Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി നുമ്മടെ മുത്താണ് !

nummada-kochi-song

ആദ്യം കാണുമ്പോൾ തോന്നുന്ന വെറുപ്പിനപ്പുറം, നിരന്തരം സഞ്ചരിക്കുമ്പോൾ ആത്മാവിനോടടുപ്പിക്കുന്ന ഒരു മാന്ത്രിക വടിയുണ്ട് കൊച്ചിയുടെ കയ്യിൽ. തിരക്കിനോടും ബഹളങ്ങളോടും പാഞ്ഞോടുന്ന വാഹനങ്ങളുടെ വേഗതയോടുമൊക്കെ പൊരുതുമ്പോഴും കൊച്ചിയെ സ്നേഹിക്കാൻ കാരണങ്ങൾ പതുക്കെ പതുക്കെ നാം അന്വേഷിക്കും.

"കരിനീല കായല് കൊണ്ട് 

കരമുണ്ടും ചുറ്റീട്ടും 

കാർമേഘ ചെപ്പില്‍ തൊട്ടു 

മഷി കണ്ണില്‍ എഴുതീട്ടും 

നീരാഴി കാറ്റും കൊണ്ട് 

നിന്നീടും പെണ്ണാണെ

കനവാലെ കോട്ടയും കെട്ടി 

അവളങ്ങനെ നില്‍പ്പാണേ 

പറയാമാ പെണ്ണിന്‍ കാര്യം 

പതിനേഴാണെന്നും പ്രായം 

നേരാണ് നമ്മുടെ കൊച്ചി

ഇത് നുമ്മടെ മുത്താണ് 

പറയാനുണ്ട് നമ്മുടെ കൊച്ചി 

കഥ ചൊല്ലാം പലതാണെ"

അതേ അവളങ്ങനെ കണ്ണിൽ മഷി നിറച്ച് കായലിനെ ചേലയാക്കിയുടുത്ത് തന്നിലേക്ക് വന്നെത്തുന്നവരിലെല്ലാം ഇനി മടങ്ങി പോകാനാകാത്ത വിധത്തിൽ സ്വയം നിറഞ്ഞു പടർന്നു കിടക്കും . 

ആഘോഷങ്ങളുടെ സിനിമയായിരുന്നു ഹണി ബീ ആദ്യ ഭാഗം. അതിന്റെ തുടർച്ചയായകുകയാണ് ഹണി ബിയുടെ രണ്ടാം ഭാഗവും. കൊച്ചി സിനിമകളുടെ ഭാഗമാകുന്നത് ആദ്യമല്ല, ഹണി ബീ രണ്ടാം ഭാഗത്തിനും സംവിധായകൻ ജീൻ പോൾ ലാൽ ഇതേ കൊച്ചി തന്നെയാണ് ലൊക്കേഷനായി ഒരുക്കിയത്. വരികളിലുള്ള പ്രണയം കാഴ്ചയിലുമൊരുക്കാൻ ജീൻ പോൾ ശ്രമിച്ചിട്ടുമുണ്ട്. കൊച്ചിയെ കുറിച്ചുള്ള ഹണി ബിയിലെ ഗാനം പാട്ടാസ്വാദകർ ഏറ്റെടുത്തിട്ടുമുണ്ട്, പ്രത്യേകിച്ച് കൊച്ചിക്കാർ. 

"കൊടി പാറും കപ്പലിലേറി 

വരവായി സായിപ്പ് 

ഇവളെ കണ്ടിഷ്ടം തോന്നി 

പണിയിച്ചേ ബംഗ്ലാവ് 

പെണ്ണാളിന്‍ മാനം കാക്കാന്‍ 

പോരാടി രാജാവ് 

പലകാലം പോരാടീട്ടും 

അടിയാളന്‍ പെണ്ണാള് 

പഴയോരാ കാലം പോയി 

അവളേറെ ചന്തോം വെച്ചേ 

നേരാണ് നമ്മുടെ കൊച്ചി

ഇത് നുമ്മടെ മുത്താണ് 

പറയാനുണ്ട് നമ്മുടെ കൊച്ചി 

കഥ ചൊല്ലാം പലതാണെ..."

എത്രയെത്ര കഥകളാണ് നമ്മുടെ കൊച്ചിയെക്കുറിച്ച് പാട്ടിലുള്ളത്! കായലുമായി പ്രണയത്തിലായ കൊച്ചിയുടെ കരയിൽ വിദേശീയർ കൊണ്ടിറക്കിയതും പഴയ ദ്രാവിഡ ഗോത്രത്തിന്റേതുമായ എത്രയോ അവശേഷിപ്പുകൾ ഇപ്പോഴും ഗൃഹാതുരമായ കാഴ്ചകളാകുന്നുണ്ട്..  ഈ ഗാനമെഴുതിയ സന്തോഷ് വർമ, കഥകൾ പറഞ്ഞ് ചരിത്രത്തിന്റെ ഇടനാഴികളിലൂടെ കേൾവിക്കാരെ കൊണ്ടുപോകുന്നു. തൃപ്പൂണിത്തുറക്കാരനായ സന്തോഷ് വർമയ്ക്കും കൊച്ചി അന്യമല്ലല്ലോ! ദീപക് ദേവിന്റേതാണ് പാട്ടിന്റെ സംഗീതം. തൈക്കൂടം മ്യൂസിക് ബാൻഡിനു വേണ്ടി പാട്ടുകൾ പാടുന്ന പീതാംബരൻ മേനോന്റെ സ്വരം കൊച്ചി പാട്ടിന് ഏറെ പുതുമ നൽകുന്നുണ്ട്. 

" ഗസലിന്റെ ഈണം കേള്‍ക്കാം 

പെണ്ണാളിന്‍ വീട്ടിന്ന് 

മെഹബൂബെന്‍ കാറ്റും കൊണ്ട് 

നെടുവീർപ്പാണുള്ളീന്ന് 

കായിക്ക ബിരിയാണീടെ 

രുചിയെന്തെന്നറിയെണ്ടേ 

കടല്‍ മീനെ കറിയും വെച്ച് 

കൈ കാട്ടി വിളിപ്പുണ്ടേ 

വരണില്ലെ കൊച്ചീ വന്നാല്‍ 

ഇവളങ്ങോട്ടുള്ളീ കേറും 

ഇവ നമ്മുടെ മുത്താണെ

കഥ ചൊല്ലാം പലതാണേ..",

കൊച്ചിയെക്കുറിച്ചു പറയുമ്പോൾ ഒട്ടും എഴുതാതെ പോകാൻ വയ്യാത്ത ചില അനുഭൂതികളുണ്ട്. ഗസലുകളുടെ ജില്ല കോഴിക്കോടാണെങ്കിലും അതിലൊട്ടും പ്രണയം കുറയാതെ തന്നെ അതിന്റെ തനിമയോടെ അത് കൊച്ചിയ്ക്കും സ്വന്തമാണ്. മലയാളിയുടെ ഗസൽ പ്രണയത്തെ കേൾവിയിൽ ആവാഹിച്ച ഗസൽ മാന്ത്രികൻ ഉമ്പായിയുടെ താമസവും ഫോർട്ട് കൊച്ചിയിൽത്തന്നെ. കായിക്കയുടെ ബിരിയാണിയും മുസിരിസും ബിനാലെയും കടൽമീൻകറിയും.... കൊച്ചി ആത്മാവിൽ ചേക്കേറുന്നു, ഒരിക്കലും ഇറങ്ങിപ്പോകാതെ; പിന്നെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. 

Your Rating: