Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടക വേദികളിലെ 'വയലിൻ' സാമുവൽ

VIOLIN-SAMUEL

കെ. ടി. മുഹമ്മദിന്റെ പരീക്ഷണ നാടകം ‘സൃഷ്ടി’യുടെ ആദ്യ അവതരണം കാലടിയിലാണ് നടന്നത്. വിശപ്പ് കേന്ദ്ര വിഷയമാക്കി കെ ടി എഴുതിയ അതിശക്തമായ നാടകം. കോഴിക്കോട് സംഗമം തിയറ്റേഴ്സിന്റെ പ്രഥമ സംരംഭം. ബാലൻ കെ. നായരാണ് നായകൻ.
യാഥാർഥ്യവും ഇല്യൂഷനും കൂടിക്കലരുന്ന നാടകത്തിന് മലയാള നാടകവേദി അതുവരെ കാണാത്ത രംഗപടമാണ് ഒരുക്കിയത്. പ്രധാന കഥാപാത്രമായ എഴുത്തുകാരന്റെ ഭാവനയും യഥാർഥ ജീവിതവുമെല്ലാം രംഗത്ത് വരുന്നു. അതിന് പറ്റിയ വിധത്തിൽ ബാക്ക് കർട്ടന്റെ ഒരു ഭാഗം കീറച്ചാക്ക് കൊണ്ടാണ് തീർത്തത്. ബാക്കി വെളുത്ത കർട്ടനാണ്.
ഇല്യൂഷനും യാഥാർഥ്യവും ഒരേ സമയം അവതരിപ്പിക്കുന്ന മിടുക്കാണ് കെ ടി രംഗത്ത് അവതരിപ്പിച്ചത്. ദാരിദ്ര്യമുണ്ടാക്കുന്ന സാമൂഹിക വ്യവസ്ഥിതിയെ നിശിതമായി വിമർശിക്കുന്ന നാടകമായിരുന്നു ‘സൃഷ്ടി’.

പക്ഷേ കാലടിയിലെ നാടകാസ്വാദകർക്ക് പരീക്ഷണം പിടിച്ചില്ല. അവർ നാടക സമിതിക്കാരെ വളഞ്ഞുവച്ചു. കീറച്ചാക്കല്ലാതെ ഒരു നല്ല കർട്ടൻപോലുമില്ലാത്ത എന്തു നാടക സമിതി. വലിയ പ്രതീക്ഷയിൽ പോയ സംഗമം നാടക സമിതിയിലെ എല്ലാവരും വിഷമത്തിലായി. നാടകം ബുക്ക് ചെയ്തവരുടെ ശകാരവും ചീത്തയും കേട്ട് ആത്മവിശ്വാസം നഷ്ടപ്പെട്ടു.
അടുത്ത ദിവസത്തെ കളി തിരുവല്ലയിലാണ് ബുക്ക് ചെയ്തിരിക്കുന്നത്. കെ ടി ആകെ ബേജാറായി. കരച്ചിലിന്റെ വക്കോളമെത്തി. നാടകം കളിക്കാൻ തിരുവല്ലയ്ക്ക് പോകണ്ട, തിരിച്ച് കോഴിക്കോടിന് മടങ്ങാമെന്നായി കെ ടി.ചീത്ത കേട്ടാലും സാരമില്ല, തിരുവല്ലയിൽ കൂടി കളിക്കാമെന്ന് സമിതിയിലെ മറ്റ് അംഗങ്ങൾ. മനസ്സില്ലാ മനസ്സോടെ തിരുവല്ലയ്ക്ക് തിരിച്ചു. അവിടെ ഫൈനാർട്സ് സൊസൈറ്റിയാണ് നാടകം ബുക്ക് ചെയ്തിരുന്നത്. നാടകം കഴിഞ്ഞപ്പോൾ കാണികൾ അഭിനന്ദനവുമായി സ്റ്റേജിലേക്ക് ഇരച്ചു കയറി. ‘ഇതാണ് നാടകം, ഇതാണ് ഞങ്ങൾ കാത്തിരുന്ന നാടകം’ എന്നു പറഞ്ഞ് സമിതി അംഗങ്ങളെ എടുത്തുയർത്തി.

