Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ...

thiruvathira-songs

ധനുമാസത്തിലെ മഞ്ഞു പുതച്ച നിലാവിനും രാവിനും തിരുവാതിരപ്പാട്ടിന്റെ ഇമ്പമാണ്. രാവുകൾക്ക് കണ്ണാന്തളിപ്പൂവുകൊണ്ട് കരിമഷിയെഴുതി, മുടിയിൽ മുല്ലപ്പൂ ചുറ്റി തുളസിക്കതിർ വച്ച്,  കസവുമുണ്ടുടുത്ത് നിലവിളക്കിനു മുന്നിൽ നിൽക്കുന്നൊരു പെണ്ണിന്റെ ചേലും...ധനു മാസമെന്നാൽ മലയാളത്തിന് തിരുവാതിരയുടെ മാസമാണ്. തിരുവാതിരക്കളിയുടെ ശീലുകൾ ഉയരുന്ന മാസം. കാലമെത്രെ കടന്നാലും, പുരോഗമിച്ചാലും ധനുമാസവും ആ ദിനത്തിലെ തിരുവാതിരയും മലയാളികൾക്കെന്നും പ്രിയം തന്നെ. സിനിമകളില്‍ ഏറ്റവും മനോഹരമായി വർണിക്കപ്പെട്ടിട്ടുള്ള മലയാളത്തിന്റെ ഒരാചാരവും തിരുവാതിരയാണ്. ചലച്ചിത്രങ്ങളിലൂടെ കണ്ട ചില തിരുവാതിര കളി കാഴ്ചകളിലൂടെയൊരു യാത്ര നടത്താം ഈ ദിനം...

പാർവണേന്ദൂ മുഖീ പാർവതീ...

പാർവണേന്ദൂ മുഖീ പാർവതീയെന്ന് പറഞ്ഞത് യൂസഫലി കേച്ചേരിയാണ്.ധനുമാസ പെണ്ണിന് മലയാള ചലച്ചിത്രം നൽകിയ പാദസരക്കിലുക്കമുള്ള പാട്ട്. പരിണയമെന്ന ചിത്രത്തിലെ പാട്ട് ബോംബെ രവിയാണ് ഈണമിട്ടത്. ചിത്രത്തിലെ പാട്ടുകൾക്ക് ബോംബെ രവിക്ക് രാജ്യം മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നൽകി ആദരിക്കുകയുണ്ടായി.

ഒരുകാലത്ത് സ്ത്രീപക്ഷം നേരിട്ട സാമൂഹിക അനീതിയെ കുറിച്ച് പറഞ്ഞ ഹരിഹരൻ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇന്നും നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു. നല്ല മലയാളത്തിൽ പിറന്ന കുറേ നല്ല പാട്ടുകൾ. മലയാളത്തിനൊപ്പം കേച്ചേരി എത്ര സ്വച്ഛസുന്ദരമായാണ് നടന്നുനീങ്ങിയതെന്ന് പറഞ്ഞുതരുന്ന വരികൾ. തിരുവാതിര കളിയെ കുറിച്ചോർക്കുമ്പോൾ ആദ്യം മനസിലേക്കെത്തുന്നതും ഈ പാട്ടു തന്നെ.

കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ...

തിരുവാതിര പെണ്ണിനെ കുറിച്ച് കേച്ചേരിക്ക് വേറെയുമുണ്ട് വിശേഷണങ്ങൾ . കൈതപ്പൂ മണമുള്ള ചഞ്ചലാക്ഷിയെന്നാണ് മറ്റൊരിടത്ത് പറഞ്ഞിരിക്കുന്നത്. സ്നേഹമെന്ന ചിത്രത്തിലെ ഈ പാട്ടിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. കൈതപ്പൂവിന്റെ ചേലുള്ള ശബ്ദത്തിൽ രാധികാ തിലക് പാടിയ ഗീതമാണിത്. ഇനിയൊരു തിരുവാതിരപ്പാട്ടു പാടാൻ അവരൊരിക്കലും വരില്ലെന്നോർക്കുമ്പോൾ ഹൃദയത്തോട് കൂടുതൽ അടുക്കുന്നു ഈ ഗാനം. പെരുമ്പാവൂർ ജി രവീന്ദനാഥ് ഈണമിട്ട പാട്ടാണിത്.

കോവലനും കണ്ണകിയും

മലയാള സിനിമയ്ക്കായി പാട്ടെഴുതാൻ ഈ കൈകൾ പേനയെടുത്തപ്പോഴെല്ലാം പിറന്നത് ആഴമുള്ള അർഥവും ലാളിത്യവും ഒത്തുചേർന്ന കുറേ വരികൾ. എസ് രമേശൻ നായരെ കുറിച്ചാണ് ഈ മുഖവുര. അദ്ദേഹമെഴുതിയ തിരുവാതിര പാട്ടാണ് കോവലനും കണ്ണകിയും. ചരിത്രത്തെയും വിശ്വാസത്തെയും കൂട്ടിയിണക്കി രമേശൻ നായർ കുറിച്ചപ്പോൾ പാട്ടിന് കൈവന്നത് ഒരു ക്ലാസിക് ടച്ച്. ബേണി ഇഗ്നീഷ്യസിന്റെ ഈണത്തിലുള്ള ഈ പാട്ടിനൊപ്പം ചുവടുവയ്ക്കാതെ ഒരു തിരുവാതിര‌ കളിയും ഇന്നും മലയാളത്തിൽ കടന്നുപോകുന്നില്ല. ആകാശ ഗംഗ എന്ന ചിത്രത്തിലെ പാട്ടാണിത്.

സന്തതം സുമശരൻ...

കുശുമ്പു നിറഞ്ഞ മുഖവുമായി മഞ്ജു വാര്യർ കളിച്ച തിരുവാതിര അന്നും ഇന്നും മലയാള പ്രേക്ഷകരുടെ മനസിലുണ്ട്. സന്തതം സുമശരൻ...എന്ന പാട്ടിനൊപ്പമുള്ള നൃത്തം തനത് തിരുവാതിരക്കളിയുടെ ഭംഗിമുഴുവൻ പകർന്നാടിയിട്ടുമുണ്ട്. മഞ്ജുവിന്റെ സ്വാഭാവികതയാർന്ന അഭിനയം തന്നെയാണതിനു കാരണം.