Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാത്തന്നൂർ മോഹൻ: മറഞ്ഞത് കൊല്ലത്തിന്റെ സാംസ്കാരിക മുഖം

chathannur-mohan-img

ചാത്തന്നൂരിന്റെ മാത്രമല്ല, ജില്ലയുടെയും പ്രസന്നമായ സാംസ്കാരിക മുഖമായിരുന്നു ചാത്തന്നൂർ മോഹൻ. കവിയും ഗാനരചയിതാവും പത്രപ്രവർത്തകനുമായി ജീവിതത്തിന്റെ പടവുകൾ കയറുമ്പോഴും മോഹൻ എന്ന പേരിനൊപ്പം മാത്രമല്ല ഹൃദയത്തിലും ജന്മനാടിനെ ചേർത്തുവച്ചു.

ചാത്തന്നൂർ താഴംതെക്ക് മോഹന വിലാസത്തിൽ വിശ്വനാഥൻ ആചാരിയുടെയും ഭാർഗവിയുടെയും സീമന്തപുത്രനായ മോഹൻ വായനയുടെയും എഴുത്തിന്റെയും ലോകത്തേക്കു പദമൂന്നിയതു വീടിനു സമീപത്തെ ആനന്ദവിലാസം ഗ്രന്ഥശാലയിലൂടെയാണ്. നാടകം കളിച്ചും കവിത ചൊല്ലിയും പാട്ടുപാടിയും സംവാദങ്ങളിൽ ഏർപ്പെട്ടും മോഹൻ ഉൾപ്പെട്ട ഒരു സംഘം ഗ്രന്ഥശാലയെ ചാത്തന്നൂരിന്റെ ‘സാംസ്കാരിക തലച്ചോർ’ ആക്കി മാറ്റി. ആനന്ദവിലാസം ഗ്രന്ഥശാലയാണു തന്നെ കവിയാക്കി മാറ്റിയതെന്ന് മോഹൻ പറയുമായിരുന്നു. കവി അരങ്ങുകളും അമച്വർ നാടക മൽസരങ്ങളും അവിടെ പതിവ് ഇനങ്ങളായി മാറി. പി‍ൻതലമുറകൾ അതിന്റെ പിന്തുടർച്ച ഏറ്റെടുത്തു. നാട്ടുവഴികളിലൂടെ സന്ധ്യയ്ക്ക് ഉച്ചത്തിൽ കവിത ചൊല്ലി നടക്കുന്ന പുതിയ തലമുറകൾ അവിടെയുണ്ടായി. 

ചാത്തന്നൂർ ഗവ. ഹൈസ്കൂളിൽ ആയിരുന്നു മോഹൻ ഒന്നു മുതൽ 10 വരെ പഠിച്ചത്. രണ്ടര കിലോമീറ്റർ അകലെയുള്ള സ്കൂളുകളിലേക്കു മോഹനും കൂട്ടുകാരും നടന്നാണു പോയിരുന്നത്. ആ സ്കൂളിലെ ആദ്യ എസ്എസ്എൽസി ബാച്ചുകാരൻ കൂടിയാണ് മോഹൻ. പ്രിഡിഗ്രിയും ബിരുദവും പുനലൂർ എസ്എൻ കോളജിൽ. കൊല്ലം എസ്എൻ കോളജിൽനിന്നാണു ബിരുദാനന്തര ബിരുദം നേടിയത്. പിന്നീട് ബിഎഡും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും നേടി. 

എഴുത്തുകാരൻ മാത്രമല്ല മികച്ച ഗായകൻ കൂടിയാണു മോഹൻ. സ്കൂൾ കലോൽസവത്തിൽ സംസ്ഥാന തലത്തിൽ ലളിതഗാന മൽസരത്തിൽ ഒന്നാം സ്ഥാനം നേടി. മോഹനനും സഹോദരൻ വേണുവും കൊല്ലം പ്രവീണ മ്യൂസിക് ക്ലബ്ബിലെ മുഖ്യഗായകർ ആയിരുന്നു. ചലച്ചിത്ര പിന്നണി ഗായിക ലതിക ആയിരുന്നു ട്രൂപ്പിലെ പ്രധാന ഗായിക. 

