Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയുടെ രാജു, കോഴിക്കോടിന്റെ സാക്സോഫോൺ

saxophone

ബാൻഡ് സെറ്റുകളുടെ ആസ്ഥാന നഗരമാണ് ആലപ്പുഴ. പെരുന്നാളുകൾക്ക് വിവിധ ബാൻഡ് സംഘങ്ങൾ തമ്മിലുള്ള മൽസരമുണ്ടാകും. ഇരുവിഭാഗത്തെയും പ്രോൽസാഹിപ്പിച്ചുകൊണ്ട് ജനങ്ങളും സൈഡ് തിരിഞ്ഞ് ആവേശം കത്തിച്ചുകയറ്റും. ബാൻഡ് സംഘങ്ങൾ ഉയർത്തുന്ന ആവേശവും ഹരവും കണ്ടു വളർന്ന ആലപ്പുഴ വഴിച്ചേരിയിലെ പാണാവള്ളി ചിറ്റേഴത്ത് ഫ്രാൻസിസും ബാൻഡ് വായനക്കാരനായി. സ്വന്തം ഉടമസ്ഥതയിലുള്ള സെന്റ് ജോർജ് ബാൻഡ് സെറ്റിലെ ട്രംപറ്റ് വായനക്കാരനായിരുന്നു ഫ്രാൻസിസ്. ഫ്രാൻസിസിന്റെയും മറിയാമ്മയുടെയും മകനായി പി.എഫ്.രാജു ജനിക്കുമ്പോൾ ആലപ്പുഴയിൽ ബാൻഡ് സംഘങ്ങളുടെ സുവർണ കാലമായിരുന്നു.

saxophone-raju രാജു പി.എഫ്

അമ്മാവൻ കൊല്ലാരം ദേവസ്യയാണെങ്കിൽ ബാൻഡ് സംഘത്തിലെ ക്ലാരനറ്റ് വായനക്കാരൻ. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ രാജു ക്ലാരനറ്റ് പഠിപ്പിച്ചു തരണമെന്നു പറഞ്ഞ് അമ്മാവനെ സമീപിച്ചു. വെസ്റ്റേൺ, കർണാട്ടിക് രീതികളിൽ ക്ലാരനറ്റ് വായിക്കാൻ അമ്മാവനാണ് പഠിപ്പിച്ചത്. കൂട്ടത്തിൽ ക്ലാരനറ്റിനോടു സാമ്യമുള്ള സാക്സഫോണും രാജു പരിശീലിച്ചു തുടങ്ങി. പിന്നീട് ഫ്ലൂട്ടും പഠിച്ചു. പത്താം ക്ലാസ് കഴിഞ്ഞതോടെ രാജു ആലപ്പുഴയിലെ സുഹൃത്തുക്കളെ കൂട്ടി ‘ആലപ്പി ബ്ലൂ ഡയമണ്ട്സ്’ എന്ന പേരിൽ ഗാനമേള ട്രൂപ്പുണ്ടാക്കി. 

തബലിസ്റ്റ് പാപ്പച്ചനും ഭീമ ജ്വല്ലേഴ്സ് ഉടമയുടെ മകനും ഇപ്പോൾ സ്വർണ വ്യാപാരിയുമായ ബിന്ദു മാധവനുമായിരുന്നു ഗാനമേള സംഘമുണ്ടാക്കാൻ രാജുവിനെ സഹായിച്ചത്. ബ്ലൂ ഡയമണ്ട്സ് പെട്ടെന്ന് പ്രശസ്തിയിലേക്കുയർന്നു. ഈ ഗാനമേള ട്രൂപ്പ് ഇപ്പോഴും സജീവമായി രംഗത്തുണ്ട്. ഗാനമേളയുമായി നടക്കുമ്പോഴാണ് സംഗീത സംവിധായകൻ എം.കെ.അർജുനനെ പരിചയപ്പെടുന്നത്. അർജുനൻ അന്ന് നാടക സംഘങ്ങൾക്ക് സംഗീതം ഒരുക്കുന്ന തിരക്കിലാണ്. നാടകങ്ങളുടെ പശ്ചാത്തലത്തിൽ ക്ലാരനറ്റും സാക്സഫോണും വായിക്കാൻ അർജുനൻ രാജുവിനെ കൂടെക്കൂട്ടി.

