Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുക്കളയിൽ നിന്നുമുയരുന്ന അമ്മപ്പാട്ടുകൾ 

kitchen-songs

"ഒരു പുഴയരികിൽ ചെറു തണലുകളിൽ നിന്നിടാം ഒരു നിമിഷം

മിഴി നിറയുവതും കാണാതെ ചിരി വിടരുവതും കാണാതെ പകലുകൾ രാവുകൾ മായുമ്പോൾ...

ഒരു പുഴയരികിൽ ചെറു തണലുകളിൽ നിന്നിടാം ഒരു നിമിഷം"-

സാമൂഹമാധ്യമങ്ങളിൽ സിനിമാതാരം മീന പാടിയതെന്ന നിലയിൽ ഈ വരികൾ ഏറെ ശ്രദ്ധിക്കപ്പെടുമ്പോൾ അടുക്കള പാട്ടുകളുടെ രസങ്ങളിലേക്ക് ഏതൊരു വീട്ടമ്മയും സഞ്ചരിച്ചിട്ടുണ്ടാകണം. അടുക്കളയുടെ പശ്ചാത്തലത്തിൽ നിറം മങ്ങിയ സാരിയും ധരിച്ച് അത്രയ്ക്കൊന്നും മേക്കപ്പിലല്ലാതെ ലളിതമായി പാടുന്നതു പോലെയാണ് മീനയുടെ പാട്ട് ഷൂട്ട് ചെയ്തിരിക്കുന്നത്. ഇത് ഏതെങ്കിലും സിനിമയിലേതാണോ അല്ലയോ എന്നൊക്കെയുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ, പക്ഷേ സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച ചർച്ചകൾ സാധാരണ സ്ത്രീകളുടെ നിത്യവുമുള്ള അടുക്കളക്കാഴ്ചകളിലേയ്ക്കും നീളുന്നു.

കരിപുരണ്ട നേരിയതും മുണ്ടും ചുറ്റി അമ്മമാർ അടുക്കളയിൽ ഭക്ഷണം കാലമാക്കിക്കൊണ്ടിരിക്കുമ്പോൾ എത്രയോ പാട്ടുകൾ മൂളാറുണ്ടായിരുന്നു. പഴയ സിനിമാ പാട്ടുകൾ മുതൽ നാടക ഗാനങ്ങൾ വരെ ഇത്തരത്തിൽ അടുക്കളയിൽനിന്ന് ഉയർന്നു കേട്ട നാളുകൾ അത്ര പുറകിലൊന്നുമല്ല. പലപ്പോഴും തൊട്ടിലിൽ ഉറങ്ങുന്ന കുഞ്ഞിന്റെ അരികിൽ ഇത്തിരി നേരം നിന്ന് പാടുന്ന താരാട്ടു പാട്ടുകൾ പാടിഅവസാനിക്കുക മിക്കപ്പോഴും അടുക്കളയുടെ ഇരുണ്ട മൂലകളിലാകും. കുഞ്ഞുറങ്ങിയെങ്കിൽ പോലും ചില താരാട്ടുകൾ ചുണ്ടിൽനിന്ന് ഇറങ്ങിപ്പോകാൻ വിസ്സമ്മതിച്ച് ഒപ്പം ചേർന്നു നിൽക്കും. അത്തരം സമയങ്ങളിൽ വീട്ടിൽ മറ്റാരും ഉണ്ടാകില്ല എന്നതാണ് ആ സമയത്തിന്റെ ഒരു പ്രാധാന്യം. ജോലിയുള്ള ഭർത്താവിനെയും സ്‌കൂളിൽ പഠിക്കുന്ന മൂത്ത കുട്ടിയെയും വിട്ടു പകൽ നേരങ്ങളിൽ അടുക്കളയിൽ തനിച്ചിരിക്കുമ്പോൾ മൂളിപ്പോകുന്ന താരാട്ടു പാട്ടുകൾ.... എപ്പോഴൊക്കെയോ കേട്ട, മനസ്സിൽനിന്ന് ഇറങ്ങിപ്പോകാത്ത സിനിമാപ്പാട്ടുകൾ...

പുതിയ പെൺകുട്ടികൾ കുറച്ചു കൂടി ന്യൂജൻ ആണ്. അതിരാവിലെയുള്ള എഴുന്നേൽക്കലിൽ ചിലപ്പോൾ മൂളിപ്പാട്ട് ഓർക്കാൻ പോലും സമയം കിട്ടിയില്ലെന്നുവരില്ലെങ്കിലും പുതിയ എഫ് എം സ്റ്റേഷനുകൾ നൽകുന്ന മധുരം തുളുമ്പുന്ന ഗാനങ്ങളുടെ അകമ്പടി പലപ്പോഴും അടുക്കളകൾ വികാരഭരിതമാക്കാറുണ്ട് എന്നു പുതിയ വീട്ടമ്മമാർ പറയുന്നു. പാട്ടും മൂളി നിൽക്കാൻ സമയം ഇല്ലെങ്കിൽപോലും മനസ്സിൽ അതുണ്ടെന്നു പറയുന്നവരും കുറവല്ല. റേഡിയോ ഇല്ലാത്തവർ പലപ്പോഴും മൊബൈലിൽ പാട്ടു വച്ച് അടുക്കള ജോലികളിൽ രസം പിടിക്കുന്നു. സംഗീതം ആയാസരഹിതമായ ദിനങ്ങളെ സമ്മാനിക്കും എന്ന് പറയുന്നതെത്ര ശരിയാണെന്നു പലപ്പോഴും സമ്മതിക്കുക വീട്ടമ്മമാർ തന്നെയാണ്. അടുക്കളയിലെ നൂറു കൂട്ടം തിരക്കിനിടയിൽ, ഭർത്താവിന്റെ കാര്യത്തിനായും കുഞ്ഞുങ്ങളുടെ കാര്യത്തിനായും ഓടി നടക്കുമ്പോൾ നൂറു കാലുകളും കയ്യുകളും ഉണ്ടായിരുന്നെങ്കിൽ എന്ന് എല്ലാ വീട്ടമ്മമാരും ആഗ്രഹിച്ചു പോകാറുണ്ട്, അതിനിടയിൽ സമയത്തിനു ജോലിക്കു പോകാൻ കഴിയുമോ എന്ന ആശങ്കയും മനസ്സിനെ ബുദ്ധിമുട്ടിക്കുമ്പോൾ പാട്ടു മൂളാൻ എവിടെ സമയം എന്ന് ചോദിക്കരുത്, മൊബൈലിൽ നിന്നും എഫ് എം റേഡിയോകളിൽ നിന്നും കേൾക്കുന്ന പാട്ടുകൾക്കൊപ്പം മനസ്സും മൂളുന്നുണ്ടാകും. ആ പാട്ടിൽ അലിഞ്ഞു പോകുന്നത് അവരുടെ അടുക്കള ജോലിയുടെ മുരടിപ്പാണ്.

