Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ന് കിഷോർ കുമാറിന്റെ 86-ാം ജന്മദിനം

Kishore Kumar

സംഗീത ചക്രവർത്തി കിഷോർ കുമാറിന്റെ 86-ാം ജന്മദിനം ഇന്ന്. അഭിനയം, നിർമാണം, സംവിധാനം, ഗാനരചന, സംഗീത സംവിധാനം തുടങ്ങി എല്ലാ മേഖലകളിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ഈ ബഹുമുഖ പ്രതിഭ മധ്യപ്രദേശിലെ ഖണ്ഡവയിൽ 1929 ആഗസ്റ്റ് 4 നാണ് ജനിക്കുന്നത്. റാഫിയും, മുകേഷും, മഹ്മൂദും ഹിന്ദിസിനിമാ സംഗീത ലോകത്തിലെ രാജാക്കാൻമാരായിരുന്ന കാലത്ത് ബോളീവുഡിലെത്തിയ കിഷോർ സംഗീത ബാദുഷയായി മാറിയത് അദ്ദേഹത്തിന്റെ പ്രതിഭയുടെ മികവുകൊണ്ട് മാത്രമായിരുന്നു.

Kishore Kumar Top 10 Romantic Songs

കിഷോറിന്റെ ചേട്ടനും അക്കാലത്തെ ഹിന്ദി നടനുമായിരുന്ന അശോക് കുമാറിന്റെ തണലിൽ ബോളീവുഡിൽ എത്തിയ കിഷോറിന് അഭിനിയിക്കാൻ നിരവധി അവസരങ്ങൾ കിട്ടിയിരുന്നു. അഭിനേതാവിനെക്കാൾ ഗായകനാവുക എന്ന സ്വപ്‌നമായിരുന്നു കിഷോർ കുമാറിന്. എന്നാൽ റാഫിയും മുകേഷുമെല്ലാം അടക്കി വാഴുന്ന സമയത്ത് കിഷോറിന് ലഭിച്ച അവസരങ്ങൾ പരിമിതമായിരുന്നു. 1948 ൽ പുറത്തിറങ്ങിയ സിദ്ധി എന്ന ചിത്രത്തിലൂടെ സംഗീതലോകത്തേയ്ക്ക് കടന്ന കിഷോർ പിന്നീട് നിരവധി ചിത്രങ്ങളിൽ അദ്ദേഹം പാടിയെങ്കിലും ഗായകനായി അധികം അറിയപ്പെട്ടിരുന്നില്ല. അദ്ദേഹം അഭിനയിച്ച 'ന്യൂദൽഹി' (1957), 'ആശ' (1957), 'ചൽതി കാ നാം ഗാഡി' (1958), 'ജുംരൂ' (1961), 'ഹാഫ് ടിക്കറ്റ്' (1962), 'പഡോസൻ' (1968), എന്നീ സിനിമകളിലെ വേഷങ്ങൾ അദ്ദേഹത്തിന് 'കോമിക് ഹീറോ' എന്ന പേര് നേടിക്കൊടുത്തു.

Roop Tera Mastana...

1958 ൽ കിഷോർ നിർമ്മിച്ച 'ചൽതി കാ നാം ഗാഡി' മികച്ച സാമ്പത്തിക വിജയം നേടി. കിഷോർ കുമാർ തന്നെയായിരുന്നു അതിലെ നായകൻ. ഈ സിനിമയിലെ 'ഏക് ലഡ്കീ ബീഗി ബാഗീസീ' , 'ഹാൽ കൈസാ ജനാബ് കാ' എന്നീ പാട്ടുകൾ ഹിറ്റായി. 1961 ൽ കിഷോർ കുമാർ നിർമ്മിച്ച് സംവിധാനം ചെയ്ത 'ജുംരൂ' എന്ന സിനിമയിലെ സംഗീത സംവിധാനവും കിഷോർ തന്നെയായിരുന്നു. ഗായകന് പുറമേ അഭിനേതാവ്, നിർമ്മാതാവ്, സംവിധായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ രംഗങ്ങളിലും അക്കാലത്ത് അദ്ദേഹം ശ്രദ്ധേയനായി.

Khaike Paan Banaraswala...

1969 ലെ 'ആരാധന' എന്ന സിനിമയാണ് കിഷോറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. എസ്.ഡി ബർമനായിരുന്നു 'ആരാധന'യുടെ സംഗീതം. 'ആരാധന'യിലെ പാട്ടുകൾ മുഴുവൻ പൂർത്തിയാവുന്നതിന് മുൻപ് ബർമൻ രോഗശയ്യയിലായി. ബാക്കി വന്ന പാട്ടുകൾ ചെയ്യുക എന്ന ജോലി അദ്ദേഹം മകൻ ആർ.ഡി ബർമനെ ഏൽപ്പിച്ചു, ആർഡി ബർമ്മൻ കിഷോർ കുമാർ കൂട്ടുകെട്ടിന്റെ തുടക്കം അവിടുന്നായിരുന്നു. ആരാധനയിലെ രണ്ട് പാട്ടുകൾ 'മേരി സപ്‌നോംകി റാണി', 'രൂപ് തെരാ മസ്താനാ' എന്നിവ ആർ.ഡി ബർമൻ കിഷോറിന് നൽകി. ആ പാട്ടുകൾ ഇന്ത്യ മുഴുവൻ തരംഗമായി. കിഷോർ എന്ന ഗായകന്റെ സ്ഥാനാരോഹണമായിരുന്നു അത്. അതിൽ രൂപ് തേര മസ്താന എന്ന ഗാനത്തിലൂടെ കിഷോറിന് ആദ്യത്തെ ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചു.

Mera Jeevan Kora kagaz...

സിന്ദ്ഗി കാ സഫർ(സഫർ), ദിൽ ക്യാ കരേ ജബ് കിസ്സിസേ (ജൂലി), പൽ പൽ ദിൽ കെ പാസ് (ബ്ലാക്ക് മെയിൽ), മേരെ സാംനെ വാലി ഖിട്ക്കി മേ (പഡോസൻ), ഖൈകെ പാൻ ബനാറസ് വാല (ഡോൺ), ഓ സാത്തി രേ (മുക്ഖദർ കാ സികന്ദർ), ഫൂലോം കാ താരോം കാ (ഹരേ രാമ ഹരേ കൃഷ്ണ), മേരെ നൈന (മെഹബൂബ),മേരാ ജീവൻ ഖോറ കാഗസ് (ഖോറ കാഗസ്) തുടങ്ങി കിഷോർദായെ അനശ്വരനാക്കിയ ഹിറ്റ് ഗാനങ്ങൾ നിരവധി.

Meri Umar Ke Naujawaanon...

ഒരു കാലത്ത് ആർ ഡി ബർമൻ അദ്ദേഹത്തിന്റെ ഗാനങ്ങൾ കിഷോറിനെ മുന്നിൽ കണ്ടു കൊണ്ടായിരുന്നു തയ്യാറാക്കിയത്. രാജേഷ് ഖന്ന, അമിതാഭ് ബച്ചൻ, രൺധീർ കപൂർ, ധർമേന്ദ്ര, സഞ്ജീവ് കുമാർ എന്നിവർക്കെല്ലാം കിഷോർ തന്റെ സ്വരം നൽകി. കാസറ്റുകൾ വാങ്ങുന്നതിന് മുൻപ് കിഷോറിന്റെ ഗാനം ഉണ്ടെന്ന് ഉറപ്പു വരുത്താനും സംഗീത പ്രേമികൾ മടിക്കാതിരുന്ന സമയമുണ്ടായിരുന്നു. കിഷോറിന്റെ ഗാനങ്ങൾക്ക് വേണ്ടിയുള്ള നിർമാതാക്കളുടെ ആവശ്യം മറ്റ് പ്രമുഖ ഗായകരെ മാറ്റുന്നതിന് വരെ സംഗീത സംവിധായകരെ പ്രേരിപ്പിച്ചു. ഇന്നും നാം ഇഷ്ടത്തോടെ കേൾക്കുന്ന പാട്ടുകളാണ് കിഷോർകുമാറിന്റേത്. ഹിന്ദി കൂടാതെ ബംഗാളി, മറാത്തി, ആസാമീസ്, ഗുജറാത്തി, കന്നട, ഭോജ്പുരി, മലയാളം, ഒറിയ എന്നീ ഭാഷകളിലും കിഷോർ പാടിയിട്ടുണ്ട് 1987 ഒക്ടോബർ 13ന് തന്റെ 58-ാം വയസിൽ കിഷോർ കുമാർ നമ്മോട് വിടപറയുമ്പോൾ ഇന്ത്യൻ സിനിമാസംഗീതലോകത്തിന് നഷ്ടപ്പെട്ടത് ഒരു മഹാരഥനെയായിരുന്നു.

കിഷോർ കുമാർ പാടിയ ഹിറ്റ് ഗാനങ്ങൾ

ചിംഗാരി കോയി ബഡ്‌കേ- അമർ പ്രേം

ഹം ദോനോ ദോ പ്രേമി- അജ്‌നബി

കുച്ച് തോ ലോഗ് കഹേങ്കേ- അമർ പ്രേം

മീത്ത് നാ മിലാ രേ മൻ ക- അഭിമാൻ

മേരി സാമ്‌നേ വാലി ഖിട്കി പേ- പഡോസൻ

മേരി സപ്‌നോകി റാണി- ആരാധന

മുസാഫിർ ഹു യാറോ- പരിഞ്ചയ്

പ്യർ ദിവാന ഹോത്താഹേ- കട്ടി പതങ്

റൂപ് തേ മസ്താന പ്യാർ മേര ദിവാന- ആരാധന

മേരാ ജീവൻ ഖോര കാഖസ്- ഖോര കാഗസ്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.