അർജുനന്റെ കൂടെ ചങ്ങനാശ്ശേരി ഗീഥ, ആലപ്പി തിയറ്റേഴ്സ്, കൊല്ലം അസീസി, കൊല്ലം കാളിദാസ കലാകേന്ദ്രം തുടങ്ങിയ പ്രശസ്ത നാടക ട്രൂപ്പുകളുടെ പിന്നണിയിൽ രാജുവും പ്രവർത്തിച്ചു. റിക്കോർഡ് ചെയ്ത് സംഗീതം ഉപയോഗിക്കുന്ന രീതിയില്ലാത്തതിനാൽ ലൈവായി സംഗീതം കൊടുക്കാൻ നാടക സംഘത്തോടൊപ്പം രാജ്യമൊട്ടാകെ സഞ്ചരിച്ചു. നാടകവും ഗാനമേളയുമായി നടക്കുന്നതിനിടയിലാണ് കോഴിക്കോട് ആകാശവാണിയിൽ ക്ലാരനറ്റ്–സാക്സഫോൺ ആർട്ടിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള പരസ്യം കണ്ടത്. രാജുവും അപേക്ഷിച്ചു. തിരുവനന്തപുരത്തായിരുന്നു ഇന്റർവ്യൂ. 28 പേർ പങ്കെടുത്തു. രാജുവിനു സിലക്‌ഷൻ കിട്ടി. 1975ൽ കോഴിക്കോട് ആകാശവാണിയിൽ ആർട്ടിസ്റ്റായി ചേർന്നു.

അന്നു മുതൽ രാജു കോഴിക്കോട്ടുകാരനാണ്. സംഗീത സംവിധായകൻ കെ.രാഘവന്റെ കൂടെയാണ് കൂടുതലും പ്രവർത്തിച്ചത്. രാഘവൻ സംഗീതം കൊടുത്ത രണ്ടായിരത്തോളം ലളിത ഗാനങ്ങൾക്ക് രാജുവിന്റെ ക്ലാരനറ്റോ, സാക്സഫോണോ അകമ്പടിയായി ഉണ്ടായിരുന്നു. രാഘവൻ ജോലിയിൽ വലിയ ചിട്ടക്കാരനായിരുന്നു. രാവിലെ ഒൻപതിനു തന്നെ രാഘവൻ സ്റ്റുഡിയോയിലെത്തും. സ്റ്റുഡിയോയിൽ രാജു എത്തിയപ്പോൾ പത്തുമണി. ആകാശവാണിയുടെ ഓണം സ്പെഷലിനുള്ള ഗാനങ്ങൾ ഒരുക്കുന്ന തിരക്കിലായിരുന്നു രാഘവൻ. വൈകിയെത്തിയത് ഒട്ടും പിടിച്ചില്ലെന്ന് മുഖഭാവത്തിൽ നിന്നു വ്യക്തമായി.

‘ഇല്ലപ്പറമ്പിലെ...’ എന്നു തുടങ്ങുന്ന പാട്ടിന്റെ ബിറ്റ് വായിക്കാൻ ആവശ്യപ്പെട്ടു. ക്ലാരനറ്റിൽ ബിറ്റ് വായിച്ചത് രാഘവന് ഇഷ്ടപ്പെട്ടു. അതോടെ അനിഷ്ടം നീങ്ങി. പിന്നീട് രാഘവന്റെ ഇഷ്ടപ്പെട്ട ക്ലാരനറ്റ് വായനക്കാരനായി രാജു. ഓണം പരിപാടികൾ പൊതുജനങ്ങൾക്കായി തുറന്ന വേദിയിൽ അവതരിപ്പിക്കുന്ന രീതിയും ആകാശവാണിക്കുണ്ടായിരുന്നു. അക്കൊല്ലം തലശ്ശേരിയിലാണ് ഓണപ്പാട്ടുകൾ അവതരിപ്പിച്ചത്. തിക്കോടിയൻ, എൻ.എൻ.കക്കാട്, കെ.എ.കൊടുങ്ങല്ലൂർ, ജഗതി എൻ.കെ.ആചാരി തുടങ്ങിയവർ ആകാശവാണിയിൽ ജോലി ചെയ്യുന്ന കാലമായിരുന്നത്. ശ്രീധരനുണ്ണിയും പി.എസ്.നമ്പീശനും എഴുതിക്കൊടുക്കുന്ന കവിതകൾക്ക് രാഘവൻ സംഗീതം പകരും.

ആകാശവാണി സ്റ്റാഫ് മറ്റു സംഗീത പരിപാടികളിൽ പങ്കെടുക്കുന്നതിന് കർശന നിബന്ധനകൾ പാലിക്കേണ്ടിയിരുന്നു. ഒരു വർഷം 24 പരിപാടികളിൽ പരമാവധി പങ്കെടുക്കാം. ഇതിൽ രണ്ടെണ്ണത്തിന്റെ പ്രതിഫലം മാത്രമേ മുഴുവൻ സ്വന്തമായി കൈപ്പറ്റാൻ അനുവാദമുള്ളൂ. മറ്റ് 22 പരിപാടികളുടെയും പ്രതിഫലത്തിന്റെ മൂന്നിലൊന്ന് സർക്കാരിനു നൽകണം. ഈ നിബന്ധനകൾ പാലിച്ച് പരിപാടികൾക്കു പോകുന്നത് പ്രായോഗികമല്ലാത്തതിനാൽ അനുവാദം വാങ്ങാതെ ഗാനമേളകളിൽ പങ്കെടുക്കും. കോഴിക്കോട്ടെ സഹപ്രവർത്തകർ പാരവയ്ക്കാത്തവരായതിനാൽ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നടന്നുപോയി.