സ്കൂൾ വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ എഴുത്തിന്റെ ലോകത്തേക്കും കടന്നു. കോളജ് വിദ്യാഭ്യാസ കാലത്തു തന്നെ മോഹൻ ട്യൂട്ടോറിയൽ അധ്യാപകനുമായി. അങ്ങനെ, വിദ്യാർഥിയായ മോഹൻ അന്നേ നാട്ടുകാർക്കു മോഹൻ സർ ആയി മാറി. ഏറെ അടുപ്പമുള്ളവർ മോഹന അണ്ണൻ എന്നു വിളിച്ചു. ഗുരുവിന്റെ വേഷം മോഹൻ ഏറെക്കാലം കൊണ്ടു നടന്നു. 

കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘മലയാളനാട് വാരികയിലൂടെയാണു മോഹൻ പത്രപ്രവർത്തന രംഗത്തേക്കു വരുന്നത്. 1979ൽ കാക്കനാടനൊപ്പം ആയിരുന്നു തുടക്കം. പിന്നീട് ‘മലയാളനാടി’ന്റെ മുഖ്യപത്രാധിപർ ആയി. 1984ൽ കേരള കൗമുദിയിൽ ചേർന്നു. ഡപ്യൂട്ടി ന്യൂസ് എഡിറ്റർ ആയാണു വിരമിച്ചത്. തുടർന്ന് മംഗളം പത്രത്തിൽ കുറച്ചുകാലം പ്രവർത്തിച്ചു. ഇപ്പോൾ പ്രഭാത രശ്മി മാസികയിൽ അസോഷ്യേറ്റ് എഡിറ്റർ ആണ്. 

ശിവകാമി കവിതാ സമാഹാരമാണ് ആദ്യകൃതി. കടലിരമ്പുന്ന ശംഖ്, ഏകാന്ത പ്രണയത്തിന്റെ 100 വർഷങ്ങൾ (കവിതാ സമാഹാരം), നക്ഷത്രക്കുന്നിലെ നാഗമാണിക്യം, (ബാലസാഹിത്യം), കെ.പി.അപ്പനെ കണ്ടു സംസാരിക്കുമ്പോൾ (അഭിമുഖം), കഥകളും കടന്നു കാക്കനാടൻ (ലേഖനം), അമ്മവാൽസല്യം, ഉണ്ണിയാർച്ച, ഇന്ദ്രനീലം (നാടകം) എന്നിവയാണ് കൃതികൾ. സ്വന്തം കവിതകളിൽ ‘മൈഥിലി’യോടായിരുന്നു മോഹനന് ഏറെ ഇഷ്ടം. 

കേരളത്തിലെ പ്രധാനപ്പെട്ട നാടക സമിതികൾക്കെല്ലാം നീണ്ട വർഷങ്ങളായി മോഹൻ പാട്ട് എഴുതുന്നുണ്ട്. ‘ഗാനരചന ചാത്തന്നൂർ മോഹൻ’ എന്നു പേരു മുഴങ്ങാത്ത ഒരു ഉൽസവ പറമ്പുപോലും കേരളത്തിൽ ഉണ്ടാകില്ല. നാടക ഗാനരചനയ്ക്കു  2001ലും 2002ലും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടി. നാന, ഫൈൻ ആർട്സ് സൊസൈറ്റി തുടങ്ങി മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും മോഹനനെ തേടിയെത്തി. 

ഉയരങ്ങളിലേക്കു കയറിയപ്പോഴും മോഹൻ നാടു മറന്നില്ല. ഇടയ്ക്കിടെ ജന്മഗ്രാമത്തിൽ എത്തും. പുതുതലമുറയിലുള്ളവരെ പോലും പേരെടുത്തു വിളിക്കാൻ കഴിയുന്നത്ര അടുപ്പം പുലർത്തി. ഏതൊരു വീട്ടിലെയും വിശേഷങ്ങൾ  ഫോൺ ചെയ്തു പറഞ്ഞാൽ മതി. മോഹൻ എത്തും അത്ര ബന്ധം നാടുമായി എന്നും കാത്തുസൂക്ഷിച്ചിരുന്നു. ‘‍േഡയ് എന്തൊക്കെയുണ്ട് വിശേഷം...’.എന്ന പതിവു ചോദ്യം ഇനി കേൾക്കാനാകില്ലെങ്കിലും ചാത്തന്നൂരിനൊപ്പം ആ പേര് നിലനിൽക്കും.