അടുക്കള ജോലി ആയാസരഹിതമാക്കാനുള്ള ഒരു മനോഹരമായ വഴിയാണ് സംഗീതം. ആരും കേൾക്കാനില്ലെങ്കിൽ പോലും അവനവനു കേൾക്കാൻ മാത്രമുള്ള ഒച്ചയിൽ മനസ്സിൽ പതിഞ്ഞ പാട്ടുകൾ ജോലികൾക്കൊപ്പം മനസ്സിലെങ്കിലും മൂളുമ്പോൾ ചെയ്യുന്ന ജോലിയുടെ ഭാരം അറിയുകയുമില്ല, ഒറ്റയ്ക്കാണെന്ന തോന്നൽ ഉണ്ടാകാവുകയുമില്ല, അതുകൊണ്ടൊക്കെ തന്നെയാകണം എല്ലാവരും പോയ്ക്കഴിഞ്ഞ് വീട്ടിൽ ഒറ്റയ്ക്കാകുന്ന അമ്മമാർ പണ്ട് അടുക്കളപ്പുറത്തിരുന്നു മീനുമായും പച്ചക്കറിയുമായും ഒക്കെ മല്പിടിത്തം നടത്തുമ്പോൾ പതിഞ്ഞ ഒച്ചയിലെങ്കിലും പാട്ടു മൂളിയിരുന്നത്. അത്തരത്തിൽ പാടിയ ഒരു പെൺകുട്ടിയാണ് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായ ചന്ദ്രലേഖ. അവരുടെ "രാജഹംസമേ..." എന്ന പാട്ടിന്റെ മനോഹരമായ ചന്ദ്രലേഖ വേർഷൻ സോഷ്യൽ മീഡിയ ഏറ്റെടുത്തത് രണ്ടും കയ്യും നീട്ടിയാണ്. പാട്ടിനേക്കാൾ, അടുക്കളയിൽനിന്ന് ഇപ്പോൾ ഇറങ്ങിവന്നതു പോലെയുള്ള ചന്ദ്രലേഖയുടെ വസ്ത്രവും മുഖവും ശൈലിയും തന്നെയാണ് ആ പാട്ട് അത്രയും ജനപ്രിയമാകാൻ പ്രധാന കാരണം.

മലയാളി ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്, അടുക്കളപ്പുറത്ത് നിന്ന് ഒരു അമ്മപ്പാട്ട്. സിനിമാപാട്ടുകളോ താരാട്ടു പാട്ടുകളോ സ്വന്തമായി രൂപം കൊടുത്ത പാട്ടുകളോ ഒക്കെ ഉണ്ടാകാം അതിൽ. അതിന് എപ്പോഴും കുളിരുള്ള ഒരു സുഖവും അമ്മത്തത്തിന്റെ മധുരവുമുണ്ടാകും. അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചികളിൽ പോലും ആ പാട്ട് പറ്റിപ്പിടിച്ചിരിപ്പുണ്ടാകും. എത്രയോ കഴിവുള്ള പാട്ടുകാരികൾ അടുക്കളയുടെ ഇരുണ്ട കോണിൽ മാത്രമായി പാട്ടുകാരായി മാറിയിട്ടുണ്ട്! ഇപ്പോഴത്തെ പെൺകുട്ടികൾ കുറച്ചുകൂടി ലോകത്തേക്ക് ഇറങ്ങി നടക്കുന്നവരാണ്. എന്തായാലും അടുക്കളയെ ആയാസ രഹിതമാക്കാൻ പല വീട്ടമ്മമാരും കണ്ടെത്തിയ ഈ പാട്ടുവഴി മീനയുടെ മനോഹരമായ ശൈലിയിൽ തരംഗമാകുമ്പോൾ ന്യൂജൻ വീട്ടമ്മമാർക്കും ഈ റേഡിയോ കേൾക്കൽ അല്ലാതെ സ്വയം പാടുന്ന ശൈലി അനുകരിയ്ക്കാവുന്നതാണ്. ഒരു പാട്ടുകാരി ഉള്ളിലുണ്ടെങ്കിൽ അവനവനെങ്കിലും തിരിച്ചറിയട്ടെ ആ സംഗീതം...

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.