Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനന്തതയിൽ തിലകക്കുറിയാവട്ടെ ആ നാദം

radhika

കൂടെ വന്നവർക്കൊപ്പം അധികം അവസരങ്ങൾ ലഭിച്ചില്ല രാധിക തിലക് എന്ന ഗായികയ്ക്ക്. പക്ഷേ ആ പേര് 90-കളിലെ ദൂരദർശൻ പ്രേക്ഷകർ ഒരിക്കലും മറക്കില്ല. കാരണം ഇന്നത്തെ പോലെ ചാനൽ പ്രളയമോ, റിയാലിറ്റി ഷോകളോ ഇല്ലാതിരുന്ന കാലത്ത് മലയാളിക്ക് സുപരിചിതമായ പേരും സ്വരവും മുഖവും രാധികയുടേതായിരുന്നു. പ്രേക്ഷകർ അവരെ മറന്നു തുടങ്ങിയ സമയത്താണ് ഒട്ടും നിനച്ചിരിക്കാതെ ആ വിയോഗവാർത്തയെത്തുന്നതും.

ഏതാണ്ട് 70 ഗാനങ്ങളാണ് മലയാള സിനിമയിൽ രാധികയുടേതായുള്ളത്. അതിൽ തന്നെ വിരലിലെണ്ണാവുന്നവ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടതും. ചെപ്പു കിലുക്കണ ചങ്ങാതി, ഒറ്റയാൾ പട്ടാളം, സ്നേഹം,.പട്ടാളം, ദീപസ്തംഭം മഹാശ്ചര്യം എന്നിവയാണു പ്രധാന ചിത്രങ്ങൾ. മായാ മഞ്ചലിൽ (ഒറ്റയാൾ പട്ടാളം) , അരുണ കിരണ ദീപം.. , ദേവ സംഗീതം നീയല്ലേ (ഗുരു) , കൈതപ്പൂ മണം (സ്നേഹം), തിരുവാതിര ,മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ (കൻമദം) , നിന്റെ കണ്ണിൽ വിരുന്നു വന്നു (ദീപ സ്തംഭം മഹാശ്ചര്യം ) എന്നിവയാണു അവരുടെ പ്രധാന പാട്ടുകൾ.

  1. ദേവസംഗീതം നീയല്ലേ.... (ഗുരു)

കെ ജെ യേശുദാസും രാധികയും ചേർന്ന് ആലപിച്ച ഇൗ ഗാനം അന്നും ഇന്നും മലയാളികളുടെ ചുണ്ടിൽ നിന്ന് മായാതെ നിൽക്കുന്നു. ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ എന്ന് ദാസേട്ടന്റെ ഒപ്പം പാടിയ പാട്ട് രാധിക എന്ന ഗായികയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. സിനിമാ പിന്നണി ഗാനരംഗത്തേക്കുള്ള പുതിയ കാൽവെയ്പെന്നു പോലും വിശേഷിപ്പിക്കാവുന്ന ഗാനം. എസ് രമേശൻ നായരുടെ വരികൾക്ക് ഇളയരാജ സംഗീതം നൽകിയിരിക്കുന്ന ഗാനം ഗുരു എന്ന സിനിമ പോലെ തന്നെ തന്നെ മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. ഇതു കൂടാതെ വേറെ രണ്ടു ഗാനങ്ങൾ കൂടി രാധിക ഇൗ ചിത്രത്തിൽ ആലപിച്ചിട്ടുണ്ട്.

  1. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടെ... (കന്മദം)

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടെ...മനസ്സിനുള്ളിൽ... കന്മദം എന്ന ക്ലാസിക് ചിത്രത്തിലെ മലയാളി ഇന്നും ഏറ്റു പാടുന്ന ഗാനം. സിനിമയിൽ മെയിൽവോയ്സാണ് ഉപയോഗിച്ചിരിക്കുന്നതെെങ്കിലും കാസറ്റിലൂടെയും മറ്റും ഇൗ ഗാനം രാധികയെ പ്രശസ്തയാക്കി. ഖരഹരപ്രിയ രാഗത്തിൽ രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തിയ ഗാനം എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്.

  1. കാനനക്കുയിലിന് കാതിലിടാനൊരു... (മിസ്റ്റർ ബ്രഹ്മചാരി)

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് മോഹൻ സിതാര ഇൗണം പകർന്ന ഇൗ ഗാനം സിനിമയേക്കാൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. എം ജി ശ്രീകുമാറിനൊപ്പം രാധിക ആലപിച്ച പാട്ട് ഇന്നും ഹിറ്റ് ചാർ‌ട്ടിൽ ഉൾപ്പെടുന്നു.

  1. തകില് പുകില് കുരവക്കുഴല്.. (രാവണപ്രഭു)

അടിച്ചു പൊളി പാട്ടായിരുന്നെങ്കിലും പ്രേക്ഷകശ്രദ്ധ ഏറെ കിട്ടിയ ഗാനമാണിത്. എംജി ശ്രീകുമാറിനും സുജാതയ്ക്കും ഒപ്പമാണ് രാധിക സുരേഷ് പീറ്റേഴ്സ് ഇൗണം നൽകിയ ഇൗ ഗാനം ആലപിച്ചത്. സിനിമ പോലെ തന്നെ ഹിറ്റായിരുന്നു അതിലെ ഒാരോ ഗാനങ്ങളും

  1. മനസ്സിൽ മിഥുന മഴ... (നന്ദനം)

രഞ്ജിത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ നന്ദനത്തിലെ ഇൗ ഗാനം എം ജി ശ്രീകുമാറിനൊപ്പമാണ് രാധിക ആലപിച്ചത്. രവീന്ദ്രൻ മാഷ് ഇൗണം നൽകിയ ഗാനം ചിത്രത്തിലെ ഫാസ്റ്റ് നമ്പറായിരുന്നു. ഇന്നും നൃത്തപരിപാടികളിൽ ഇൗ ഗാനം സ്ഥിരമായി ഉപയോഗിച്ചു വരുന്നു.

എല്ലാവരും എന്നും ഒാർക്കുന്ന ഒരുപാട് ഗാനങ്ങളൊന്നും പാടാൻ രാധികാ തിലക് എന്ന ഗായികയ്ക്കായില്ല. എങ്കിലും മലയാളിക്ക് അവരെ ഒരിക്കലും മറക്കാനാവില്ലെന്നതാണ് സത്യം. രോഗബാധിതയായി കഴിയുമ്പോഴും സിനിമാലോകം അവരെ അർഹിക്കുന്ന പരിഗണനയോടെ ശ്രദ്ധിച്ചിരുന്നോ എന്ന് സംശയം. ഇൗ മരണവാർത്ത പോലും പലരും ഞെട്ടലോടെ കേൾക്കുമ്പോൾ ഒന്നോർക്കുക. ഇത്രകാലം ആവർ എവിടെയന്ന് നാം അന്വേഷിച്ചിരുന്നോ? മധുര ശബ്ദമേ വിട. ഇടറിയ നാദമേ വിട. അങ്ങകലെ അനന്തയിൽ തിലകക്കുറിയായ മുഴങ്ങട്ടെ ആ കാതര ശബ്ദം.