ഫൈനാർട്സ് സൊസൈറ്റി പ്രസി‍ഡന്റ് പ്രഫ. ഉമ്മൻ മൈക്കിലൂടെ നാടകത്തിലെ അവസാന സംഭാഷണം ആവർത്തിച്ചുകൊണ്ടാണ് ‘സംഗമ’ത്തെ അഭിനന്ദിച്ചത്.
‘ഇതാണ് നാടകം. ഇതാണ് ജീവിതം, ഇവനെ കണ്ടില്ലെങ്കിൽ ഇവൻ വളരുകയാണെന്ന് ഓർത്തില്ലെങ്കിൽ നിങ്ങളുടെ കലയും സംസ്കാരവും നിങ്ങളുടെ തലകൾ പോലും ചുട്ടു ചാമ്പലാക്കിക്കളയും, ഇതു കൊണ്ടുപോകൂ അവതരിപ്പിക്കൂ, കാണാൻ ഇഷ്ടമുള്ളവർ കാണട്ടെ' കാലടിയിൽനിന്നു മിണ്ടാട്ടമില്ലാതെ തിരുവല്ലയിലേക്ക് പോയവർ അവിടെനിന്ന് ആർപ്പു വിളിച്ചാണ് കോഴിക്കോടിന് മടങ്ങിയത്. പ്രഫഷനൽ നാടക രംഗത്ത് ‘സംഗമം’ തിയറ്റേഴ്സിന്റെ നാലു പതിറ്റാണ്ട് നീണ്ട ജൈത്രയാത്രയുടെ തുടക്കമായിരുന്നു അതെന്ന് ട്രൂപ്പ് ഉടമ വിൽസൻ സാമുവൽ അഭിമാനത്തോടെ ഓർക്കുന്നു.

ഇതുപോലെ ഒരു അനുഭവം തിക്കോടിയൻ എഴുതിയ ‘തമ്പുരാന്റെ പല്ലക്ക്’ കാലടിക്കടുത്ത് മണ്ണൂരിൽ അവതരിപ്പിച്ചപ്പോഴുമുണ്ടായി. നാടകം ഇഷ്ടപ്പെടാത്തതിനാൽ കാശു തരാൻ സംഘാടകർ മടിച്ചു. എന്നാൽ അഞ്ച് സംസ്ഥാന അവാർഡുകൾ കിട്ടിയപ്പോൾ അവർ വീണ്ടും ക്ഷണിച്ചുവരുത്തി അതേ നാടകം അവതരിപ്പിച്ചു.
വിൽസൻ സാമുവലിന്റെ തുടക്കം വയലിനിസ്റ്റായാണ്. കോമൺവെൽത്തിൽ ഹെഡ് ക്ലാർക്കായ പിതാവ് സാമുവൽ പീറ്റർ സിഎസ്ഐ കത്തീഡ്രലിലെ വയലിനിസ്റ്റായിരുന്നു. മകൻ കുട്ടിക്കാലത്ത് മച്ചിങ്ങയിൽ ഈർക്കിൽ കോർത്ത് വയലിൻ രൂപമുണ്ടാക്കി വായിച്ചു നടക്കുന്നതു കണ്ട് പിതാവ് വയലിനിസ്റ്റ് സുകുമാരന്റെ അടുത്ത് പഠനത്തിനായി എത്തിച്ചു. നാലു വർഷം ഗുരുമുഖത്തുനിന്ന് വയലിൻ അഭ്യസിച്ചു.