യേശുദാസ്, ജയചന്ദ്രൻ, എസ്.ജാനകി, പി.സുശീല, എസ്.പി.ബാലസുബ്രഹ്മണ്യം തുടങ്ങി പഴയ തലമുറയിലെ ഗായകരുടെ ഗാനമേള ട്രൂപ്പുകളിൽ ക്ലാരനറ്റും സാക്സഫോണും ഫ്ലൂട്ടുമായി രാജുവും പങ്കെടുത്തു. ജോൺസന്റെയും ഔസേപ്പച്ചന്റെയും ഗാനമേള സംഘത്തിലും രാജു സ്ഥിരക്കാരനായിരുന്നു. മുഹമ്മദ് അസ്‌ലം, യേശുദാസ് എന്നിവർക്കൊപ്പം യുഎസ്എ, യുകെ, ഓസ്ട്രേലിയ, സിംഗപ്പൂർ, ഗൾഫ് നാടുകൾ എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. ജോൺസണുമായുള്ള ബന്ധം രാജുവിനെ സിനിമാ ഗാനരംഗത്തെത്തിച്ചു. ‘കൂടെവിടെ’ സിനിമയിൽ ജോൺസൺ സംഗീതം നൽകിയ ഹിറ്റ്ഗാനം ‘ആടിവാ കാറ്റേ’യുടെ പിന്നണിയിൽ രാജുവുമുണ്ട്. ‘ഉസ്താദ് ഹോട്ടൽ’, ‘സൈഗാൾ പാടുകയാണ്’ തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചു. ഇന്ത്യൻ റുപ്പിയിൽ സാക്സഫോൺ വായിക്കുന്ന കലാകാരന്റെ റോളിൽ അഭിനയിച്ചു. 

റിക്കോർഡിങ്ങിനു മുൻപ് ഉപകരണ സംഗീതക്കാരും പാട്ടുകാരുമെല്ലാം ഒരുമിച്ചുള്ള റിഹേഴ്സലും പാട്ടു പഠിക്കലുമൊന്നും ഇപ്പോഴില്ല. ഇപ്പോൾ ട്രാക്ക് വായിച്ച് അയച്ചുകൊടുക്കും. തെറ്റുതിരുത്തലുകൾ കംപ്യൂട്ടറിൽ നടക്കും. ശബ്ദം ഇലക്ട്രോണിക്കലായി മാറ്റും. പഴയ തലമുറയുടെ അധ്വാനമൊന്നും ഇപ്പോൾ വേണ്ട. അതിനാൽ പാട്ടുകൾക്ക് സ്വാഭാവിതകയും കുറയുന്നതായി രാജു പറയുന്നു. ബെൽജിയംകാരനായ അഡോൾഫ് സാക്സാണ് 1840ൽ സാക്സഫോൺ എന്ന സംഗീത ഉപകരണം അവതരിപ്പിക്കുന്നത്. ഓൾട്ടോ, ടെണർ, സുപ്രാനോ, പാരട്ടോൺ എന്നിങ്ങനെ നാലുതരം സാക്സുകളുണ്ട്. പാരട്ടോൺ സാക്സ് വെസ്റ്റേൺ സിംഫണി ഓർക്കസ്ട്രയിലാണ് സാധാരണ ഉപയോഗിക്കുക.

ബാൻഡുകളിൽ ഉപയോഗിക്കുന്നത് ടെണർ സാക്സാണ്. രാജു ഉപയോഗിക്കുന്നത് ഓൾട്ടോ സാക്സും സുപ്രാനോ സാക്സുമാണ്. സാക്സഫോൺ പഠിക്കാൻ ബുദ്ധിമുട്ടുള്ള ഉപകരണമാണ്. സാക്സും ക്ലാരനറ്റും പഠിക്കാൻ നാലു കുട്ടികൾ രാജുവിന്റെ അടുത്തുവരുന്നുണ്ട്. അരലക്ഷം മുതൽ രണ്ടുലക്ഷം വരെ സാക്സഫോണിനു വിലയുണ്ട്. 2015 നവംബർ എട്ടിന് ടൗൺ ഹാളിൽ രാജു സാക്സഫോൺ സോളോ അവതരിപ്പിച്ചു. അതിനുശേഷം കല്യാണ വീടുകളിലും മറ്റു ചടങ്ങുകൾക്കും സോളോ വായിക്കാൻ ക്ഷണം വരുന്നുണ്ട്. ഗാനമേളകൾക്കു പുറമേ ടിവി ചാനലുകളിലെ സംഗീത പരിപാടികളുമായി രാജു ആകാശവാണിയിൽ നിന്നു പിരിഞ്ഞ ശേഷവും തിരക്കിലാണ്. റാണിയാണ് ഭാര്യ. രാജി, റെജി എന്നിവർ മക്കൾ.

Your Rating: