Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർവണേന്ദു മുഖീ....

mohini-parinayam1 പരിണയമെന്ന ചിത്രത്തിൽ മോഹിനി

ധനുമാസത്തിലെ തിരുവാതിര മലയാളത്തിന്റെ സുന്ദരമായ വിശ്വാസങ്ങളുടെ മറ്റൊരു മുഖമാണ്. തണുപ്പുള്ള വേനൽക്കാലമുള്ള ധനുമാസത്തിലെ മഞ്ഞുപുതച്ച രാവിൽ കണ്ണാന്തളിപ്പൂവുകൊണ്ട് കരിമഷിയെഴുതി മുല്ലപ്പൂ ചൂടി കസവുമുണ്ടുടുത്ത് സ്ത്രീകൾ തിരുവാതിര കളിക്കുന്ന ദിനം. സുമംഗലിയായി തന്നെ കടന്നു പോകുവാൻ ശിവനെ മനസിൽ പ്രാർഥിച്ച് സ്ത്രീകളും, നല്ല പുരുഷനൊപ്പം ജീവിതം പങ്കിടാൻ കന്യകമാരും നോമ്പു നോൽക്കുന്ന തിരുവാതിര. കാലമെത്രെ കടന്നാലും, പുരോഗമിച്ചാലും ധനുമാസവും ആ ദിനത്തിലെ തിരുവാതിരയും മലയാളികൾക്കെന്നും പ്രിയം തന്നെ. പ്രകൃതിയും വിശ്വാസവും ഒത്തുചേരുന്ന ദിനം, നാട്ടുമ്പുറത്തിന് പാതിരാപ്പെണ്ണിന്റെ ചേലുവരുന്ന ദിനം, പെണ്‍മുഖളെല്ലാം പാർവണേന്ദു മുഖിമാരാകുന്ന ദിനം.

പാർവണേന്ദൂ മുഖീ പാർവതീയെന്ന് പറഞ്ഞത് യൂസഫലി കേച്ചേരിയാണ്.ധനുമാസ പെണ്ണിന് മലയാള ചലച്ചിത്രം നൽകിയ പാദസരക്കിലുക്കമുള്ള പാട്ട്. പരിണയമെന്ന ചിത്രത്തിലെ പാട്ട് ബോംബെയിൽ നിന്ന് മലയാളത്തിലേക്ക് വശ്യസുന്ദരമായ ഈണങ്ങളുമായി കടന്നുവന്ന ബോംബെ രവിയുടെ സംഗീതത്തിൽ പിറന്ന പാട്ട്. ചിത്രത്തിലെ പാട്ടുകൾക്ക് ബോംബെ രവിക്ക് രാജ്യം മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നൽകി ആദരിക്കുകയുണ്ടായി.

ഒരുകാലത്ത് സ്ത്രീപക്ഷം നേരിട്ട സാമൂഹിക അനീതിയെ കുറിച്ച് പറഞ്ഞ ഹരിഹരൻ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇന്നും നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു. നല്ല മലയാളത്തിൽ പിറന്ന കുറേ നല്ല പാട്ടുകൾ. മലയാളത്തിനൊപ്പം കേച്ചേരി എത്ര സ്വച്ഛസുന്ദരമായാണ് നടന്നുനീങ്ങിയതെന്ന് പറഞ്ഞുതരുന്ന വരികൾ. തിരുവാതിര കളിയെ കുറിച്ചോർക്കുമ്പോൾ ആദ്യം മനസിലേക്കെത്തുന്നതും ഈ പാട്ടു തന്നെ.

തിരുവാതിര പെണ്ണിനെ കുറിച്ച് കേച്ചേരിക്ക് വേറെയുമുണ്ട് വിശേഷണങ്ങൾ . കൈതപ്പൂ മണമുള്ള ചഞ്ചലാക്ഷിയെന്നാണ് മറ്റൊരിടത്ത് പറഞ്ഞിരിക്കുന്നത്. സ്നേഹമെന്ന ചിത്രത്തിലെ ഈ പാട്ടിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. കൈതപ്പൂവിന്റെ ചേലുള്ള ശബ്ദത്തിൽ രാധികാ തിലക് പാടിയ ഗീതമാണിത്. ഇനിയൊരു തിരുവാതിരപ്പാട്ടു പാടാൻ അവരൊരിക്കലും വരില്ലെന്നോർക്കുമ്പോൾ ഹൃദയത്തോട് കൂടുതൽ അടുക്കുന്നു ഈ ഗാനം. പെരുമ്പാവൂർ ജി രവീന്ദനാഥ് ഈണമിട്ട പാട്ടാണിത്.

radhika-thilak രാധികാ തിലക്

മലയാള സിനിമയ്ക്കായി പാട്ടെഴുതാൻ ഈ കൈകൾ പേനയെടുത്തപ്പോഴെല്ലാം പിറന്നത് ആഴമുള്ള അർഥവും ലാളിത്യവും ഒത്തുചേർന്ന കുറേ വരികൾ. എസ് രമേശൻ നായരെ കുറിച്ചാണ് ഈ മുഖവുര. അദ്ദേഹമെഴുതിയ തിരുവാതിര പാട്ടാണ് കോവലനും കണ്ണകിയും. ചരിത്രത്തെയും വിശ്വാസത്തെയും കൂട്ടിയിണക്കി രമേശൻ നായർ കുറിച്ചപ്പോൾ പാട്ടിന് കൈവന്നത് ഒരു ക്ലാസിക് ടച്ച്. ബേണി ഇഗ്നീഷ്യസിന്റെ ഈണത്തിലുള്ള ഈ പാട്ടിനൊപ്പം ചുവടുവയ്ക്കാതെ ഒരു തിരുവാതിര‌ കളിയും ഇന്നും മലയാളത്തിൽ കടന്നുപോകുന്നില്ല. ആകാശ ഗംഗ എന്ന ചിത്രത്തിലെ പാട്ടാണിത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.