വിൽസന്റെ സഹോദരനും എൻടിടിഎഫ് പ്രിൻസിപ്പലുമായിരുന്ന സാംസണും വയലിനിസ്റ്റായിരുന്നു. ജയ്സൺ, വിൽമ ജോൺ എന്നിവരാണ് മറ്റു സഹോദരങ്ങൾ.
സെന്റ് ജോസ്ഫ്സ് ബോയ്സ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ 12–ാം വയസിൽതന്നെ അമച്വർ നാടകങ്ങൾക്ക് പശ്ചാത്തല സംഗീതം നൽകിത്തുടങ്ങി. സ്കൂളിൽ ഓർക്കസ്ട്ര ട്രൂപ്പുണ്ടാക്കി സ്കൂളിലും പുറത്തും പരിപാടികൾ അവതരിപ്പിച്ചു.
സെന്റ് വിൻസന്റ് ഇൻഡസ്ട്രീസ് വാർഷികത്തിന് പരിപാടി അവതരിപ്പിച്ചപ്പോൾ കോഴിക്കോട് ബിഷപ് ഡോ. അൽദോ മരിയ പത്രോണി വെള്ളി മെഡൽ സമ്മാനിച്ചു. കലാപ്രവർത്തനത്തിന് ആദ്യം കിട്ടുന്ന അംഗീകാരം.

ബിരുദ പഠനത്തിന് മലബാർ ക്രിസ്ത്യൻ കോളജിലെത്തിയപ്പോൾ ഓർക്കസ്ട്ര കൺഡക്ടറായി. ചെന്നൈയിൽ ഇളയരാജയുടെ ഓർക്കസ്ട്രയിൽ പ്രവർത്തിക്കുന്ന വയലിനിസ്റ്റ് ദാസ് സാമുവലും അന്ന് കോളജിലുണ്ട്. നടി മോനിഷയുടെ മാതാവ് ശ്രീദേവി ഉണ്ണി, മു‍ൻ മന്ത്രി എം. ടി. പത്മ തുടങ്ങിയവരായിരുന്നു കോളജിലെ ഗായികമാർ.
ബിരുദം നേടി കോളജിൽനിന്നു പുറത്തിറങ്ങിയ ശേഷം മുഴുവൻ സമയ കലാപ്രവർത്തകനായി. ഹട്ടൻസ്, സുകുമാരൻസ് ഓർക്കസ്ട്രകളിൽ വയലിനിസ്റ്റായി പ്രവർത്തിച്ചു. സി. എം. വാടിയിലും ടെഡി മാസ്റ്ററുമായിരുന്നു അന്നത്തെ മറ്റു പ്രമുഖ വയലിനിസ്റ്റുകൾ. ചെന്നൈയിൽ സിനിമാ ഗാനങ്ങളുടെ റിക്കാർഡിങ്ങിൽ പിന്നണിയിൽ പ്രവർത്തിച്ചു. പ്രമുഖ ഗായകരുടെ ഗാനമേളകളിൽ വിൽസൻ സാമുവലിന്റെ വയലിനുമുണ്ടായിരുന്നു.

ഗാനമേളകളിൽ തന്റെ സിദ്ധിയെ ഒതുക്കി നിർത്താതെ നാടകത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നതിലായി പിന്നീട് വിൽസന്റെ ശ്രദ്ധ. ആദ്യകാലത്ത് പശ്ചാത്തല സംഗീതം നാടകങ്ങളിൽ ‘ലൈവായി’ അവതരിപ്പിക്കേണ്ടിയിരുന്നു. അരങ്ങിൽ നാടക മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നതിൽ സംഗീതത്തിനും വലിയ സ്ഥാനമുണ്ട്.
തുടക്കം പെരുമ്പാവൂർ ‘നാടകശാല’യുടെ ‘സമസ്യ’ നാടകത്തിന് സംഗീതം നൽകിക്കൊണ്ടാണ്. കാലടി ഗോപി സംവിധാനം ചെയ്ത ഈ നാടകം എഴുതിയത് കെ. എസ്. നമ്പൂതിരിയാണ്.
കെ. ടി. മുഹമ്മദ് ‘എക്സ്പിരിമെന്റൽ’ തിയറ്റേഴ്സിലൂടെ പരീക്ഷണ നാടകങ്ങൾ അവതരിപ്പിക്കുന്ന കാലമാണത്. വിൽസൻ സാമുവൽ കെ ടി യുമായി ചേർന്ന് 1970ൽ ‘സംഗമം’ തിയറ്റേഴ്സിന് രൂപം നൽകി. എക്സ്പിരിമെന്റൽ തിയറ്റേഴ്സ് അവതരിപ്പിച്ച ‘സൃഷ്ടി’ ആദ്യ നാടകമായി അവതരിപ്പിച്ചു.
തുടക്കത്തിൽ കെ ടിയുടെ നാടകങ്ങൾ മാത്രമാണ് ‘സംഗമം’ അവതരിപ്പിച്ചത്. സൃഷ്ടി, സ്ഥിതി, സംഹാരം, സാക്ഷാത്കാരം, സമന്വയം, സനാതനം, സന്നാഹം എന്നീ ഏഴു നാടകങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തി.

