Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിന്റെ കൂട്ടിൽ കൊച്ചി

ഒരു കാലഘട്ടത്തിൽ സംഗീതം നിറഞ്ഞുപെയ്തിരുന്നു തട്ടിൻപുറങ്ങളിൽ. തട്ടിൻപുറ കൂട്ടായ്മകളും മെഹ്ഫിലുകളും കൊച്ചിയുടെ സംഗീതരാവുകൾക്കു നിറപ്പകിട്ടേകി.

മട്ടാഞ്ചേരി ബസാർ റോഡിലെ ഇരുനില കെട്ടിടങ്ങളിൽ പലകമേഞ്ഞ ഒന്നാം നിലയിലായിരുന്നു ഉത്തരേന്ത്യയിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വന്നെത്തിയ വ്യാപാരികളുടെ കുടുംബങ്ങൾ താമസിച്ചിരുന്നത്. താഴത്തെ നിലയിൽ കച്ചവടശാലകളും മുകളിൽ താമസക്കാരും.

ഇവിടെ താമസിക്കുന്ന ചിലർ സ്വന്തമായി തന്നെ തബല, ഹാർമോണിയം എന്നിവ വാങ്ങി വയ്ക്കുമായിരുന്നു. രാത്രിയാകുമ്പോൾ പാടാൻ ആളെത്തും. ആസ്വാദകരായി കുറച്ചുപേർ. പിന്നെ, നേരം പുലരും വരെ പാട്ടിന്റെ പെരുമഴ. ഹിന്ദി ഗാനങ്ങളും, ഗസലുകളും, ഖവാലികളുമെല്ലാം ഈ തട്ടിൻപുറ കൂട്ടായ്മകളിൽ നിറയും.

ഫോർട്ട്കൊച്ചിയിൽ സ്ഥിരമായി ഗായകർ ഒത്തുചേരാറുള്ള രണ്ടു തട്ടിൻപുറങ്ങളുണ്ടായിരുന്നുവെന്നു പഴയകാല ഗായകർ പറയുന്നു. മട്ടാഞ്ചേരിയിലെ അരിവ്യാപാരശാലകൾക്കു മുകളിലുമുണ്ടായിരുന്നു തട്ടിൻപുറക്കൂട്ടായ്മകൾ.മെഹ്ബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ കൽവത്തിയിലെ ഓഫിസിനോടനുബന്ധിച്ച് ഇന്നുമുണ്ട് ഗായകർ ഒത്തുകൂടുന്ന തട്ടിൻപുറം. മെഹ്ബൂബിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഇവിടെ എല്ലാ വർഷവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും ഒരുമിച്ചു മെഹ്ബൂബിന്റെ ഗാനങ്ങൾ ആലപിക്കാറുണ്ട്. മെഹ്ബൂബിന്റെ അപൂർവ ചിത്രങ്ങളും ഇവിടെയുണ്ട്.

എച്ച്.മെഹ്ബൂബ് പാടിയ ഗാനങ്ങളിൽ ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന ഗാനം. (ചിത്രം: നീലിസാലി)

നയാപൈസയില്ല കയ്യിലൊരു നയാപൈസയില്ല നഞ്ചുവാങ്ങിത്തിന്നാൻ പോലും നയാപൈസയില്ലാ കടംവാങ്ങുവാനാളില്ലാ, പണയം വയ്ക്കാൻ പൊന്നില്ല കൺമണി നിന്നെ കാണും നേരം കരളിൽ കടന്നലു കുത്തുന്നു കാലിയടിച്ചൊരു വയറാണ്, കണ്ടേടത്ത് നടപ്പാണ് തൊള്ളപൊളിക്കണ പെഴ്സേ, നിന്നുടെ പള്ളയൊഴിഞ്ഞു കിടപ്പാണ് ശകുനപ്പിഴയുടെ ദിനമാണ്, ഒരു ശനിയനെ കണ്ടതിൻ ഫലമാണ് കണ്ടാലാളുകളോടിയൊളിക്കണ്, കരളേ ബല്ലാത്ത ദിനമാണ്...