Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോനു നിഗമിന് പിറന്നാള്‍ മധുരം

Sonu Nigam

മുപ്പത്തിയെട്ട് വർഷങ്ങൾക്കുമുമ്പുള്ളൊരു സായാഹ്നത്തിൽ ഗായകൻ അഗാം കുമാർ നിഗത്തിന്റെ ഗാനമേളാസദസിലേയ്ക്ക് ഒരു കുട്ടി കടന്നുവന്നത് പെട്ടന്നായിരുന്നു. സംഭവിച്ചതെന്താണെന്ന് മനസിലാകുന്നതിന് മുമ്പ്, മുഹമ്മദ് റാഫിയുടെ ക്യാ ഹുവ തേര വാതാ എന്ന ഗാനം പാടിത്തുടങ്ങി ആ നാലുവയസുകാരൻ. അന്ന് കാണികളെ കയ്യിലെടുത്ത ആ ചെറിയ കുട്ടി മറ്റാരുമല്ല. പിൽക്കാലത്ത് ബോളിവുഡ് ലോകത്തെ തന്റെ സ്വരമാധുരിയിൽ കീഴടക്കിയ സോനു നിഗം. പിതാവ് അഗാം കുമാർ നിഗത്തിന്റെ സംഘത്തിലെ സ്ഥിരം ഗായകനാകുകയായിരുന്നു പിതാവിനെപ്പോലും വിസ്മയിപ്പിച്ച ആ കുഞ്ഞു ഗായകൻ അന്നു മുതൽ.

Best Of Sonu Nigam

1973 ജൂലൈ മുപ്പതിന് അഗാംകുമാർ നിഗത്തിന്റേയും ശോഭ നിഗത്തിന്റേയും മകനായി ഹരിയാനയിലെ ഫരീദാബാദിലാണ് സോനു നിഗം ജനിക്കുന്നത്. അച്ഛനിൽ നിന്ന് പാരമ്പര്യമായി ലഭിച്ച സംഗീതം സോനുവിനെ ചെറുപ്പത്തിലെ തന്നെ സ്വരശുദ്ധിയുള്ള ഗായകനാക്കി. ഗായകനാണെങ്കിലും ബാലതാരമായാണ് സോനു ആദ്യമായി സിനിമയിലെത്തുന്നത്. 1983 ൽ പുറത്തിറങ്ങിയ ബേത്താബിൽ അഭിനയിച്ചു തുടങ്ങിയ സോനു പിന്നീട് ജാനി ദുശ്മൻ, കാശ് ആപ്പ് ഹമാരേ ഹോത്തേ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. 1990 ൽ ജാനം എന്ന ചിത്രത്തിന് വേണ്ടി സോനു പിന്നണി പാടിയെങ്കിലും നിർഭാഗ്യവശാൽ ചിത്രം പുറത്തുവന്നില്ല. സംഗീതത്തിൽ ഭാഗ്യം പരീക്ഷിക്കാനായി 1991 ൽ മുംബൈയിലെത്തിയ സോനു ടീ സീരീസിന് വേണ്ടി മുഹമ്മദ് റാഫി ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് തുടങ്ങുന്നയത്.

തുടർന്ന് റിയാലിറ്റി ഷോകളിൽ പങ്കെടുത്ത സോനു നിഗത്തെ പിന്നണി ഗാനരംഗത്തേയ്ക്ക് കൊണ്ടുവരുന്നത് സംഗീത സംവിധായകൻ അനുമാലിക്കാണ്. 1997 ൽ പുറത്തിറങ്ങിയ ബോർഡർ എന്ന ചിത്രത്തിലെ സന്ദേശേ ആത്തേ ഹെ എന്ന ഗാനമായിരുന്നു പുറത്തിറങ്ങിയ സോനുവിന്റെ ആദ്യ പാട്ട്, ആ വർഷം തന്നെ നദീം ശ്രാവണിന്റെ സംഗീതത്തിൽ പർദേശിൽ യേ ദിൽ ദിവാനയും പാടി. രണ്ട് ഗാനങ്ങളും സൂപ്പർഹിറ്റായതോടെ സോനു നിഗം എന്ന പാട്ടുകാരൻ ബോളിവുഡിൽ പ്രശസ്തനായി. 2003 ൽ പുറത്തിറങ്ങിയ കൽ ഹോ ന ഹോ എന്ന ചിത്രത്തിലെ കൽ ഹോ ന ഹോ എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും സോനു നിഗത്തെ തേടി എത്തിയിട്ടുണ്ട്. ഹിന്ദി കൂടാതെ തമിഴ്,തെലുങ്ക്,കന്നട, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങളും സോനു നിഗം ആലപിച്ചിട്ടുണ്ട്.

ചക്കര മാവിൻ...

സോനു നിഗം പാടിയ മലയാളം ഗാനങ്ങൾ

ആയേ ജനനി ...കാണ്ഡഹാർ(2010)

ചക്കര മാവിൻ ...ബോംബെ മാർച്ച് 12(2011)

തൂമഞ്ഞിൻ ...8:20(2014)