Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഥാ നിന്നെ കാണാൻ...

nadha-ninne-kanan

പാട്ടെഴുത്തു വഴികളിലൊന്നും സന്തോഷ് ജോർജ് ജോസഫിനെ കാണില്ല. ക്രിസ്മസ് ഗാനങ്ങൾ ഉൾപ്പെടെ ഒട്ടേറെ ഗാനങ്ങളുമായി ഇന്നും സജീവമാണെങ്കിലും തിരശീലയ്ക്കു പിന്നിൽ നിൽക്കുന്നതാണ് സന്തോഷിനിഷ്ടം. നാഥാ നിന്നെ കാണാൻ, നിൻ പാദങ്ങൾ പുൽകാൻ എന്നു തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനം ഒരുവട്ടമെങ്കിലും മൂളാത്തവർ ചുരുക്കം. സുഹൃത്തിന്റെ ഈണത്തിനു സന്തോഷ് എഴുതിയ ആ വരികൾ യൂട്യൂബിൽ ഹിറ്റായി – വെറും ഹിറ്റല്ല, മെഗാ ഹിറ്റ്. പാട്ടും വിഡിയോയും ഇതുവരെ 47 ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. 

ക്രിസ്തീയ ഭക്തിഗാന ശാഖയിൽ സജീവമാണ് തിരുവനന്തപുരം സ്വദേശി സന്തോഷ്. ഭക്തിഗാന ശാഖയിലെ വിപ്ലവകാരിയെന്നു വേണമെങ്കിൽ സന്തോഷിനെ വിശേഷിപ്പിക്കാം. തിരശീലയ്ക്കു പിന്നിലാണു നിൽക്കുന്നതെങ്കിലും സന്തോഷിന്റെ പാട്ട് അനേകർക്കു പ്രചോദനമായിട്ടുണ്ട്. സന്തോഷിന്റെ ക്രിസ്മസ് ഗാനങ്ങളിൽ സ്ഥിരമായി ആവർത്തിക്കുന്ന പദങ്ങളുണ്ടാവില്ല. ക്രിസ്മസിന്റെ ആഘോഷവും അതിന്റെ അർഥവും വ്യാപ്തിയുമാണ് വരികളിൽ പങ്കുവയ്ക്കുന്നത്. ഒട്ടേറെ ക്രിസ്മസ് ഗാനങ്ങൾ എഴുതി ഈണം നൽകിയിട്ടുണ്ട്. 

പൂർവ സന്ധ്യ നഭസിങ്കൽ നവ്യതാരോദയം കണ്ടു എന്നു തുടങ്ങുന്ന ഗാനത്തിൽ ഉണ്ണിയേശുവിനെ കണ്ടു വണങ്ങി, കാഴ്ച അർപ്പിക്കാൻ പുറപ്പെട്ട മൂന്നു ജ്ഞാനികളുടെ അനുഭവമാണ്. സന്തോഷ് രചിച്ച ജേണി ഓഫ് മാഗിയെന്ന നാടകത്തിൽ ഈ ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടവേളയ്ക്കു ശേഷം എഴുതിയതാണ് സുന്ദരനീല നിശീഥിനിയിൽ എന്ന അർധശാസ്ത്രീയ ക്രിസ്മസ് ഗാനം. ഇതും ജേണി ഓഫ് മാഗിയിൽ ഉൾപ്പെടുത്തി. ഈ ബഹുഭാഷാ നാടകം കഴിഞ്ഞ മാസം നോയി‍ഡ ഇമ്മാനുവേൽ രംഗവേദി അരങ്ങത്ത് എത്തിച്ചിരുന്നു. പാട്ടിനു പുറമേ, നാടക നടനും സംവിധായകനുമാണ് സന്തോഷ്, നല്ലൊരു ഗായകനും.

ക്രിസ്മസ് ആഘോഷങ്ങൾക്കിടെ നഷ്ടമായി പോകുന്ന ദൈവിക സാന്നിധ്യത്തെക്കുറിച്ച് ഓർമപ്പെടുത്തലാണ് ചില ഗാനങ്ങൾ. സൂര്യനായ് തേജോ രൂപനായ് എന്നു തുടങ്ങുന്ന ഗാനം അതിനുദാഹരണം. അതിലെ വരികളിങ്ങനെ: വചനം തനുവായ് കൃപയായ് സത്യമായ് നമ്മളോടൊപ്പം വസിച്ചു, എങ്കിലും നാമോ തിരിച്ചറി‍ഞ്ഞില്ല കൺ മുൻപിലെ വരദാനം. 

സന്തോഷ് എഴുതിയ ഗാനങ്ങൾ ഉൾപ്പെടുത്തി പാടാം ഒന്നായ് എന്ന പുസ്തകവും പിന്നീടു കസെറ്റും പുറത്തിറക്കി. 2001ൽ പുറത്തിറക്കിയ പൂമഴയായ് എന്ന സിഡിയിൽ 10 ക്രിസ്മസ് ഗാനങ്ങളാണുള്ളത്. 

കോളജ് വിദ്യാർഥിയായിരിക്കുമ്പോൾ മധ്യപ്രദേശിലെ ഗാവ് ചലോ എന്ന ഗ്രാമവികസന പരിപാടിയിൽ പങ്കെടുത്തു. അടിമവേല ചെയ്യുന്നവരുടെ മോചനം, അവരുടെ പുനരധിവാസം എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ഒരു മാസത്തെ മധ്യപ്രദേശ് ജീവിത അനുഭവത്തിൽ പിറന്ന ഗാനം ഇങ്ങനെ: ‘എന്റെ ജനത്തിൻ കഷ്ടത ഞാനിന്നു കണ്ടു, എന്റെ ജനത്തിൻ കരച്ചിൽ ഞാനിന്നു കേട്ടു നീ എനിക്കായി പോകൂ...’

അക്കാലത്ത് സ്റ്റുഡന്റ്സ് ക്രിസ്ത്യൻ മൂവ്മെന്റിന്റെ (എസ്‍സിഎം) ഭാഗമായിരുന്നു. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ് പാട്ടുകൾ എഴുതാൻ പ്രേരിപ്പിക്കുന്നതെന്ന് സന്തോഷ് പറയുന്നു. കോളജ് വിദ്യാഭ്യാസത്തിനു ശേഷം 1988 മുതൽ മധ്യപ്രദേശിന്റെ ഭാഗമായിരുന്ന (ഇന്നു ഛത്തീസ്ഗഡ്) റായ്പുരിൽ അഞ്ചുവർഷം സേവനം ചെയ്തു. ആവാസ് എന്ന സംഘടനയിൽ പ്രവർത്തിച്ചപ്പോൾ ഒട്ടേറെ പാട്ടുകളെഴുതി. അവിടെനിന്നു ലഭിച്ച അനുഭവങ്ങളിലായിരുന്നു പാട്ടുകൾ ഏറെയും. ‘തൃക്കൈകളിലേന്തിയ ധനുസാണു ഞാൻ, തൊടുത്തുകൊൾ തവലക്ഷ്യം ഭേദിക്കു വേഗം, നിന്നുപയോഗത്താൽ തകർന്നുടഞ്ഞാലും, ജീവിതമന്തിമ ചാരുത നേടാൻ...’. അനീതിയും ഹിംസയും നിറഞ്ഞ ലോകത്തെ മാറ്റാനുള്ള ഉപാധിയായി സ്വയം സമർപ്പിക്കുന്ന ഈ ഗാനം എഴുതിയിരിക്കുന്നത്. ആത്മ സമർപ്പണവുമായി എഴുതിയതാണ് ആഭാവ ഗംഗ ഒഴുകിടട്ടെ. ‘ആഭാവ ഗംഗ ഒഴുകിടട്ടെ, ഈ ശാപഗ്രസ്തയാം ഭൂമിയിലൂടെ, നിണമുണങ്ങാക്കൊടും ചുടലപ്പറമ്പിലൂടെ, ഭീതി നിരാശ നിറയുമീ മണ്ണിലൂടെ, ആ ഭാവ ഗംഗ ഒഴുകിടട്ടെ....’

കരകവിയുന്ന ക്രിസ്മസ് ആനന്ദം

1988ൽ റായ്പുരിലെ ഗാതപഡ ഗ്രാമത്തിലാണ് ബംഗാളി സന്യാസിയായ യേശുദാസയെ കണ്ടുമുട്ടിയത്. ഗിറ്റാറിൽ മിടുയിരുന്നു അദ്ദേഹം. പാട്ടിന് ഈണം നൽകാമോ എന്നു ചോദിച്ചപ്പോൾ സമ്മതിച്ചു. മൂന്നു പല്ലവികൾക്കും മൂന്ന് ഈണങ്ങൾ നൽകി. അങ്ങനെയാണ് ആനന്ദം കരകവിയുകയായ് ആഹ്ലാദം തിരതല്ലുകയായ് എന്ന ഗാനം എഴുതിയത്. ഇപ്പോഴും ജന മനസ്സുകൾ ഈ ഗാനം പാടുന്നു. 

വലിയ ഗാനം

ഏബ്രഹാം പറങ്ങാട്ട് നിർമിച്ച ജീവധാര എന്ന ആൽബത്തിലാണ് എക്കാലത്തെയും ഹിറ്റു ഗാനം ഉൾപ്പെടുത്തിയത്. സുജാത പാടിയ നാഥാ നിന്നെ കാണാൻ എന്നു തുടങ്ങുന്ന ഗാനം.  കോഴഞ്ചേരി സ്വദേശി പ്രദീപ് ഈപ്പനാണ് നല്ല ഈണമുണ്ടെന്നും, അതിനു പാട്ടെഴുതണമെന്നും നിർബന്ധിച്ചത്. 

അതുവരെ പാട്ടെഴുതിയിട്ട് ഈണം നൽകുകയായിരുന്നു പതിവ്. പ്രദീപിന്റെ നിർബന്ധത്തിനു വഴങ്ങി നാഥാ നിന്നെ കാണാൻ നിൻ പാദങ്ങൾ പുൽകാൻ എന്നു തുടങ്ങുന്ന ഗാനം എഴുതിയത്. ഈണത്തിനൊപ്പിച്ചു പാട്ടെഴുതുന്നത് കടുത്ത വെല്ലുവിളിയായിരുന്നു. സുജാതയുടെ പാട്ടും, ആ പാട്ടിനൊപ്പമുള്ള വിഡിയോ ദൃശ്യത്തിലെ കൊച്ചു കുട്ടിയും അങ്ങനെ ഹിറ്റായി. 

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കാന്താരി എന്ന സംഘടനയിലാണ് സന്തോഷ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒപ്പം റെസൊണൻസ് സ്കൂൾ ഓഫ് മ്യൂസിക് എന്ന സംഗീത വിദ്യാലയവും നടത്തുന്നു. എൽഐസി ചെന്നൈ ഓഫിസിൽ ഉദ്യോഗസ്ഥയായ സുനിലയാണ് ഭാര്യ. സംഗീത്, അമേയ, ശ്രേയ എന്നിവർ മക്കൾ.