1977ൽ കെ ടി സംഗമം വിട്ടുപോയി സ്വന്തമായി ‘കലിംഗ’ തിയറ്റേഴ്സ് തുടങ്ങി. കെ ടിയുടെ നാടകത്തെ മാത്രം ആശ്രയിച്ചിരുന്ന സംഗമത്തിന് പെട്ടെന്ന് എന്തു ചെയ്യണമെന്ന് പിടികിട്ടിയില്ല.
അങ്ങനെയാണ് എം. ടി. വാസുദേവൻ നായരെ സമീപിക്കുന്നത്. തനിക്ക് നാടകമെഴുതാൻ അറിയില്ലെന്നു പറഞ്ഞ് എം ടി ആദ്യം ഒഴിയാൻ ശ്രമിച്ചുവെങ്കിലും നാലു ദിവസം കഴിഞ്ഞ് വരാൻ ആവശ്യപ്പെട്ടു. അതു പ്രകാരം ബീച്ച് ഹോട്ടലിൽ എത്തിയപ്പോൾ എം ടി നാടകത്തിന്റെ സ്ക്രിപ്റ്റ് കയ്യിൽ കൊടുത്തു. സംഗമത്തിന് നിധി കിട്ടിയ അനുഭവമായിരുന്നു. ആ നാടകം ‘ഗോപുരനടയിൽ’–പ്രേക്ഷകർ കയ്യും നീട്ടി സ്വീകരിച്ചു.

പിന്നീടും നാടകത്തിനായി സമീപിച്ചുവെങ്കിലും എം ടി നാടകമെഴുതാൻ തയാറായില്ല. പക്ഷേ സംഗമത്തിന്റെ ‘മഹാഭാരതം’ നാടകം സംവിധാനം ചെയ്തു.
അതോടെ സംഗമം കേരളത്തിലെ പ്രമുഖ പ്രഫഷനൽ നാടക സംഘമായി വളർന്നു. തിക്കോടിയൻ, ജമാൽ കൊച്ചങ്ങാടി, ചന്ദ്രശേഖരൻ തിക്കോടി, ഹാഷിം മയ്യനാട്, എം. കെ. രവിവർമ, ജോസ് ചിറമ്മൽ, വാസു പ്രദീപ് തുടങ്ങിയവർ സംഗമത്തിനായി നാടകം എഴുതി.
കെ ടിയുടെ എട്ടു നാടകങ്ങൾക്ക് പുറമേ മഹാഭാരതം, തമ്പുരാന്റെ പല്ലക്ക്, മാന്ത്രികച്ചെണ്ട, കാട്ടുകടന്നൽ, ശാരദ, ഒരു പിടി വറ്റ്, പെങ്കൊട, ഇനിയും ഉണരാത്തവർ , ജ്ഞാനപീഠം തുടങ്ങി 42 നാടകങ്ങൾ സംഗമം പ്രഫഷനൽ നാടകവേദിക്ക് സമ്മാനിച്ചു.
പല നാടകങ്ങളും പ്രഫഷനൽ നാടക അവാർഡുകൾ വാരിക്കൂട്ടി. ബാലൻ കെ. നായർ, ശാന്താദേവി, കുട്ട്യേടത്തി വിലാസിനി, ചേമഞ്ചേരി നാരായണൻ നായർ, വിക്രമൻ നായർ, കെ. ശിവരാമൻ, നിലമ്പൂർ മണി, മരട് ജോസഫ്, വിജയലക്ഷ്മി, എൽസി സുകുമാരൻ, രത്നമ്മ മാധവൻ തുടങ്ങി നിരവധി നടീനടന്മാർ സംഗമത്തിലെ നാടകത്തിലൂടെ പെരുമയും അവാർഡുകളും നേടിയെടുത്തു.

സംഗമത്തിന്റെ നാടകങ്ങളുടെ പശ്ചാത്തല സംഗീതം ഒരുക്കിയത് വിൽസൻ സാമുവലാണ്. കൂടാതെ ഗാനങ്ങൾക്കും സംഗീതം നൽകി. ഫൈനാർട്സ് സൊസൈറ്റികളാണ് അന്ന് നാടകത്തിന് വേദി ഒരുക്കുന്നത്. വർഷത്തിൽ ഇരുനൂറ്റൻപതോളം കളികളുണ്ടായിട്ടുണ്ട്. എല്ലാ വർഷവും പുതിയ നാടകം അരങ്ങത്തുവരും. ഒരു വർഷം രണ്ടു നാടകം രംഗത്തെത്തിച്ചു. ജമാൽ കൊച്ചങ്ങാടിയുടെ ‘ഇനിയും ഉണരാത്തവർ’, രാഷ്ട്രീയ വിഷയമാക്കിയ ‘മരിക്കാൻ മനസില്ല’ എന്നീ നാടകങ്ങളാണ് അക്കൊല്ലം അവതരിപ്പിച്ചത്.
മലയാളി സമാജങ്ങൾ വഴി ബുക്കിങ് കിട്ടി മറ്റു സംസ്ഥാനങ്ങളിലും അമേരിക്ക, കാനഡ എന്നിവിടങ്ങളിലും സംഗമം നാടകങ്ങൾ അവതരിപ്പിച്ചു.
നാടക സംഗീത മേഖലകളിലെ സംഭാവനകൾ കണക്കിലെടുത്ത് നിരവധി അവാർഡുകൾ വിൽസൻ സാമുവലിനെ തേടിയെത്തി. പ്രഫഷനൽ നാടക മൽസരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിന് അവാർഡ് ലഭിച്ചു. കേരള സംഗീത നാടക അക്കാദമി 2014ൽ ഗുരുപൂജ അവാർഡ് നൽകി ആദരിച്ചു. ലതയാണ് വിൽസൻ സാമുവലിന്റെ ഭാര്യ. കവിത, അഖില എന്നിവർ മക്കളാണ്.

നാടകം, സംഗീതം തുടങ്ങി 42 വിഭാഗങ്ങളിലെ കലാകാരൻമാരെ കോർത്തിണക്കുന്ന നാഷനൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്സ് (നന്മ)യുടെ സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് ജില്ലാ പ്രസിഡന്റുമാണ് വിൽസൻ സാമുവൽ. നടൻ തിലകനാണ് 2007ൽ കോഴിക്കോട്ടു വച്ച് നന്മ ഉദ്ഘാടനം ചെയ്തത്. 25000 കലാകാരൻമാർ നന്മയിൽ അംഗങ്ങളാണ്. 60 വയസ്സ് കഴിഞ്ഞ 140 പേർക്ക് മാസംതോറും 1000 രൂപവീതം പെൻഷൻ ലഭിക്കുന്നുണ്ട്. കൂടാതെ ഇൻഷുറൻസ് സംരക്ഷണവുമുണ്ട്. നല്ല കാലം മുഴുവൻ ജനങ്ങളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും സാമൂഹിക മാറ്റത്തിന് കളമൊരുക്കുകയും ചെയ്ത കലാകാരൻമാരെ അവസാന കാലത്ത് സഹായിക്കാൻ ‘നന്മ’യ്ക്ക് കഴിയുന്നുണ്ട്. ‘നന്മ’യുടെ സംഘടനാ പ്രവർത്തനങ്ങൾക്കൊപ്പം നഗരത്തിലെ സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമാണ് വിൽസൻ സാമുവൽ. 

Your Rating: