധിച്ച ഗായികമാരാണ് എസ്.ജാനകിയും പി.സുശീലയും. മനസ്സിൽ താലോലിക്കുന്ന നിരവധി ഗാനങ്ങൾ പാടിയ ഗായികയെ കണ്ട സന്ദർഭം ഇന്നും ചിത്രയുടെ മനസിലുണ്ട്. എം.ജി. രാധാകൃഷ്ണന്റെ ശിക്ഷണത്തിൽ ലളിതഗാനങ്ങൾ പാടുന്ന കാലം. ഒരു ദിവസം പാട്ടു പാടുന്നതിനായി അച്ഛനൊടൊപ്പം ചിത്ര മദ്രാസിലെത്തി. മദ്രാസുമായി വലിയ പരിചയമൊന്നുമില്ലാത്തതിനാൽ തരംഗണി സ്റ്റുഡിയോയുടെ മുകളിലെ നിലയിൽ അവിടെ ജോലി ചെയ്യുന്ന കുഞ്ഞുണ്ണിയുടെ കൂടെയായിരുന്നു  ചിത്രയുടെയും അച്ഛന്റെയും താൽകാലിക താമസം. അദ്ദേഹത്തിന്റെ ഭാര്യ നന്ദിനിയുമായി വർത്തമാനമൊക്കെ പറഞ്ഞിരിക്കുമ്പോൾ നന്ദിനിയെ തേടി എസ്. ജാനകിയുടെ ഫോൺ കോൾ. തന്റെ വീട്ടിൽ ബൊമ്മക്കൊലുവിൽ പങ്കെടുക്കാൻ നന്ദിനിയെ ക്ഷണിക്കാനായിരുന്നു ജാനകിയമ്മ വിളിച്ചത്.

സംസാരം കേട്ട ചിത്രയ്ക്കു തന്റെ പ്രിയ ഗായികയെ കാണുവാനുള്ള മോഹം കടുത്തു. നന്ദിനിച്ചേച്ചിക്കൊപ്പം ചിത്രയും അച്ഛനും കൂടി ജാനകിയമ്മയുടെ വീട്ടിലേക്കു യാത്ര തിരിച്ചു.

ചിത്രയുടെ കുഞ്ഞു മനസ്സിൽ അതിയായ ഭയം. ആദ്യം കാണുമ്പോൾ എന്താണു പറയുക. വല്ലാത്തൊരു ടെൻഷൻ! എന്നും റേഡിയോയിൽ കേൾക്കാറുള്ള ഗായികയെ നേരിട്ടു കാണുവാൻ പോകുകയാണ്. പോകുംവഴി ജാനകി പാടിയ ഒരായിരം ഗാനങ്ങൾ മനസ്സിൽ തെളിഞ്ഞു. അവ ഓരോന്നും മനസ്സിൽ ചെറുതായി പാടിനോക്കി. ഒന്നും മനസ്സിനു തൃപ്തിയാകുന്നില്ല.

ജാനകിയുടെ വീട്ടിലെത്തി, അന്ന് വീട്ടുകാരല്ലാതെ അതിഥികളൊന്നുമില്ലായിരുന്നു. കൊച്ചു കൊച്ചു സാധനങ്ങളോടു വളരെ ഇഷ്ടമുള്ള ഗായിക ഒരുക്കിയ ബൊമ്മക്കൊലുവിന് ഏറെ ഭംഗി. നന്ദിനി ചിത്രയെ ജാനകിയമ്മയ്ക്കു പരിചയപ്പെടുത്തി. ചിത്ര എന്നാണു പേര്. അടുത്തിടെ കുറച്ചു പാട്ടുകൾ പാടിയിട്ടുണ്ട്. എം.ജി. രാധാകൃഷ്ണനാണു സിനിമയിൽ ആദ്യമായി പാടിച്ചത് എന്നൊക്കെ നന്ദിനി ജാനകിയോടു പറഞ്ഞു. 

ചിത്രയെപ്പറ്റി രാധാകൃഷ്ണൻ പറഞ്ഞു കേട്ടിട്ടുണ്ട്, മാത്രമല്ല കുട്ടി ട്രാക്ക് പാടിയ ഗാനം കുറച്ചു നാൾ മുൻപ് പാടിയിരുന്നുവെന്നും ജാനകിയമ്മ പറഞ്ഞു. ആ ട്രാക്ക് കേട്ട് ‘ഇതു വളരെ നന്നായിരിക്കുന്നു. അങ്ങനെ തന്നെ ഇരിക്കുന്നതല്ലെ നല്ലത്’ എന്നു സംഗീത സംവിധായകനോടു പറഞ്ഞിരുന്നെന്നും ജാനകിയമ്മ പറഞ്ഞു. ജീവിതത്തിൽ കിട്ടിയ ഒരു അനുഗ്രഹമായിരുന്നു കെ.എസ്. ചിത്രയെ സംബന്ധിച്ച് ആ വാക്കുകൾ. ‌അന്നൊരു പാട്ടും പാടിച്ചാണ് ചിത്രയെ ജാനകിയമ്മ മടക്കി അയച്ചത്. 

മടങ്ങാനൊരുങ്ങിയപ്പോൾ, ‘പാട്ടുപാടുന്നവർ കൊലു കാണുവാൻ വന്നാൽ സരസ്വതി ദേവിക്കു മുന്നിൽ ഒരു സ്തുതിയെങ്കിലും പാടണം’ എന്നു ജാനകിയമ്മ, ചിത്രയോടു പറഞ്ഞു. കണ്ണുമടച്ച് സരസ്വതി ദേവിക്കു മുന്നിലും പാട്ടിന്റെ അമ്മയുടെ മുന്നിലും ചിത്ര ഒരു ദേവീസ്തുതി പാടി. പാട്ടു കേട്ട ജാനകിയമ്മ വെള്ള യൂണിബോളിന്റെ ഒരു പേനയും ടവലും കവിളിലൊരു മുത്തവും സമ്മാനം നൽകിയാണ് ചിത്രയെ യാത്രയാക്കിയത്.

Your Rating: